Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ഉത്സവകാലത്ത് യുവതികൾ മലചവിട്ടിയിട്ടില്ലെന്ന് മറുനാടനോട് ദേവസ്വം മന്ത്രി; മണിയാശാൻ പറഞ്ഞത് പണ്ട് യുവതികൾ കയറിയെന്നായിരിക്കുമെന്ന് കടകംപള്ളി; യുവതികൾ കയറി എന്ന് ആരെങ്കിലും പറഞ്ഞാൻ എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ദേവസ്വം പ്രസിഡന്റ്; പരാതി ഗൗരവത്തിൽ എടുത്ത് മന്ത്രി മണിയെ ശാസിച്ച് മുഖ്യമന്ത്രിയുടെ ഇടപെടൽ; കോതമംഗലത്തെ പ്രസ്താവനകൾ ഇനി ആവർത്തിക്കരുതെന്ന് വൈദ്യുത മന്ത്രിക്ക് പിണറായിയുടെ താക്കീത്; സന്നിധാനത്ത് യുവതികളെത്തിയിട്ടില്ലെന്ന് പ്രഖ്യാപിച്ച് സർക്കാർ

ഈ ഉത്സവകാലത്ത് യുവതികൾ മലചവിട്ടിയിട്ടില്ലെന്ന് മറുനാടനോട് ദേവസ്വം മന്ത്രി; മണിയാശാൻ പറഞ്ഞത് പണ്ട് യുവതികൾ കയറിയെന്നായിരിക്കുമെന്ന് കടകംപള്ളി; യുവതികൾ കയറി എന്ന് ആരെങ്കിലും പറഞ്ഞാൻ എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ദേവസ്വം പ്രസിഡന്റ്; പരാതി ഗൗരവത്തിൽ എടുത്ത് മന്ത്രി മണിയെ ശാസിച്ച് മുഖ്യമന്ത്രിയുടെ ഇടപെടൽ; കോതമംഗലത്തെ പ്രസ്താവനകൾ ഇനി ആവർത്തിക്കരുതെന്ന് വൈദ്യുത മന്ത്രിക്ക് പിണറായിയുടെ താക്കീത്; സന്നിധാനത്ത് യുവതികളെത്തിയിട്ടില്ലെന്ന് പ്രഖ്യാപിച്ച് സർക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ സർക്കാർ കയറ്റിയെന്ന് പരസ്യമായി പറഞ്ഞ വൈദ്യുത മന്ത്രി എംഎം മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവന നടത്തിയതിനാണ് ശാസന. ശബരിമലയിൽ യുവതി പ്രവേശനം സാധ്യമായിട്ടുണ്ടെന്നും അത് ആരും അറിയാത്തതാണെന്നും കോതമംഗലത്ത് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാറും മുഖ്യമന്ത്രിയെ നീരസം അറിയിച്ചു. ഈ സാഹചര്യത്തിലാണ് വൈദ്യുത മന്ത്രിയെ മുഖ്യമന്ത്രി ശാസിച്ചത്.

ശബരിമലയിൽ ട്രാൻസ് ജെൻഡേഴ്‌സിനെ പോലും സർക്കാർ തടഞ്ഞിരുന്നു. തന്ത്രിയും പന്തളം രാജാവും അനുമതി നൽകിയ ശേഷമാണ് അവർക്ക് പോലും സന്നിധാനത്ത് എത്താനാകുന്നത്. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഇടപെടൽ വേണ്ടെന്നാണ് സർക്കാർ അനൗദ്യോഗികമായി എടുത്ത തീരുമാനം. പമ്പയിൽ എത്തുന്ന സ്ത്രീകളുടെ പ്രായം പൊലീസ് പരിശോധിക്കുന്നുമുണ്ട്. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെത്തിയാൽ അവരെ സന്നിധാനത്തുണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയയ്ക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഇതിനിടെയാണ് യുവതികൾ കയറിയെന്ന തരത്തിൽ പ്രസ്താവനയുമായി മന്ത്രി മണി എത്തിയത്. ഈ പാടെല്ലാം പെടുന്നത് യുവതിയെ കയറ്റാണെന്നും അത് ചെയ്തിട്ടുണ്ടെന്നുമായിരുന്നു കോതമംഗലത്തെ മന്ത്രിയുടെ പ്രസ്താവന. ഇത് ദേവസ്വം വകുപ്പിനേയും ബോർഡിനേയും പ്രതിക്കൂട്ടിൽ നിർത്തിയെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.

വനിതാ മതിലുമായി ബന്ധപ്പെട്ട് എൻ എസ് എസ് ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ലെന്ന് പോലും സർക്കാരിന് വിശദീകരിക്കേണ്ടി വന്നു. ഇതിനിടെയാണ് മണിയുടെ പ്രസ്താവന സർക്കാരിന് പുതിയ തലവേദനായായി മാറുന്നത്. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചത്. മണിയുടെ പ്രസ്താവനയെ കുറിച്ച് മുഖ്യമന്ത്രിയും അന്വേഷണം നടത്തി. തുടർന്നാണ് ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്ന് വൈദ്യുത മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാറും നിരാശനാണ്. ശബരിമലയിലെ വിഷയത്തിൽ ഉത്തരവാദിത്തമില്ലാതെ മണി പ്രസ്താവന നടത്തിയെന്ന വിലയിരുത്തലാണ് പ്ത്മകുമാറിനും ഉള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും അതൃപ്തി അറിയിച്ചു. ശബരിമലയെ സംഘർഷ ഭൂമിയാക്കാനുള്ള പ്രസ്താവനകളാണ് ഉണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഈ ഉത്സവകാലത്ത് യുവതികൾ ശബരിമലയിൽ കയറിയിട്ടില്ല-കടകംപള്ളി

ശബരിമലയിൽ യുവതികളെ സർക്കാർ കയറ്റിയെന്ന എംഎം മണിയുടെ വാദം തെറ്റെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുനാടനോട് പ്രതികരിക്കുകയും ചെയ്തു. ശബരിമലയിൽ യുവതികൾ കയറിയ കാര്യം എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇതുവരെ ഈ ഉത്സവകാലത്ത് യുവതികൾ ശബരിമലയിൽ കയറിയിട്ടില്ല. ഇതിന് മുമ്പ് കയറിയിട്ടുണ്ടാകും. അത് നേരത്തെ തന്നെ പലരും പറഞ്ഞിട്ടുണ്ട്. മണിയാശാൻ പറഞ്ഞത് പണ്ട് യുവതികൾ കയറിയെന്നായിരിക്കും. ഈ ഉത്സവകാലത്ത് ആരും കയറിയിട്ടില്ല. മണിയാശാൻ പറഞ്ഞത് ഏതു സാഹചര്യത്തിലാണ് എന്ന് അന്വേഷിക്കും. എന്തായാലും ദേവസ്വം മന്ത്രിയെന്ന നിലയിൽ ഞാൻ അങ്ങനൊരു കാര്യം അറിഞ്ഞിട്ടില്ല. മണിയാശാൻ പറയുന്നതിൽ വാസ്തവമുണ്ടോ എന്നറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ മറുനാടനോട് പറഞ്ഞിരുന്നു.

ശബരിമലയിൽ യുവതികൾ കയറി എന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും മറുനാടനോട് പ്രതികരിച്ചു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്ക് എങ്ങിനെ മറുപടി നൽകാൻ കഴിയുമെന്നും പത്മകുമാർ ചോദിച്ചു. 1258 ക്ഷേത്രങ്ങൾ ഉള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആണ് ഞാൻ. അവിടെയെല്ലാം എന്തൊക്കെയാണ് നടക്കുന്നത് എന്ന് എനിക്ക് എങ്ങിനെ പറയാൻ കഴിയുമെന്നും പത്മകുമാർ ചോദിച്ചു.

മന്ത്രി മണിയുടെ വിവാദ വെളിപ്പെടുത്തൽ ഇങ്ങനെ

കോതമംഗലത്താണ് മാധ്യമങ്ങളോട് പതിവ് ശൈലിയിൽ മന്ത്രി മണി ശബരിമല വിഷയത്തിൽ പ്രതികരണവുമായെത്തിയത്. വനിതാ മതിലുമായുള്ള അഭിപ്രായ പ്രകടനങ്ങൾ നടുത്തുന്നതിനിടെയാണ് ശബരിമലയിലെ യുവതി പ്രവേശനത്തിൽ മന്ത്രി വിശദീകരണം നടത്തിയത്. അവിടെ ആരും കേറില്ലെന്നും പറഞ്ഞിരിക്കുകയാണോ? എല്ലാം നടന്നിട്ടുണ്ട്... വനിതകളും യുവതികളുമെല്ലാം വരുന്നുണ്ടെന്നും കാണിക്ക ഇടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് യുവതി പ്രവേശനത്തിലെ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനമാണോ എന്ന ചോദ്യത്തോട് അതെ എന്നാണ് മന്ത്രി പ്രതികരിച്ചത്.

വനിതകളൊക്കെ ഇഷ്ടം പോലെ വരുന്നുണ്ട്. യുവതികളും കേറിയിട്ടുണ്ട്. കേറിയില്ലെന്നാണോ വിശ്വസിക്കുന്നത്. ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം യുവതികളുമായി അങ്ങ് പൊയ്ക്കൂടെ..... സ്ത്രീകൾ ആരാധന നടത്തിയിട്ടില്ലെന്ന് സർക്കാർ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എല്ലാം കൃത്യമായി തന്നെ നടന്നിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. വനിതാ മതിൽ സംഭവമാകുമെന്നും അറുപത് ലക്ഷം സ്ത്രീകൾ അതിൽ പങ്കെടുക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അണിനിരത്താൻ 30 ലക്ഷം പേരാണ് പങ്കെടുക്കേണ്ടത്. എന്നാൽ അറുപത് ലക്ഷം പേരെത്തും. ഇടുക്കിയിൽ നിന്ന് 45,000 പേരും. ഇവർക്ക് വണ്ടിയും ബുക്ക് ചെയ്തു. വലിയൊരു സംഭവമായി അത് മാറും. ഗിന്നസ് ബുക്കിലും ഇടം നേടും-മന്ത്രി പറഞ്ഞു.

ശബരിമലയിൽ കോടതി വിധി നടപ്പാക്കും. യുഡിഎഫും ബിജെപിയും ആർ എസ് എസും എല്ലാം കൂടെ ഇല്ലാത്ത പ്രശ്നമുണ്ടാക്കി. എന്നിട്ടും എല്ലാം ഭംഗിയായി ചെയ്തു. കോടതി വിധി നടപ്പക്കാൻ ആത്മാർത്ഥമായി എല്ലാം ചെയ്തു. ഇനിയും ചെയ്യം. ജനുവരി 22ന് കോടതി എന്ത് പറഞ്ഞാൽ അതും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെയാണ് യുവതികളൊന്നും കയറിയില്ലല്ലോ എന്ന ചോദ്യം മാധ്യമ പ്രവർത്തകർ ഉയർത്തിയത്. ഇതിനോടാണ് മന്ത്രി യുവതി പ്രവേശനം നടത്തിയെന്ന തരത്തിൽ പ്രതികരിച്ചത്. ആരു പറഞ്ഞു... ചുമ്മ.. നിങ്ങൾ ഇവിടെ ഇരുന്ന് ചുമ്മ സ്വപ്നം കാണാതെ... അവിടെ വനിതകൾ ഇഷ്ടം പോലെ വരുന്നുണ്ട്. പിന്നെ എന്തിനാണ് ഈ സംവിധാനം. കോടിക്കണക്കിന് രൂപ അവിടെ വരുന്നുണ്ട്- മന്ത്രി പറഞ്ഞു.

ഇതോടെ യുവതികൾ കയറിയോ എന്നും ഔദ്യോഗിക പ്രഖ്യാപനമാണോ എന്നും ചോദ്യമെത്തി. ഇതിനോടും യുവതി പ്രവേശനം നടന്നുവെന്ന തരത്തിലായിരുന്നു പ്രതികരണം. യുവതികളും കേറിയി ട്ടുണ്ട്. കേറിയി ല്ലെന്നും പറഞ്ഞിരിക്കുകയാണോ.. നിങ്ങൾ ഏത് ലോകത്തായിരുന്നു. ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം സ്ത്രീകളുമായി കയറിയാൽ പോരെ. ആരും തടയില്ല. അതിനുള്ള കെൽപ്പ് ഞങ്ങൾക്കുണ്ട്. അത് ഞങ്ങളുടെ പരിപാടിയല്ല. പോകുന്നവർക്ക് സംരക്ഷണം നൽകും. സ്ത്രീകൾക്ക് പോകാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ആരാധന നടത്താം. പോയില്ലെങ്കിൽ ശിക്ഷിക്കുമെന്ന് കോടതി പറഞ്ഞിട്ടുണ്ട്.

സർക്കാർ സംരക്ഷണത്തിൽ യുവതികൾ കയറിയെന്നാണോ പറയുന്നതെന്ന ചോദ്യത്തിനും മന്ത്രിയുടെ പ്രതികരണം അതേ എന്നായിരുന്നു. സർക്കാർ ഇന്നേ വരെ യുവതികൾ പോയില്ലെന്നും ആരാധന നടത്തിയിട്ടല്ലെന്നും പറഞ്ഞിട്ടുണ്ടോ? നിങ്ങളോട് പറഞ്ഞോ? പറ... അവിടെ എല്ലാം നടന്നിട്ടുണ്ട്. -ഇങ്ങനെയാണ് മന്ത്രി ഈ വിഷയത്തിൽ പ്രതികരണങ്ങൾ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP