Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയിൽ അറബിയുടെ ചതിയിൽ പെട്ട് ജയിലിലായത് നിരവധി തവണ; കേസ് കാരണം വിസ പുതുക്കാനാകാതെ കഷ്ടപ്പെട്ടത് മാസങ്ങളോളം; വിസാ കാലാവധി തീർന്നതോടെ വിച്ഛേദിക്കപ്പെട്ടത് ഫോണും ബാങ്ക് അക്കൗണ്ടും; കണ്ണിന് അസുഖം ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ വിസയില്ലാത്തതിനാൽ ചികിത്സയും ലഭിച്ചില്ല; വാതിലിൽ മുട്ടിയിട്ടും തുഷാറിന് വേണ്ടി കത്തെഴുതിയ മുഖ്യനും ഒന്നും ചെയ്തില്ല; തിരുവനന്തപുരം സ്വദേശി അഭീഷ് അസീസിന് പറയാനുള്ളത് സമാനതകളില്ലാത്ത ദുരന്ത കഥകൾ

യുഎഇയിൽ അറബിയുടെ ചതിയിൽ പെട്ട് ജയിലിലായത് നിരവധി തവണ; കേസ് കാരണം വിസ പുതുക്കാനാകാതെ കഷ്ടപ്പെട്ടത് മാസങ്ങളോളം; വിസാ കാലാവധി തീർന്നതോടെ വിച്ഛേദിക്കപ്പെട്ടത് ഫോണും ബാങ്ക് അക്കൗണ്ടും; കണ്ണിന് അസുഖം ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ വിസയില്ലാത്തതിനാൽ ചികിത്സയും ലഭിച്ചില്ല; വാതിലിൽ മുട്ടിയിട്ടും തുഷാറിന് വേണ്ടി കത്തെഴുതിയ മുഖ്യനും ഒന്നും ചെയ്തില്ല; തിരുവനന്തപുരം സ്വദേശി അഭീഷ് അസീസിന് പറയാനുള്ളത് സമാനതകളില്ലാത്ത ദുരന്ത കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇയിൽ ചെക്ക് കേസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുന്നതും മണിക്കൂറുകൾക്കകം പുറത്തിറങ്ങാൻ വമ്പൻ വ്യവസായി സഹായിക്കുന്നതും മുഖ്യമന്ത്രിയുടെ ഇടപെടലുമെല്ലാം നമ്മൾ കണ്ടതാണ്. നിമിഷനേരം കൊണ്ട് പുഷ്പം പോലെ തുഷാർ വെള്ളാപ്പള്ളി പുറംലോകം കണ്ടു. മുഖ്യമന്ത്രിയുടേതുൾപ്പെടെ നിരവധി പേരുടെ ആത്മാർത്ഥത ഈ വിഷയത്തിൽ എടുത്ത് പറയേണ്ടത് തന്നെ. കാരണം വിദേശത്താണെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത് ചെയ്തുകൊടുക്കേണ്ടത് സർക്കാരിന്റെ കടമ തന്നെയാണ്. ഈ വാർത്തകളൊക്കെ കാണുമ്പോൾ സാധാരണക്കാരായ പ്രവാസികൾക്കും പ്രതീക്ഷയുണ്ടാകും. തങ്ങൾക്കും എന്തെങ്കിലും പ്രശ്‌നം വരുമ്പോൾ രക്ഷിക്കാനായി സർക്കാരും മുഖ്യമന്ത്രിയുമെല്ലാം ഓടിവരുമെന്ന്. എന്നാൽ അത്തരം ഒരു അവസ്ഥയിലൂടെ കടന്ന് പോയ അഭീഷ് അസീസ് എന്ന തിരുവനന്തപുരം സ്വദേശിക്ക് പറയാനുള്ളത് വേറിട്ട ഒരനുഭവമാണ്. മാസങ്ങളോളം കേന്ദ്ര സർക്കാരിന്റേയും കേരള സർക്കാരിന്റേയും കനിവിന് വേണ്ടി കാത്തിരുന്ന് വിഡ്ഢി ആയ ഒരാൾ. എല്ലാം നഷ്ടപ്പെടുമെന്നായപ്പോൾ കൊട്ടാത്ത വാതിലുകളില്ല. വിളിക്കാത്ത മന്ത്രിമാരില്ല. അയക്കാത്ത അപേക്ഷകളില്ല. എന്നിട്ടും അവഗണന നേരിട്ടത് ഉന്നത ബന്ധമില്ലാത്തതിന്റെ പേരിലാണെന്ന് അയാൾ തിരിച്ചറിയുന്നത് ഇപ്പോഴാണ്.

ഇരുപത് വർഷത്തോളം ദുബായിൽ ജോലി ചെയ്തിരുന്ന ആളാണ് അഭീഷ് അസീസ്. അവിടെ തന്നെ ഒരു കമ്പനി തുടങ്ങുകയും ചെയ്തു. 2006 മുതൽ 2012 വരെ യാതൊരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ച് കൊണ്ടിരുന്ന സ്ഥാപനമായിരുന്നു അത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ലോക്കൽ സ്പോൺസറെ മാറ്റി പകരം ഒരാളെ വെക്കേണ്ടതായി വന്നു. തുടർന്ന് യൂനസ് എന്ന് പേരുള്ള ഒരാളെ സ്‌പോൺസറായി വെക്കുകയും രണ്ടു മാസം തികയുന്നതിന് മുൻപ് തന്നെ ഒരു മുന്നറിയിപ്പും ഇല്ലാതെ അയാൾ ട്രേഡ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു. തുടർന്ന് ഇയാൾ നിരന്തരമായി അഭീഷിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങി. ഒളിച്ചോടൽ കേസുകളായിരുന്നു കൂടുതലും.

ഓരോന്നായി പരിഹരിക്കുമ്പോഴേക്കും അടുത്തത് വന്നുകൊണ്ടേയിരുന്നു. പിന്നീട് സ്വന്തം സ്ഥാപനത്തിൽ നിന്ന് തന്നെ കമ്പനി സ്റ്റാമ്പ് മോഷ്ട്ടിച്ചു എന്ന് പറഞ്ഞ് ഏഴോളം ചെക്ക് കേസുകളും വന്നു. ഇതിന്റെ പേരിൽ തന്നെ നിരവധി തവണ ലോക്കപ്പിലായി. തുടർന്ന് 2014 ൽ മറ്റൊരു ജനറൽ ട്രേഡിങ്ങ് കമ്പനി വാങ്ങി വിസ അതിലോട്ടു മാറ്റി. ഇതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്. എന്നാൽ 2018 മാർച്ച് മാസം കാറിൽ പോകുമ്പോൾ അമാൻ പൊലീസ് വഴിയിൽ വച്ച് ചെക്ക് ചെയ്യുകയും ദുബായിൽ ഒരു കേസ് ഉണ്ടെന്നു പറഞ്ഞ് അറസ്റ്റു ചെയ്യുകയും ചെയ്തു. തുടർന്ന് അജ്മാൻ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ഓഫീസിൽ എത്തിച്ച് പൂട്ടിയിടുകയും ചെയ്തു.

ഒരു സാധാരണ വീട്ടിലെ കക്കൂസിന്റെ അത്രയും വലിപ്പമുള്ള മുറിയിൽ അഞ്ചും ആറും ആൾ്ക്കാരെ കുത്തി നിറച്ച് ഇരിക്കാനോ കിടക്കാനോ പറ്റാതെ രണ്ടു രാത്രികൾ അഭീഷ് അവിടെ കഴിച്ച് കൂട്ടി. അതിനുശേഷം ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് ട്രാൻസ്ഫർ ചെയ്തു അവിടെ ചെന്നപ്പോളാണ് അറിഞ്ഞത് 2014ലെ പഴയ അറബിയുടെ പേരിൽ എടുത്ത ഓഫീസിന്റെ വാടക കൊടുക്കാൻ ഉണ്ടെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും. തുടർന്ന് ദുബായിൽ കേസുള്ളവരെ അവിടേക്ക് കൊണ്ടുവരുമ്പോളും വേറെ എമിറേറ്ററിലേക്ക് അയക്കുമ്പോഴും എത്തിക്കാറുള്ള ദുബായ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ ഒരു ട്രാൻസിറ്റ് ഏരിയയിൽ എത്തിച്ചു.

50 ആൾക്കാരെ വഹിക്കാൻ കഴിവുള്ള ആ മുറിയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് മൂന്ന് ദിവസം തള്ളി നീക്കി. ഈ സമയമത്രയും ആൾക്കാരുടെ സഹായത്തിന് ഓടി നടക്കുകയായിരുന്നു അഭീഷിന്റെ ഭാര്യ. പലരിൽ നിന്നും കടം വാങ്ങിയ 5000 ദിർഹം പാർട്ട് പേയ്‌മെന്റ് ആയി റെന്റൽ ഡിസ്പ്യൂട് സെന്ററിൽ അടച്ചതിനെ തുടർന്ന് അഭീഷിനെ റിലീസ് ചെയ്തു. സാധാരണ രീതിയിൽ കേസിന്റെ നടപടികൾ അതിൽ ഉൾപ്പെട്ട വ്യക്തിയെ അറിയിക്കുവാനും അയാളുടെ ഭാഗം കേൾക്കാനും വിധി വരുമ്പോൾ അത് അറിയിക്കുവാനും നീതി ന്യായ വ്യവസ്ഥയ്ക്കു ബാധ്യതയുണ്ട്. എന്നാൽ എതിർഭാഗത്ത് നിന്നത് അറബി ആയതുകൊണ്ട് മാത്രം ഇതൊന്നും നടന്നില്ല. നേരത്തേ പല പൊലീസ് സ്റ്റേഷനിലുകളിലും പല ആവശ്യങ്ങൾക്കായി അഭീഷ് പോയെങ്കിലും ഇങ്ങനെ ഒരു കേസ് ഉള്ളതായി ആരും പറഞ്ഞിരുന്നുമില്ല.

ഇതിനെല്ലാം ശേഷം ഈ കേസ് കാരണം വിസ പുതുക്കാൻ കഴിയാതാകുകയും പത്ത് വർഷമായി ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈൽ കണക്ഷൻ കട്ടാകുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് ഫ്രീസ് ആയതോടെ ഒന്നും ചെയ്യാനാകാതെ ഒരു കുടുംബം മുഴുവൻ കഷ്ടത്തിലായി. കുട്ടികളുടെ പഠനം പോലും നിൽക്കുമെന്ന അവസ്ഥയിലെത്തി. ഈ സമയത്താണ് ലോക്കപ്പിലായിരുന്ന സമയത്ത് ഇൻസുലിൻ മുടങ്ങിയതോടെ ഡയബറ്റിക് റെറ്റിനോപ്പതി ക്രോണിക് ആകുകയും അത് കണ്ണിനെ ബാധിക്കുകയും ഇടത് കണ്ണിനകത്തു ഹെമറേജ് ആയി അത് കാഴ്ചയെ ബാധിക്കുകയും ചെയ്തത്. ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിയപ്പോൾ വിസ കാലാവധി കഴിഞ്ഞതിനാൽ ചികിത്സ ലഭ്യമാക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

കേസ് അവസാനിപ്പിക്കാൻ തനിക്കെതിരെ ഇറക്കിയ വിധി ന്യായമല്ലെന്നും വിധിയിൽ നിയമപരമായ അപര്യാപ്തത പല കാരണങ്ങളാൽ ഉണ്ടെന്നും അത് എന്തോക്കെ എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടി തനിക്ക് പറയാനുള്ളതും കൂടി കേൾക്കുകയും നിലവിലെ വിധി അതുവരെ സസ്പെൻഡ് ചെയ്യുകയും ചെയ്യണമെന്ന അപേക്ഷയുമായി ദുബായ് റൂളേഴ്സ് കോർട്ടിനെ സമീപിക്കുകയും ചെയ്തു. പക്ഷേ വിസ കാലാവധി കഴിഞ്ഞതിനാൽ എൻട്രി തരാൻ കഴിയില്ല എന്ന് പറഞ്ഞു ഗേറ്റിൽ നിന്നും തന്നെ മടക്കി. പ്രശ്‌നം പറഞ്ഞ് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായം അഭ്യർത്ഥിച്ചു ചെന്നപ്പോൾ വിഷയം എന്താണെന്ന് കേൾക്കുകയും എല്ലാം പരിഹരിക്കാമെന്നും ഒരു തീയതി പറഞ്ഞ് അന്ന് വരാൻ പറയുകയും ചെയതു. എന്നാൽ അന്ന് ചെന്നപ്പോൾ നേരത്തേ പറഞ്ഞ കാര്യങ്ങൾ ഒന്നും ഓർമ ഇല്ലാത്ത രീതിയിലാണ് വെസ് കോൺസുൽ വിഭവ്കാന്ത് ശർമ പെരുമാറിയത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്ത് അയച്ചിട്ടും മന്ത്രിയുടെ ഓഫീസിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിക്കും നോർക്കക്കും ഇമെയിൽ വഴി സഹായ അഭ്യർ്ത്ഥന നടത്തുകയും മുഖ്യ മന്ത്രിയുടെ ഓഫീസിൽ വിളിച്ച് അന്നത്തെ സെക്രട്ടറി ജയരാജനുമായി സംസാരിക്കുകയും ചെയ്തെങ്കിലും നാട്ടിൽ ഉള്ള ആരെങ്കിലും നേരിട്ട് വന്നു പരാതി കൊടുക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിൽ നിന്നും സഹായം ലഭിക്കില്ല എന്ന് വ്യക്തമായതോടെ വേറെ വഴിയില്ലാതെ ദുബായ് റെന്റൽ ഡിസ്പ്യൂട് തലവൻ ജഡ്ജ് അബ്ദുൽഖാദർ മൂസയെ വെളിയിൽ വച്ച് കണ്ടപ്പോൾ അദ്ദേഹത്തിന്റെ കാറിന്റെ മുന്നിൽ കയറി നിന്ന് ഒരു മിനിറ്റ് സമയം തരാൻ അപേക്ഷിക്കുകയും പ്രശ്‌നം പറഞ്ഞതിനെ തുടർന്ന് അപേക്ഷ പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് എന്നെന്നേക്കുമായി ദുബായ് വിട്ട് അഭീഷും കുടുംബവും നാട്ടിലേക്ക് തിരിച്ചെത്തി.

എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാൻ പോലും പറ്റാത്ത അവസ്ഥയിൽ അഭീഷിന് വേണ്ടി ഓടാൻ ഭാര്യയും കുട്ടികളും മാത്രമാണുണ്ടായിരുന്നത്. കരഞ്ഞ് വിളിച്ചെങ്കിലും മന്ത്രിമാരും ഭരണകൂടവും തിരിഞ്ഞ് നോക്കിയില്ല. ഇപ്പോൾ സമൂഹത്തിലെ ഉന്നതന്റെ മകൻ കേസിൽ അകപ്പെട്ടപ്പോൾ രക്ഷിക്കാൻ സഹായഹസ്തങ്ങൾ നിരവധി ആയിരുന്നു. അഭീഷ് എന്നത് ഒരു വ്യക്തിയല്ല. ഇത്തരത്തിൽ കഷ്ടപ്പെടുന്ന, കള്ളക്കേസുകളിൽ പെട്ട് മറ്റ് രാജ്യങ്ങളിൽ അകത്ത് കിടക്കുന്ന, അറബിയുടെ ചതിയിൽ പെടുന്ന നിരവധി സാധാരണക്കാരുടെ പ്രതിനിധിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP