Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്ത് മിനിറ്റു നേരത്തെ പണിയല്ലേടാ ഉണ്ടായിരുന്നുള്ളൂ എന്നു നിർമ്മാതാവ്; എനിക്ക് മൂഡാകാതെ താൻ അഭിനയിക്കില്ലെന്ന് ഷെയിൻ നിഗം; ലൊക്കേഷനിൽ നൂറ് പേർ കാത്തിരിക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ എനിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ടെന്ന് മറുപടി; എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ വേറെ വഴി നോക്കിക്കോളാൻ മുന്നറിയിപ്പ്; ജോബി ജോർജ്ജിനെതിരെ ഷെയിൻ നിഗത്തിനൊപ്പം നിന്നു പണി കൊടുത്ത നിർമ്മാതാവ് മഹാസുബൈറിനിട്ടും യുവനടന്റെ ഉഗ്രൻപണി; ഷെയിൻ നിഗം ഒരു കോടി പ്രതിഫലം വാങ്ങാൻ ഒരുങ്ങുന്നത് ഇങ്ങനെ

പത്ത് മിനിറ്റു നേരത്തെ പണിയല്ലേടാ ഉണ്ടായിരുന്നുള്ളൂ എന്നു നിർമ്മാതാവ്; എനിക്ക് മൂഡാകാതെ താൻ അഭിനയിക്കില്ലെന്ന് ഷെയിൻ നിഗം; ലൊക്കേഷനിൽ നൂറ് പേർ കാത്തിരിക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ എനിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ടെന്ന് മറുപടി; എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ വേറെ വഴി നോക്കിക്കോളാൻ മുന്നറിയിപ്പ്; ജോബി ജോർജ്ജിനെതിരെ ഷെയിൻ നിഗത്തിനൊപ്പം നിന്നു പണി കൊടുത്ത നിർമ്മാതാവ് മഹാസുബൈറിനിട്ടും യുവനടന്റെ ഉഗ്രൻപണി;  ഷെയിൻ നിഗം ഒരു കോടി പ്രതിഫലം വാങ്ങാൻ ഒരുങ്ങുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെയിൽ സിനിമയുടെ വിവാദത്തിന് പിന്നാലെ നടൻ ഷെയിൻ നിഗം വീണ്ടും വിവാദത്തിൽ ചാടിയ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. ഉല്ലാസം സിനിമയുടെ നിർമ്മാതാവാണ് നടനെതിരെ പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചത്. ആദ്യം പറഞ്ഞുറപ്പിച്ച പ്രതിഫല തുകയിൽ നിന്നും കൂടുതൽ പണം ഷെയിൻ ആവശ്യപ്പെട്ടു എന്നതായിരുന്നു പരാതി. ഈ പരാതി പ്രഡ്യൂസേഴ്‌സ് അസോസിയേഷൻ പരിഗണിക്കാനിരിക്കെ ഷെയിനിനെ വെട്ടിലാക്കി മറ്റൊരു ശബ്ദരേഖ കൂടി പുറത്തുവന്നു. വെയിൽ സിനിമയുടെ വിവാദമായി മാറിയത് ഷെയിൻ മുടിവെട്ടിയതായിരുന്നു. കുർബാനി സിനിമയുടെ ഷൂട്ടിംഗിനിടെ ഷെയിൻ പ്രശ്‌നമുണ്ടാക്കിയ വെളിപ്പെടുത്തലാണ് ശബ്ദരേഖയുടെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്.

വെയിൽ വിവാദത്തിൽ നിർമ്മാതാവ് ജോബി ജോർജ്ജിനെതിരെ നിലകൊണ്ട നിർമ്മാതാവാണ് മഹാസുസൈബർ. ഈ നിർമ്മാതാവിനാണ് യുവ നടൻ ഇപ്പോൾ പണി കൊടുത്തിരിക്കുന്നത്. കുർബാനി സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. അടിമാലിയിൽ വെച്ചുള്ള ഷൂട്ട് പ്ലാൻ ചെയ്ത ശേഷം ഷെയിൻ നിഗത്തെ വിളിച്ചപ്പോൾ തനിക്ക് സൗകര്യമില്ലെന്നാണ് നിർമ്മാതാവ് മഹാസുബൈറിനോട് ഷെയിൻ പറയുന്നത്. അതേസമയം പത്ത് മിനിറ്റത്തെ പണിയല്ലേ ഉള്ളൂ എന്നു നിർമ്മാതാവ് പറയുമ്പോൾ എനിക്ക് മൂഡാകാതെ അഭിനയിക്കില്ലെന്നാണ് താരം തീർത്തു പറയുന്നത്. എന്നാൽ, ലൊക്കേഷനിൽ നൂറ് പേർ കാത്തിരിക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നപ്പോൾ ആരും കാത്തിരുന്നില്ലല്ലോ എന്നു നടന്റെ മറുപടി പറുയുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ വേറെ വഴി നോക്കിക്കോളാനും മുന്നറിയിപ്പു നൽകുന്നു.

വൈകുന്നേരം അടിമാലി പ്ലാൻ ചെയ്യട്ടേ എന്നു ചോദിച്ചാണ് മഹാസുബൈർ ഷെയിനിനെ ഫോണിൽ വിളിക്കുന്നത്. എന്നാൽ, വേണ്ട പ്ലാൻ ചെയ്യേണ്ടെന്ന് ഷെയിൻ തറപ്പിച്ചു പറയുന്നു. അത് അൽപ്പം ഇമോഷണൽ, സീനല്ലേ, മരിച്ചു കിടക്കുന്ന സീനല്ലേ, അതിൽ എങ്ങനെ പെട്ടന്ന് അഭിനയിക്കും എന്നാണ് നടന്റെ ചോദ്യം. അല്ലെങ്കിൽ 11 മണിവരെ ഷൂട്ട് പ്ലാൻ ചെയ്യണമെന്നുമായി നടൻ. എടാ എന്നാൽ, അത് പകൽ സീനാണെന്ന് എന്നും മഹാസുബൈർ പറഞ്ഞപ്പോൾ നാളെ ആകട്ടെ എന്നുമാണ് നടൻ പറഞ്ഞത്.

ഇതോടെ മോനെ ഉഷാറായി ചെയ്യടാ.. എന്നായി മാഹാ സുബൈറിന്റെ ചോദ്യം. പൈസയാടാ പോകുന്നത് എന്നും പറയുന്നു. ഇതോടെ ഞാനൊരു മനുഷ്യനാണ് സുബൈർക്കാ, ഇങ്ങനെ പറയുന്നതിൽ ഒന്നു തോന്നുന്നില്ലേ എന്നും ഷെയിൻ ചോദിക്കുന്നു. പത്ത് മിനിറ്റത്തെ പണിയേ ഉള്ളൂവെന്ന് ചോദിക്കുകയും ചെയ്യുന്നു. അടിമാലിയിലേക്ക് രണ്ട് മണിക്കൂർ മാത്രമേ യാത്ര ചെയ്യേണ്ടതുള്ളൂവെന്നും മഹാ സുബൈർ പറയുമ്പോഴും ഷെയിൻ തർക്കിക്കുകയാണ് ചെയ്യുന്നത്.

കുറച്ചു സമയം മതി ഷൂട്ടിങ് തീർക്കാമെന്ന് നിർമ്മാതാവ് പറയുമ്പോഴും എനിക്ക് മൂഡാകാതെ അഭിനയിക്കില്ലെന്ന പിടിവാശിയാണ് ഷെയിൻ തുടരുന്നത്. നീ മൂഡാക്കണം എന്നായി ഇതോടെ സുബൈർ. സാധാരണ ഗതിയിൽ ഒരു ആക്ടറും എടുക്കാത്ത വിധത്തിൽ എഫേർട്ട് താൻ എടുക്കുന്നുണ്ട്, കാര്യങ്ങൾ മനസ്സിലാക്കണമെന്നും നടൻ പറയുന്നു. എനിക്ക് വേണ്ടി ആരും കാത്തു നിൽക്കേണ്ട കാര്യമില്ല. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടേൽ പിന്നീട് സംസാരിക്കാം. ഇപ്പോൾ അതിന് സമയം ഇല്ലെന്നും പറഞ്ഞ് ഷെയിൻ സംഭാഷണം കട്ടു ചെയ്യുകയായിരുന്നു.

നിർമ്മാതാവുമായി തർക്കിക്കുന്ന ഈ സംഭാഷണം കൂടി പുറത്തുവന്നതോടെ ഷെയിനിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. വെയിൽ വിവാദത്തിന് പിന്നാലെ ഷെയിൻ വിവാദത്തിൽ ചാടിയത് ഉല്ലാസം എന്ന സിനിമക്കായി കൂടുതൽ തുക പ്രതിഫലമായി ചോദിച്ചതിന്റെ പേരിലാണ്. താരം പരസ്യമായി വിലപേശൽ നടത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഉല്ലാസം സിനിമയുടെ കരാർ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയിൻ നിഗം കൂട്ടി ചോദിച്ചെന്നുമാണ് പരാതിയിലെ പ്രധാന കര്യം. ഉല്ലാസം സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാടിനോട് കരാർ തുകയിലും കൂടുതൽ ചോദിക്കുന്ന ശബ്ദരേഖയും ഇതോടൊപ്പം പുറത്തുവന്നതോടെ താരം ശരിക്കും വെട്ടിലായിരുന്നു.

സിനിമ പുറത്തിറങ്ങുന്ന സമയത്തെ തന്റെ സ്റ്റാർ വാല്യു പണ്ടുള്ളതിനേക്കാൾ വലുതാണെന്നും ഇനി മുതൽ 45 ലക്ഷമാണ് ചോദിക്കുന്നതെന്നുമാണ് ഷെയിൻ ശബ്ദരേഖയിൽ പറയുന്നത്. മഹാ സുബൈറിന്റെ സിനിമയിൽ 45 ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്. ഈ വർഷം ചെയ്യുന്ന രണ്ട് സിനിമ കഴിഞ്ഞാൽ 75 ലക്ഷമായി പ്രതിഫലം ഉയർത്തുമെന്നും ഷെയിൻ പറയുന്നു. അതിന് ശേഷം ഒരു കോടിയാണ് പ്രതിഫലം ചോദിക്കുക എന്നും. തന്റെ സ്റ്റാർ വാല്യു ഉയർന്നിരിക്കയാണെന്നും ഷെയിൻ വ്യക്തമാക്കുന്നു.

ഷെയിൻ നിഗം കരാർ തുകയിലും കൂടുതൽ ചോദിക്കുന്നത് വഴി സിനിമയുടെ ഡബ്ബിങ് അടക്കമുള്ള ജോലികൾ മുടങ്ങിയിരിക്കുകയാണെന്ന് ഉല്ലാസം സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് പറയുന്നത്. പണം കൂടുതൽ കിട്ടിയാൽ തനിക്ക് പ്രശ്നമില്ലെന്നും ഡബ്ബിംഗിന് വരാമെന്ന് ഷെയിൻ നിഗം പറയുന്നുണ്ട്. ഇനി പണം നൽകാൻ സാധിക്കില്ലെങ്കിൽ സിനിമയുടെ മറ്റ് റൈറ്റ്സ് തനിക്ക് തന്നാൽ മതിയെന്നും ഷെയിൻ പറയുന്നുണ്ട്. സാറ്റലൈറ്റ് റൈറ്റ്സോ അങ്ങനെ എന്തെങ്കിലും മതി. ഇപ്പോൾ തനിക്കെ ഇക്കാര്യക്കെ കുറിച്ച് അറിയാം.. സിനിമയിലെ പണം തിരികെ കിട്ടുമെന്ന കാര്യം അറിയാമെന്നും ഷെയിൻ പറയുന്നു. പൈസ കിട്ടില്ല എന്നു പറയാൻ പറ്റില്ല. തന്റെ അധ്വാനം അതിലുണ്ട്. എന്റെ പേരുവെച്ച് സെല്ല് ചെയ്യുന്ന പടവുമാണെന്നും ശബ്ദരേഖയിൽ പറയുന്നു.

അടുത്ത ജനുവരിയിൽ ഒരു മീറ്റിങ് വെക്കാം. അതാണ് നല്ലതെന്നും പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേയെന്നും ഷെയിൻ നിഗം പറയുന്നത്. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ വിഷയം കാര്യമായി പരിഗണിക്കുമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാവ് അനിൽ തോമസ് പറയുന്നത്. ഇതിന്റെ എല്ലാ വശങ്ങളും പരിഗണിക്കും. ഷെയിനിന് എതിരെ നടപടി ഉണ്ടാകുമെന്നും അനിൽ വ്യക്തമാക്കി. സിനിമിൽ ഡോപ് ടെസ്്റ്റ് പോലുള്ളതും നിർബന്ധമാക്കണമെന്നും അനിൽ പറയുന്നു.

ഉല്ലാസം സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ഷെയിനിനെതിരെ ഉയർന്ന മൂന്നാമത്തെ പരാതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കരാർ ലംഘനത്തെ തുടർന്നുള്ള പരാതി. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നീ സഹോദര നിർമ്മാതാക്കളാണ് ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട പരാതി പ്രൊഡ്രൂസേഴ്സ് അസോസിയേഷനിൽ നൽകിയത്. റൊമാന്റിക് കോമഡി ട്രാവൽ ചിത്രമായ ഉല്ലാസം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജീവൻ ജോജോയാണ്.

നിരവധി ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടേണ്ട 'വെയിൽ' സിനിമയിൽ ഷെയിൻ കാരറൊപ്പിട്ട ശേഷം തോന്നിയത് പോലെ മുടിയും താടിയും മുറിച്ചുകളഞ്ഞതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട വിവാദവും ഉണ്ടായിരിക്കുന്നത്. മുടി വെട്ടി ജ്യൂസ് കുടിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ചിത്രത്തിന്റെ സംവിധായകന്റെയും നിർമ്മാതാവിന്റെയും ക്ഷമ കെട്ടത്. ഷെയിൻ തന്റെതായ ന്യായങ്ങൾ നിരത്തിയെങ്കിലും അതൊന്നും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ബോധ്യമായിട്ടില്ല.

മുടി വെട്ടിയതിലൂടെ വെയിൽ സിനിമയുമായി ബന്ധപ്പെട്ട കരാറാണ് ലംഘിക്കുന്നത്. ഇതിലൂടെ പ്രതിസന്ധിയിലാകുന്നത് നിർമ്മാതാവ് ജോബി ജോർജാണ്. കന്നി സംവിധായക സംരഭത്തിന് ഇറങ്ങിയ ശരത്തും വെട്ടിലാകും. വെയിൽ എന്ന സിനിമ ഇനി പൂർത്തിയാവുക അസാധ്യമാണ്. സിനിമയുമായി സഹകരിക്കാൻ താനില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഷെയ്ൻ നിഗമിന്റെ ചിത്രം. അതിനിടെ മുടി ഷെയ്ൻ നിഗം വെട്ടിയെങ്കിൽ സിനിമ ചിത്രീകരണം അവസാനിപ്പിക്കുകയാണ് ഷെയ്ൻ നിഗം. സിനിമയെ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി. അതുകൊണ്ട് തന്നെ സിനിമാക്കാർ ആരും ഷെയ്ൻ നിഗമിനെ പിന്തുണക്കുന്നില്ലെന്നതാണ് വസ്തുത. ഇപ്പോഴത്തെ പരാതിയോടെ ഷെയിനിന്റെ കരിയർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

ഷെയിനിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മധ്യസ്ഥത വഹിച്ച കരാർ ഷെയിൻ നിഗം ലംഘിച്ചിരിക്കുകയാണ്. ഇതോടെ അമ്മയും കൈവിടുന്ന അവസ്ഥയാണുള്ളത്. കരാർ ചെയ്തിരിക്കുന്നതുമായ എല്ലാ സിനിമകളിൽ നിന്നും ഷെയിൻ നിഗത്തെ മാറ്റാൻ ആലോചിക്കുകയാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. 'അമ്മ'യും നിർമ്മാതാക്കൾക്കൊപ്പം നിൽക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യാഴാഴ്ച നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. ഷെയിൻ നിഗത്തിന് വിലക്ക് ഏർപ്പെടുത്തുകയല്ല അസോസിയേഷന്റെ ലക്ഷ്യം. പല സിനിമകളുടെ നിർമ്മാതാക്കൾക്ക് തുടർച്ചയായി ബുദ്ധിമുട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് യുവനടൻ. ഈ പശ്ചാത്തലത്തിൽ സിനിമ തടസപ്പെടുന്ന സ്ഥിതിവിശേഷവുമുണ്ട്. നിർമ്മാതാക്കൾ സ്വയം പിന്മാറുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

വെയിൽ നവംബറിൽ റിലീസ് നിശ്ചയിച്ചതാണ്, സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമുമായി കരാറും ഉണ്ടായിരുന്നു. ചിത്രീകരണം മുടങ്ങിയതും റിലീസ് വൈകുന്നതും സിനിമയുടെ വിപണിയെ സാരമായി ബാധിക്കും. വെയിൽ കൂടാതെ മറ്റൊരു സിനിമയുടെ കാര്യത്തിലും ഷെയിനിനെതിരെ നിർമ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരുന്നു. ഷെയിൻ മുടി വെട്ടി വെല്ലുവിളിച്ചിരിക്കുന്നത് സംഘടനയെ ആണെന്നാണ് ഇവർ വിലയിരുത്തുന്നത്.

ഷെയിൻ നിലവിൽ അഭിനയിക്കുന്നതും ഇനി ചിത്രീകരിക്കാനിരിക്കുന്നതുമായ സിനിമകൾ നിർത്തിവയ്ക്കാൻ നിർമ്മാതാക്കളോട് സംഘടന ആവശ്യപ്പെടുമെന്നാണ് സൂചന. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. വെയിൽ സിനിമയുടെ ചിത്രീകരണത്തിന് 24 ദിവസം ഇനിയും വേണമെന്നും ഇതിൽ അഞ്ച് ദിവസം അഭിനയിച്ചെന്നും മാനസികമായ പീഡനമാണ് ലൊക്കേഷനിൽ നേരിട്ടതെന്നുമാണ് ഷെയിൻ വിവാദങ്ങളോട് പ്രതികരിച്ചത്. ഷെയിൻ സഹകരിക്കാത്തത് മൂലം സിനിമ മുടങ്ങുന്ന സാഹചര്യമാണെന്നാണ് സംവിധായകൻ ശരത് പറഞ്ഞത്.

നേരത്തെ നിർമ്മാതാവ് ജോബി ജോർജുമായുള്ള ഭിന്നതയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഷെയ്ൻ വീണ്ടും വെയിലിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ സിനിമയിൽ തിരികെ എത്തിയ ഷെയ്‌നിനെ പുലർച്ചെ രണ്ടര മണിവരെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും സെറ്റിൽ നിന്നും മാനസികമായി തകർന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജർ പറഞ്ഞിരുന്നു. ഇതിനിടയ്ക്ക് ഷെയ്ൻ സംവിധായകൻ ശരത്തിന് അയച്ചെന്ന് പറയുന്ന ഒരു വോയിസ്‌ക്ലിപ്പും പ്രചരിക്കുന്നുണ്ട്. ഇതോടെ വിഷയം എല്ലാ സീമകളും കടന്ന് മുന്നോട്ട് പോയി. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ൻ പറയുന്നത്. ഒരാൾക്ക് പരിചയപ്പെടാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയ്ൻ പറയുന്നു. ഇതിന് പിന്നാലെയാണ് മുടി മുറിക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP