Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവരാവകാശത്തിലെ കുറ്റപ്പെടുത്തലുകൾ അനാവശ്യം; നിയമപ്രകാരം അപേക്ഷിച്ചാൽ മന്ത്രിസഭാ കുറിപ്പും തീരുമാനവും പിണറായി നൽകും; നടുറോഡിൽ തല്ലിക്കൊന്ന വക്കം ഷബീറിന്റെ ഉമ്മയ്ക്ക് ജോലി നൽകിയത് സ്വപ്നാ ജോർജിന്റെ കുറിപ്പിൽ തന്നെ; പൊളിയുന്നത് സത്യൻ എംഎൽഎയുടെ അവകാശവാദം

വിവരാവകാശത്തിലെ കുറ്റപ്പെടുത്തലുകൾ അനാവശ്യം; നിയമപ്രകാരം അപേക്ഷിച്ചാൽ മന്ത്രിസഭാ കുറിപ്പും തീരുമാനവും പിണറായി നൽകും; നടുറോഡിൽ തല്ലിക്കൊന്ന വക്കം ഷബീറിന്റെ ഉമ്മയ്ക്ക് ജോലി നൽകിയത് സ്വപ്നാ ജോർജിന്റെ കുറിപ്പിൽ തന്നെ; പൊളിയുന്നത് സത്യൻ എംഎൽഎയുടെ അവകാശവാദം

അരുൺ ജയകുമാർ

തിരുവനന്തപുരം:മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയെന്ന് പറയുന്ന പ്രസ്താവന വളച്ചൊടിച്ചതാണെന്നതിന്റെ തെളിവ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ഏറെ വിവാദങ്ങളാണ് ഇത്തരമൊരു പ്രസ്താവനയെചോല്ലി മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നവർ നടത്തിയത്. മന്ത്രിസഭാ തീരുമാനങ്ങൾ ഉത്തരവായി ഇറങ്ങിയ ശേഷം അവ സർക്കാർ വെബ്‌സൈറ്റിൽ ഉണ്ടാകുമെന്നും പിന്നെ അവ വിവരാവകാശമായി ലഭിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ സാരം.

മന്ത്രിസഭാ തീരുമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ ലഭ്യമാക്കണമെ്‌നനായിരുന്നു മുഖ്യ വിവരാവകാശ കമ്മീഷണർ വിൽസൺ എം പോളും ആവശ്യപ്പെട്ടത്. പക്ഷേ ഇതെ ചൊല്ലി വലിയ വിവാദങ്ങൾ കുത്തിപ്പൊക്കുകയായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങൾ വെളിപെടുത്താത്തത് ജനം ആട്ടിപായിക്കുമെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് ഉമ്മൻ ചാണ്ടി ഇതിന് മടിക്കുന്നതെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി വിജയൻ ആരോപിച്ചിരുന്നു. അധികാരത്തിലെത്തിയപ്പോൾ പിണറായി വിജയൻ നിലപാട് മാറ്റിയെന്നും പെട്ടെന്ന് അദ്ദേഹത്തിന് രഹസ്യങ്ങളുണ്ടായെന്നും ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു.

ആറ്റിങ്ങൽ വക്കത്ത് ഒരു സംഘം അക്രമിച്ചു കൊലപ്പെടുത്തിയ ഷബീറിന്റെ ഉമ്മയ്ക്ക് വെഞ്ഞാറംമൂട് ഫയർ സ്റ്റേഷനിൽ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി നൽകിയ വിവരാവകാശത്തിനു ലഭിച്ച മറുപടിയിൽ സർക്കാർ തീരുമാനവും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ എടുത്ത തീരുമാനമാണെങ്കിലും ഇപ്പോൾ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇങ്ങനെയൊരു വിവരാവകാശ പകർപ്പ് ഞങ്ങൾക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ പുതിയ മന്ത്രിസഭയുടെ തീരുമാനങ്ങൾ പൊതുസമൂഹത്തെ അറിയിക്കാതെ അട്ടിമറിക്കപ്പെടുന്നുവെന്ന വാർത്ത തെറ്റാണെന്ന് തന്നെയാണ് ഇതും സൂചിപ്പിക്കുന്നത്.

അതോടൊപ്പം തന്നെ വക്കത്തുകൊല്ലപ്പെട്ട ഷബീറിന്റെ ഉമ്മ നസീമ ബീവിക്ക് ജോലി നൽകിയത് സ്ഥലം എംഎൽഎ ബി. സത്യന്റെ അപേക്ഷയിലാണെന്ന വാദവും പൊളിയുകയാണ്. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയും സംസ്ഥാന യുവജന കമ്മീഷൻ ബോർഡ് അംഗവുമായ സ്വപ്‌നാ ജോർജിന്റെ അപേക്ഷയിലാണ് നസീമ ബീവിക്ക് ജോലി നൽകിയത് എന്നതിന്റെ തെളിവും ഇതോടൊപ്പം മറുനാടൻ മലയാളിക്ക് ലഭിച്ചു.വെഞ്ഞാവംമൂട് ഫയർ സ്റ്റേഷനിൽ പാർട് ടൈം സ്വീപ്പറായി ജോലി നവോക്കുകയാണ് ഇപ്പോൾ നസീമ.

പ്രസ്തുത വിഷയത്തിലെ മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പ്, തീരുമാനിക്കേണ്ട സംഗതി പിന്നീട് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാർ കൈകൊണ്ടതും അതിന്റ ഉത്തരവ് അടങ്ങിയ ഫയലുകളുമാണ് ഇപ്പോൾ സർക്കാർ ലഭ്യമാക്കിയിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ കുറ്റപെടുത്തിയതെല്ലാം അനാവശ്യമായിട്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സർക്കാരുകൾ മാറി മാറി വരുന്നതാണെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ നിന്നും ലഭിക്കുന്ന ഫയലുകൾ തന്നെയാണ് സർക്കാർ നയങ്ങളുടെ സൂചനയാകുന്നത്.

എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളിൽ നിന്നും പിണറായി പിന്നോട്ടു പോകുകയാണോ എന്ന സംശയമാണ് പലരും ഉന്നയിച്ചിരുന്നത്. മുല്ലപ്പെരിയാർ വിഷയവും അതിരപ്പള്ളി പദ്ധതിയിലെ നിലപാടുകളും പലരും ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, കാര്യമായ തീരുമാനങ്ങൾ ഒന്നും കൈക്കൊള്ളാതിരുന്ന മന്ത്രിസഭാ യോഗത്തിന്റെ വിവരങ്ങൾ പോലും നൽകാനാവില്ലെന്ന നിലപാട് ഏറെ വിമർശനമാണ് ഉണ്ടാക്കിയിരുന്നത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുന്ന പശ്ചാത്തിൽ പിണറായിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് നേരത്തെ ഉയർന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനാകില്ലെന്നും. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കിയതിനു ശേഷം മാത്രമേ വിവരം പുറത്തുവിടൂ. ഈ സാഹചര്യത്തിൽ മുൻ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച പിണറായിയുടെ നിലപാട് ഏറെ ചർച്ചയാവുകയായിരുന്നു. അധികാരത്തിലെത്തുന്നതിന് മുമ്പുള്ള നിലപാട് മാറ്റുന്നത് ആർക്ക് വേണ്ടിയെന്നായിരുന്നു ഉയർന്ന മറ്റൊരു ചോദ്യം.

ഇതുമായി ബന്ധപ്പെട്ട് പിണറായി നേരത്തെ പോസ്റ്റിട്ട് ഫേസ്‌ബുക്ക് പേജ് നിലവിൽ ലഭ്യമല്ലാത്തതും ആരോപണങ്ങളുടെ മൂർച്ച കൂട്ടിയിരുന്നു.ഇതിന് പിന്നാലെയാണ് കാബിനെറ്റ് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനങ്ങളിലൂടെ അറിയിക്കുന്ന പതിവുണ്ടാവില്ലെന്ന് വ്യക്തമാക്കിയതും. മുഖ്യമന്ത്രിക്ക് പകരം മറ്റാരെങ്കിലുമാകും വിവരങ്ങൾ വിശദീകരിക്കുക എന്നാണ് അറിയുന്നത്. പക്ഷേ അതും ഉണ്ടായില്ല. പിആർഒ പണി ചെയ്യണ്ടവരല്ല മന്ത്രിമാർ എന്നാണ് ഇതിന് പിണറായി നൽകിയിരുന്ന വിശദീകരണം.ആവശ്യമുള്ളപ്പോൾ മാത്രം മാദ്ധ്യമങ്ങളെ കണ്ടാൽ മതി എന്ന തീരുമാനവും മുഖ്യൻ കൈകൊണ്ടിരുന്നു.

മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കഴിഞ്ഞ ജനവരി ഒന്നുമുതൽ ഏപ്രിൽ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇക്കാലയളവിലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ലഭ്യമാക്കണമെന്ന വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി. ബി. ബിനുവിന്റെ അപേക്ഷയിലായിരുന്നു ഉത്തരവ്. വിവരങ്ങൾ നൽകിയതിന് ശേഷം ഇക്കാര്യങ്ങൾ രേഖാമൂലം വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. പത്തു ദിവസത്തിനകം മന്ത്രിസഭായോഗ തീരുമാനങ്ങൾ അപേക്ഷകർക്ക് നൽകണമെന്ന ഉത്തരവ് നടപ്പായില്ലെന്ന് പരാതി ഉയർന്നതിനെ തുടർന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം.പോൾ താൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. വിവരങ്ങൾ നൽകിയിട്ടില്ലെന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇതോടെയാണ് വിവരാവകാശ കമ്മീഷണർക്കെതിരെ കോടതിയ സമീപിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് വിവരാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി കടുത്ത നിലപാടാണ് ഉയർത്തിയത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ഇതെല്ലാം മറുന്നുവെന്നും പറയുന്നതും അനാവശ്യ വിവാദങ്ങൾക്ക് മാത്രമെ കാരണമാകുവെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നതും. മന്ത്രിസഭായോഗ തീരുമാനങ്ങൾ പരസ്യമാക്കാൻ കഴിയില്ലെന്നും പിണറായി സർക്കാർ വിശദീകരിക്കുന്നു. തീരുമാനങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്നും നിലപാട് എടുക്കുന്നു. വകുപ്പുകളെ സംബന്ധിച്ച രഹസ്യ വിവരങ്ങളും മറ്റും ഇത്തരത്തിൽ പുറത്ത് വിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം മന്ത്രിസഭായോഗ തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നില്ല എന്ന വിമർശനം ഉയർന്നിരുന്നു.

മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിമാർ നടത്തിയിരുന്ന വാർത്താ സമ്മേളനവും പിണറായി ഒഴിവാക്കിയിരുന്നു.എന്തായാലും മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ കാര്യങ്ങൾ മനസ്സിലാക്കിയതിലെ ചില അപാകതകളാണ് ഇത്തരം വിവാദങ്ങൾ ശ്രിഷ്ടിച്ചത്. ഉത്തരവായ എല്ലാ സർക്കാർ തീരുമാനങ്ങളും വിവരാവകാശമായി ലഭിക്കും എന്നതിൽ തർക്കമോ രണ്ട് പക്ഷമോ വേണ്ടന്നതിന്റെ തെളിവു കൂടിയാണിത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP