Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻകുമാറിന്റെ ലക്ഷ്യം 'ന്യൂസ് മേക്കർ ഓഫ് ദി ഇയർ' എന്ന് ഉദ്യോഗസ്ഥരുടെ അടക്കംപറച്ചിൽ! സംഘർഷമുണ്ടാക്കി നേട്ടമുണ്ടാക്കാൻ അനുവദിക്കാതിരിക്കാൻ കരുതൽ; പരമാവധി സഹിക്കാൻ തച്ചങ്കരിക്ക് നിർദ്ദേശം; സർക്കാർ അനുകൂലികളെ മൂലക്കിരുത്തി കരുത്ത് തെളിയിച്ച് ഡിജിപിയും; പൊലീസ് ആസ്ഥാനത്തെ തമ്മിൽ തല്ല് തുടരുന്നു

സെൻകുമാറിന്റെ ലക്ഷ്യം 'ന്യൂസ് മേക്കർ ഓഫ് ദി ഇയർ' എന്ന് ഉദ്യോഗസ്ഥരുടെ അടക്കംപറച്ചിൽ! സംഘർഷമുണ്ടാക്കി നേട്ടമുണ്ടാക്കാൻ അനുവദിക്കാതിരിക്കാൻ കരുതൽ; പരമാവധി സഹിക്കാൻ തച്ചങ്കരിക്ക് നിർദ്ദേശം; സർക്കാർ അനുകൂലികളെ മൂലക്കിരുത്തി കരുത്ത് തെളിയിച്ച് ഡിജിപിയും; പൊലീസ് ആസ്ഥാനത്തെ തമ്മിൽ തല്ല് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് മേധാവി ടിപി സെൻകുമാറും എഡിജിപി ടോമിൻ തച്ചങ്കരിയും തമ്മിലുള്ള യുദ്ധം പരിധി വിടുമ്പോൾ പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പം. സെൻകുമാർ ചുമതയേറ്റതിന്റെ അടുത്ത ദിവസം മുതൽ തന്നെ ഇരുവരും തമ്മിലെ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. സെൻകുമാർ ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി തച്ചങ്കരി ചുമതലയേറ്റിരുന്നു. പൊലീസ് മേധാവി അറിയാതെ തച്ചങ്കരി ജീവനക്കാരുടെ യോഗവും ചേർന്നു. എല്ലാ ഫയലും താൻ കാണണമെന്ന നിർദ്ദേശവും മുന്നോട്ട് വച്ചു. സെൻകുമാർ ഇക്കാര്യം മനസ്സിലാക്കി. ഇത് തച്ചങ്കലിയോട് ചോദിക്കുകയും ചെയ്തു. ഐജി ബൽറാം കുമാർ ഉപാദ്ധ്യായയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.

ഇതിന് ശേഷം എഡിജിപി അറിയാതെ ചില ഉത്തരവുകൾ പുറത്തിറങ്ങി. ഇതിന് പകരമായി വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയാണ് തച്ചങ്കരി തിരിച്ചടിച്ചത്. ഓഫീസിലെ മുഴുവൻ ജീവനക്കാരേയും വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. ഇതുവഴി അശയ പ്രചരണവും തുടങ്ങാനാണ് തീരുമാനം. സെൻകുമാറിനെ ഇതിൽ ഉൾപ്പെടുത്തിയതുമില്ല. ഇതോടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പെട്ടവരെയെല്ലാം തച്ചങ്കരി പക്ഷമായി സെൻകുമാർ കണക്കാക്കുമോ എന്ന ഭയം ജീവനക്കാർക്കുണ്ട്. ഈ ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ രണ്ട് മാസം കഴിഞ്ഞ് സെൻകുമാർ സ്ഥാനമൊഴിയുമ്പോൾ ജീവനക്കാരെ സർക്കാർ വിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യും. ഇത് ജീവനക്കാരെ അസ്വസ്ഥമാക്കുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സെൻകുമാർ അധികാരത്തിലെത്തുമ്പോൾ ജീവനക്കാർ പ്രതീക്ഷയിലായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടലുണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു ജീവനക്കാർ. എന്നാൽ തച്ചങ്കരിയുമായി വഴക്ക് സ്ഥിരമായതോടെ ജീവനക്കാർ ആശങ്കയിലുമായി.

പൊലീസ് ആസ്ഥാനത്തെ പ്രധാന തസ്തികകളിലെല്ലാം സർക്കാർ അനുകൂലികളാണ് ഉള്ളത്. സെൻകുമാറിന്റെ നിയമനത്തിന് തൊട്ടു മുമ്പ് തന്നെ ഇതിന് വേണ്ടതെല്ലാം സർക്കാർ ചെയ്തു. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായും ബൽറാം കുമാർ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചത് ഇതിന് വേണ്ടിയായിരുന്നു. ഹരിശങ്കറെയും പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. സർക്കാരിന്റേയും ചീഫ് സെക്രട്ടറി നളിനി നെറ്റോയുടേയും അതിവിശ്വസ്തനായ രാഹുൽ ആർ നായരെ നിലനിർത്തുകയും ചെയ്തു. എന്നാൽ ഇവരൊന്നും അറിയാതെ കാര്യങ്ങൾ ചെയ്യാൻ തനിക്ക് കഴിയുമെന്ന് സെൻകുമാർ തെളിയിച്ചു. പൊലീസ് ആസ്ഥാനത്തെ നിർണ്ണായക സീറ്റിലെ സ്ഥലം മാറ്റങ്ങൾ ഇതിന് ബലമേകുന്നു. ഉത്തരവ് ഇറങ്ങിയ ശേഷമാണ് സർക്കാർ അറിയുന്നത്. ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസ് കുരുക്കിലാക്കാനുള്ള പെയിന്റെ വിവാദം കുത്തിപൊക്കിയതും ആരും അറിഞ്ഞില്ല. ഇതോടെ സെൻകുമാറിനെ തളയ്ക്കാനുള്ള നീക്കങ്ങൾ പൊളിഞ്ഞുവെന്ന് തെളിയുകയും ചെയ്തു.

ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാരിൽ വ്യക്തതയില്ല. സെൻകുമാർ സ്ഥലം മാറ്റിയ ജീവനക്കാരിയുടെ പരാതി ചീഫ് സെക്രട്ടറിക്ക് കിട്ടിയിട്ടുണ്ട്. ഇതിൽ ഫയൽ നീക്കം തുടങ്ങി പൊലീസ് മേധാവിയോട് വിശദീകരണം തേടണമെന്ന് ആഗ്രഹം സർക്കാരിനുണ്ട്. എന്നാൽ തന്നോട് പകവീട്ടുന്നുവെന്ന ധാരണയുണ്ടാക്കിയെടുക്കാൻ ഈ നീക്കത്തിലൂടെ സെൻകുമാറിന് കഴിയും. മാധ്യമങ്ങളുടെ പിന്തുണയും പൊലീസ് മേധാവിക്കാണ്. ഇത്തരത്തിൽ ഇനിയും വിവാദമുണ്ടാക്കിയാൽ തിരിച്ചടി സർക്കാരിനാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരം ലക്ഷ്യമിട്ടാണ് സെൻകുമാർ നീങ്ങുന്നത്. അതുകൊണ്ട് വിവാദങ്ങളിൽപ്പെടുത്തി നേട്ടമുണ്ടാക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊതുവികാരം. അതുകൊണ്ട് തന്നെ സെൻകുമാറിന്റെ വിരമിക്കൽ തീയതി വരെ ഒരു പ്രശ്‌നും ഉണ്ടാക്കില്ല.

ഇതിന് ഡിജിപി കസേരയിൽ സെൻകുമാറിനുള്ളത് നാൽപത് ദിവസത്തോളം മാത്രമാണ്. ഈ സാഹചര്യത്തിൽ പരമാവധി സംയമനം പാലിക്കും. എന്നാൽ പരിധി വിട്ടാൽ അത് കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരികയും ചെയ്യും. അല്ലാതെ നേരിട്ടുള്ള ഏറ്റുമുട്ടൽ ഡിജിപിയുമായി സർക്കാർ നടത്തില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ മറുനാടനോട് പറഞ്ഞു. സെൻകുമാറും തച്ചങ്കരിയും തമ്മിലെ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്. എന്നാൽ വിഷയങ്ങളിൽ സംയമനം കാട്ടാനാണ് തച്ചങ്കരിക്ക് നൽകിയിക്കുന്ന നിർദ്ദേശമെന്നാണ് സൂചന. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി സെൻകുമാർ നീങ്ങുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്. എന്നാൽ താൻ തന്റെ അധികാരം പ്രയോഗിക്കുക മാത്രേ ചെയ്യുന്നുള്ളൂവെന്നാണ് സെൻകുമാറിന്റെ പക്ഷം. ഡിജിപി ഓഫീസിനെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെ രണ്ട് ഗ്രൂപ്പാക്കാനുള്ള നീക്കത്തെ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ് മേധാവി.

പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പുതിയ വാട്‌സ് ആപ് ഗ്രൂപ്പിൽ സെൻകുമാറിനു സ്ഥാനമില്ലാത്ത് ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് ആസ്ഥാനത്തെ 320 മിനിസ്റ്റീരിയൽ ജീവനക്കാരെയും ഉൾപ്പെടുത്തി വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. 'പിഎച്ച്ക്യൂ അഡ്‌മിൻ' എന്ന ഗ്രൂപ്പിന്റെ അഡ്‌മിൻ തച്ചങ്കരി തന്നെ. 256 ജീവനക്കാർ ചേർന്നതോടെ ഗ്രൂപ്പ് നിറഞ്ഞു. ഇപ്പോൾ രണ്ടാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. ചില ഉദ്യോഗസ്ഥർ അതിൽ ചേരാൻ വിസമ്മതിച്ചിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്‌സ് ഐജി ബൽറാം കുമാർ ഉപാധ്യായ, ഹെഡ്ക്വാർട്ടേഴ്‌സിലെ മൂന്ന് എഐജിമാർ എന്നിവരും ഗ്രൂപ്പിലുണ്ട്. അതിനിടെ ഗ്രൂപ്പ് ഉണ്ടാക്കി തുടങ്ങിയതേ ഉള്ളൂവെന്നും സെൻകുമാറിനേയും അതിൽ ഉൾപ്പെടുത്തുത്തിൽ താൽപ്പര്യമേ ഉള്ളൂവെന്നും തങ്കച്ചരി വ്യക്തമാക്കുകയും ചെയ്തു. ഏറ്റുമുട്ടൽ വേണ്ടെന്ന സർക്കാർ നിലപാടിന്റെ പ്രതിഫലനമാണ് ഇത്.

ഹെഡ്ക്വാർട്ടേഴ്‌സ് ചുമതലക്കാരൻ എന്ന നിലയിൽ ജീവനക്കാരുമായി വേഗത്തിൽ ബന്ധപ്പെടാനും പ്രശ്‌നപരിഹാരത്തിനുമാണു ഗ്രൂപ്പ് ആരംഭിച്ചതെന്നാണു ജീവനക്കാരോടു തച്ചങ്കരി പറഞ്ഞത്. ജീവനക്കാരുടെ ഔദ്യോഗിക, ക്ഷേമകാര്യങ്ങൾ, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ചു വാട്‌സ് ആപ്പിൽ സന്ദേശം അനുവദിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിക്കുന്നതോ വ്യക്തികളെ തേജോവധം ചെയ്യുന്നതോ അശ്ലീല ചിത്രമോ സന്ദേശമോ പാടില്ല. അടിയന്തര അവധി അപേക്ഷയും നൽകാം. ആസ്ഥാന ഫയൽ നീക്കവും ബന്ധപ്പെട്ട വിഷയങ്ങളും പ്രത്യേക സോഫ്റ്റ്‌വെയറിലൂടെയാണ്. അതിനാൽ, ആ വിവരങ്ങൾ ഇതിലുണ്ടാകില്ല. ആസ്ഥാനത്തെ ചെറിയ കാര്യങ്ങൾ പോലും അപ്പോൾ തന്നെ അറിയുന്നതിനാണ് ഇത്തരത്തിൽ വാട്‌സ് ആപ് ഗ്രൂപ്പ് തുടങ്ങിയതെന്നാണു ജീവനക്കാർ പറയുന്നത്. അതുകൊണ്ട് തന്നെ സെൻകുമാറും ഈ ഗ്രൂപ്പിനെ നിരീക്ഷിക്കുന്നുണ്ട്.

തിങ്കളാഴ്ച, തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് അടക്കം 30 ബ്രാഞ്ചുകളും സന്ദർശിച്ച് ഉദ്യോഗസ്ഥരോടു നേരിട്ടു പ്രശ്‌നങ്ങൾ ചോദിച്ചു. ഫയൽ നീക്കത്തിന്റെ കാലതാമസത്തിനുള്ള കാരണം തേടി. സീനിയർ സൂപ്രണ്ട് മുതൽ ക്ലാർക്ക് വരെ എല്ലാവരെയും പരിചയപ്പെട്ടു. ശേഷം, മുഴുവൻ ജീവനക്കാരുടെയും യോഗം സഭാഹാളിൽ ചേർന്നു. യോഗത്തിലും സെൻകുമാറിനെ ക്ഷണിച്ചില്ല. ഇതിനെ സെൻകുമാർ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ആരുമറിയാതെ ചില ഉത്തരവുകൾ സെൻകുമാർ പുറപ്പെടുവിച്ചതും ബെഹ്‌റയുടെ കാലത്തെ ചിലത് റദ്ദാക്കിയതും. ഇതിനിടെ സെൻകുമാറിന്റെ സ്ഥലംമാറ്റ നടപടിക്കെതിരെ പരാതിയുമായി പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയുമെത്തി. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ കുമാരി ബീനയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റിയതെന്നാണ് ഇവരുടെ ആരോപണം.

സുപ്രീം കോടതിയിൽനിന്നും അനുകൂല വിധിനേടി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയശേഷം സെൻകുമാർ കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്നാണ് കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP