Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ട് കേസുകളിൽ വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീറിനെ കെൽട്രോൺ എം ഡിയാക്കാൻ കള്ളക്കളി; ഇടത് സർക്കാരിനെ സ്വാധിനീക്കാൻ ഇടനിലക്കാരനായി ആർ എസ് എസ് ചായ്‌വുള്ള മാദ്ധ്യമത്തിലെ റിപ്പോർട്ടർ; നീക്കത്തിന് അനുകൂല നിലപാടുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവും

എട്ട് കേസുകളിൽ വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീറിനെ കെൽട്രോൺ എം ഡിയാക്കാൻ കള്ളക്കളി; ഇടത് സർക്കാരിനെ സ്വാധിനീക്കാൻ ഇടനിലക്കാരനായി ആർ എസ് എസ് ചായ്‌വുള്ള മാദ്ധ്യമത്തിലെ റിപ്പോർട്ടർ; നീക്കത്തിന് അനുകൂല നിലപാടുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവും

എം എസ് സനിൽകുമാർ

തിരുവനന്തപുരം : രണ്ട് വിജിലൻസ് കേസുകളിൽ ഒന്നാം പ്രതിയും 6 വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്ന വ്യക്തിയുമായ സജി ബഷീറിനെ കെൽട്രോൺ എം ഡിയാക്കാൻ വഴിവിട്ട നീക്കം. സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് വഴിയാണ് ചരടുവലി. ഇതിനായി തലസ്ഥാനത്തെ ഒരു മാദ്ധ്യമ പ്രവർത്തകൻ നേതാവുമായി ചർച്ച നടത്തി. സജി ബഷീറിന്റെ അടുപ്പക്കാരനാണ് ആർ എസ് എസ് അനുഭാവ മാദ്ധ്യമത്തിലെ റിപ്പോർട്ടർ. സജി ബഷീറിനെ നിയമിക്കാൻ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഓഫീസിനു മേൽ വൻ സമ്മർദ്ദമാണ് ഇപ്പോൾ . കെൽട്രോണിന്റെ എം ഡിയാക്കാൻ സാധിച്ചില്ലെങ്കിൽ കിൻഫ്രയുടെ എം ഡി യാക്കാനും ചർച്ചകൾ നടക്കുന്നുണ്ട്.

നേരത്തെ സിഡ്‌കോ, കെ.എസ് . ഐ .ഇ എന്നീ സ്ഥാപനങ്ങളുടെ എം ഡി യായിരുന്നു സജി ബഷീർ. കഴിഞ്ഞ എൽ ഡിഎഫ് സര്ക്കാരിന്റെ കാലത്തായിരുന്നു സജി ബഷീറിനെ സിഡ്‌കോ എം ഡി ആക്കിയത്. അന്നും ഇപ്പോഴത്തെ മാദ്ധ്യമപ്രവർത്തകൻ തന്നെയായിരുന്നു ഇയാളെ സഹായിച്ചത്. 10 വർഷമാണ് സജി ബഷീർ സിഡ്‌കോ എം ഡി യായി പ്രവർത്തിച്ചത്. ഇക്കാലയളവിൽ ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് സജിക്കെതിരെ ഉയർന്നത്. 8 വിജിലൻസ് അന്വേഷണങ്ങൾ വന്നു. രണ്ടെണ്ണത്തിൽ ഒന്നാംപ്രതിയാക്കി. ഒലവക്കോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഷെഡുകൾ വാടകയ്ക്ക് നൽകിയതിൽ സിഡ്‌കോയ്ക്ക് ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഒന്നാമത്തെ കേസ്.

കഴക്കൂട്ടത്ത് മേനംകുളത്തെ ടെലികോം സിറ്റി പദ്ധതിയുടെ ഭാഗമായി മണലെടുപ്പ് നടത്തിയതിലെ ക്രമക്കേടാണ് രണ്ടാമത്തെ കേസ്. ഇതുവഴി സജിബഷീർ 5 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയതായി വിജിലൻസ് കണ്ടെത്തി. സജി ബഷീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. ആഭ്യന്തര സെക്രട്ടറിയും ഇതുതന്നെ ആവശ്യപ്പെട്ടു . എന്നാൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തയ്യാറായില്ല . മാദ്ധ്യമ പ്രവർത്തകന്റെ ഇടപെടൽ തന്നെയായിരുന്നു കാരണം. സജി ബഷീറിനെ സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചെന്നിത്തല ഫയലിൽ എഴുതി.

ഇത് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ സർക്കാർ സജിബഷീറിനെ സിഡ്‌കോയിൽ നിന്ന് മാറ്റാൻ നിർബന്ധിതമായി . അവിടെ വ്യവസായ മന്ത്രി സജിയെ തുണച്ചു. വകുപ്പിന് കീഴിലെ കെ എസ് ഐ ഇയുടെ എം ഡിയായി മാറ്റി നിയമനം . അവിടെയിരുന്നും സജി തനിസ്വരൂപം കാണിച്ചു. ഇഷ്ടക്കാരെ വഴിവിട്ട് സ്ഥാപനത്തിൽ നിയമിച്ചതായി ആരോപണം വന്നു. ഇതോടെയാണ് അവിടെനിന്നും മാറ്റിയത്. നിലവിൽ തസ്തിക ഒന്നും ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് കെൽട്രോണിലേക്ക് നോട്ടം എത്തിയത് . ഇതിനായി മാദ്ധ്യമപ്രവർത്തകന്റെ സ്വാധീനം വീണ്ടും ഉപയോഗിക്കുകയാണ് ഇപ്പോൾ. കണ്ണൂരിൽ നിന്നുമുള്ള പരമോന്നത സിപിഐ എം നേതാവിനെയാണ് ഇതിനായി ബന്ധപ്പെട്ടത്. ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. സജിയെ വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിൽ നിയമിക്കാൻ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വൻസമ്മർദ്ദമാണെന്നാണ് ലഭിക്കുന്ന വിവരം.

ഏതു സർക്കാർ വന്നാലും പിടിച്ചുനിൽക്കാൻ കഴിയുന്നു എന്നതാണ് സജി ബഷീറിന്റെ സവിശേഷത. സസ്‌പെൻഡ് ചെയ്യാൻ ഒന്നിലേറെ തവണയാണ് വിജിലൻസ് സർക്കാരിന് ശുപാർശ നൽകിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടു പോലും സർക്കാർ സജിബഷീറിനെ തൊടാൻ തയ്യാറായില്ല. രണ്ടു തവണയാണ് രമേശ് ചെന്നിത്തല സജിയെ സംരക്ഷിച്ച് ഫയലിൽ എഴുതിയത്. അഴിമതിക്കെതിരെ സംസാരിക്കുന്ന ഇപ്പോഴത്തെ സർക്കാരും അഴിമതി ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP