Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നണി മാറ്റത്തിനു കളമൊരുക്കി ആർഎസ്‌പി; ദേവസ്വം ബോർഡ് വിവാദം കത്തിക്കുന്നത് അതിനു തന്നെ; കോവൂർ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കറാക്കിയില്ലെങ്കിൽ മുന്നണി വിടും; തീരുമാനം ദേശീയ സമ്മേളനത്തിനു ശേഷം

മുന്നണി മാറ്റത്തിനു കളമൊരുക്കി ആർഎസ്‌പി; ദേവസ്വം ബോർഡ് വിവാദം കത്തിക്കുന്നത് അതിനു തന്നെ; കോവൂർ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കറാക്കിയില്ലെങ്കിൽ മുന്നണി വിടും; തീരുമാനം ദേശീയ സമ്മേളനത്തിനു ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി യുഡിഎഫിനും കോൺഗ്രസിനും തലവേദനയായി തുടരും. ഈ മാസം 30 മുതൽ 17വരെ നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. ഇതിൽ പ്രതിപക്ഷ ആക്രമണം രൂക്ഷമാക്കും.

ധനമന്ത്രി കെഎം മാണി രാജിവച്ചതിനാൽ സീസറിന്റെ ഭാര്യയെന്ന ഹൈക്കോടതി പരമാർശം ഉയർത്തി എക്‌സൈസ് മന്ത്രി കെ ബാബുവിനെ പ്രതിക്കൂട്ടിൽ നിർത്തും. ഇതിലെല്ലാം ഉപരി ആർഎസ്‌പിയുടെ നിലപാടും നിർണ്ണായകമാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ആർഎസ്‌പി അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഏകപക്ഷീയ നടപടിയിലൂടെ ഡെപ്യൂട്ടി സ്പീക്കർ തീരുമാനം നീട്ടികൊണ്ട് പോവുകയാണ് ചെയ്തത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പദവിക്കായുള്ള വാദം ആർഎസ്‌പി ശക്തമാക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മുന്നണി വിടുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ദേവസം ബോർഡ് അംഗങ്ങളെ ഏകപക്ഷീയമായ നിയമിച്ച വിവാദം ചർച്ചകളിൽ കൊണ്ടുവരുന്നത്. മുന്നണി മാറ്റം രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമാണെന്ന് പറയുമ്പോഴും ഇടതു പക്ഷത്തെ തള്ളിപ്പറയാനും ആർഎസ്‌പി തയ്യാറുമല്ല.

ദേവസ്വംബോർഡ് അംഗങ്ങളുടെ നിയമനത്തിൽ വിവേചനമുണ്ടായെന്നും ഇങ്ങനെ തുടർന്നാൽ യു.ഡി.എഫിന്റെ കെട്ടുറപ്പ് തകരുമെന്നും ആർ.എസ്‌പി. നിയമനകാര്യത്തിൽ പാർട്ടിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ആർ.എസ്‌പി സംസ്ഥാന സെക്രട്ടറി എ. എ അസീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മാറ്റങ്ങളുടെ സൂചനയാണ്. അംഗങ്ങളെ നിയമിച്ചത് കൂടിയാലോചനയില്ലാതെ തികച്ചും ഏകപക്ഷീയമായിരുന്നു. ഈ നടപടി യു.ഡി.എഫിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിയമനനടപടി തിരുത്തണമെന്നാവശ്യപ്പെട്ട് പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യു.ഡി.എഫ് യോഗം ചേർന്ന് ചർച്ച ചെയ്യണം. മുന്നണി മര്യാദ പാലിക്കാതെയായിരുന്നു നിയമനം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പ്രാതിനിധ്യം ലഭിച്ചതുപോലും പ്രതിഷേധിച്ചപ്പോഴാണ്. ആർ.എസ്‌പി ' ചവറ' പാർട്ടിയല്ലെന്ന് ഓർക്കണമെന്നും അസിസ് പറഞ്ഞു.

അതൃപ്തിയുണ്ടെങ്കിലും മുന്നണി വിടില്ല. പാർട്ടിക്കെതിരെ വഞ്ചനാപരമായ നിലപാട് എടുത്തതിനാലാണ് ഇടതുമുന്നണി വിട്ടത്. രാഷ്ട്രീയ സദാചാരവിരുദ്ധമായതിനാൽ ഇടതുമുന്നണിയിലേക്ക് തിരികെ പോകില്ല. എങ്കിലും ആർ.എസ്‌പി എന്നും ഇടതുപക്ഷ പാർട്ടിയാണെന്നും എ.എ. അസീസ് പറഞ്ഞു. എന്നാൽ എൻകെ പ്രേമചന്ദ്രനും കോവൂർ കുഞ്ഞുമോനുമെല്ലാം ഇടതു പക്ഷത്തേക്ക് പോകണമെന്ന അഭിപ്രായക്കാരാണ് അടുത്ത മാസം നടക്കുന്ന ദേശീയ സമ്മേളനത്തോടെ ആർഎസ്‌പി ഇടതുപക്ഷത്ത് എത്തുമെന്നാണ് അവർ നൽകുന്ന സൂചന. യുവജന സംഘടനയായ ആർവൈഎഫും ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുന്നണി മാറ്റമെന്ന വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനുള്ളിൽ ചർച്ച നടക്കും. ഭൂരിപക്ഷം അനുകൂലിച്ചാൽ മുന്നണി വിടേണ്ടി വരും.

നിലവിൽ യുഡിഎഫിന് 73 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഇതിൽ ആർഎസ്‌പിയ്‌ക്കൊപ്പം മൂന്ന് എംഎൽഎമാരുണ്ട്. എന്നാൽ ഷിബു ബേബി ജോൺ യുഡിഎഫിൽ തന്നെ ഉറച്ചു നിൽക്കാനാണ് സാധ്യത. മൂന്നു പേരും ഒന്നിച്ചു ചാടിയാൽ യുഡിഎഫിന്റെ അംഗബലം 70 ആകും. അല്ലാത്ത പക്ഷം 71ഉം. അതുകൊണ്ട് തന്നെ ആർഎസ്‌പി കൂടുമാറിയാലും ഭരണം വീഴില്ല. എന്നാൽ വീരേന്ദ്ര കുമാറിന്റെ ജനതാദള്ളോ കേരളാ കോൺഗ്രസിലെ മാണി വിഭാഗമോ ജോസഫ് വിഭാഗമോ മുന്നണി വിട്ടാൽ ഉമ്മൻ ചാണ്ടി ഭരണം വീഴും. ഇതു മനസ്സിലാക്കിയാണ് ഡെപ്യൂട്ടി സ്പീക്കറിൽ സമ്മർദ്ദം മുറുക്കുന്നത്. പാർട്ടി തീരുമാനത്തിന് ഒപ്പം നിൽക്കാൻ ഷിബു ബേബി ജോണിനും സമ്മർദ്ദമുണ്ട്. ഇടതു പക്ഷം അധികാരത്തിൽ വന്നാലും മന്ത്രി സ്ഥാനം ഷിബു ബേബി ജോണിന് ഉറപ്പ് കൊടുത്താണ് നീക്കങ്ങൾ. എന്നാൽ ഇതിനോട് ഷിബു ബേബി ജോൺ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

നിയമസഭാ സമ്മേളനം 30 മുതൽ ഡിസംബർ 17 വരെ വിളിച്ചു ചേർക്കാൻ ഗവർണറോടു മന്ത്രിസഭ ശുപാർശ ചെയ്തിട്ടുണ്ട്. നിയമ നിർമ്മാണത്തിനു മാത്രമായാണു സഭ വിളിച്ചു ചേർക്കുന്നത്. നിലവിലുള്ള ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും പുതിയ ബില്ലുകളും അവതരിപ്പിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞടെുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. എന്നാൽ തദ്ദേശത്തിൽ ഇടതുമുന്നണിക്ക് മുൻതൂക്കം ലഭിക്കുകയും ബാർ കോഴയിൽ മാണി രാജിവയ്ക്കുകയും ചെയ്തതോടെ രാഷ്ട്രീയ സ്ഥിതി ആകം മാറി. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാനുള്ള സാധ്യതകളാണ് ആർഎസ്‌പി പരിശോധിക്കുന്നത്. ആർഎസ്‌പിയും ജെഡിയുവും ഇടതുപക്ഷത്തേക്ക് മടങ്ങണമെന്ന സിപിഐ(എം) ക്ഷണവും അവർക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നിലപാട് കടുപ്പിക്കുന്നത്.

നിയമസഭ 30ന് ചേർന്നാൽ ആദ്യ ദിവസങ്ങളിൽ തന്നെ കോവൂർ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കർ ആക്കണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം മറിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകും. ഡിസംബർ 9മുതൽ 11വരെ ആർഎസ്‌പിയുടെ ദേശീയ സമ്മേളനമാണ്. പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചാണ് കേരള ഘടകം കോൺഗ്രസുമായി സഹകരിക്കുന്നത്. ഇതുമൂലം ആർഎസ്‌പിക്ക് നേട്ടമുണ്ടാക്കാനായില്ലെങ്കിൽ എന്തിന് സഹകരണമെന്ന ചോദ്യം കോവൂർ കുഞ്ഞുമോൻ ഉയർത്തിക്കഴിഞ്ഞു. യുഡിഎഫിലുണ്ടായിരുന്ന മന്ത്രി ഷിബു ബേബി ജോൺ ഇപ്പോൾ ആർഎസ്‌പിയുടെ ഭാഗമാണ്. ഷിബു ബേബി ജോണിനെ അനുകൂലിക്കുന്നവർക്ക് യുഡിഎഫിനോടാണ് താൽപ്പര്യം. എന്നാൽ ഇടതു പക്ഷത്ത് നിന്ന് വന്നവരെല്ലാം മറുവാദക്കാരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം നൽകിയത് ആർഎസ്‌പിയുടെ വരവാണെന്നാണ് എൻകെ പ്രേമചന്ദ്രൻ പക്ഷത്തിന്റെ നിലപാട്. രണ്ട് എംഎൽഎമാർ യുഡിഎഫിലെത്തിയത് സർക്കാരിന്റെ ശക്തിയും കൂട്ടി. എന്നാൽ രണ്ട് എംഎൽഎമാർക്കും ഒന്നും ലഭിച്ചില്ല. ഇടതു പക്ഷത്ത് നിന്നപ്പോൾ ആർഎസ്‌പിയുടെ സീറ്റായിരുന്നു അരുവിക്കര. അവിടെ കാർത്തികേയന്റെ മരണത്തോടെ വന്ന ഉപതെരഞ്ഞെടുപ്പിലും ആർഎസ്‌പി കോൺഗ്രസിനായി വിട്ടുവീഴ്ച ചെയ്തു. പ്രേമചന്ദ്രനും കൂട്ടരും നിറഞ്ഞ് പ്രവർത്തിച്ചു. ശബരിനാഥൻ ജയിക്കുകയും ചെയ്തു. അന്ന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാമെന്ന സൂചന മുഖ്യമന്ത്രി നൽകി. പക്ഷേ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ എല്ലാം മുഖ്യമന്ത്രി മറക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് വരുന്ന സമ്മേളനകാലത്ത് നിലപാട് കടുപ്പിക്കാൻ ആർഎസ്‌പി തയ്യാറെടുക്കുന്നത്.

ദേശീയ സമ്മേളനത്തിന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പാർട്ടിയുടെ കേരള ഘടകം സമ്മർദ്ദത്തിലാകും. ഇടതു പക്ഷത്തേക്ക് മാറണമെന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ ഒരുമയ്ക്കായി സിപിഐ(എം) കേന്ദ്ര നേതൃത്വം ആർഎസ്‌പിയുടെ ദേശീയ നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നതും. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വി എസ് അച്യുതാനന്ദനും ഇതേ പക്ഷക്കാരാണ്. മൂവരും ആർഎസ്‌പിയുടെ വരവിനെ പരസ്യമായി സ്വാഗതം ചെയ്യുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കിട്ടിയില്ലെങ്കിൽ ദേശീയ നേതാക്കളുടെ സമ്മർദ്ദത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ പ്രേമചന്ദ്രൻ പക്ഷത്തിന് കഴിയില്ല.

ഷിബു ബേബി ജോൺ സമ്മതിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷത്തേക്ക് മടങ്ങണമെന്നാണ് ഭൂരിപക്ഷ നിലപാട്. കോവൂർ കുഞ്ഞുമോനും താൽപ്പര്യം സിപിഐ(എം) മുന്നണിയിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്നാൽ ആരും ജയിക്കില്ലെന്ന വിലയിരുത്തലുമുണ്ട്. വി എസ് അച്യൂതാനന്ദൻ ഇടതു പക്ഷത്ത് സജീവമാകുന്നതോടെ കൊല്ലത്ത് സിപിഎമ്മിന് കരുത്ത് കൂടും. ഇതിന്റെ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാണുന്നത്. അതുകൊണ്ട് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന വാദമാണ് കോവൂർ കുഞ്ഞുമോന്റേത്. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കിട്ടിയാൽ മറ്റൊരു അനുകൂല സമയം വരെ മുന്നണി മാറ്റത്തിനായി കാത്തിരിക്കാമെന്ന നിലപാടാണ് പ്രേമചന്ദ്രനുള്ളത്.

ബാർ കോഴയാണ് തദ്ദേശത്തിലെ തോൽവിക്ക് കാരണമെന്ന ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയും കരുതിക്കൂട്ടിയുള്ളതാണ്. അഴിമതിക്കാർക്കൊപ്പം നിന്നാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് തന്നെയാണ് അസീസും വ്യക്തമാക്കുന്നത്. ഇതും മുന്നണി മാറ്റത്തിന്റെ ആദ്യ ചുവടായി കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP