Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഴിമതിക്കെതിരെ പോരാട്ടം നയിച്ചതിന് ജേക്കബ് തോമസിന് കേസും സസ്‌പെൻഷനും; മണൽക്കൊള്ള കേസിലെ വില്ലന് എല്ലാ വിധ സംരക്ഷണവും; മുൻ സിഡ്‌കോ എംഡിക്ക് സംരക്ഷണ വലയമൊരുക്കുമ്പോൾ ചർച്ചയാകുന്നതും സ്രാവുകൾക്കൊപ്പം നീന്തി കേസിൽ കുടുങ്ങിയ മുൻ വിജിലൻസ് ഡയറക്ടറുടെ പീഡനകാലം; സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് അനുമതി തേടിയത് കഴിഞ്ഞ സെപ്റ്റംബറിൽ; ആറുമാസമായിട്ടും അനുമതി നൽകാതെ വ്യവസായവകുപ്പിന്റെ കള്ളക്കളിയും

അഴിമതിക്കെതിരെ പോരാട്ടം നയിച്ചതിന് ജേക്കബ് തോമസിന് കേസും സസ്‌പെൻഷനും; മണൽക്കൊള്ള കേസിലെ വില്ലന് എല്ലാ വിധ സംരക്ഷണവും; മുൻ സിഡ്‌കോ എംഡിക്ക് സംരക്ഷണ വലയമൊരുക്കുമ്പോൾ ചർച്ചയാകുന്നതും സ്രാവുകൾക്കൊപ്പം നീന്തി കേസിൽ കുടുങ്ങിയ മുൻ വിജിലൻസ് ഡയറക്ടറുടെ പീഡനകാലം; സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് അനുമതി തേടിയത് കഴിഞ്ഞ സെപ്റ്റംബറിൽ; ആറുമാസമായിട്ടും അനുമതി നൽകാതെ വ്യവസായവകുപ്പിന്റെ കള്ളക്കളിയും

എം മനോജ് കുമാർ

തിരുവനന്തപുരം: നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ മുൻ സിഡ്‌കോ എംഡി സജി ബഷീറിന് സംരക്ഷണമൊരുക്കാൻ ഇപ്പോഴും ഇടത് സർക്കാർ മത്സരിക്കുകയാണോ? കോടികളുടെ മണൽക്കൊള്ളയുമായി ബന്ധപ്പെട്ട് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് നൽകിയ അപേക്ഷയിൽ ആറുമാസം കഴിഞ്ഞിട്ടും ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ല.

സജി ബഷീർ സിഡ്‌കോ എംഡിയായിരിക്കെ മേനംകുളത്തെ സർക്കാർ ഭൂമിയിൽ നടത്തിയ കോടികളുടെ മണൽക്കൊള്ളയുമായി ബന്ധപ്പെട്ടാണ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ സെപ്റ്റംബറിൽ പ്രോസിക്യൂഷൻ അനുമതിക്കായി വിജിലൻസ് വ്യവസായവകുപ്പിൽ നിന്നും അനുമതി തേടിയത്. പക്ഷെ ആറുമാസം കഴിഞ്ഞിട്ടും സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ വൈകിക്കുകയാണ്. സിപിഎം ഉന്നതന്റെ സംരക്ഷണം ലഭിക്കുന്നതിനാലാണ് സജി ബഷീറിനെതിരെ മണൽക്കൊള്ള കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

മേനംകുളത്ത് നടത്തിയ മണൽക്കൊള്ളയുടെ പേരിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 11,31,00,000 രൂപയുടെ ക്രമക്കേടാണ് തെളിഞ്ഞത്. ഇതിനു ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്‌ക്കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടിയാണ് വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയത്. 2010-11 കാലയളവിൽ നടന്ന മണൽക്കൊള്ളയിൽ സർക്കാരിന് 5,19,15,278 രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാനുള്ള കരാർ സിഡ്‌കോയ്ക്ക് ലഭിച്ചപ്പോൾ ഈ അനുമതിയുടെ ബലത്തിൽ കോടിക്കണക്കിന് രൂപയുടെ മണൽ അധികമായി ഇവിടെനിന്നും കടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായ ഈ മണൽക്കൊള്ളയിലെ പ്രതിയെ രക്ഷിക്കാനാണ് വ്യവസായവകുപ്പിലെ ഉന്നതരുടെ ശ്രമം. ഈ നീക്കമാണ് വിവാദമായി മാറുന്നത്.

കോടികളുടെ അഴിമതിക്കേസിൽ അന്നത്തെ സിഡ്‌കോ എംഡി സജി ബഷീർ കുറ്റക്കാരനെന്നു വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കെ നടപടികൾക്ക് ഉടക്കിടുന്ന ഇതേ സർക്കാർ തന്നെയാണ് ഡ്രെഡ്ജർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി തേടിയത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കെയാണ് ഡ്രെഡ്ജർ ഇടപാടിൽ അഴിമതി നടന്നുവെന്ന് ആരോപണം വന്നത്. ധനവകുപ്പിന്റെ സാമ്പത്തിക പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട് ആയുധമാക്കി ജേക്കബ് തോമസിനെ കേസുകളുടെ മുൾമുനയിൽ നിർത്തിയ ഇതേ സർക്കാർ തന്നെയാണ് കോടികളുടെ അഴിമതിക്കേസിൽ പ്രതിയായ സജി ബഷീറിനെതിരെ കേസെടുക്കാൻ അനുമതി നിഷേധിക്കുന്നത്.

വൈദ്യുത മന്ത്രി എം.എം.മണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കെയാണ് ഈ കേസുകൾ കണ്ടില്ലെന്നു നടിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രനെ കേസുകളുടെ ചക്രവ്യൂഹത്തിൽപ്പെടുത്തി ജയിലിൽ തന്നെ അടച്ചിടാൻ നീക്കങ്ങൾ നടത്തിയത്. ഇരട്ട നീതിയാണ് എല്ലാ കേസുകളുടെ നേർക്കും പ്രതികൾക്കു നേരെയും സർക്കാർ പിന്തുടരുന്നത് എന്ന ആരോപണം നിലനിൽക്കുമ്പോൾ തന്നെയാണ് ജേക്കബ് തോമസിനെ കുടുക്കാൻ ശ്രമിക്കുന്ന സർക്കാർ അഴിമതിക്കാരനായ സജി ബഷീറിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും.

നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ സജി ബഷീറിനെതിരെ ശക്തമായ തെളിവുകൾ ഉള്ള കേസാണ് മേനംകുളത്തെ കോടികളുടെ മണൽക്കൊള്ളയും. 11 കോടിയുടെ ക്രമക്കേടിനു ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്‌കോ എംഡി സജി ബഷീർ ആണെന്നാണ് വിജിലൻസ് കണ്ടെത്തിയത്. അഞ്ചു കോടിയിലേറെ രൂപയാണ് സജി ബഷീർ കാരണം സർക്കാരിന് നഷ്ടം വന്നത്. വിജിലൻസ് കുറ്റപത്രത്തിൽ ഈ കാര്യങ്ങൾ അക്കമിട്ടു പറഞ്ഞിട്ടുമുണ്ട്. പക്ഷെ കേസ് എടുക്കാൻ അനുമതി തേടി ആറുമാസം കഴിഞ്ഞിട്ടും സജി ബഷീറിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറല്ലാത്ത സമീപനമാണ് സർക്കാർ പിന്തുടരുന്നത്. 2010-11 കാലത്ത് ഈ മണൽക്കൊള്ള നടന്നപ്പോൾ വിവരാവകാശ പ്രവർത്തകനായ എസ്.ദിലീപ് വിജിലൻസിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ വിജിലൻസ് തയ്യാറായിരുന്നില്ല. തുടർന്ന് ദിലീപ് വിജിലൻസ് കോടതിയിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുക്കാൻ കോടതി ഉത്തരവിട്ടത്.

അഴിമതി വ്യക്തമായതിനെ തുടർന്ന് വിജിലൻസിൽ തന്നെ അന്വേഷണം മരവിപ്പിക്കാൻ നീക്കം നടന്നിരുന്നു. തുടർന്ന് ദിലീപ് വീണ്ടും വിജിലൻസ് കോടതിയിൽ ഹർജി നൽകി. അതിനുശേഷമാണ് കേസ് അന്വേഷിച്ച വിജിലൻസ് പ്രോസിക്യൂഷൻ അനുമതിക്കായി കഴിഞ്ഞ സെപ്റ്റംബർ 24 ന് വ്യവസായവകുപ്പിനെ സമീപിക്കുന്നത്. പക്ഷെ സജി ബഷീറിന്റെ കാര്യത്തിൽ ഇപ്പോഴും സർക്കാർ മെല്ലപ്പോക്കിൽ തന്നെയാണ്. സിഡ്‌കോ എംഡി സ്ഥാനത്ത് നിന്ന് നീക്കിയശേഷം സജി ബഷീറിനെ വീണ്ടും കെൽപാം എംഡി സ്ഥാനത്ത് സർക്കാർ നിയോഗിച്ചത് ഏറെ വിവാദം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ പുറത്താക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP