Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചായക്കടയിൽ വിഷമത്തോടെ നിന്ന മലയാളിയെ കുളിപ്പിച്ചും ഷേവ് ചെയ്യിപ്പിച്ചും ഉടുക്കാൻ വസ്ത്രം വാങ്ങി നൽകിയും കുട്ടപ്പനാക്കി; ഹാർബറിലെ വളർമതിക്ക് പരിചയപ്പെടുത്തി കൊടുത്തത് 'ചിറ്റപ്പൻ' എന്നും; ചെറിയ കടങ്ങൾ കൃത്യമായി കൊടുത്ത് വലിയ തുകകൾ വാങ്ങി മുങ്ങിയപ്പോൾ ഹരിപ്പാടുകാരൻ ചെന്ന് പെട്ടത് 80 ലക്ഷത്തിന്റെ കടക്കുരുക്കിൽ; കുടുംബ ജീവിതം തകർന്നതോടെ പ്രതികാരാഗ്‌നിയിൽ സുദർശനെ തേടി ബിജു അലയുന്നു; ഭരതൻ-ലാൽ ടീമിന്റെ താഴ്‌വാരത്തെ അനുസ്മരിപ്പിച്ച് ശീർകാഴിയിൽ നിന്നൊരു തട്ടിപ്പിന്റെ കഥ

ചായക്കടയിൽ വിഷമത്തോടെ നിന്ന മലയാളിയെ കുളിപ്പിച്ചും ഷേവ് ചെയ്യിപ്പിച്ചും ഉടുക്കാൻ വസ്ത്രം വാങ്ങി നൽകിയും കുട്ടപ്പനാക്കി; ഹാർബറിലെ വളർമതിക്ക് പരിചയപ്പെടുത്തി കൊടുത്തത് 'ചിറ്റപ്പൻ' എന്നും; ചെറിയ കടങ്ങൾ കൃത്യമായി കൊടുത്ത് വലിയ തുകകൾ വാങ്ങി മുങ്ങിയപ്പോൾ ഹരിപ്പാടുകാരൻ ചെന്ന് പെട്ടത് 80 ലക്ഷത്തിന്റെ കടക്കുരുക്കിൽ; കുടുംബ ജീവിതം തകർന്നതോടെ പ്രതികാരാഗ്‌നിയിൽ സുദർശനെ തേടി ബിജു അലയുന്നു; ഭരതൻ-ലാൽ ടീമിന്റെ താഴ്‌വാരത്തെ അനുസ്മരിപ്പിച്ച് ശീർകാഴിയിൽ നിന്നൊരു തട്ടിപ്പിന്റെ കഥ

എം മനോജ് കുമാർ

തൃശൂർ: തമിഴ്‌നാട് ശീർകാഴിയിൽ വന്ന് എന്റെ പേരിൽ 80 ലക്ഷം രൂപ ബാധ്യതയുണ്ടാക്കി മുങ്ങിയ സുദർശൻ എന്നയാളെ അറിയാമോ? ശീർകാഴിയിൽ നിന്ന് കുടുംബത്തെ ഉപേക്ഷിച്ച് അപമാനിതനായി ഒളിച്ചോടേണ്ടി വരുകയും അതേ ഒളിവു ജീവിതം ഇപ്പോഴും തുടരുകയും ചെയ്യുന്ന ഹരിപ്പാട് കുമാരപുരം സ്വദേശി ബിജു ചോദിക്കുന്നു.

എം ടി.ഭരതൻ ടീമിന്റെ ക്ലാസിക് സിനിമയായ താഴ്‌വാരത്തിലെ ബാലന്റെ (മോഹൻലാൽ) അവസ്ഥയാണ് ബിജു നേരിടുന്നത്. പ്രതികാരം ഉള്ളിലൊതുക്കി അന്വേഷിച്ച് നടക്കുന്ന താഴ്‌വാരത്തിലെ ബാലന് എതിരാളിയായ രാജുവിനെ (സലിം ഗൗസ്) പിന്തുടരാനും കണ്ടുമുട്ടാനും കഴിയുന്നുണ്ടെങ്കിലും ഇവിടെ ബിജുവിന് തന്റെ എതിരാളിയായ സുദർശനെ ഇതുവരെ കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ല. മനസ്സിൽ അടക്കിവച്ച പകയും പ്രതികാരവുമായി തൃശൂരിൽ നിന്ന് ബിജു അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് സുദർശനെ. അയാൾ തന്റെ മുന്നിൽ വന്നുപെടുമെന്ന് ബിജു ഉറപ്പായും വിശ്വസിക്കുകയാണ്. സുദർശനെ എങ്ങിനെയും തന്റെ മുന്നിൽ എത്തിക്കാൻ ഇപ്പോഴും പ്രാർത്ഥിച്ചു കൊണ്ടുമിരിക്കുന്നു.

സുദർശൻ ശീർകാഴിയിൽ ബിജുവിന് ബാധ്യതയാക്കി പോയ 80 ലക്ഷം രൂപ തേടി വട്ടിപ്പലിശക്കാർ ഈ കഴിഞ്ഞ ദിവസം ബിജുവിനെ തേടി എത്തിയിരുന്നു. ശീർകാഴിയിലെ തമിഴ് തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലെത്തിയ വട്ടിപ്പലിശക്കാർ ഒരു ദിവസം രാത്രി മുഴുവൻ ബിജുവിനെ ബന്ദിയാക്കി മാറ്റി. എയർഫോഴ്‌സിൽ ജോലി ചെയ്യുന്ന ചേട്ടനെ ബിജുവിന്റെ ഫോണിൽ വിളിപ്പിച്ചു. 80 ലക്ഷത്തിലേറെ രൂപയുടെ ചെക്കുകൾ തുക സഹിതം പലർക്കായി എഴുതി നൽകാൻ ആവശ്യപ്പെട്ടു. ആ ചെക്കുകൾ ശീർകാഴി എസ്‌ഐയുടെ പേരിൽ കൊറിയർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയാണ് വട്ടിപ്പലിശക്കാർ ബിജുവിനെ തൃശൂരിൽ നിന്നും മോചിപ്പിച്ചത്.

ഇപ്പോഴും ബിജു അന്വേഷിക്കുകയാണ്, താൻ ഭക്ഷണം നൽകിയ, വസ്ത്രം നൽകിയ, ജോലി നൽകിയ സുദർശൻ ഇപ്പോൾ എവിടെയുണ്ടെന്ന്. ബിജു സ്വന്തം പേരിൽ എടുത്ത് നൽകിയ പണം ഉപയോഗിച്ചാണ് സുദർശൻ ശീർകാഴിയിൽ നിന്ന് കോഴിക്കോടേക്ക് മത്സ്യക്കയറ്റുമതി നടത്തിയത്.

സുദർശൻ മുങ്ങിയപ്പോൾ ഉത്തരവാദിത്തം എനിക്കായി

ചെറിയ തുകകൾ കൃത്യമായി മടക്കി നൽകിയ ശേഷം വൻ തുകയായപ്പോൾ ഈ തുക ഒറ്റയടിക്ക് കയ്യിലാക്കിയാണ് സുദർശൻ ശീർകാഴിയിൽ നിന്നും മുങ്ങിയത്. ആ തുക 80 ലക്ഷം രൂപയ്ക്ക് അടുത്തുണ്ടെന്നു ബിജു ഒരിക്കലും അറിഞ്ഞതേയില്ല. മത്സ്യക്കയറ്റുമതി നടത്തി സുദർശൻ മുങ്ങിയപ്പോഴാണ് സുദർശന് പലിശയ്ക്ക് പണം നൽകിയിരുന്ന ശീർകാഴിയിലെ ആളുകൾ ബിജുവിനെ തിരഞ്ഞു വന്നത്. ഇന്നു വരും നാളെ വരും എന്ന് കരുതി ബിജു കാത്തിരുന്നെങ്കിലും സുദർശൻ വന്നതേയില്ല. ആളുകൾ പണം ലഭിക്കാൻ ബിജുവിനെ വളഞ്ഞുവെച്ചു. സ്വന്തം ചിറ്റപ്പൻ മുങ്ങിയെങ്കിലും ശീർക്കാഴിക്കാരനായ ബിജു തന്നെ പണം തിരികെ നൽകണമെന്ന് പലിശക്കാർ ശഠിച്ചു.

സുദർശൻ ചിറ്റപ്പൻ അല്ല തനിക്ക് യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞെങ്കിലും വിആർബി രമണി ഫിഷറീസിന്റെ ഉടമ താങ്കൾ തന്നെയാണല്ലോ അപ്പോൾ പണം നൽകണമെന്നു ഇവർ വിട്ടുവീഴ്ചയില്ലാതെ പറഞ്ഞു. ശീർകാഴിയിൽ ഒരു ബന്ധവുമില്ലാതെ നിന്ന സുദർശനു ജീവിതത്തിലേക്ക് വഴികാട്ടാനുള്ള ശ്രമത്തിൽ തന്റെ സ്വന്തം ചിറ്റപ്പൻ എന്നാണ് ആളുകൾക്ക് മുന്നിൽ ബിജു പരിചയപ്പെടുത്തിയത്. സുദർശൻ തുടങ്ങിയ വിആർബി രമണി ഫിഷറീസിന്റെ ഉടമ എന്ന് സുദർശൻ പരിചയപ്പെടുത്തിയത് ബിജുവിനെയുമായിരുന്നു. പണം നൽകാതെ ശീർകാഴിയിൽ നിൽക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയപ്പോൾ ശീർകാഴി എസ്‌ഐയുടെ സഹായം തേടിപ്പോയി. ബിജുവിന്റെ കഥയറിഞ്ഞു ഞെട്ടിപ്പോയ എസ്‌ഐ അവിടെ ബിജുവിന് തുടരാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. രക്ഷ തേടി ശീർകാഴി വിടുകയാണ് നല്ലത് എന്ന് ബിജുവിനെ ഉപദേശിച്ചതും ശീർകാഴി എസ്‌ഐ തന്നെയായിരുന്നു.

ഭാര്യവീട്ടുകാർ പറഞ്ഞത് ബന്ധം ഒഴിവാക്കാൻ

ബിജു ശീർകാഴിയിൽ നിന്ന് മുങ്ങി എന്ന് മനസിലാക്കിയപ്പോൾ ബിജുവിന്റെ കുടുംബത്തെ പലിശക്കാർ സ്ഥിരമായി ശല്യം ചെയ്തു. ശീർക്കാഴിക്കാരായ ബിജുവിന്റെ ഭാര്യവീട്ടുകാർക്ക് ശീർകാഴി വിടുക ആലോചിക്കാൻ പോലും കഴിയുന്ന കാര്യമല്ല. ബിജുവിന്റെ ഭാര്യയേയും അവർ പൊലീസ് സ്റ്റേഷൻ കയറ്റി. ബിജുവിനും ഭാര്യയ്ക്കും ഒരു പങ്കുമില്ലെന്നു മനസിലാക്കിയ ശീർകാഴി പൊലീസ് അവരെ സ്റ്റേഷനിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു. പക്ഷെ ഭാര്യ വീട്ടുകാർ ഈ ബന്ധം ഒഴിയാനാണ് ബിജുവിനോട് ആവശ്യപ്പെട്ടത്. ബിജുവുമായുള്ള ബന്ധത്തിൽ ഈ ദമ്പതികൾക്ക് കുട്ടികൾ ഇല്ലാതിരുന്നതും ഈ തീരുമാനം എടുക്കാൻ ഭാര്യയ്ക്കും വീട്ടുകാർക്കും പ്രേരണയാവുകയും ചെയ്തു.

ഇപ്പോൾ എത്രയും വേഗം വിവാഹമോചനം വേണം എന്നാണ് ഭാര്യ ബിജുവിനോട് ആവശ്യപ്പെട്ടത്. വിവാഹമോചന ഹർജിയിൽ തനിക്ക് ഒപ്പിടേണ്ടി വരും എന്ന് ഉറപ്പുള്ള നിമിഷങ്ങളാണ് ഇപ്പോൾ ഇയാൾക്ക് മുന്നിലുള്ളത്. അഭയാർഥിയായി വന്ന ആൾക്ക് വസ്ത്രം, ഭക്ഷണം, ജോലി, താമസസൗകര്യം എന്നിവ ശരിയാക്കി നൽകിയപ്പോൾ ആ വ്യക്തി തന്റെ കുടുംബം കുളംതോണ്ടി പോയത് ഓർക്കുമ്പോൾ ഒരു നിമിഷം പോലും സ്വസ്ഥത ലഭിക്കുന്നുമില്ല. ഇപ്പോൾ താഴ്‌വാരത്തിലെ ബാലനെപ്പോലെ ബിജു തേടുകയാണ് സുദർശനെ. അയാൾ തന്റെ മുന്നിൽ വന്നു പെടും. എനിക്ക് ഉറപ്പുണ്ട്-മറുനാടനോട് ബിജു പറയുന്നു. ബിജു പറഞ്ഞ കഥ ഇങ്ങനെ:

ഹരിപ്പാട്ടുകാരൻ ബിജു ജീവിതം പറയുന്നു

ഞാൻ ഹരിപ്പാട് സ്വദേശിയാണ്. തകിൽ പഠിക്കാൻ വേണ്ടിയാണ് ഞാൻ നാഗപട്ടണത്തെ ശീർകാഴിയിൽ വന്നത്. അതും പതിനേഴ് വർഷം മുൻപ്. ശീർകാഴിയിലെ മ്യൂസിക് കോളേജിലാണ് പഠിച്ചത്. അവിടുത്തെ ഹോസ്റ്റലിൽ ആണ് പഠിച്ചത്. എന്റെ അമ്മാവൻ എഐആറിന്റെ ലേഖകൻ ആയിരുന്നു. അദ്ദേഹം ആ ഘട്ടത്തിൽ മുന്നൂറ്റി അൻപത രൂപ അയക്കുമായിരുന്നു. ആ തുക കൊണ്ടാണ് എന്റെ ചെലവ് കഴിഞ്ഞത്. ഒരു കൂട്ടുകാരനെ എനിക്ക് കോളേജിൽ നിന്നും ലഭിച്ചു.

സുധാകർ എന്നായിരുന്നു അവന്റെ പേര്. അവൻ എന്നെ അവന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി. എന്നെ അവന്റെ വീട്ടിൽ താമസിപ്പിച്ചു. ഭക്ഷണം എനിക്ക് അവിടെ നിന്ന് ലഭിച്ചു. ആ കുടുംബവുമായി എനിക്ക് അടുപ്പമായി. അവർ എന്നെ മകനെപ്പോലെ കരുതി. മലയാളിക്ക് ഒരംഗീകാരം എവിടെയും ലഭിക്കും. ആ അംഗീകാരം എനിക്കും ലഭിച്ചു. ആയിടെ ജയളിത നാഗപട്ടണത്ത് വന്നിരുന്നു. അവർക്ക് നൂറ്റൊന്നു തകിൽ വാദത്തോടെ സ്വീകരണം ഒരുക്കാൻ അവിടുത്തുകാർ എന്നെ ഏൽപ്പിച്ചു. ആ ചടങ്ങിനു ഞാനാണ് നേതൃത്വം നൽകിയത്. അതോടെ ശീർകാഴിയിൽ എനിക്ക് കൂടുതൽ ബഹുമാനം ലഭിച്ചു.

പഞ്ചാപകേശൻ കാണിച്ച അടുപ്പം ശബരിമലയിൽ വിനയായി

ശാരീരിക പ്രശ്‌നം കാരണം എനിക്ക് തകിൽ വാദനം നിർത്തേണ്ടി വന്നു. അങ്ങിനെയാണ് വീണ്ടും നാട്ടിലേക്ക് വരുന്നത്. നാട്ടിൽ എത്തിയപ്പോൾ അമ്മാവൻ വഴി എനിക്ക് ശബരിമല ഇൻഫർമേഷൻ കൗണ്ടറിൽ ജോലി ലഭിച്ചു. താത്കാലിക അടിസ്ഥാനത്തിൽ ഉള്ള ജോലി തുടർന്ന് പോകുമ്പോഴാണ് അവിടെ പഞ്ചാപകേശൻ സ്‌പെഷ്യൽ കമ്മിഷണർ ആയി വരുന്നത്. അദ്ദേഹത്തിനു ഹരിപ്പാടിനോട് താത്പര്യമുണ്ടായിരുന്നു. ഞാൻ ഹരിപ്പാട് സ്വദേശിയായതിനാൽ അദ്ദേഹം എപ്പോഴും എന്നെ കൂട്ടി. റെയ്ഡ് നടക്കുമ്പോൾ എന്നെ കൂട്ടിയത് എനിക്ക് പിന്നീട് പാരയായി മാറി. റെയ്ഡുകൾക്ക് എന്നെ ഒപ്പം കണ്ടപ്പോൾ ഞാൻ നൽകിയ വിവരം അനുസരിച്ചാണ് റെയ്ഡുകൾ എന്ന് പലരും തെറ്റിദ്ധരിച്ചു. പഞ്ചാപകേശനെ പിന്നീട് ഹൈക്കോടതി തന്നെ തിരിച്ചു വിളിച്ചു. അതോടെ ഞാൻ ഒറ്റയ്ക്കായി.

ആളുകൾ എനിക്ക് എതിരായി തിരിഞ്ഞു. അതോടെ എനിക്ക് ശബരിമലയിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിലായി. തുടർന്നാണ് ഞാൻ വീണ്ടും ശീർകാഴിയിലേക്ക് എത്തിയത്. ആട് കച്ചവടമായിരുന്നു ഞാൻ അവിടെ നടത്തിയത്. ശീർകാഴിയിലെ എന്റെ സുഹൃത്ത് സുധാകരന്റെ പെങ്ങളെ ഞാൻ വിവാഹം കഴിക്കുകയും ചെയ്തു. അത് നാലര വർഷം മുൻപായിരുന്നു അത്. അന്ന് അവൾ ഡിഗ്രി ഫസ്റ്റ് ഇയർ ആയിരുന്നു. എംകോം വരെ അവളെ ഞാൻ പഠിപ്പിച്ചു. ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. ഭൂമിയിലെ സന്തോഷകരമായ ജീവിതം എന്റെയാണോ എന്ന് പോലും എനിക്ക് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്. ഈ ഘട്ടത്തിലാണ് പിന്നീട് എനിക്ക് കുരുക്കായി മാറിയ, എന്റെ ജീവിതം തന്നെ തകർച്ചയ്ക്ക് കാരണമായി മാറിയ ആ വാർത്ത എന്നെ തേടി എത്തിയത്.

ശീർകാഴിയിൽ വിഷമത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ തോന്നിയത് സഹായം ചെയ്യാൻ

ഒരു മലയാളി അവിടുത്തെ ചായക്കടയിൽ വിഷമത്തോടെ നിൽക്കുന്നത് കണ്ടു. മലയാളി ആണെന്ന് അവിടുത്തുകാർ എന്നോടു പറഞ്ഞു. അയാളെ ഞാൻ പരിചയപ്പെട്ടു. കൊല്ലം സ്വദേശിയാണ് സുദർശൻ എന്നാണ് പേര് എന്നാണ് എന്നോടു പറഞ്ഞത്. ഞാൻ പബ്ലിക് ബാത്ത്‌റൂമിലെക്ക് കൂട്ടിക്കൊണ്ട് പോയി. അയാളോടു കുളിക്കാൻ പറഞ്ഞു. ഷേവ് ചെയ്യിപ്പിച്ചു. ഉടുക്കാൻ വസ്ത്രം വാങ്ങി നൽകി. താമസത്തിനു ഒരു ടൂറിസ്റ്റ് ഹോമിലെ ഒരു റൂം ഏർപ്പാട് ചെയ്തു നൽകി. അയാളെ എന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകി. താമസത്തിനു ടൂറിസ്റ്റ് ഹോമും ഏർപ്പാട് ചെയ്ത് നൽകി. എന്താണ് ജോലി അറിയുക എന്ന് ചോദിച്ചു. മീൻ കച്ചവടം അറിയും എന്ന് പറഞ്ഞു.

പഴയാർ ഹാർബറിൽ ഞാൻ അവനെ കൂട്ടിക്കൊണ്ടുപോയി. വളർമതി എന്ന സ്ത്രീയെ വച്ചാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം ഞാൻ കാണിച്ചത്, എന്റെ ചിറ്റപ്പൻ ആണ് സുദർശൻ എന്നാണ് ഞാൻ പറഞ്ഞത്. ഇയാളുടെ ജീവിതം രക്ഷപ്പെടാൻ ഒരു കാരണമായി ഞാൻ ഒരു കളവ് പറയുകയായിരുന്നു. ചിറ്റപ്പൻ എന്ന എന്റെ വാക്ക് സുദർശൻ നല്ലവണ്ണം യൂസ് ചെയ്തു.

എന്റെ സ്വാധീനം ഉപയോഗിച്ച് സുദർശൻ ബന്ധങ്ങളുണ്ടാക്കി

എനിക്ക് അവിടെയുണ്ടായിരുന്ന സ്വാധീനം മുഴുവൻ സുദർശൻ ഉപയോഗപ്പെടുത്തി. മീൻ മൊത്തക്കച്ചവടക്കാരിയായ വളർമതി സുദർശന് മീൻ പണം ഇല്ലാതെ തന്നെ നൽകാൻ തുടങ്ങി. മീൻ കോഴിക്കോട് കൊണ്ടുപോയി വിറ്റുകഴിഞ്ഞ ശേഷം മാത്രം പണം നൽകിയാൽ മതി. മൂന്നാം ദിവസം നല്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ പത്ത് ദിവസം സമയമുണ്ട്. ചെറിയ തുക പലിശ നൽകിയാൽ മതി. എന്നാൽ സുദർശൻ മൂന്നാം ദിനം തന്നെ പണം നൽകി. വിശ്വാസ്യത എപ്പോഴും നിലനിർത്തി. ആളുകൾക്ക് ഇപ്പോഴും പണം കൃത്യമായി നൽകി.

പണം നൽകാൻ പത്തു ദിവസം പോലും കാത്ത് നിൽക്കാത്തത് കാരണം എല്ലാവരുടെയും ഇടയിൽ സുദർശന് വിശ്വാസ്യത കൂടി. പലിശക്കാർക്ക് സുദർശനു പണം നൽകാൻ ഒരു മടിയും വന്നില്ല. നാല്പത് ബോക്‌സ് മീനാണ് സുദർശൻ എടുത്തിരുന്നത്. പണം വന്നപ്പോൾ സ്വന്തമായി ഒരു വീട് സുദർശൻ വാടയ്ക്ക് എടുക്കുകയും ചെയ്തു.

മീൻ കയറ്റുമതി വളർത്തിയത് പടിപടിയായി

പിന്നീട് സുദർശൻ എന്റെ വീട്ടിൽ വന്നു എന്നോടു പറഞ്ഞു, ബിജു നീ ഇങ്ങിനെ 300, 200 രൂപയുമായി കഴിയാതെ. എന്റെ ഒപ്പം വാ. എന്റെ ബിസിനസിൽ പങ്കാളിയാകൂ. നമുക്ക് ഒരു മീൻ കമ്പനി തുടങ്ങാം എന്നൊക്കെ പറഞ്ഞു. ഞാൻ ഒന്നിനും സമ്മതം മൂളിയില്ല. കാരണം എനിക്ക് ഈ രംഗത്ത് ഒരു പിടിപാടുമില്ലായിരുന്നു. പക്ഷെ എന്റെ വീട്ടിൽ തുടർച്ചയായി സുദർശൻ വന്നു. നിരന്തരമായ സമ്മർദ്ദത്തിന്നോടുവിൽ ബിസിനസിൽ പങ്കാളിയാകാൻ ഞാനും തീരുമാനിച്ചു.

അങ്ങിനെ വിജയമ്മ രമണി ബിജു (വിആർബി ) എന്ന പേരിൽ കമ്പനി തുടങ്ങി. എല്ലാം വന്നത് എന്റെ പേരിൽ. പിന്നീട് കോഴിക്കോട് പോയി വന്നപ്പോൾ പറഞ്ഞു എനിക്ക് 40000 രൂപ ലാഭം കിട്ടി. 20000 രൂപ നിനക്ക്, ഇതു പറഞ്ഞു 20000 രൂപ എന്റെ പേർക്ക് നീട്ടി. അങ്ങിനെ കൂടുതൽ പണം എന്റെ കയ്യിൽ കൊണ്ടുവന്നു. പിന്നീട് പറഞ്ഞു 40 ബോക്‌സിൽ ഒതുക്കാതെ 80 ബോക്‌സ് വേണം, ബിസിനസ് വിപുലപ്പെടുത്തണം എന്ന് പറഞ്ഞു. എന്നോടു ഹാർബറിൽ വരണം എന്ന് പറഞ്ഞു. അവിടെ എന്നെ മുതലാളിയാക്കിയാണ് പരിചയപ്പെടുത്തിയത്. എല്ലാവരും എന്നെ മുതലാളിയായി കണ്ടു. അടുത്ത ഹാർബറിൽ പോയി 80 ബോക്‌സിന്റെ വണ്ടി ഞാൻ ശരിയാക്കിക്കൊടുത്തു. 80 ബോക്‌സിന്റെ വണ്ടി മാത്രമല്ല 80 ബോക്‌സും വാടകയ്ക്ക് നൽകിയയാൾ എനിക്ക് നൽകി. സുദർശൻ കാശ് എനിക്ക് നൽകിക്കൊണ്ടിരുന്നു. എല്ലാം ലാഭം എന്ന് പറഞ്ഞിട്ടാണ് നൽകിയത്.

ഹാർബറിൽ നിന്നും മീൻ എടുത്ത വകയിൽ കടമാക്കിയത് 88 ലക്ഷത്തോളം രൂപ

അതിന്നിടയിൽ എന്നോടു 120 ബോക്‌സിന്റെ വണ്ടി വേണം എന്ന് പറഞ്ഞു. അതും ഞാൻ ശരിയാക്കി നൽകി. എല്ലാം എന്റെ ക്രെഡിറ്റിൽ. കടം എന്റെ പേരിൽ പെരുകിക്കൊണ്ടിരിക്കുകയാണ് എന്ന് ഞാൻ അറിഞ്ഞതേയില്ല. എല്ലാം സുദർശൻ നൽകും എന്ന് ഞാൻ കരുതി. സുദർശന്റെ സാമ്പത്തിക ഇടപാടുകൾ ഒന്നും ഞാൻ അറിഞ്ഞതേയില്ല. പക്ഷെ എല്ലാ കടവും എന്റെ പേരിൽ തന്നെയാണ് വന്നതും. മൂന്നു മാസമാണ് ഒരു സീസൺ. സീസൺ തീരാൻ സമയമായപ്പോൾ കാശ് എല്ലാം സെറ്റിൽ ചെയ്യേണ്ട സമയമായി. ഈ സമയങ്ങളിൽ മൂന്നും നാലും വണ്ടി മീനാണ് പഴയാർ ഹാർബറിൽ നിന്നും അയക്കാൻ തുടങ്ങിയത്.

ബോട്ടുകാർക്ക് വിശ്വാസം വന്നതിനാൽ അവരും ഈ കാര്യം ശ്രദ്ധിച്ചില്ല. എട്ടു പത്തു വണ്ടി മീൻ ആണ് സീസൺ അവസാനം പോയത്. കണക്കുനോക്കിയപ്പോൾ ഹാർബറിൽ നിന്നും മീൻ എടുത്ത തുക തന്നെ 88 ലക്ഷത്തോളം രൂപ. നൂറു രൂപയ്ക്ക് കോഴിക്കോട് വിൽക്കേണ്ട മീൻ ഇവിടെ നിന്ന് തന്നെ 150 രൂപയ്ക്കാണ് എടുത്തത്. എല്ലാം ലേലം വിളിയുടെ അടിസ്ഥാനത്തിൽ. ഇതിന്നിടയിൽ എനിക്ക് നാല് പവന്റെ മാലയാണ് എനിക്ക് വാങ്ങിത്തന്നത്. വേണ്ട എന്ന് പറഞ്ഞിട്ടും എന്റെ കഴുത്തിൽ ഇട്ട് നൽകുകയായിരുന്നു.

88 ലക്ഷം കളക്റ്റ് ചെയ്യാൻ പോയ സുദർശൻ തിരിച്ചെത്തിയില്ല

88 ലക്ഷം രൂപ കളക്റ്റ് ചെയ്യാൻ കോഴിക്കോടെക്ക് പോയ സുദർശൻ പിന്നീട് ഒരിക്കലും തിരിച്ചെത്തിയില്ല. കമ്പനിയുടെ ഓണർ സ്ഥാനത്ത് ഞാനായിരുന്നതിനാൽ എല്ലാ കടവും എന്റെ പേരിൽ തന്നെ വന്നു. കടവും ബാധ്യതകളും ഞാൻ തന്നെ ഏറ്റെടുക്കേണ്ടി വന്നു. എന്റെ കുടുംബം തകർന്നു. ഭാര്യ എന്നെ വേണ്ടാ എന്ന് തീർത്ത് പറഞ്ഞു. പലിശക്കാർ എന്നെയും എന്റെ കുടുംബത്തെയും വേട്ടയാടി. 100 ഓളം ബോട്ടുകാരാണ് എന്റെ നേർക്ക് ഇരച്ചു വന്നത്. ഒട്ടനവധി കള്ളങ്ങളാണ് എനിക്ക് പിടിച്ചു നിൽക്കാൻ വേണ്ടി ഓരോരുത്തരോടും എനിക്ക് പറയേണ്ടി വന്നത്. ബോട്ടുകാരുടെ സമീപനമല്ല പലിശക്കാരുടെ സമീപനം. അവർ നിരന്തരം ശല്യപ്പെടുത്തി. പലിശക്കാർ അവർക്ക് പണം ലഭിക്കേണ്ടത് തന്നെയുണ്ടായിരുന്നു. അവർ വിട്ടില്ല. നിരന്തരം എന്നെ തേടി വന്നു. ശീർകാഴിയിലെ എന്റെ ഭാര്യ വീട്ടുകാരെയും അവിടുത്തെ പലിശക്കാർ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഭാര്യ വീട്ടുകാരും ഭാര്യയും എന്നെ ഒഴിവാക്കി. വിവാഹമോചന ഹർജി അവർ ഫയൽ ചെയ്യുകയാണ് എന്നാണ് പറഞ്ഞത്.

കോഴിക്കോട് ഞാൻ പോയി തിരക്കി. എല്ലാ പണവും സുദർശൻ കളക്റ്റ് ചെയ്തിട്ടുണ്ട്. സുദർശൻ പോവുകയും ചെയ്തിട്ടുണ്ട്. സുദർശൻ പോകാൻ ഇടയുള്ള സ്ഥലത്തെല്ലാം ഞാൻ അരിച്ചു പെറുക്കി. ഡിജിപിക്ക് ഞാൻ പരാതിയും നൽകി. പക്ഷെ ഇന്നു വരെ ഒരു വിവരവും ലഭിച്ചില്ല. അന്വേഷണത്തിൽ സുദർശൻ ഒരു ക്രിമിനൽ ആണെന്നു മനസിലാക്കാൻ കഴിഞ്ഞു. സ്വന്തം അച്ഛനെ കൊന്ന പശ്ചാത്തലവും സുദർശന് ഉണ്ടെന്നു മനസിലായി. ചെന്നൈയിൽ നിന്ന് എല്ലാ തട്ടിപ്പുകളും കാണിച്ച് അഞ്ചു മണിക്കൂർ യാത്ര ചെയ്താണ് സുദർശൻ ശീർകാഴിയിൽ എത്തിയത് തന്നെ. ചെന്നൈയിൽ നിന്ന് തട്ടിപ്പ് നടത്തി ശീർകാഴിയിൽ എത്തിയപ്പോഴാണ് ചായപ്പീടികക്കാരൻ മലയാളി എന്ന് പറഞ്ഞു എന്നോടു ഇയാളെ സഹായിക്കാൻ ആവശ്യപ്പെട്ടത്. ഇതോടെയാണ് എന്റെ കുടുംബം കുളം തോണ്ടി എന്റെ ജീവിതം നശിപ്പിച്ച് സുദർശൻ കടന്നുപോയത്. ഇപ്പോൾ എല്ലാത്തിനും കാരണക്കാരനായ സുദർശനെ തേടി ഞാൻ അലയുകയാണ്. പൊലീസ് എന്നെ സഹായിക്കും എന്ന് തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം-ബിജു പറയുന്നു.

ഇപ്പോൾ താഴ്‌വാരത്തിലെ ബാലനെപ്പോലെ തന്റെ ജീവിതം തച്ച് തകർത്ത സുദർശനെ തേടി ബിജു അലയുകയാണ്. സുദർശനെ കണ്ടു കിട്ടുമോ എന്ന് പോലും ബിജുവിന് നിശ്ചയമില്ല. കണ്ടുകിട്ടിയാൽ ശീർകാഴിയിൽ സുദർശനെ എത്തിക്കണം. തനിക്ക് ഒരു രൂപ പോലും കടമില്ലാത്ത ശീർകാഴിയിൽ താൻ ഇപ്പോൾ കടക്കാരനാണ്. സുദർശനെ ശീർകാഴിയിൽ എത്തിച്ചാൽ നാട്ടുകാരുടെ മുന്നിലെങ്കിലും എനിക്ക് തലയുയർത്തി നടക്കാൻ കഴിഞ്ഞേക്കും. ഇതാണ് ബിജുവിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷ നിലനിർത്തിതന്നെയാണ് തൃശൂരിലെ തമിഴ് തൊഴിലാളി ക്യാമ്പിൽ താമസിച്ച് ബിജു സുദർശനെ തേടി അലയുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP