Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്‌സിന്റെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയാണ് അച്ചന്മാർ; വികാരങ്ങളെ തടുക്കാൻ ശേഷിയില്ല; അച്ചന്മാരുടെ വികാരത്തള്ളിച്ചയിൽ ലൈംഗിക അടിമകളാകുന്നത് പാവം കന്യാസ്ത്രീകൾ; ചൂഷണം ചെയ്താലും അവർ നിശ്ശബ്ദം സഹിക്കും; അച്ചന്മാർ എല്ലാം പോയി കല്യാണം കഴിക്കട്ടെ; പൗരോഹിത്യത്തിനൊപ്പം വിവാഹജീവിതവും അനുവദിക്കുന്ന മാറ്റമാണ് ക്രിസ്തീയസഭകളിൽ വരേണ്ടത്; ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിന് ഫ്രാൻസിസ്‌കൻ സഭയിൽ നിന്ന് പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുര മനസ് തുറക്കുന്നു

സെക്‌സിന്റെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയാണ് അച്ചന്മാർ; വികാരങ്ങളെ തടുക്കാൻ ശേഷിയില്ല; അച്ചന്മാരുടെ വികാരത്തള്ളിച്ചയിൽ ലൈംഗിക അടിമകളാകുന്നത് പാവം കന്യാസ്ത്രീകൾ; ചൂഷണം ചെയ്താലും അവർ നിശ്ശബ്ദം സഹിക്കും; അച്ചന്മാർ എല്ലാം പോയി കല്യാണം കഴിക്കട്ടെ; പൗരോഹിത്യത്തിനൊപ്പം വിവാഹജീവിതവും അനുവദിക്കുന്ന മാറ്റമാണ് ക്രിസ്തീയസഭകളിൽ വരേണ്ടത്; ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിന് ഫ്രാൻസിസ്‌കൻ സഭയിൽ നിന്ന് പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുര മനസ് തുറക്കുന്നു

എം മനോജ് കുമാർ

 കൽപ്പറ്റ: എന്തുകൊണ്ടാണ് സിസ്റ്റർ ലൂസി കളപ്പുര മറ്റുകന്യാസ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ സജീവ പങ്കാളിയായത്? സിസ്റ്റർ പറഞ്ഞത് ഇങ്ങനെ: ക്രിസ്ത്യൻ പുരോഹിതരുടെ ലൈംഗിക അഭിലാഷങ്ങളുടെ ഇരകളായി സന്യാസിനി സമൂഹം പലപ്പോഴും മാറിപ്പോകുന്നത് കണ്ടിട്ടുണ്ട്, അത് നേരിട്ടറിയാം.

കന്യാസ്ത്രീ പീഡനക്കേസിൽ പ്രതിയായ ജലന്ധറിലെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നീതി തേടി കന്യാസ്ത്രീകൾ നടത്തിയ സമരത്തിന്റെ പേരിൽ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയതിന് ശേഷം മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു സിസ്റ്റർ ലൂസി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറിയില്ല. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയുമായി ചങ്ങാത്തവുമില്ല. പക്ഷെ കന്യാസ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വ്യക്തമായി കാര്യങ്ങൾ അറിയാമായിരുന്നു. അതിനാൽ തന്നെ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ ആ പോരാട്ടത്തിൽ സജീവ് പങ്കാളിത്തം വഹിക്കണമെന്ന് തോന്നി. അതിനാലാണ് ആ സമരത്തിൽ സജീവമായി നിലയുറപ്പിച്ചത്. വാർത്തകൾ വഴിയാണ് കന്യാസ്ത്രീ സമരത്തെക്കുറിച്ച് അറിഞ്ഞത്. മനസ് ഈ സമരത്തിൽ പങ്കാളിത്തം വഹിക്കാൻ വെമ്പൽകൊണ്ടു. അതിനാൽ അവധിയെടുത്താണ് സമരത്തിൽ പങ്കെടുത്തത്.

എന്ത് എതിർപ്പ് ഉണ്ടായാലും, ഇപ്പോൾ പുറത്താക്കൽ തന്നെ വന്നു കഴിഞ്ഞു അത് വേറെ കാര്യം, എന്നെ ഒന്നും ഭയപ്പെടുത്തിയിരുന്നില്ല. രണ്ടും കൽപ്പിച്ചാണ് സമരത്തിൽ പങ്കെടുത്തത്. ആ സമരം അനിവാര്യമായിരുന്നു. ഞങ്ങളുടെ സന്യാസി സമൂഹവും ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെടുന്ന സന്യാസി സമൂഹവും വെവ്വേറെയാണ്. പരസ്പര ബന്ധമില്ല. അതുകൊണ്ട് തന്നെ അവിടുത്തെ സന്യാസികൾ ആരെന്നു എന്നതിനെക്കുറിച്ചൊന്നും എനിക്ക് അറിയാമായിരുന്നില്ല. പക്ഷെ പൊതുവിൽ ലൈംഗിക അടിമകൾ ആയി കന്യാസ്ത്രീകൾ മാറിപ്പോകുന്ന ഒരു ചിത്രം എന്റെ മനസിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ലൈംഗിക അതിക്രമത്തിന്റെ പേരിൽ നീതി തേടി കന്യാസ്ത്രീകൾ സമരം ഇരുന്നപ്പോൾ കൂടെപ്പോയി സമരത്തിൽ പങ്കെടുത്തത്. സന്യാസിനിക്ക് ചേരാത്തത് ഒന്നും ചെയ്തിട്ടില്ല. തെറ്റു ചെയ്തവർ മാന്യന്മാരും തെറ്റുകളൊന്നും ചെയ്യാത്തവർ കുറ്റക്കാരും ആകുന്നത് നീതിയല്ല. യൗവനം, ആരോഗ്യം, സമ്പത്ത് ഇവയൊക്കെ വർഷങ്ങളായി സമർപ്പിച്ച സഭയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ വെറും കൈയോടെ ഇറങ്ങിപ്പോകാൻ പറഞ്ഞാൽ അതിനു കഴിയുമോ? സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ആദ്യം വത്തിക്കാൻ പ്രതിനിധികൾക്ക് അപ്പീൽ നൽകും. അതിനുശേഷം നിയമ പോരാട്ടം നടത്തും-സിസ്റ്റർ പറയുന്നു.

പാവപ്പെട്ട സ്ത്രീകളോട് നമുക്ക് അനുകമ്പ കാണിക്കേണ്ടതുണ്ട്. കന്യാസ്ത്രീകൾ ലൈംഗിക അതിക്രമത്തിനു വിധേയരാകുമ്പോൾ അവർക്കൊപ്പം നിൽക്കേണ്ടതുമുണ്ട്. മുറിവേൽപ്പിക്കപ്പെട്ട കന്യാസ്ത്രീയെ വീണ്ടും കുത്തുമ്പോൾ അവർക്ക് ഏൽക്കുന്ന വേദന നമുക്ക് ഓർക്കാവുന്നതേയുള്ളൂ. അതനുഭവിക്കുമ്പോൾ ഹൃദയം ഉള്ളവർക്കേ അതിന്റെ വേദനകൾ മനസിലാകൂ. അല്ലാത്തവർ അച്ചന്മാർ എന്ന് പറഞ്ഞു അവരേയും ആരാധിച്ചുകൊണ്ടിരിക്കുന്നു. അതാണ് സഭയിൽ നിന്ന് ഞങ്ങൾ കാണുന്നത്. ലൈംഗികത മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്.

ഓരോ മനുഷ്യനിലും ഉള്ള അവസ്ഥയാണിത്. ലൈംഗികചോദനകൾ ഓരോ മനുഷ്യനിലും അനുനിമിഷം തുടിച്ചു കൊണ്ടിരിക്കുന്നു. ലൈംഗികമായ ഒരു ശേഷി എന്ന് പറയുന്നത് മനുഷ്യനിൽ നിക്ഷിപ്തവുമാണ്. ഒരു അച്ചനാണോ, സിസ്റ്റർ ആണോ എന്ന് നോക്കാതെ അതിനെ നിയന്ത്രിക്കാം എന്നല്ലാതെ അത് ഒഴിവാക്കി കളയുന്ന സംഭവം ഒരിടത്തും നടക്കുന്നില്ല. ഓരോ മനുഷ്യനിലും ക്രിയേറ്റീവ് ആയി തന്നെ ലൈംഗികത നിലനിൽക്കുന്നു. ഓരോരുത്തരുടെയും നിയന്ത്രണ ശക്തി പൊലീരിക്കും അതാത് വ്യക്തിയിലെ ലൈംഗികത. അപ്പോൾ ഇത് എത്ര നിയന്ത്രിക്കും എവിടം വരെ നിയന്ത്രിക്കും എന്നൊക്കെ ചോദ്യമുയരും. ഓരോരുത്തരും അതിനുള്ള അവസരങ്ങൾ കണ്ടെത്തും. അപ്പോൾ വളരെ മോശമായ രീതിയിലേക്ക് പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. തൊണ്ണൂറു ശതമാനം ആളുകളും ലൈംഗിക ശേഷിയെ പരമാവധി ഉപയോഗിക്കുകയാണ്. കുട്ടികൾ ആണെങ്കിൽ പോലും അവരേയും ഈ രീതിയിൽ ഇവർ ഉപയോഗിക്കുന്നുണ്ട്. അത് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ?

ഇതേ ലൈംഗിക വികാരങ്ങളുടെ മഴവെള്ള പാച്ചിലിൽ ക്രിസ്ത്യൻ പുരോഹിതരും ഒലിച്ചു പോവുകയാണ്. വലിയൊരു മഴവെള്ളം വരുമ്പോൾ അത് എവിടെ കെട്ടിനിർത്തും. കുറച്ചൊക്കെ ആകുമ്പോൾ കെട്ടി നിർത്താം. വികാരങ്ങളുടെ ഈ വലിയ മഴവെള്ളം വരുമ്പോൾ അത് എവിടെയും കെട്ടിനിർത്താൻ പുരോഹിതർക്ക് കഴിയുന്നില്ല. പെരുമഴ പോലെ വരുന്ന ഈ വികാരം അല്ലെങ്കിൽ ആർക്ക് കെട്ടി നിർത്താൻ കഴിയും. അതിനാൽ ഞാൻ പറയുന്നു ഈ പുരോഹിതർ എല്ലാം പോയി വിവാഹം കഴിക്കട്ടെ. പൗരോഹിത്യത്തിനൊപ്പവും സന്യാസത്തിനൊപ്പവും വിവാഹ ജീവിതവും ഒപ്പം ഉൾപ്പെടുത്തണം. വിവാഹജീവിതം കൂടി ഉൾപ്പെടുത്തിയുള്ള സന്യാസജീവിതം ആവശ്യമായി വരുന്നു.

കന്യാസ്ത്രീകൾ ലൈംഗിക അടിമകളായിമാറുന്ന സാഹചര്യം ക്രിസ്ത്യൻ സഭകളിൽ നിലനിൽക്കുകയാണ്. ഈ സ്ഥിതിവിശേഷം ഇപ്പോഴും തുടരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ നല്ല മനുഷ്യൻ എന്നാണ് ഞങ്ങളുടെ സഭ തന്നെ പറയുന്നത്. സഭയിൽ ഇതൊക്കെയാണ് നടക്കുക എന്നാണ് ഞങ്ങളുടെ സഭാ അധികാരികൾ തന്നെ പറയുന്നത്. അപ്പോൾ അത്തരമൊരു അന്തരീക്ഷം സഭയിൽ നിൽക്കുന്നു എന്നത് തെളിവായി മാറുന്നു. കന്യാസ്ത്രീകൾ ഒന്നും മിണ്ടില്ല. എത്ര പ്രാവശ്യം ലൈംഗികമായി ഉപയോഗിച്ചാലും ഒന്നും പ്രതികരിക്കില്ല. കുറെ പ്രാവശ്യം ഉപയോഗിച്ച് കഴിയുമ്പോൾ എല്ലാം ഇഷ്ടമായി തോന്നും. പിന്നെ അതിനുള്ള അവസരങ്ങൾ നോക്കും. അങ്ങിനെ എല്ലാം ഇഷ്ടം പോലെ നടക്കുന്നു

. അച്ചന്മാരുടെ വികാരം കന്യാസ്ത്രീകൾക്കും കാണും. അതുകൊണ്ടാണ് കന്യാസ്ത്രീകൾ വിധേയപ്പെടുന്നത്. സ്‌നേഹം ശരീരത്തിൽ നിറഞ്ഞു കവിയുമ്പോഴാണ് അത് ലൈംഗികതയിൽ എത്തുന്നത്. ഇതാണ് ഒരു കുഞ്ഞായി രൂപം പ്രാപിക്കുന്നതും. ഈ ലൈംഗികതയാണ്, സ്‌നേഹമാണ് കന്യാസ്ത്രീകളായ ഞങ്ങൾ വേണ്ടായെന്നു വയ്ക്കുന്നത്. അതേ സ്‌നേഹം ഞങ്ങളിൽ നിന്നും ചുറ്റുപാടുകളിലേക്ക് പ്രസരിക്കുന്നുണ്ട്. ഈ സ്‌നേഹമാണ് കാരുണ്യമായി ദയയായി ഞങ്ങൾ പുറത്തുവിടുന്നത്. ഒരു കുഞ്ഞിനു ജന്മം കൊടുക്കുന്നതിനേക്കാൾ ആയിരം കുഞ്ഞുങ്ങളിലേക്കാണ് കന്യാസ്ത്രീകൾ എത്തിക്കുന്നത്. ഞങ്ങളുടെ ലൈംഗികതയും സ്‌നേഹവും ഞങ്ങൾ വേറെ രീതിയിലുള്ള ഒരു ഊർജ്ജമായി സമൂഹത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഈ പോസിറ്റീവ് എനർജി നല്കാൻ കഴിയാത്ത അച്ചന്മാരാണ്, കന്യാസ്ത്രീകളാണ് പ്രതിജ്ഞ പാലിക്കാൻ കഴിയാതെ വഴി തെറ്റുന്നത്.

ഞാൻ അംഗമായ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിലെ ആളുകൾക്ക് ബിഷപ്പ് ഫ്രാങ്കോയേയും അവിടുത്തെ കന്യാസ്ത്രീകളെയും അറിയാം. ഞാൻ വയനാട്ടിൽ ആയിരുന്നതിനാൽ എനിക്ക് ഇവരിൽ പലരെയും അറിയില്ല. ഞങ്ങൾക്ക് പഞ്ചാബിൽ മഠങ്ങൾ ഉള്ളതിനാൽ ഇവരുമായി ഞങ്ങളുടെ മഠത്തിൽ ഉള്ളവർക്കും വ്യക്തിബന്ധമുണ്ട്. ഞങ്ങൾക്ക് അവിടെ പ്രൊവിൻസ് തന്നെയുണ്ട്. വാർത്തകളിൽ നിന്നാണ് ഞാൻ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരുന്നത്. നീതിക്ക് വേണ്ടിയുള്ള ഇവരുടെ സമരവും മുറവിളിയുമാണ് എന്നെ ആകർഷിച്ചത്. ഞങ്ങൾ അവർക്കൊപ്പം ഉണ്ട് എന്ന വസ്തുത എന്റെ ഭാഗത്ത് നിന്ന് സമരമുഖത്തുള്ള കന്യാസ്ത്രീകളെ അറിയിക്കേണ്ടതുണ്ടായിരുന്നു. അതെനിക്ക് ഒരു വാശിയായി തോന്നി. വാശി എന്നതിന് അപ്പുറം വലിയ ആഗ്രഹമായിരുന്നു അത്.

ഞാൻ മഠത്തിനു കീഴിൽ വയനാട്ടിലുള്ള ഹയർസെക്കണ്ടറി സ്‌കൂളിൽ മാത്തമാറ്റിക്‌സ് അദ്ധ്യാപികയാണ്. അതിനാൽ കന്യാസ്ത്രീ സമരം നടക്കുമ്പോൾ വർക്കിങ് ഡെയ്‌സ് ആയതിനാൽ സമരത്തിനു പോകുക സാധ്യമായിരുന്നില്ല. അതിനാൽ ഞാൻ പോസ്റ്റ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടുകൊണ്ടിരുന്നു. അനുകൂലിച്ചും എതിരായും കമന്റുകൾ വന്നുകൊണ്ടിരുന്നു. ഞാൻ ഒരു വോയിസ് മെസ്സേജ് നൽകാം. അത് സമരപ്പന്തലിൽ കേൾപ്പിക്കുമോ എന്ന് സമരവുമായി ബന്ധമുള്ളവരോടു ചോദിച്ചു. അങ്ങിനെ വോയിസ് മെസ്സേജ് നൽകിയെങ്കിലും അത് നടന്നില്ല. അതോടെ ഞാൻ ജീവിതവും എടുത്ത് ആ സമരപ്പന്തലിലേക്ക് കുതിക്കുകയായിരുന്നു. ഞാൻ ഒരു സാധാരണ കന്യാസ്ത്രീ. ആ സമരത്തിനു ഞാൻ പോകേണ്ടിയിരുന്നില്ല. പക്ഷെ എന്റെ കന്യാസ്ത്രീ സമൂഹം സിസ്റ്റർമാരെയാണ് തെറ്റുകാരായി കണ്ടത്. ഫ്രാങ്കോ നല്ലതാണ് എന്നാണ് എന്റെ മഠം അധികൃതർ എന്നോടു പറഞ്ഞത്. ആ മനോഭാവം മഠം പുലർത്തുന്നതുകൊണ്ടാണ് കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിന് ശേഷം എനിക്ക് കുറ്റപ്പെടുത്തൽ ഏൽക്കേണ്ടി വന്നത്. ഫ്രാങ്കോ ജയിലിൽ ആകുന്നില്ല. ഇവർ സമരം നിർത്തുന്നുമില്ല. അങ്ങിനെയൊരു അവസ്ഥയാണ് അന്ന് വന്നത്.

ബിഷപ്പ് ഫ്രാങ്കോ ചെയ്തത് മനസാക്ഷിക്ക് നിരക്കാത്ത തെറ്റുകളാണ്. നികൃഷ്ടമായിപ്പോകാതെ ഇപ്പോഴും ചില കാര്യങ്ങൾ ആസ്വാദനത്തിൽ നിൽക്കുന്നു. അതിനെ നമുക്ക് എന്ത് എന്ന് പറയാൻ കഴിയും. ഇനിയെങ്കിലും മാതാപിതാക്കൾ കുട്ടികളെ കന്യാസ്ത്രീകൾ ആക്കാൻ വിടുമ്പോൾ ആലോചിക്കണം. നമുക്ക് ഒന്നും അങ്ങിനെ പറഞ്ഞു തരാൻ ആളുകൾ ഉണ്ടായിരുന്നില്ല. സാമൂഹ്യ പ്രവർത്തനം, അനുകമ്പ എന്നൊക്കെ കരുതിയാണ് ഞാൻ തിരുവസ്ത്രം അണിഞ്ഞത്.

ഇനിയുള്ള തലമുറ ഇതേ രീതിയിൽ കന്യാസ്ത്രീകൾ ആകാതെ, ഒറ്റയ്ക്ക് വരാതെ, വിവാഹ ജീവിതവും പൗരോഹിത്യവും ബന്ധപ്പെടുത്തി പോകുന്ന ഒരു രീതിയിൽ വരണം. 21ആം നൂറ്റാണ്ട് പകുതി ആവുമ്പോൾ അത്തരത്തിലൊരു മാറ്റം ക്രൈസ്തവ സഭയിൽ അനിവാര്യമാണ്. പണ്ടത്തെ പുരോഹിതർ അല്ല ഇപ്പോഴുള്ളത്. സാഹചര്യങ്ങളും വ്യത്യസ്തം. അത് ഓർക്കേണ്ട കാര്യമാണ്. വിരൽ തുമ്പിൽ എല്ലാ സാധ്യതകളുമുണ്ട്. കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ സഭയിലും അനിവാര്യമാണ്-സിസ്റ്റർ ലൂസി കളപ്പുര പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP