Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിൽ 4.4 ശതമാനവും നടക്കുന്നത് കേരളത്തിൽ; കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഒൻപതാം സ്ഥാനത്തും; കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള ഷെഫീഖ് കമ്മിറ്റി റിപ്പോർട്ട് ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു; കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ കൂടി വരുന്നതായി റിപ്പോർട്ടുകൾ; തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ച് മസ്തിഷ്‌ക മരണത്തിൽ എത്തിച്ച അരുൺ ആനന്ദിനൊപ്പം പ്രതിക്കൂട്ടിലാകുന്നത് സർക്കാരും

കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിൽ 4.4 ശതമാനവും നടക്കുന്നത് കേരളത്തിൽ; കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഒൻപതാം സ്ഥാനത്തും; കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള ഷെഫീഖ് കമ്മിറ്റി റിപ്പോർട്ട് ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു; കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ കൂടി വരുന്നതായി റിപ്പോർട്ടുകൾ; തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ച് മസ്തിഷ്‌ക മരണത്തിൽ എത്തിച്ച അരുൺ ആനന്ദിനൊപ്പം പ്രതിക്കൂട്ടിലാകുന്നത് സർക്കാരും

എം മനോജ് കുമാർ

തിരുവനന്തപുരം: തൊടുപുഴയിൽ അമ്മയുടെ കാമുകനിൽ നിന്നും ക്രൂരമർദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരവേ സംഭവത്തിൽ സർക്കാർ കൂടി പ്രതിക്കൂട്ടിലാകുന്നു. തൊടുപുഴ ക്രൂരമർദ്ദനമേറ്റ കുട്ടിയുടെ സംഭവത്തിൽ മുഖ്യമന്ത്രി അടിയന്തിര റിപ്പോർട്ട് തേടിയിരിക്കെയാണ് കുട്ടികൾക്ക് നേരെയുള്ള പീഡനം തടയുന്ന കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റിയതായി വ്യക്തമാകുന്നത്. കുമളി സ്വദേശിയായ ഷെഫീഖ് എന്ന അഞ്ചു വയസുകാരനായ ബാലന് നേരെ നടന്ന പീഡനത്തിനു ശേഷം സർക്കാർ തലത്തിൽ മുതിർന്ന സെക്രട്ടറിമാരുടെ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു.അഞ്ചുവർഷംമുമ്പ് കുമളി സ്വദേശിയായ ഷെഫീഖ് എന്ന അഞ്ചുവയസ്സുകാരന് നേരെ നടന്ന പീഡനമാണ് ഇതുപോലെ അന്നും വാർത്തകൾ പിടിച്ചുപറ്റിയത്. രണ്ടാനമ്മയും പിതാവും ചേർന്ന് മർദിച്ചാണ് അഞ്ചുവയസുകാരനായ ബാലനെ മൃതപ്രായനാക്കിയത്. ഇതിനു ശേഷമാണ് കമ്മറ്റി സർക്കാർ രൂപവത്ക്കരിച്ചത്. ബാലപീഡനം തടയാൻ എന്തൊക്കെ നടപടികൾ കൈക്കൊള്ളാം എന്നതിനാണ് കമ്മറ്റിയെ ചുമതലപ്പെടുത്തിയത്. ഷെഫീഖ് കമ്മറ്റി എന്ന പേരിലായിരുന്നു കമ്മറ്റിയെ സർക്കാർ നിയോഗിച്ചത്. ഷെഫീഖിന്റെ ദുരവസ്ഥയ്ക്ക് ശേഷം ഈ കമ്മറ്റി സർക്കാരിന് റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഈ കമ്മറ്റി രൂപീകൃതമാകുന്നതും റിപ്പോർട്ട് സമർപ്പിക്കുന്നതും. ഈ റിപ്പോർട്ട് ഫയലിൽ ഉറങ്ങുക എന്നല്ലാതെ ഒരു തുടർ നടപടികളും സർക്കാർ സ്വീകരിച്ചതുമില്ല. ബാലപീഡനം തടയുന്ന കാര്യത്തിൽ 22 ഓളം പേജുള്ള റിപ്പോർട്ടാണ് ഷഫീഖ് കമ്മറ്റി സർക്കാരിന് സമർപ്പിച്ചത്. കുട്ടികൾ എങ്ങിനെയൊക്കെ ദുരുപയോഗിക്കപ്പെടുന്നു എന്നും പീഡനം തടയാൻ ഏത് തരത്തിലുള്ള സർക്കാർ നടപടികളുമാണ് വേണ്ടത് എന്നുമൊക്കെയുള്ള വിശദമായ റിപ്പോർട്ട് ആണ് ഷെഫീഖ് കമ്മറ്റി സർക്കാരിന് കൈമാറിയത്. ഇപ്പോൾ ഷെഫീഖിന്റെ നേരെ നടന്ന പീഡനത്തിന് ശേഷം അഞ്ചു വർഷം കഴിഞ്ഞിട്ടും വീണ്ടുമൊരു പീഡനം തൊടുപുഴയിൽ നടന്നിരിക്കുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് കുട്ടികൾക്കായുള്ള പീഡനം തടയുന്ന കാര്യത്തിലുള്ള ഷെഫീഖ് കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല എന്ന് വ്യക്തമാകുന്നത്.

കുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ, സ്വീകരിക്കാവുന്ന മുൻ കരുതൽ, ആദ്യ ഘട്ട മുൻ കരുതൽ, രണ്ടാം ഘട്ട മുൻ കരുതൽ, ചൈൽഡ് ലൈൻ വഴി കുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ, ദുരുപയോഗിക്കപ്പെട്ട കുട്ടികളെ തിരികെ ജീവിതത്തിലേക്ക് വഴി നടത്തൽ തുടങ്ങി വിവിധ ഘട്ടങ്ങളായുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. കേരളത്തിലെ ജനസംഖ്യയിൽ 10.4 ശതമാനം കുട്ടികളാണ്. ഇന്ത്യയിൽ കുട്ടികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ 4.4 ശതമാനം നടക്കുന്നത് കേരളത്തിലാണ്. കുട്ടികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ കേരളം ഇന്ത്യയിൽ ഒമ്പതാം സ്ഥാനത്തുമാണ്. കുട്ടികൾക്ക് നേരെയുള്ള പീഡനം തടയേണ്ട അടിസ്ഥാനപരമായ കടമ സംസ്ഥാനം എന്ന നിലയിൽ കേരളത്തിനുമുണ്ട്. റിപ്പോർട്ടിന്റെ ആമുഖത്തിൽ ഷെഫീഖ് കമ്മറ്റി ചൂണ്ടിക്കാട്ടുന്നു.

കുട്ടികൾക്കു നേരെയുള്ള പീഡനങ്ങൾ വളരെ ഗൗരവമായി നോക്കിക്കാണേണ്ടതാണ്.കുട്ടികൾക്ക് ഏൽക്കുന്ന ശാരീരിക മാനസിക പീഡനങ്ങൾ ജീവിതകാലം മുഴുവൻ ഈ കുട്ടികളെ വേട്ടയാടുക തന്നെ ചെയ്യും-കമ്മറ്റി ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കായുള്ള വിവിധ പദ്ധതികൾ വിവിധ സർക്കാർ ഏജൻസികൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇത് ശക്തിപ്പെടുത്തുക. കുട്ടികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തിരിച്ചറിയാൻ ആദ്യം നടപടി സ്വീകരിക്കണം. ത്വരിത ഗതിയിൽ സഹായം എത്തിക്കുകയും പുനരധിവാസം ഉറപ്പു വരുത്തുകയും ചെയ്യണം. കൃത്യമായ രീതിയിൽ സംവിധാനങ്ങൾ നീങ്ങിയാൽ കുട്ടികൾക്ക് നേരെയുള്ള പീഡനം തടയാവുന്നതാണ്. കുട്ടികൾക്കെതിരെയുള്ള പീഡനം തടയുന്ന വിധത്തിൽ നിയമനടപടികൾ കർശനമാക്കണം, കുട്ടികൾക്കെതിരെയുള്ള പീഡനം തിരിച്ചറിയുകയും അതിവേഗം നടപടി സ്വീകരിക്കുകയും ചെയ്യണം. പീഡനത്തിന് ഇരയായ കുട്ടികളെ സംരക്ഷിക്കുകയും അവർക്ക് നീതി ഉറപ്പ് വരുത്തുകയും ചെയ്യണം.

പൊതുജനങ്ങളെ ബന്ധപ്പെട്ടു പീഡനത്തിരയാകുന്ന കുട്ടികളുടെ വിവരശേഖരണം നടത്തുക, ജനങ്ങൾ ഇത്തരം വിവരങ്ങൾ കൈമാറുന്നുവെന്നു ഉറപ്പു വരുത്താൻ സർക്കാർ ഏജൻസികൾ തയ്യറാകണം.അപകട സാധ്യതയുള്ള കുടുംബങ്ങളുടെ വിവരങ്ങൾ ആദ്യമേ ശേഖരിക്കാൻ കഴിയണം. കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ നടക്കുന്നതായി വിവരങ്ങൾ ലഭിക്കുമ്പോൾ തന്നെ ഇടപെടൽ വരണം. ഇരയെ ആദ്യം മുതൽ തന്നെ സംരക്ഷിക്കാനും കഴിയണം. കുട്ടികൾക്ക് നേരെയുള്ള പീഡനം തടയുന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം നല്കണം. കുട്ടികൾക്ക് നേരെയുള്ള അക്രമം തടയുന്ന കാര്യത്തിൽ ഒരു നയവും പ്രവർത്തനപദ്ധതിയും ആവിഷ്‌ക്കരിക്കണം. കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ഉടൻ തന്നെ വിവരം നൽകുന്ന കാര്യത്തിൽ ഒരു പൊതുഅവബോധം സൃഷ്ടിക്കണം. മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ തടയുന്നതിന് ക്യാമ്പയിൻ നടത്തുക. സ്‌കൂൾ കൗൺസിലിങ് ശക്തിപ്പെടുത്തുക. തുടങ്ങിയ പൊതു അവബോധത്തിനായി ചെയ്യേണ്ടതുണ്ട് എന്ന് കമ്മറ്റി നിഷ്‌കർഷിക്കുന്നു.

കുട്ടികൾക്കെതിരെയുള്ള പീഡനം തടയുന്ന കാര്യത്തിൽ പൊതു നയം സ്വീകരിക്കണം, പൊതുജനങ്ങളെ ബോധവത്ക്കരിക്കൽ തന്നെയാണ് മുഖ്യ പദ്ധതി. മാധ്യമങ്ങളെ പരമാവധി ഉപയോഗിക്കണം. അതിനായി മാധ്യമ പദ്ധതി തന്നെ തിരഞ്ഞെടുക്കണം. അതെ സമയം കരുതലോടെ ഈ വാർത്തകളെ സമീപിക്കാൻ മാധ്യമങ്ങളെ നിര്ബന്ധിതമാക്കുകയും ചെയ്യണം. എയർപോർട്ടുകൾ, റയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ ഇടങ്ങളിൽ കുട്ടികൾക്ക് വേണ്ടിയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കണം. സമൂഹത്തിലെ ഉന്നതരെ പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തണം.പോസ്‌കോ നിയമത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തണം. കുട്ടികൾക്ക് പരിശീലനം നൽകണം. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അവരെ ബോധവത്ക്കരിക്കണം. കുട്ടികളെ വീടിനു പുറത്ത് നിരീക്ഷിക്കാനുള്ള സംവിധാനം. സ്‌കൂൾ ടീച്ചേഴ്‌സ്, അംഗനവാടി ടീച്ചേഴ്‌സ്, കുടുംബശ്രീ അംഗങ്ങൾ, ജുവനൈൽ പൊലീസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഇതിനായി ഉപയോഗപ്പെടുത്തുക. കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് കുട്ടികളുടെ പീഡനകാര്യത്തിൽ മാപ്പിങ് നടത്തുക. അത് ഫലപ്രദമായ സംവിധാനമായി കമ്മറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

വാർഡ് കൗൺസിലർമാരുടെ സേവനം ഉപയോഗപെടുത്തുക, . അംഗൻവാടി വർക്കർമാർ വഴി വീട് സന്ദർശനം നടത്തിക്കുക. കേരള മഹിളാ സമഖ്യ പോലുള്ള എൻജിഒകളുടെ സഹായം തേടുക. സർക്കാർ ഇതര സന്നദ്ധ സംഘടനകളുടെ സഹായം തേടുക തുടങ്ങി ഒട്ടുവളരെ നിർദ്ദേശങ്ങളാണ് ഷെഫീഖ് കമ്മറ്റി സർക്കാരിന് കൈമാറിയത്. ഹോസ്റ്റലുകൾ, സ്‌കൂളുകൾ, സ്‌കൂൾ ബസ്, പ്രൈവറ്റ് വെഹിക്കിളുകൾ തുടങ്ങിയ ഇടങ്ങളിലെ പീഡനം തടയുന്നതിന് നടപടികൾ കൈക്കൊള്ളുക. വളരെ ശക്തമായ നിർദ്ദേശങ്ങൾ ആണ് സമിതി സർക്കാരിന് നൽകിയത്. സ്‌കൂൾ ബസുകളിൽ ഒരു സ്ത്രീ ജീവനക്കാരി നിര്ബന്ധമാക്കണം എന്ന് സമിതി നിർദ്ദേശിക്കുന്നുണ്ട്. ഇതിലെ ഒരു പ്രധാന നിർദ്ദേശമായി ചൈൽഡ് ലൈൻ ശക്തിപ്പെടുത്തണം എന്നുള്ളതാണ്. സ്‌കൂളുകളെയും ചൈൽഡ് ലൈനുകളെയും ഫലപ്രദമായി ബന്ധപ്പെടുത്തണമെന്നും സമിതി നിർദ്ദേശിക്കുന്നുണ്ട്. സഹായം വേണം എന്നാവശ്യപ്പെടുന്ന ബോക്‌സുകൾ സ്‌കൂളുകളിൽ സ്ഥാപിക്കണം എന്നും സമിതി ആവശ്യപ്പെടുന്നുണ്ട്. ഇതിൽ പലതും നടപ്പിലാക്കപ്പെട്ടിട്ടില്ല. ഷെഫീഖ് സമിതി നിർദ്ദേശം ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു.

ഷെഫീഖ് പീഡിപ്പിക്കപ്പെട്ടതിനു ശേഷം അഞ്ചു വർഷം കഴിഞ്ഞിട്ടും ഏഴുവയസുകാരൻ അമ്മയുടെ സാന്നിധ്യത്തിൽ കാമുകനായി ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. നിലവിലെ വിവരങ്ങൾ പ്രകാരം ഈ ഏഴുവയസുകാരനു മസ്തിഷ്‌ക മരണം സംഭവിച്ചിരിക്കുന്നു. അഞ്ചു വർഷം മുൻപ് പീഡനത്തെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ട ഷെഫീഖ് ഒരുവർഷത്തെ ചികിത്സയ്‌ക്കൊടുവിൽ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഷെഫീഖിന്റെ സംരക്ഷണച്ചുമതല ഒപ്പമുണ്ടായിരുന്ന രാഗിണിയെന്ന ആയയെ സർക്കാർതന്നെ ഏൽപ്പിച്ചു. പക്ഷെ ഇപ്പോൾ സ്വന്തം അമ്മയുടെ മുന്നിൽ പീഡനത്തിന് ഇരയായ ഏഴു വയസുകാരൻ ജീവിതത്തിലേക്ക് തിരികെ എത്തുമോ എന്ന് സംശയമാണ്. ഇത്തരം പീഡനം തടയാൻ സർക്കാർ തന്നെ രൂപം നൽകിയ ഷെഫീഖ് കമ്മറ്റി റിപ്പോർട്ടു ഫയലിൽ ഉറങ്ങുകയും ചെയ്യുന്നു. കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ ആവർത്തിക്കുകയും കുട്ടികൾ മരണത്തോട് അടുക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഏഴുവയസുകാരനെ മർദ്ദിച്ച് കൊല്ലുന്ന അവസ്ഥയിലാക്കിയ അരുൺ ആനന്ദിനൊപ്പം സർക്കാർ കൂടി പ്രതിക്കൂട്ടിലാകുകയാണ്, ഷെഫീഖ് കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കാത്തതിന്റെ പേരിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP