Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ യുവ നേതാവ് എന്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചു; തലാഖ് ചൊല്ലാനായി ഭീഷണി മുഴക്കി; ടി സിദ്ദിഖിനും നവവധുവിനും എതിരെ ആരോപണവുമായി ആദ്യ ഭർത്താവ് രംഗത്ത്; നസീമയുടെ വാക്കുകളെ ശരിവച്ച് സഫീർ ഷാൻ മറുനാടൻ മലയാളിയോട്

ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ യുവ നേതാവ് എന്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചു; തലാഖ് ചൊല്ലാനായി ഭീഷണി മുഴക്കി; ടി സിദ്ദിഖിനും നവവധുവിനും എതിരെ ആരോപണവുമായി ആദ്യ ഭർത്താവ് രംഗത്ത്; നസീമയുടെ വാക്കുകളെ ശരിവച്ച് സഫീർ ഷാൻ മറുനാടൻ മലയാളിയോട്

കൊച്ചി: കെപിസിസി ജനറൽ സെക്രട്ടറിയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ പ്രമുഖനുമായ അഡ്വ. ടി സിദ്ദിഖ് ആദ്യഭാര്യ നസീമയെ മൊഴി ചൊല്ലിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടങ്ങുന്നില്ല. ഫേസ്‌ബുക്കിലൂടെയും മറുനാടൻ മലയാളിയിലൂടെയും തങ്ങളുടെ വശം വിശദീകരിച്ച് ഇരുവരും രംഗത്തെത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സിദ്ദിഖിന്റെ രണ്ടാമത്തെ ഭാര്യയുടെ ഭർത്താവും രംഗത്തെത്തി. നസീമയെ മൊഴിചൊല്ലിയതിന് ശേഷം പി എ ഷറഫുന്നീസയെന്ന യുവ എഴുത്തുകാരിയെയാണ് സിദ്ദിഖ് വിവാഹം ചെയ്തത്.

എന്നാൽ, സിദ്ദിഖിന്റെ വിവാഹത്തെ എതിർത്ത് നസീമ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. അർഹമായ നഷ്ടപരിഹാരം നൽകാതെ നിയമവിരുദ്ധമായ തലാഖാണ് സിദ്ദിഖ് നടത്തിയതെന്നാണ് നസീമയുടെ ആരോപണം. തന്റെ ഭർത്താവായിരിക്കെ തന്നെ സിദ്ദിഖിന് ഷറഫുന്നീസയുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണവും ഇവർ ഉന്നയിച്ചിരുന്നു. മൊഴി ചൊല്ലിയ ശേഷം ഒരു മാസം കൊണ്ട് റെഡിമെയ്ഡ് ഭാര്യയെ എങ്ങനെ ലഭിച്ചുവെന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. നസീമയുടെ വാക്കുകളെ ശരിവച്ചുകൊണ്ടാണ് ഷറഫുന്നീസയുടെ മുൻഭർത്താവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

സഫീർ ഖാന്റെ വാദങ്ങളെ ന്യായീകരിക്കുന്ന രേഖകളും മറുനാടന് ലഭിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സഫീറും ഷറഫുന്നീസയും വിവാഹ മോചന കരാറിൽ ഒപ്പിട്ടത്. അത് സിദ്ദിഖുമായുള്ള ഭാര്യയുടെ അവിഹിത ബന്ധമൂലമാണെന്നും പറയുന്നു. എന്നാൽ ഈ വർഷം ജനവരി 15നാണ് നസീമയെ സിദ്ദിഖ് മൊഴി ചൊല്ലിയത്. സഫീർ ഖാന്റെ വെളിപ്പെടുത്തൽ അനുസരിച്ച് തലാഖ് കത്തിൽ നസീമയുടെ സ്വഭാവ ശുദ്ധിയെ സിദ്ദിഖ് ചോദ്യം ചെയ്യുന്നിടത്താണ് പ്രശ്‌നം. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അടുത്ത വിവാഹത്തിനായി നിസീമയെ കോൺഗ്രസ് നേതാവ് മൊഴി ചൊല്ലിയെന്നാണ് വ്യക്തമാകുന്നത്.

സിദ്ദിഖിന് തന്റെ ഭാര്യയായിരിക്കുമ്പോൾ തന്നെ ഷറഫുന്നീസയുമായി അടുപ്പമുണ്ടായിരുന്നു എന്ന ഗുരുതര ആരോപണമാണ് കുറ്റിപ്പുറം സ്വദേശിയും മുൻ പ്രവാസിയുമായ സഫീർ ഷാൻ ഉന്നയിച്ചത്. താൻ ഖത്തറിൽ ജോലി ചെയ്യുന്ന സമയത്താണ് ടി സിദ്ദിഖ് തന്റെ ഭാര്യയായിരുന്ന ഷറഫുന്നിസയുമായി ബന്ധം തുടങ്ങിയതെന്നും. ആദ്യം തനിക്ക് ഇതിൽ യാതൊരു സംശയവും ഇല്ലായിരുന്നുവെന്നും സഫീർ ഷാൻ പറഞ്ഞു. ഭാര്യയെ വീട്ടിൽ അടച്ച് വളർത്തുന്ന സ്വഭാവവും തനിക്കില്ലെന്നും സഫീർ മറുനാടനോട് പറഞ്ഞു.

ഗൾഫിൽ ആയിരുന്ന സമയത്ത് എന്റെ ബന്ധുക്കളും അവളുടെ നാട്ടുകാരുമെല്ലാം എന്നെ വിളിച്ച് ഷറഫുന്നിസയുടേയും സിദ്ദിഖിന്റേയും ബന്ധത്തെ പറ്റി പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കാൻ അന്ന് താൻ തയ്യാറായില്ല. എന്റെ ഉമ്മയ്ക്കും വീട്ടുകാർക്കും അവളെ വലിയ ഇഷ്ടമായിരുന്നു. നല്ല കവയത്രി കൂടിയായ ഷറഫുന്നിസയെ ഇക്കാര്യങ്ങൾ കൊണ്ട് ഒക്കെയാണ് ഞാനും ഇഷ്ടപ്പെട്ടത്. എല്ലാം തകിടം മറിഞ്ഞത് പിന്നീടായിരുന്നു. ഖത്തറിലായിരിക്കെ എന്റെ ഫോൺകോൾ അവൾ എടുക്കാതെ വന്നതോടെയാണ് എനിക്ക് ഈ വിഷയത്തിൽ സംശയം ബലപ്പെട്ടത്.

വിളിച്ചാൽ തന്നെ തിരക്കിലാണെന്ന് പറഞ്ഞ് വേഗം ഫോൺ കട്ട് ചെയ്യും. പിന്നെ ഞാൻ അറിയാതെ ഷറഫുന്നിസ ചില യാത്രകൾ ഒക്കെ നടത്തിയതായും വിവരം ലഭിച്ചു. അപ്പോഴൊന്നും അവരെ ഒഴിവാക്കണമെന്ന് എന്റെ മനസിന്റെ ചെറിയൊരു കോണിൽ പോലും ഉണ്ടായിരുന്നില്ല. നാട്ടിൽ പ്രശ്‌നം മൂർച്ഛിച്ചപ്പോൾ ഗൾഫിൽ നിന്നും തിരിച്ചുവരാനായി പിന്നെ ശ്രമം. അതും മൂന്ന് മാസം നീണ്ടു. പിന്നീടാണ് അതിന്റെ പിന്നിലും കോൺഗ്രസ്സ് ബന്ധമാണെന്ന് മനസിലായത്. (ആ കമ്പനിയുടെ മുതലാളി നല്ല കോൺഗ്രസ്സ് ബന്ധമുള്ള ആളായിരുന്നു.) വൈകിയാണെങ്കിലും നാട്ടിൽ എത്തിയത് ഷറഫുന്നിസയുമായി ഒന്നിച്ച് ജീവിക്കാമെന്നുറച്ച് തന്നെയാണ്. നാട്ടിൽ വന്നപ്പോഴാണ് 6 മാസം മാത്രം പ്രായമുള്ള രണ്ടാമത്തൈ മകൻ അസുഖം മൂലം ആശുപത്രിയിൽ അഡ്‌മിറ്റ് ആകുന്നത്. ഈ ദിവസങ്ങളിൽ ആണ് സിദ്ദിഖുമായുള്ള എന്റെ ഭാര്യയുടെ ബന്ധത്തിന് നേരിട്ടുള്ള തെളിവ് ലഭിക്കുന്നത്.

പലപ്പോഴും അവൾ തന്റെ ഫോൺ എന്നിൽ നിന്നും മറച്ച് പിടിക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ വച്ച് ഷറഫുന്നിസ ബാത്ത് റൂമിൽ പോയപ്പോൾ നിർത്താതെ വന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ തന്റെ ശ്രദ്ദയിൽപ്പെട്ടു. ഇതിൽ പലതും സിദ്ദിഖിന്റേയും അയാളുടെ പി എ രാജേഷിന്റേയും ആയിരുന്നു. പല സന്ദേശങ്ങളും ഭർത്താവ് എന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. എന്നിട്ടും ഞാൻ തുടർന്ന് പോകാൻ തന്നെ ആഗ്രഹിച്ചു. രണ്ട് മക്കളെ ഓർത്ത്. അത് നടക്കാതിരുന്നത് സിദ്ദിഖ് കാരണമായിരുന്നു. ഈ കാര്യങ്ങൾ ഒക്കെ നടക്കുമ്പോൾ സിദ്ദിഖും താനും വിവാഹമോചിതർ ആയിരുന്നില്ല. മറ്റൊരുവന്റെ ഭാര്യയെ തട്ടിയെടുത്തു എന്ന് പറയുന്നില്ല.

ഷറഫുന്നിസയുമായി വിവാഹമോചനം പോലും ഭീഷണിയെ തുടർന്നാണ്. ഇന്റർനെറ്റ് കോൾ മുഖേനെ ആയിരുന്നു ഭീഷണി. തന്നെ വേണ്ടാത്തവളെ തനിക്കെന്തിനാണ്. അവളെ അവളുടെ വഴിക്ക് വിടുക ഇതൊക്കെയായിരുന്നു നിരന്തരം വന്ന ഭീഷണി ഫോൺ കോളുകളുടെ ഉള്ളടക്കം. എന്റെ സഹോദരന്റേയും എന്റെ കുടുംബത്തിന്റേയും നല്ല ഭാവിയെ കരുതിയാണ് പേടിച്ച് തലാഖ് ചൊല്ലാൻ താൻ തയ്യാറായതെന്നും സഫീർ പറഞ്ഞു വയ്ക്കുന്നു. മക്കളെ കിട്ടുക എന്നതാണ് ഇനി തന്റെ ലക്ഷ്യം. സിദ്ദിഖിനും ഷറഫുന്നിസയ്ക്കും നല്ലൊരു ജീവിതത്തിനായി പ്രാർത്ഥിക്കാമെന്നും സഫീർ കൂട്ടിച്ചേർത്തു.

സിദ്ദിഖിനെതിരെ മുൻ ഭാര്യ നസീമ ഉന്നയിച്ച ആരോപണങ്ങൾളാണ് സഫീർ ശരിവയ്ക്കുന്നത്. നസീമ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചതോടെയാണ് സിദ്ദിഖിന്റെ വിവാഹ മോചന വാർത്ത പുറംലോകം അറിയുന്നത്. ഫീലിങ് പോയി തുലയെടാ.. എന്നു പറഞ്ഞ് ജീവിതം എന്താണെന്നും എങ്ങനെ കാണിച്ചു തരാമെന്നും കുട്ടികളുടെ ചിത്രം സഹിതം നസീമ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് തിരക്കിയ മറുനാടൻ മലയാളിയോട് സിദ്ദിഖ് കാൻസറിന്റെ പേരിൽ തന്നെ ഉപേക്ഷിച്ചെനാണ് നസീമ പറഞ്ഞിരുന്നത്. വാർത്ത പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ രോഗിയായിരുന്ന വേളയിൽ നസീമയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് താനായിരുന്നു. ഭാര്യയുടെ സംശയരോഗം സഹിക്കാൻ കഴിയാത്ത ഘട്ടത്തിലാണ് താൻ അവരെ മൊഴിചൊല്ലിയതെന്നും സിദ്ദിഖും വിശദീകരിച്ചു. തുടർന്ന് സിദ്ദിഖിന്റെ റെഡിമെയ്ഡ് വിവാഹത്തിനെതിരെയായി പ്രതികരണം. നസീമ കോടതിയിൽ പരാതിയും കൊടുത്തു. ഇതിനിടെയാണ് സഫീർ മറുനാടനോട് കാര്യങ്ങൾ വിശദീകരിച്ചത്. നസീമ ആരോപിച്ചതു പോലെ സിദ്ദിഖിന്റെ പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം കൂടി ഇത് ശരിവയ്ക്കുന്നു.

പരസ്ത്രീയെന്ന് നസീമ ആരോപിച്ച് പെൺകുട്ടി ഇപ്പോൾ തന്റെ ഭാര്യയാണെന്ന് പറഞ്ഞ സിദ്ദിഖ് താൻ വിവാഹിതനായ കാര്യവും മറുനാടൻ മലയാളിയിലൂടെ ലോകത്തെ അറിയിച്ചു. കണ്ണൂർ സ്വദേശിനിയായി പി വി ഷറഫുന്നീസയെയാണ് സിദ്ദിഖ് വിവാഹം കഴിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇരുവരുടെയും നിക്കാഹ് നടന്നത്. വാർത്തക്കൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് സിദ്ദിഖിന്റെ ഭാര്യയുടെ ചിത്രമാണ്. എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയും കൂടിയാണ് ഷറഫുന്നീസ. മോശം സ്വഭാവത്തിന്റെ പേരിൽ മൊഴി ചൊല്ലി ദിവസങ്ങൾക്കുള്ളിൽ സിദ്ദിഖിന് പുതിയ ഭാര്യയെ എങ്ങനെ കിട്ടിയെന്നതാണ് നസീമ ഉയർത്തിയ ചോദ്യം. ഇത് സാധൂകരിക്കാൻ ചിത്രങ്ങളും പുറത്തുവിട്ടു. അതുകൊണ്ട് തന്നെ സഫീറിന്റെ വെളിപ്പെടുത്തലോടെ സിദ്ദിഖ് കൂടുതൽ പ്രതിരോധത്തിലാകും.

തന്നെ മൊഴി ചൊല്ലിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണെന്ന ആരോപണങ്ങൾക്ക് കരുത്തു പകരുന്ന വാക്കുകളുമായാണ് കോഴിക്കോട് ഹയർസെക്കണ്ടറി സ്‌കൂളെ അദ്ധ്യാപിക കൂടിയായ നസീമ ഫേസ്‌ബുക്കിൽ തുറന്ന കത്തെഴുതിയത്. ഭാര്യയെ ഉപേക്ഷിച്ച് ഒരും മാസം തികയും വിവാഹം ചെയ്യാൻ സ്ത്രീയെ റെഡിമെയ്ഡ് ആയി എങ്ങനെ ലഭിച്ചുവെന്നാണ് നസീമ ചോദിക്കുന്നത്. ജനുവരി 12 ന് സിദ്ദിഖിന്റെ പുതിയ ഭാര്യ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും തുറന്ന കത്തിനൊപ്പം നസീമ പുറത്തുവിട്ടു.

വിവാഹ മോചന വിഷയത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുവെന്നും നസീമ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ, ഷാനി മോൾ ഉസ്മാൻ, ബെന്നി ബഹനാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ സമീപിച്ച് പ്രശ്‌നം തർത്തു തരാൻ ആവശ്യപ്പെട്ടിരുന്നതായും നസീമ വെളിപ്പെടുത്തി. പാത്തും പതുങ്ങിയും വിവാഹം കഴിച്ചപ്പോൾ രണ്ട് മക്കളെ കൂടി പങ്കെടുപ്പിക്കാമായിരുന്നില്ലേയെന്നും നസീമ തുറന്ന കത്തിലൂടെ വ്യക്തമാക്കിയിരുന്നു.

നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ട് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നും നസീമ പറയുന്നു. അനുസരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് മക്കളെയും എന്നെയും മൊഴി ചൊല്ലാൻ നാണമില്ലേയെന്നും അവർ ചോദിക്കുന്നു. നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന സിദ്ദിഖിന്റെ വാദത്തെയും അവർ തള്ളിക്കളയുന്നു. ഒരു ശമ്പളവുമില്ലാതെ, 'മറ്റു വരുമാനമില്ലാതെ' താങ്കൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് വെളിപ്പെടുത്തണമന്നും സാമ്പത്തിക ആസ്തി വെളിപ്പെടുത്തണമെന്നും നസീമ ആവശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP