Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെയ്ഡിൽ കിട്ടിയത് 50 പവനും 30000 രൂപയും; എസ് കെ ആശുപത്രി സ്വന്തമെന്നതിന് രേഖകളൊന്നും ഇല്ല; മുൻ മന്ത്രിയും കുടുംബവും ഇടപ്പഴിഞ്ഞിയിലെ ഹോസ്പിറ്റലിൽ ചികിൽസയ്ക്ക് പോലും പോകാറില്ല; കിട്ടിയത് എസ് യു ടിയിലെ പരിശോധനാ രേഖകൾ; ഇളയ മകളുടെ എംബിബിഎസ് പഠനം എൻആർഐ ക്വാട്ടയിലും; നേതാവിന്റെ മകൾക്ക് പ്രവാസി സ്റ്റാറ്റസ് കിട്ടിയതിൽ ഇനി പരിശോധന; അന്വേഷകർ അമലാ കോളേജിലേക്ക്; മന്ത്രി ശിവകുമാറിനെ കുടുക്കാൻ കരുതലോടെ വിജിലൻസ്

റെയ്ഡിൽ കിട്ടിയത് 50 പവനും 30000 രൂപയും; എസ് കെ ആശുപത്രി സ്വന്തമെന്നതിന് രേഖകളൊന്നും ഇല്ല; മുൻ മന്ത്രിയും കുടുംബവും ഇടപ്പഴിഞ്ഞിയിലെ ഹോസ്പിറ്റലിൽ ചികിൽസയ്ക്ക് പോലും പോകാറില്ല; കിട്ടിയത് എസ് യു ടിയിലെ പരിശോധനാ രേഖകൾ; ഇളയ മകളുടെ എംബിബിഎസ് പഠനം എൻആർഐ ക്വാട്ടയിലും; നേതാവിന്റെ മകൾക്ക് പ്രവാസി സ്റ്റാറ്റസ് കിട്ടിയതിൽ ഇനി പരിശോധന; അന്വേഷകർ അമലാ കോളേജിലേക്ക്; മന്ത്രി ശിവകുമാറിനെ കുടുക്കാൻ കരുതലോടെ വിജിലൻസ്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണം അമല മെഡിക്കൽ കോളേജിലേക്ക്. ശിവകുമാറിന്റെ രണ്ടാമത്തെ മകൾ അമലാ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ്. എൻ ആർ ഐ ക്വാട്ടയിലായിരുന്നു അഡ്‌മിഷൻ നേടിയതെന്നാണ് വിജിലൻസ് മനസ്സിലാക്കുന്നത്. ശിവകുമാർ എൻ ആർ ഐ അല്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് എൻ ആർ ഐ ക്വാട്ടയിൽ അഡ്‌മിഷൻ കിട്ടിയതെന്നതാണ് വിജിലൻസ് അന്വേഷിക്കുന്നത്. കോളേജിലെത്തി മാനേജ്‌മെന്റിലെ പ്രമുഖരുടെ മൊഴിയെടുക്കാനും തെളിവെടുക്കാനുമാണ് പദ്ധതി.

ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. അമ്പത് പവന്റെ സ്വർണ്ണവും 30,000 രൂപയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിന് അപ്പുറത്തേക്ക് പണമൊന്നും കിട്ടിയില്ല. എന്നാൽ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ശിവകുമാറിനെ ചോദ്യം ചെയ്ത് കൂടുതൽ വ്യക്തതയുണ്ടാക്കാനാണഅ തീരുമാനം. കേസിൽ പ്രതികളായ ശിവകുമാർ, എൻ.എസ്. ഹരികുമാർ എന്നിവരുടെ വസതികളിൽ വിജിലൻസ് നടത്തിയ പരിശോധന സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരത്തെ എസ് കെ ആശുപത്രി ശിവകുമാർ വാങ്ങിയെന്ന പ്രചരണം വ്യാപകമായിരുന്നു. ഇത് തെളിയിക്കുന്ന രേഖകളും കിട്ടിയില്ല.

എസ് കെ ആശുപത്രിയിൽ ശിവകുമാറിന്റെ കുടുംബം ചികിൽസിക്കുന്നു പോലുമില്ല. എസ് യു ടി ആശുപത്രിയിലാണ് കുടുംബത്തിന്റെ ചികിൽസയെന്ന് തെളിയിക്കുന്ന രേഖകളും കിട്ടി. എന്നാൽ ശിവകുമാറിനെതിരെ തെളിവ് കിട്ടിയെന്നാണ് വിജിലൻസ് ഇപ്പോഴും പറയുന്നത്. കൂടുതൽ വ്യക്തത വരുത്താൻ ശിവകുമാറിനെ ഉടൻ ചോദ്യം ചെയ്യുമെന്നും പറയുന്നു. ഇതോടെ കേസിന് വ്യക്തത വരുമെന്നാണ് വിജിലൻസ് വിശദീകരണം. നേരത്തെ രണ്ട് തവണ അന്വേഷിച്ച് അവസാനിപ്പിച്ച പരാതിയാണ് വിജിലൻസ് ഇപ്പോൾ വീണ്ടും പരിഗണിക്കുന്നത്.

ഒന്നാം പ്രതി ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലും നാലാം പ്രതി ഹരികുമാറിന്റെ രണ്ടു വീടുകളിലുമായിരുന്നു പരിശോധന. ഹരികുമാറിനു പുളിമൂടിലുള്ള ഇരുനില വീടിന്റെ താഴത്തെ നില വാടകയ്ക്കു കൊടുത്തിരിക്കുന്നതിന്റെ വാടക കരാർ കോടതിയിൽ ഹാജരാക്കി. വഞ്ചിയൂരിലെ ഇരുനില വീട്ടിൽ ബന്ധു താമസിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 94 പ്രകാരമാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു പരിശോധനാ വാറന്റ് വിജിലൻസ് വാങ്ങിയത്. ശിവകുമാറിന്റെ വീട്ടിൽനിന്ന് സാമ്പത്തിക ഇടപാടിന്റെ 56 രേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു.

സ്വത്ത്, വിവിധ ഉറവിടങ്ങളിൽനിന്ന് ലഭിച്ച വരുമാനം, ചെലവഴിച്ചവ എന്നിവയുടെ രേഖകൾ ഇതിലുണ്ട്. ഇവ. എസ്‌ബിഐയുടെ ഒരു ശാഖയിലുള്ള അദ്ദേഹത്തിന്റെ ലോക്കർ പരിശോധിക്കാൻ വിജിലൻസ് കോടതിയിൽനിന്ന് സെർച്ച് വാറന്റ് വാങ്ങും. റെയ്ഡിൽ ലോക്കറിന്റെ വിവരം ലഭിച്ചെങ്കിലും ശിവകുമാർ താക്കോൽ കൈമാറാഞ്ഞതിനെത്തുടർന്നാണ് സെർച്ച് വാറന്റ് വാങ്ങി ലോക്കർ പരിശോധിക്കുക. ഇതിന്റെ ഭാഗമായി ബാങ്കിനും കത്ത് നൽകി. ലോക്കർ തുറക്കാൻ ശിവകുമാറിനെ അനുവദിക്കരുതെന്ന് വിജിലൻസ് ബാങ്കിന് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുഴുവൻ ബാങ്ക് ഇടപാടുകളും പരിശോധിക്കും. ഇതിനായി എസ്‌ബിഐ, കനറാ ബാങ്കുകൾക്ക് കത്ത് നൽകും.

വി എസ് ശിവകുമാറിന്റെ സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. സ്പെഷ്യൽ സെൽ എസ് പി അജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡിവൈഎസ്‌പി എസ് അനിൽകുമാർ, ഇൻസ്പെക്ടർമാരായ സജികുമാർ, രതീഷ് എന്നിവരുൾപ്പെടെ പത്തുപേരെ കൂടി ഉൾപ്പെടുത്തി.

അതിനിടെ വിജിലൻസ് നടത്തിയ റെയ്ഡ് ഒരു വിധത്തിൽ തനിക്ക് അനുഗ്രഹമായതായി വി എസ് ശിവകുമാർ പ്രതികരിക്കുന്നു. റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ തന്റെ ആസ്തികൾ മാത്രമല്ല, ബാധ്യതകളും വിജിലൻസിന് മനസിലായി. താൻ ആശുപത്രി വാങ്ങിയെന്ന് തിരഞ്ഞെടുപ്പ് കാലം മുതൽ പ്രചാരണം നടക്കുന്നു. അതിന്റെ സത്യാവസ്ഥയും ബോധ്യപ്പെട്ട് കാണും. തെറ്റിദ്ധാരണയും മാറി. തനിക്കെതിരെ മൂന്നാമത്തെ വിജിലൻസ് അന്വേഷണമാണ് ഇപ്പോൾ നടത്തുന്നത്. ആദ്യ രണ്ട് പ്രാഥമിക അന്വേഷണത്തിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബിനാമി സ്വത്തുണ്ടെന്ന പേരിലാണ് മൂന്നാമത്തെ അന്വേഷണം. സർക്കാരിന്റെ അഴിമതികൾ പുറത്തുവന്ന് കൊണ്ടിരിക്കെ മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരെ അപമാനിക്കുകയാണെന്നും ശിവകുമാർ പറയുന്നു.

വി എസ് ശിവകുമാറിന്റെ സുഹൃത്തുക്കളായ ശാന്തിവിള എം രാജേന്ദ്രൻ, എൻ.എസ് ഹരികുമാർ, ഡ്രൈവർ ഷൈജുഹരൻ എന്നിവർ വാങ്ങിയ ഭൂമിയിലും ഇതിനായി നൽകിയ പണത്തിന്റെ ഉറവിടത്തിലും വിജിലൻസിന് സംശയമുണ്ട്. ഇവരുടെ സ്വത്തിൽ 50%ത്തിന്റെ വർധന കണ്ടെത്തിയെന്നാണ് വിജിലൻസ് പറയുന്നത്. ഇത് ശിവകുമാറിന്റെ സ്വത്താണെന്നും വിജിലൻസ് സംശയിക്കുന്നു. തുടർന്നാണ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP