Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്യസംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി സ്വർണം കൊണ്ടുവന്നതിന് മലബാർ ഗോൾഡിന് ചുമത്തിയ 15.25 കോടി പിഴ റദ്ദാക്കി; നഷ്ടമായത് ഖജനാവിൽ എത്തേണ്ടുന്ന 60 കോടി രൂപ; ജുവല്ലറി ഗ്രൂപ്പിന് ഒത്താശ ചെയ്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും

അന്യസംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി സ്വർണം കൊണ്ടുവന്നതിന് മലബാർ ഗോൾഡിന് ചുമത്തിയ 15.25 കോടി പിഴ റദ്ദാക്കി; നഷ്ടമായത് ഖജനാവിൽ എത്തേണ്ടുന്ന 60 കോടി രൂപ; ജുവല്ലറി ഗ്രൂപ്പിന് ഒത്താശ ചെയ്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യുഡിഎഫ് സർക്കാർ പാവങ്ങളെ സഹായിക്കുന്നതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതെന്നാണ് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. എന്നാൽ നികുതി പിരിവ് നേർവഴി നടത്താത്തതും കോർപ്പറേറ്റുകൾക്ക് എല്ലാ ഒത്താശയും ചെയ്യുന്നതും വഴി ഖജനാവിലേക്ക് എത്തിച്ചേരേണ്ടുന്ന കോടികൾ നഷ്ടപ്പെടുത്തുന്നതാണ് ഈ പ്രതിസന്ധിക്കെല്ലാം കാരണമെന്നതാണ് യഥാർഥ്യം. ഇതിനുള്ള ചെറിയൊരു ഉദാഹരണമാണ് പ്രമുഖ ജുവല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡിന് അനുകൂലമായി തീരുമാനം കൈക്കൊണ്ട സർക്കാർ തീരുമാനം.

നിയമവിരുദ്ധമായി സ്വർണം വിൽക്കുകയും കൊണ്ടുവരുകയും ചെയ്ത് സംഭവത്തിൽ മലബാർ ഗോൾഡിന് ചുമത്തിയ കോടികളുടെ പിഴ പിൻവലിച്ച് സ്വന്തം ഖജനാവിലെത്തേണ്ടുന്ന കോടികൾ സ്വയം എഴുതിതള്ളുകയാണ് സർക്കാർ ചെയ്തത്. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെ നടന്ന ഈ ഒത്തുതീർപ്പിൽ സർക്കാറിന് നഷ്ടമായത് 60 കോടി രൂപയാണ്. കോഴിക്കോട് കേന്ദ്രമായ മലബാർ ഗോൾഡ് ഓർണമെന്റ്‌സ് മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന് വാണിജ്യ നികുതി വകുപ്പ് ചുമത്തിയ 15.25 കോടിയുടെ പിഴയാണ് റദ്ദാക്കിയത്.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിയമവിരുദ്ധമായി സ്വർണം വാങ്ങുകയും അന്യ സംസ്ഥാനങ്ങളിൽ സ്വർണം വിൽപ്പന നടത്തുകയും ചെയ്ത കുറ്റത്തിനാണ് വാണിജ്യനികുതി വകുപ്പ് പിഴ ചുമത്തിയത്. എന്നാൽ ഉന്നത സമ്മർദ്ദത്താൽ ഈ പിഴ അടയ്‌ക്കേണ്ടെന്ന തീരുമാനം അധികൃതർ കൈക്കൊള്ളുകയായിരുന്നു. പിഴ ഒഴിവായതോടെ ഈ വകയിൽ മൂന്നിരട്ടി നികുതി കെട്ടേണ്ടതിൽ നിന്ന് മലബാർ ഗോൾഡ് ഒഴിവായി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കെ പൊതു ഖജനാവിന് മൊത്തം 60 കോടി രൂപയുടെ നഷ്ടമായത്.

പല ഘട്ടങ്ങളിലായിട്ടായിരുന്നു മലബാർ ഗോൾഡിന് വൻതുക നികുതി ഇനത്തിൽ ചുമത്തിയത്. മാറി മാറി വന്ന ഏഴ് ഓഫീസർമാരുടെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ടുനിന്ന പിരശോധനയുടെയും അന്വേഷണത്തിന്റെയും ഫലമായി 2013 മെയ് ഏഴിനാണ് ജുവല്ലറി ഗ്രൂപ്പിന് മേൽ പിഴ ചുമത്തിയത്. സെൻട്രൽ സെയിൽസ്സ് ടാക്‌സ് ആക്ട് (സിഎസ്ടി) കേരള വറ്റ് ആക്ട് (കെവിഎടി) പ്രകാരമാണ് പിഴ ചുമത്തിയത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ കമേഴ്‌സ്യൽ ടാക്‌സസ് ഓർഡർ നമ്പർ ഐബി (1)31/2009-10/സി, ഓർഡർ നമ്പർ ഐ ബി (1) 31എ/2009-10/ സി എന്നീ രണ്ട് ഓർഡറുകളിലായി മൊത്തം പതിനഞ്ച് കോടി ഇരിപത്തിനാല് ലക്ഷത്തി എഴുപത്തിനാലായിരത്തി എഴുനൂറ്റി മുപ്പത്തിനാല് രൂപയാണ് പിഴ ചുമത്തിയിരുന്നത്. എന്നാൽ കോഴിക്കോട് കൊമേഴ്‌സ്യൽ ഡെപ്യൂട്ടി കമ്മീഷണർ കെ എം ഇസ്സുദ്ദീൻ 2014 ജൂലൈ 30ന് പിഴ റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

2005-2006 കാലഘട്ടത്തിലാണ് മലബാർ ഗോൾഡ് നടത്തിയ ഗുരുതരമായ ക്രമക്കേട് വാണിജ്യ നികുതി വകുപ്പ് കണ്ടുപിടിച്ചത്. സ്ഥാപനം തന്നെ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നീട് സ്ഥാപനം തിരുത്ത് നൽകിയെങ്കിലും വകുപ്പത് തള്ളിക്കളയുകയാണ് ചെയ്തത്.

അന്യ സംസ്ഥാനങ്ങളിലേക്ക് സ്വർണം അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്യുന്നതിന് വേണ്ടി നിർദ്ദിഷ്ട ഫോറം എഫ് ഇൽ സമർപ്പിക്കേണ്ടതായ ഡിക്ലറേഷൻ സമർപ്പിക്കാതെയാണ് സ്വർണം കൈമാറ്റം ചെയ്തതെന്ന് വാണിജ്യനികുതി വകുപ്പ് കണ്ടുപിടിച്ചു. സ്ഥാപനം ഹാജരാക്കിയ ട്രാൻസ്‌പോർട്ടിങ് ഡോക്യുമെന്റ്‌സ് വ്യാജമാണെന്നും വാണിജ്യനികുതി വകുപ്പ് കണ്ടെത്തി. തുടർന്ന് സ്ഥാപനം റെയ്ഡ് ചെയ്യാനുള്ള നടപടികൾ ഉന്നത തലങ്ങൾ ഇടപെട്ടതിനെ തുടർന്ന് നിർത്തിവെപ്പിച്ചു.

പിന്നീട് നടന്ന അപേക്ഷകളുടെയും ഹിയറിംഗിന്റെയും ഫലമായി പിഴ 15.25 കോടി രൂപയായി നിജപ്പെടുത്തുകയായിരുന്നു. എന്നാൽ അപ്പീൽ നൽകുമ്പോൾ പോലും മലബാർ ഗോൾഡ് വീഴ്‌ച്ച വരുത്തി. അപ്പീൽ സമർപ്പിക്കുന്നതിന് മുമ്പായി ഒരുകോടി രൂപ ക്യാഷ് കെട്ടിവെക്കേണ്ട സ്ഥാനത്ത് 45 ലക്ഷം രൂപ മാത്രമേ കെട്ടിവച്ചുള്ളൂ. ബാങ്ക് ഗ്യാരണ്ടി നൽകിയതുമില്ല. അപ്പീൽ അപേക്ഷ തന്നെ നിയമപ്രകാരം നിലനിൽക്കുന്നതല്ലെ ആരോപണം ശക്തമാണ് താനും.

വിവാദമായ ഈ ഫയൽ ദീർഘകാലം മരവിപ്പിച്ചു നിർത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ മലബാർ ഗോൾഡിന്റെ അനധികൃത ഇടപാടുകൾക്ക് അംഗീകാരം നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളം സെയിൽസ് ടാക്‌സ് ഓഫീസിൽ ഡെപ്യൂട്ടി കമ്മീഷണർ (ലോ) ആയിരുന്ന കെ എം ഇസ്സുദീൻ കോഴിക്കോട് നിയമിക്കപ്പെട്ടതോടെയാണ് മലാബാർ ഗോൾഡിന് അനുകൂലമായി കാര്യങ്ങൾ നീങ്ങിയത്. മലബാർ ഗോൾഡിന്റെ പെനാൾട്ടി അപ്പീൽ അദ്ദേഹം കേൾക്കുകയും റദ്ദാക്കുകയും ചെയ്തു.

പിഴ റദ്ദാക്കിക്കൊണ്ട് അന്യായമായ ഉത്തരവ് പുറപ്പെടുവിച്ച ഡെപ്യൂട്ടി കമ്മീഷണർ കെ എം ഇസ്സുദ്ദീനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ ജനകീയ മുന്നണി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അഴിമതി വിരുദ്ധ മുന്നണി ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാറിലെത്തേണ്ട കോടികൾ നഷ്ടമാക്കിയ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ഇവരുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP