Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടികെഎം സെന്റിനറി സ്‌കൂളിലെ നൃത്തശില്പത്തിനെതിരെ വർഗീയവാദികളുടെ ഫത്‌വ; കൈകൂപ്പുന്നതും വന്ദേമാതരം പാടുന്നതും വിലക്കി; ആറായിരം കുട്ടികളെ അണിനിരത്തി ലോകറെക്കോഡ് സൃഷ്ടിക്കാനുള്ള നീക്കത്തിന് തിരിച്ചടി

ടികെഎം സെന്റിനറി സ്‌കൂളിലെ നൃത്തശില്പത്തിനെതിരെ വർഗീയവാദികളുടെ ഫത്‌വ; കൈകൂപ്പുന്നതും വന്ദേമാതരം പാടുന്നതും വിലക്കി; ആറായിരം കുട്ടികളെ അണിനിരത്തി ലോകറെക്കോഡ് സൃഷ്ടിക്കാനുള്ള നീക്കത്തിന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളിൽ വന്ദേമാതരം പാടുന്നതിനെ എതിർത്ത് വർഗീയ വാദികൾ രംഗത്ത്. കടുത്ത എതിർപ്പിനെ തുടർന്ന് സ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ നിന്ന് വന്ദേമാതരം പാടുന്നത് ഒഴിവാക്കി. വന്ദേമാതരം പാടിയുള്ള നൃത്താവിഷ്‌കാരമാണ് എതിർപ്പിനെ തുടർന്ന് ഒഴിവാക്കേണ്ടിവന്നത്.

കൊല്ലം കരിക്കോട് ടികെഎം സെന്റിനറി പബ്ലിക് സ്‌കൂളിലാണ് വർഗീയവാദികളുടെ എതിർപ്പിനെത്തുടർന്ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മാറ്റം വരുത്തിയത്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സ്‌കൂൾ അധികൃതർ ആസൂത്രണം ചെയ്തിരുന്നത്. ലോക റെക്കോഡ് ലക്ഷ്യമാക്കി 6000 വിദ്യാർത്ഥികളെ അണിനിരത്തിയുള്ള വന്ദേമാതരത്തിന്റെ നൃത്താവിഷ്‌കാരം ദിനാഘോഷങ്ങളിലെ പ്രധാന ഇനമായിരുന്നു. ഇതിനെതിരായാണ് ചിലർ രംഗത്തെത്തിയത്.

എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള 6000 കുട്ടികളെയാണ് വന്ദേമാതരത്തിന്റെ നൃത്തച്ചുവടുകൾക്കായി അണിനിരത്തിയിരുന്നത്. കുട്ടികൾക്ക് കഴിഞ്ഞ കുറച്ചുനാളായി ഇതിനായി പരിശീലനവും നൽകിയിരുന്നു. ആറായിരം കുരുന്നുകളുടെ പ്രകടനം ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംനേടുമെന്ന പ്രതീക്ഷയും സ്‌കൂൾ അധികൃതർക്ക് ഉണ്ടായിരുന്നു.

പരിശീലനം പുരോഗമിക്കവെയാണ് എതിർപ്പുകൾ ഉയർന്നത്. വന്ദേമാതരത്തിന്റെ നൃത്താവിഷ്‌കാരത്തിനിടെ കുട്ടികൾ കൈകൂപ്പുന്ന രംഗമുണ്ടായിരുന്നു. എന്നാൽ, കൈകൂപ്പുന്നത് ഖുർ ആനിൽ അനുവദനീയമല്ലെന്ന വാദമുയർത്തിയാണ് ചില രാഷ്ട്രീയ സാമുദായിക സംഘടനകളിലെ സജീവ പ്രവർത്തകർ പരിപാടിക്കെതിരെ രംഗത്തു വന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എസ്ഡിപിഐ സ്ഥാനാർഥിയായിരുന്ന എ കെ സലാഹുദീന്റെ നേതൃത്വത്തിലാണ് രക്ഷിതാക്കൾ സ്‌കൂൾ മാനേജ്‌മെന്റിനു മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. സലാഹുദീന്റെ കുട്ടിയും ഈ സ്‌കൂളിൽതന്നെയാണ് പഠിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളാണ് സ്‌കൂളിൽ ഏറിയപങ്കുമെന്ന വാദമാണ് വന്ദേമാതരം പാടുന്നതിനെതിരായി ഇവർ ഉയർത്തുന്നത്.

എതിർപ്പിനെ തുടർന്ന് കൈ കൂപ്പുന്ന ഭാഗം നൃത്താവിഷ്‌കാരത്തിൽ നിന്ന് സ്‌കൂൾ അധികൃതർ ഒഴിവാക്കി. എന്നാൽ വന്ദേമാതരം പാടുന്നത് പൂർണമായും ഒഴിവാക്കണമെന്ന് നിർബന്ധം പിടിച്ച് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്‌കൂൾ പ്രിൻസിപ്പലിനെ കണ്ടതോടെ ടികെഎം ട്രസ്റ്റ് അധികൃതർ ഇടപെട്ടു. തുടർന്ന് വന്ദേമാതരം പാടുന്നത് സ്‌കൂൾ ട്രസ്റ്റ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. പാടുന്നതിന് പകരം പശ്ചാത്തലത്തിൽ വന്ദേമാതരത്തിന്റെ ട്യൂൺ കേൾപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. പരിപാടിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് അധികൃതർ പറയുമ്പോഴും ഡ്രം ബീറ്റിനനുസരിച്ച് ചുവടുകൾ വച്ചാൽ മതിയെന്നാണ് തങ്ങൾക്ക് നിർദ്ദേശം ലഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കൈകൂപ്പുന്ന ഭാഗം ഒഴിവാക്കണമെന്ന് അദ്ധ്യാപകർ നിർദേശിച്ചുവെന്നും കുട്ടികൾ പറഞ്ഞു.

ടികെഎം സെന്റിനറി പബ്ലിക് സ്‌കൂളിൽ എല്ലാദിവസവും രാവിലെ പ്രാർത്ഥനയായി വിദ്യാർത്ഥികൾ ഖുർ ആനിലെ ആദ്യ അധ്യായമായ അൽ ഫാത്തിഹയാണ് ചൊല്ലുന്നത്. ജാതിമതഭേദമെന്യേ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിദ്യാർത്ഥികൾ ഒരേ സ്വരത്തിലാണ് രാവിലെ സാധാരണ പ്രാർത്ഥനയ്ക്കു പകരം ഇവിടെ അൽ ഫാത്തിഹ ചൊല്ലുന്നത്. ഇതിൽ ആർക്കും പരാതിയുമുണ്ടായിരുന്നില്ല. മതസൗഹാർദത്തിന്റെ ഉദാഹരണമായി സ്‌കൂൾ നിലകൊള്ളവെയാണ് വന്ദേമാതരം പാടരുതെന്നുള്ള നിർബന്ധവുമായി ചിലർ രംഗത്തെത്തിയത്. അൽ ഫാത്തിഹ ഓതുന്ന സ്‌കൂളായതിനാൽ വന്ദേമാതരം ആലപിക്കാൻ പാടില്ലെന്നാണ് ഇവരുടെ നിലപാട്.

കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിനെയാണ് സ്വാതന്ത്ര്യദിനത്തിൽ നടക്കേണ്ട പരിപാടിയിൽ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തെ സ്‌കൂളിൽ വന്ദേമാതരം പാടരുതെന്ന നിലപാടിനെതിരെ സമരത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥിസംഘടനകൾ.

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം നോവലിൽ മുസ്ലിങ്ങൾക്കെതിരായ വർഗീയ കലാപത്തിന് പുറപ്പെടുന്ന ഹിന്ദു സന്ന്യാസിമാർ ആലപിച്ച ഗാനമാണ് വന്ദേമാതരമെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. അള്ളാഹുവിനെ അല്ലാതെ മറ്റൊരാളെ വന്ദിക്കുന്നത് ബഹുദൈവാരാധനയ്ക്ക് തുല്യമാണെന്നും വാദമുണ്ട്.

2006ൽ വന്ദേമാതരം ആലപിക്കുന്നതിനെ വിലക്കിക്കൊണ്ട് ദാറുൽ ഉലുമ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഞങ്ങൾ മാതാവിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ആരാധിക്കാനില്ല എന്നായിരുന്നു അവർ വിശദീകരിച്ചത്. തുടർന്ന് വർഗീയ സംഘർഷമുണ്ടാക്കാനും ക്രമസമാധാനം തകർക്കാനും ലക്ഷ്യമിട്ട് വന്ദേമാതരം അടിച്ചേല്പിക്കരുതെന്ന പതിനായിരത്തോളം ഇസ്ലാമിക പണ്ഡിതർ പങ്കെടുത്ത ജമാ അത്ത് ഉലമ-ഇ-ഹിന്ദിന്റെ മുപ്പതാം വാർഷിക പൊതുയോഗത്തിൽ പാസാക്കിയ പ്രമേയത്തിലും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി പി ചിദംബരം പങ്കെടുത്ത സമ്മേളനത്തിൽ ഇത്തരമൊരു പ്രമേയം അവതരിപ്പിച്ചത് അന്ന് വലിയ വിവാദമായിരുന്നു. ദേശഭക്തി തെളിയിക്കാൻ വന്ദേമാതരം പാടണമെന്നില്ല. ഞങ്ങൾ ഈ ദേശത്തെ സ്‌നേഹിക്കുന്നു. അത് പലവട്ടം തെളിയിച്ചിട്ടുള്ളതുമാണ്. എന്നാൽ, വന്ദേമാതരം ഇസ്ലാമിന്റെ അടിത്തറയായ ഏകദൈവാരാധനയ്ക്ക് എതിരാണ് എന്നും പ്രമേയത്തിൽ വിശദീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP