Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിൽ പെണ്ണിന്റെ സ്ഥാനം റോഡിൽ ഇറങ്ങുന്നതല്ല; ഭരണാധികാരിയായി സ്ത്രീയെത്തുന്നത് മുസ്ലിം ലോകത്തിന്റെ ശാപം; എനിക്ക് പ്രധാനം അള്ളാഹുവിന്റെ റസൂൽ; വനിതാ സംവരണ വിവാദത്തിന് പുതിയ മുഖം നൽകി സമദാനിയുടെ പ്രസംഗം; ഇടി വെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിൽ ലീഗ്

ഇസ്ലാമിൽ പെണ്ണിന്റെ സ്ഥാനം റോഡിൽ ഇറങ്ങുന്നതല്ല; ഭരണാധികാരിയായി സ്ത്രീയെത്തുന്നത് മുസ്ലിം ലോകത്തിന്റെ ശാപം; എനിക്ക് പ്രധാനം അള്ളാഹുവിന്റെ റസൂൽ; വനിതാ സംവരണ വിവാദത്തിന് പുതിയ മുഖം നൽകി സമദാനിയുടെ പ്രസംഗം; ഇടി വെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിൽ ലീഗ്

എം പി റാഫി

കോഴിക്കോട്: സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിനെതിരെ സംസാരിച്ച മുസ്ലിംലീഗ് നേതാവിന്റെ പ്രസംഗവും വിവാദത്തിലേക്ക്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശിയ സെക്രട്ടറിയും കോട്ടക്കൽ എംഎ‍ൽഎയുമായ അബ്ദുസമദ് സമദാനിയുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

സ്ത്രീ കുടുംബത്തിൽ കഴിയണമെന്നും വീടിന്റെ വിളക്കാകണമെന്നും സമദാനി. ഇസ്ലാമിൽ സ്ത്രീയുടെ സ്ഥാനം റോഡിൽ ഇറങ്ങുന്ന സ്ഥാനമല്ലെന്നും സ്ത്രീയെ ഭരണാധികാരം ഏൽപിക്കുന്നവരെ അള്ളാഹുവും പ്രവാചകനും ശപിച്ചിരിക്കുന്നു എന്നും പറുയുന്ന സമദാനിയുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. വനിതാ സംവരണത്തിനെതിരെയും സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തിനെതിരെയും പരസ്യമായി രംഗത്തെത്തിയ മുസ്ലിം പണ്ഡിതരെ പൊങ്കാലയിട്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകൾ വിചാരണ ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സമദാനിയുടെ പ്രഭാഷണവും ചർച്ചാ വിഷയമായിരിക്കുന്നത്. സ്ത്രീകളുടെ പൊതുപ്രവർത്തനത്തെ കുറിച്ച് സമസ്ത ഇ.കെ, എ.പി സുന്നികൾ നിലപാടുകളെടുത്തത് ഏറെ ചർച്ചാവിഷയമായിരുന്നു. ഇപ്പോഴും അതിന്റെ അലയൊലികൾ തങ്ങിനിൽക്കുന്നുമുണ്ട്. ഡസൻകണക്കിന് വനിതാ സ്ഥാനാർത്ഥികളെ ഇറക്കി, ഇക്കുറിയും തദ്ദേശത്തിൽ ഭരണം ഉറപ്പിക്കാൻ ലീഗ് പെടാപ്പാട് പെടുമ്പോഴാണ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗം തിരിച്ചടിയായിരിക്കുന്നത്.

ഈ വിഷയത്തിൽ സംസാരിച്ച സമസ്ത യുവപണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം ഏറെ വിവദങ്ങൾക്ക് വഴിവെയ്ക്കുകയും ഇത് മുസ്ലിംലീഗിനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. സമസ്ത-ലീഗ് ചേരിപ്പോര് പല പ്രദേശങ്ങളിലും പരസ്യമായി നിലനിൽക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ലീഗിനെതിരെ സമസ്ത കീഴ്ഘടകത്തിലെ നേതാക്കൾ മത്സരിക്കുകയും ഇടതുപക്ഷത്തിനു വോട്ടു ചെയ്യാൻ രഹസ്യനീക്കം വരെ ഉണ്ടാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. സിംസാറുൽ ഹഖ് ഹുദവി ലീഗ് വിരോധിയാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു പ്രസംഗം നടത്തിയതെന്നും പറഞ്ഞ് ലീഗുകാർ ഒന്നടങ്കം കടന്നാക്രമിക്കുന്ന സ്ഥിതിയും ഉണ്ടായി. ഈ വിഷയത്തിൽ നേരത്തേ നിലപാടെടുത്ത കാന്തപുരത്തിനെയും ലീഗ് വിമർശിച്ചിരുന്നു. വനിതകളുടെ പൊതുരംഗപ്രവേശനം എതിർത്ത് രംഗത്തെത്തുന്ന മുസ്ലിം പണ്ഡിതരുടെ നെഞ്ചത്ത് കയറിയ ലീഗുകാർക്ക് സ്വന്തം നേതാവിന്റെ പ്രസംഗം പുറത്തായതോടെ മറുപടി ഇല്ലാതാവുകയാണ്.

സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന സമദാനിയുടെ പ്രസംഗഭാഗത്തിൽ പറയുന്നതിങ്ങനെയാണ്: 'ഇസ്ലാമിൽ പെണ്ണിന്റെ സ്ഥാനം റോട്ടിൽ ഇറങ്ങുന്ന സ്ഥാനമല്ല, പ്രകടനം നയിക്കുന്ന സ്ഥാനവുമല്ല. ഞാൻ ഇക്കാര്യത്തിൽ ഉറച്ച അഭിപ്രായക്കാരനാണ്. കാരണം ഇതെല്ലാം മുഹമ്മദീയ ശൈലിക്ക് വിരുദ്ധമാണ്. സ്ത്രീ കുടുംബത്തിൽ കഴിയുക, കുടുംബത്തിന്റെ വിളക്കാവുക. അതാണ് അള്ളാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുള്ള രീതി. ഭരണാധികാരികളായി പെണ്ണ് നിയോഗിക്കപ്പെടുന്നത്, മുസ്ലിം ലോകങ്ങളുടെ ശാപമാണ്. പെണ്ണിനെ ഭരണാധികാരം എൽപിക്കുന്നവരെ അള്ളാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു. ഇതാണ് നമ്മുടെ മാർഗരേഖ, എന്റെ ഭരണഘടന അതാണ്. അല്ലാതെ നാട്ടിൽ നടക്കുന്നതൊന്നുമല്ല ഞാൻ നോക്കൽ, അള്ളാഹുവിന്റെ റസൂൽ എന്താണ് പറഞ്ഞതെന്നാണ്. പ്രവാചകൻ ശപിച്ചാൽ പിന്നെ രണ്ടു വട്ടം ചിന്തിക്കേണ്ട കാര്യം ഉണ്ടായിട്ടില്ല, ഒരു കാര്യത്തിലും. അതുകൊണ്ട് തീർച്ചയായും പ്രയപ്പെട്ടവരേ, ആലോചിക്കണം ഈ വക കാര്യങ്ങൾ'.

എന്നാൽ സമദാനി സാഹിബിന്റെ പ്രഭാഷണത്തെ കുറിച്ച് ലീഗ് നേതാക്കൾ ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കൊള്ളാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് ലീഗ് നേതൃത്വം. സമസ്തയുടെ ഉപാദ്ധ്യക്ഷൻ കൂടിയായ ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കേരളത്തിലെ മുസ്ലിംസമൂഹം കൂടുതലും പിന്തുടരുന്നത് ഇരുസമസ്തക്കും കീഴിലായാണ്. ഇത് സാധാരണക്കാരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്ന് സ്ത്രീ വിഷയത്തിൽ പരസ്യപോരിന് ലീഗ് തയ്യാറല്ല. ലീഗുമായി അടുത്ത ബന്ധം പുലർത്തുന്ന പല പണ്ഡിതരും ലീഗ് സ്വർഗത്തിലേക്കുള്ള പാർട്ടിയാണെന്നും ലീഗ് അള്ളാഹുവിലേക്കുള്ള ചങ്ങലയാണെന്നും പരസ്യമായി പ്രസംഗിക്കുന്നത് മാത്രമാണ് ലീഗിന്റെ ഇപ്പോഴത്തെ ആശ്വാസം.

അതേസമയം, കാന്തപുരം സമസ്തയിലെ പണ്ഡിതർ സ്ത്രീ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ കണിശമായി ഉറച്ചു നിൽക്കുകയാണ്. മുജാഹിദ് വിഭാഗത്തിലെ ഭൂരിപക്ഷം പണ്ഡിതരും ഈ നിലപാട് തന്നെയാണ്. എന്നാൽ മുസ്ലിം സ്ത്രീകളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമുണ്ടാക്കുന്നതിനും ജനാധിപത്യ വ്യവസ്ഥയിൽ സംവരണത്തോട് പൊരുത്തപ്പെട്ട് സ്ത്രീ മത്സരിക്കുന്നത് അനിവാര്യമാണെന്നുമാണ് ലീഗിന്റെ വാദം. എന്നാൽ ലീഗിനോടൊപ്പം നിൽക്കുന്ന ഇ.കെ സുന്നികളുടെ എതിർപ്പായിരുന്നു ഈ നിലപാടിൽ ലീഗിന് തലവേദനയായിരുന്നത്.

എന്നാൽ പാർട്ടിയിലെ സമുന്നതനായ നേതാവും ബഹുഭാഷാ പണ്ഡിതനുമായ അബ്ദുസമദ് സമദാനിയുടെ പ്രഭാഷണം തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ലീഗിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. സമദാനിയുടെ നിലപാടിനെ രഹസ്യമായി പലനേതാക്കളും എതിർക്കുന്നുണ്ടെങ്കിലും ഇത് പരസ്യമാക്കാൻ ധൈര്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പടുത്ത സമയത്ത് വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് സയ്യിദ് ഹൈദരലി തങ്ങളടക്കമുള്ള നേതാക്കൾ. വനിതകളുടെ പൊതുരംഗപ്രവേശനത്തിൽ ഹൈദരലി തങ്ങളും മാദ്ധ്യമങ്ങളോട് ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പന്ത്രണ്ടു വർഷക്കാലം രാജ്യസഭാംഗവും വിവിധ പാർലമെന്ററി സമിതി അംഗവുമായിരുന്ന സമദാനി പ്രഗൽഭ പ്രസംഗകനുമാണ്. സമദാനിയുടെ പ്രഭാഷണം കേൾക്കാൻ ഇന്നും വൻതിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ സമദാനിയുടെ ഈ പ്രസംഗം വരുംദിവസങ്ങളിൽ വിവാദവിഷയമാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP