Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിൽ മറിയുന്നത് കോടികളുടെ ബജറ്റ് വിഹിതം; ആധുനികവൽക്കരണമെന്നത് അഴിമതിയുടെ അനന്ത സാധ്യതകളോ? കാക്കിക്കുളിലെ കള്ളന്മാരെ കുടുക്കാൻ ഡിജിപി തന്നെ നേരിട്ടിറങ്ങും; എട്ട് വാഗണറുകൾ എവിടെ പോയെന്നതിൽ അന്വേഷണം വരും; ജീപ്പുകളിലെ ജിപിഎസ് കേടായതിനും മറുപടി പറയണം

പൊലീസിൽ മറിയുന്നത് കോടികളുടെ ബജറ്റ് വിഹിതം; ആധുനികവൽക്കരണമെന്നത് അഴിമതിയുടെ അനന്ത സാധ്യതകളോ? കാക്കിക്കുളിലെ കള്ളന്മാരെ കുടുക്കാൻ ഡിജിപി തന്നെ നേരിട്ടിറങ്ങും; എട്ട് വാഗണറുകൾ എവിടെ പോയെന്നതിൽ അന്വേഷണം വരും; ജീപ്പുകളിലെ ജിപിഎസ് കേടായതിനും മറുപടി പറയണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരും ചോദിക്കാനും പറയാനുമില്ലാത്ത വകുപ്പായി ഇനി ആരും പൊലീസിനെ കാണേണ്ട. കൃത്യമായി ചോദ്യം ചെയ്യാനും കള്ളത്തരം കണ്ടെത്താനും ഇപ്പോൾ ആളുണ്ട്. അത് തുടരുകയും ചെയ്യും. പൊലീസുകാരെ അഴിമതിക്കാരായി മാറാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഡിജിപി സെൻകുമാർ. ഇലക്ട്രോണിക് ബീറ്റ് പദ്ധതി നടപ്പിലാക്കിയതിൽ 1.87 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തൽ സെൻകുമാറിന്റെ തൊപ്പിയിലെ പൊൻ തൂവലാണ്. വാഹനങ്ങൾ വാങ്ങുന്നതിലെ തോന്ന്യവാസവും ഇനി നടപ്പാകില്ല. എല്ലാം നിരീക്ഷിക്കാൻ പൊലീസിനുള്ളിൽ തന്നെ വിജിലൻസ് സംവിധാനമുണ്ടാകും. നേരത്തെ കേസ് അന്വേഷണത്തിലെ കള്ളക്കളികൾ പുറത്തു കൊണ്ടു വരാൻ വിജിലൻസ് സംവിധാനത്തെ ഡിജിപി നിയോഗിച്ചിരുന്നു. അഴിമതിയ്‌ക്കെതിരായ അന്വേഷണത്തിനും അത്തരമൊരു സംവിധാനം ഉടൻ നിലവിൽ വരുമെന്നാണ് പൊലീസിലെ ഉന്നതർ നൽകുന്ന സൂചന.

ഇത്തവണ പൊലീസ് വകുപ്പിന് ബജറ്റിൽ നോൺ പ്ലാൻ വിഹിതമായി 3042.63 കോടി രൂപ വകയിരുത്തിയിത്. പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർദ്ധിപ്പിക്കൽ, പൊതുസേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി നടപ്പുവർഷം ആഭ്യന്തര വകുപ്പിന് 26.50 കോടി രൂപയും നീക്കിവച്ചു. മുൻ വർഷങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. എന്നാൽ ഇത് എങ്ങനെ ചെലവഴിക്കുന്നുവെന്നതിൽ കൃത്യമായ ഉത്തരം ആർക്കും പറയാനില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് ഡിജിപിയുടെ ശുദ്ധീകരണ പ്രക്രിയ. കിട്ടുന്ന തുക മുഴുവൻ ചെലവഴിക്കാറുമുണ്ട്. എന്നാൽ പൊലീസിന്റെ കാര്യക്ഷമത കൂടുന്നുമില്ല. സേവനങ്ങൾ ഓൺലൈൻ ആക്കുന്നത് ഉൾപ്പെടെയുള്ള ആധുനിക വൽക്കണം അട്ടിമറിക്കപ്പെട്ടു. സുതാര്യയുണ്ടായാൽ അഴിമതിക്കുള്ള സാധ്യത കുറയും. ഇത് മനസ്സിലാക്കിയാണ് ഇപ്പോൾ പുറത്തു വന്ന അഴിമതിയെ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കുന്നത്.

പൊലീസിന്റെ നവീകരണത്തിനെല്ലാം അഴിമതിയുടെ കഥകളാണ് പറയാനുള്ളതെന്നാണ് പൊലീസുകാർ തന്നെ നൽകുന്ന സൂചന. പക്ഷേ പൊലീസുകാരെ ചോദ്യം ചെയ്യാൻ ആരുമില്ല. അതുകൊണ്ട് തന്നെ ഒന്നും പേടിക്കാനുണ്ടായിരുന്നില്ല. ഈ സ്ഥിതിക്കാണ് സെൻകുമാർ എന്ന ഡിജിപി മാറ്റമുണ്ടാക്കിയത്. ഇലക്ട്രോണിക് ബീറ്റ് പദ്ധതിക്കായി സ്ഥാപിച്ച ഉപകരണങ്ങൾ ഉപയോഗ യോഗ്യമല്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോസ്ഥരുടെ മേൽനോട്ടത്തിലുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്. ബീറ്റ് കേന്ദ്രങ്ങളിൽ പൊലീസുകാർ എത്തുന്നു എന്ന് ഉറപ്പാക്കാനുള്ള പുസ്തകങ്ങൾ ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്. ഈ മാതൃകയിലെ തട്ടിപ്പ് പൊലീസിനുള്ളിൽ പതിവാണെന്നാണ് കണ്ടെത്തൽ. വാഹനങ്ങൾ വാങ്ങുന്നതിലെ അഴിമതിയാണ് ഡിജിപി ഇനി അന്വേഷിക്കുക.

ബജറ്റിൽ പൊലീസ് നവീകരണത്തിന് കോടികളാണ് നീക്കി വയ്ക്കാറുള്ളത്. ഇത് ഏതാണ്ട് മുഴുവനായി ചെലവാക്കുകയും ചെയ്യും. എന്നാൽ പൊലീസിന് ഗുണം ഉണ്ടാവുകയുമില്ല. ജീപ്പുകളും ബൈക്കുകളും വാങ്ങുന്നതിൽ വലിയ തട്ടിപ്പാണത്രേ നടക്കുന്നത്. ബീറ്റ് പൊലീസുകാർക്കായി ഹീറോ ഹോണ്ടയുടെ സിഡി ഡോൺ വൻ തോതിൽ വാങ്ങി. കോടികളുടെ ഇടപാടാണ് നടന്നത്. എന്നാൽ കേരളാ പൊലീസ് ഡോൺ ബൈക്ക് വാങ്ങിയ ശേഷം ആ മോഡൽ തന്നെ ഹീറോ ഹോണ്ട ഉൽപാദനം നിർത്തി. അതായത് ഉൽപാദനം നിർത്തുന്നതിന് മുമ്പ് കമ്പനിയിലുണ്ടായിരുന്ന വണ്ടികളാണ് കേരളാ പൊലീസ് വാങ്ങിയത്. ഇതിന് സമാനമായ കള്ളക്കളികൾ ജീപ്പുകൾ വാങ്ങുന്നതിലും നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇതും ഡിജിപി അന്വേഷണ വിധേയമാക്കും.

ഡിജിപിയും പൊലീസിലെ തന്നെ എസ്‌പി റാങ്കിലുള്ള മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥനും മാത്രമാണ് ഇത്തരം ഇടപാടുകളിൽ അവസാന വാക്കാകുന്നത്. ഇതിലെവിടെയാണ് അഴിമതി നടക്കുന്നതെന്ന് കണ്ടെത്താനാണ് സെൻകുമാറിന്റെ നീക്കം. സംസ്ഥാന പൊലീസിന് 8 വാഗണർ കാറുകൾ സ്വന്തമായി ഉണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ഇതൊന്നും ഓടുന്നതെവിടെയെന്ന് ആർക്കും അറിയില്ല. ഈ കാറുകൾ രഹസ്യ സ്വഭാവത്തോടെ ഓടുന്നത് എന്തിനെന്നും മറുപടിയില്ല. ഈ 8 വാഗണർ ഉൾപ്പെടെയുള്ള വാഹനങ്ങളെ കുറിച്ചും അന്വേഷണം ഉടൻ തുടങ്ങും. പൊലീസ് വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ചതിലും കള്ളക്കളിയുണ്ടത്രേ. കോടികൾ മുടക്കി സ്ഥാപിച്ച ജിപിഎസ് മാസങ്ങൾ മാത്രമേ പ്രവർത്തിച്ചുള്ളൂ.

എല്ലാ പൊലീസ് ജീപ്പുകളിലും ജിപിഎസ് ഉണ്ടെന്നാണ് വയ്പ്. വാഹനത്തിന്റെ യഥാർത്ഥ സ്ഥാനം ഇതിലൂടെ മനസ്സിലാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് കഴിയും. ജീപ്പുകളുടെ ദുരുപയോഗം തടയുകയായിരുന്നു ലക്ഷ്യം. പതിയേ ജീപ്പുകളിലും മറ്റും ഇത് പ്രവർത്തന രഹിതമായി. മേലുദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെടുമ്പോൾ കള്ളം പറയാൻ കഴിയാത്ത അവസ്ഥ ഇതിലൂടെ വന്നു. അതു തന്നെയാണ് ജിപിഎസ് സംവിധാനം അപ്രത്യക്ഷമാകാൻ കാരണമായതും. ഈ കള്ളക്കളിയിലൂടെ കോടികളാണ് ഖജനാവിൽ നിന്ന് നഷ്ടമായത്. ഇതെല്ലാം പൊതു മുതൽ നശീകരണമായി കണക്കാക്കേണ്ടി വരുമെന്ന നിലപാടിലാണ് ഇപ്പോൾ ഡിജിപി. വാഹനങ്ങളും കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ഇടപാടുകളും പരിശോധിക്കും.

സംസ്ഥാനത്തെ ഏഴ് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിക്ക് 1.87 കോടി രൂപയാണ് സർക്കാർ അനുവദിച്ചത് പദ്ധതി നടപ്പിലാക്കാൻ ബാംഗ്ലൂർ ആസ്ഥാനമായ വൈഫിനിറ്റി ടെക്‌നോളജി എന്ന സ്ഥാപനത്തിനായിരുന്നു കരാർ. 650 ആർ എഫ് ഐ ഡി റീഡേർസും 7450 ടാഗുകളും സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിക്കുള്ള സോഫ്റ്റ്‌വെയർ കൂടി നൽകണമെന്നായിരുന്നു കരാർ. പൊലീസ് ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകണമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കരാർ ഒപ്പുവച്ച് രണ്ട് വർഷമായിട്ടും പദ്ധതി പൂർത്തീകരിക്കപ്പെട്ടില്ല. ഇതാണിപ്പോൾ ഡിജിപിയുടെ ശ്രദ്ധയിലെത്തി അഴിമതിയായി പുറത്തുവന്നത്. സേനാ നവീകരണവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുകകളെല്ലാം പരിശോധിക്കാനാണ് ഡിജിപി ഒരുങ്ങുന്നതെന്നാണ് സൂചന.

സുതാര്യവും സുശക്തവും അഴിമതി മുക്തവുമായി സേനയാണ് താൻ ലക്ഷ്യമിടുന്നതെന്ന സന്ദേശം പൊലീസിലെ എല്ലാവരോടും സെൻകുമാർ പങ്കുവച്ചു കഴിഞ്ഞു. പൊലീസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണവും വികസനവും സംബന്ധിച്ച് പ്രത്യേക ടീമുകളെ നിയോഗിക്കാനാണ് പദ്ധതി. പൊലീസ് സേനയിലുള്ള ക്യാമ്പ് ഫോളോവർമാർ മുതൽ എ.ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഈ ടീമുകൾ രൂപവൽക്കരികുന്നത്. ഈ ടീമിനെ അഴിമതിയ്‌ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് ഡിജിപി ആലോചിക്കുന്നതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP