Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ സുരേന്ദ്രനെ കുടുക്കിയ അഡ്വക്കേറ്റ് കേന്ദ്ര സർക്കാരിന്റെ കോൺസൽ! ഫുഡ് സേഫ്റ്റിയിൽ മോദിക്കായി കേരളത്തിൽ വാദിക്കുന്നത് ബിനോയ് വിശ്വത്തിന്റെ മകൾ; ചുമതല കിട്ടുന്നത് ലീഗൽ അക്‌സസ് എന്ന സ്ഥാപനത്തിലൂടെ രഞ്ജിത് തമ്പാൻ വഴിയെന്ന് മറുനാടനോട് വിശദീകരിച്ച് സൂര്യ ബിനോയ്; മീനാക്ഷി തമ്പാന്റെ മകനായ അഡീഷണൽ അഡ്വക്കറ്റ് ജനറലിന്റെ സ്ഥാപനത്തിന് ബിജെപി സർക്കാരുമായും ബന്ധമെന്ന് കേട്ട് ഞെട്ടി കേരളത്തിലെ ഇടതുപക്ഷക്കാർ; സിപിഐയേയും ബിജെപിയേയും പിടിച്ചുലച്ച് വക്കീൽ വിവാദം

ശബരിമലയിൽ സുരേന്ദ്രനെ കുടുക്കിയ അഡ്വക്കേറ്റ് കേന്ദ്ര സർക്കാരിന്റെ കോൺസൽ! ഫുഡ് സേഫ്റ്റിയിൽ മോദിക്കായി കേരളത്തിൽ വാദിക്കുന്നത് ബിനോയ് വിശ്വത്തിന്റെ മകൾ; ചുമതല കിട്ടുന്നത് ലീഗൽ അക്‌സസ് എന്ന സ്ഥാപനത്തിലൂടെ രഞ്ജിത് തമ്പാൻ വഴിയെന്ന് മറുനാടനോട് വിശദീകരിച്ച് സൂര്യ ബിനോയ്; മീനാക്ഷി തമ്പാന്റെ മകനായ അഡീഷണൽ അഡ്വക്കറ്റ് ജനറലിന്റെ സ്ഥാപനത്തിന് ബിജെപി സർക്കാരുമായും ബന്ധമെന്ന് കേട്ട് ഞെട്ടി കേരളത്തിലെ ഇടതുപക്ഷക്കാർ; സിപിഐയേയും ബിജെപിയേയും പിടിച്ചുലച്ച് വക്കീൽ വിവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന വിവാദത്തിനു തുടക്കമിട്ട് സിപിഐ എംപിയും മുതിർന്ന നേതാവുമായ ബിനോയ് വിശ്വത്തിന്റെ മകൾക്ക് കേന്ദ്ര സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ ആയി നിയമനം കിട്ടിയെന്ന വാർത്ത. ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയിയെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ സ്റ്റാന്റിങ് കോൺസൽ ആയി നിയമിച്ചതാണ് വിവാദത്തിന് തുടക്കം.

നിയമനകാര്യവുമായി ബന്ധപ്പെട്ടു കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഒന്നും അറിയില്ല. ആർക്കും ഈ നിയമനത്തിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. നിയമനം വന്നപ്പോഴാണ് നേതാക്കൾ കാര്യങ്ങൾ അറിയുന്നത്. ബിജെപി കേരള ഘടകത്തിലെ ഗ്രൂപ്പുകളെയും മുതിർന്ന നേതാക്കളെയും ഈ നിയമനം ഞെട്ടിച്ചിട്ടുണ്ട്. ബിജെപി സർക്കാരിന്റെ ആനുകൂല്യം സിപിഐ നേതാവിന്റെ കുടുംബത്തിന് കിട്ടിയതും വിവാദത്തിന് പുതിയ തലം നൽകുന്നു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന ആരോപണങ്ങൾ സിപിഐയിൽ വലിയ പ്രശ്‌നങ്ങൾക്ക് വഴി വച്ചിരുന്നു. കാനത്തിന്റെ വിശ്വസ്തനാണ് ബിനോയ് വിശ്വം. എറണാകുളത്ത് എൽദോ എബ്രഹാമിനെതിരെയുള്ള പൊലീസ് നടപടിയെ കാനം ന്യായീകിരച്ച വിവാദം പാർട്ടിയിൽ ആളിക്കത്തുമ്പോഴാണ് ബിനോയ് വിശ്വം പ്രതികൂട്ടിലാകുന്ന പുതിയ വെളിപ്പെടുത്തൽ എത്തുന്നത്.

ബിജെപിയുടെ അനുഭാവികളാണ് ഇത് പുറത്തുവിട്ടത്. എന്നാൽ ഞെട്ടിയത് സിപിഐക്കാരും എന്നതാണ് അവസ്ഥ. നേരത്തെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പോലും ബിനോയ് വിശ്വത്തെ പരിഗണിച്ചിരുന്നു. എന്നാൽ രാജ്യസഭാ അംഗമായ ബിനോയ് വിശ്വം തനിക്ക് ഈ പദവി വേണ്ടെന്ന് പറഞ്ഞൊഴിയുകയാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര ഭക്ഷ്യ വകുപ്പിന് കീഴിലാണ്. മന്ത്രി രാംവിലാസ് പാസ്വാനും. ഒന്നാം മോദി സർക്കാരിലും പാസ്വാന് തന്നെയായിരുന്നു ചുമതല. രണ്ട് കൊല്ലം മുമ്പ് തന്നെ ഈ പദവിയിൽ സൂര്യ ബിനോയ് എത്തിയിരുന്നു. കേരളത്തിൽ ഭക്ഷ്യ വകുപ്പിന്റെ ചുമതല സിപിഐയ്ക്കാണ്. ഈ അടുപ്പമാണോ സൂര്യയെ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകയാക്കിയതെന്നാണ് ഉയരുന്ന സംശയം.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അടക്കമുള്ളവർക്ക് എതിരായ ഒട്ടേറെ കേസുകൾക്ക് ഹൈക്കോടതിയിൽ ഹാജരായിരുന്നത് സൂര്യ ബിനോയ് ആയിരുന്നു. കേരള സർക്കാർ താത്പര്യമെടുത്താണ് സൂര്യയെ ഈ കേസുകളുടെ ചുമതലക്കാരിയാക്കിയത്. ആർഎസ്എസ് പ്രാന്ത സംസ്ഥാന സംഘചാലക് പി.ഇ.ബി.മേനോൻ ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കളെയും കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെയും ശബരിമല കേസിൽ പ്രതികളാക്കുന്നതും സൂര്യ നേരിട്ടാണ്. കേരള സർക്കാരിൽ നിന്നും ശമ്പളം പറ്റിയാണ് സൂര്യ ഈ കേസുകൾക്ക് വേണ്ടി ഹാജരായത്. അതുകൊണ്ട് കെ.സുരേന്ദ്രനെതിരെ നിന്ന, സംഘപരിവാർ നേതാക്കളെ ശബരിമല കേസിൽ പ്രതികളാക്കിയ സൂര്യ ബിനോയിക്ക് കേന്ദ്ര പദവി നൽകിയ നീക്കം കേരളത്തിലെ ബിജെപിയേയും ഞെട്ടിച്ചു.

കെ.സുരേന്ദ്രനെതിരെയുള്ള അതും ശബരിമല പോലുള്ള കേസുകൾക്ക്, മുൻകൈ എടുത്ത അഭിഭാഷകയ്ക്ക് പിള്ള വഴി കേന്ദ്ര പോസ്റ്റ് വന്നത് കേരളത്തിലെ മുരളീധരൻ ഗ്രൂപ്പ് നിസ്സാരമായല്ല കാണുന്നത്. സംഘപരിവാറുമായി ബന്ധപ്പെട്ട മികച്ച അഭിഭാഷകർ കേന്ദ്ര സർക്കാർ പദവികൾക്കു കാത്ത് കെട്ടി നിൽക്കെ സിപിഐ അഭിഭാഷക ഈ പദവി തേടിവന്നത് ബിജെപി അഭിഭാഷക നിരയെയും നിരാശരാക്കിയിട്ടുണ്ട്.

നിയമനം വന്ന വഴി സൂര്യ പറയുന്നത് ഇങ്ങനെ

നിയമനം വന്ന വഴികൾ ഇങ്ങിനെയാണ് എന്നതാണ് മറുനാടന്റെ അന്വേഷണത്തിൽ അറിയുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ ഡൽഹിയിൽ ചുമതലപ്പെടുത്തിയിരിക്കുന്നത് ലീഗൽ ആക്‌സസ് എന്ന സ്ഥാപനത്തെയാണ്. ലീഗൽ ആക്‌സസ് എന്ന സ്ഥാപനം സൂര്യ ബിനോയ് ഇപ്പോൾ ജോലി ചെയ്യുന്ന കൊച്ചിയിലെ തമ്പാൻ ആൻഡ് തമ്പാൻ എന്ന നിയമ സ്ഥാപനത്തിനെ സ്റ്റാന്റിങ് കോൺസൽ ആക്കാൻ നിയമനത്തിനായി ശുപാർശ ചെയ്യുകയായിരുന്നു. പ്രശസ്ത അഭിഭാഷകനും അഡിഷണൽ അഡ്വക്കേറ്റ് ജനറലുമായ രഞ്ജിത്ത് തമ്പാനാണ്. രഞ്ജിത്ത് തമ്പാനും സിപിഐയുമായി വളരെ അടുത്ത ബന്ധമുള്ള അഭിഭാഷകനാണ്. രഞ്ജിത്തിന്റെ അമ്മ മീനാക്ഷി തമ്പാൻ സിപിഐയുടെ മുൻ എംഎൽഎയാണ്.

ഡൽഹിയിൽ നിന്നും രഞ്ജിത്ത് തമ്പാനെയാണ് ശുപാർശ ചെയ്തത്. ഈ ശുപാർശ വന്നത് തമ്പാൻ ആൻഡ് തമ്പാനിലേക്കും. തമ്പാൻ ആൻഡ് തമ്പാനാണ് ഇവിടുത്തെ അഭിഭാഷകയായ സൂര്യ ബിനോയിയെ ചുമതലപ്പെടുത്തുന്നത്. 'നിയമനനത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് സൂര്യ ബിനോയ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എന്റെ സ്ഥാപനമായ തമ്പാൻ തമ്പാൻ നൽകിയ ചുമതലയാണിത്. നിലവിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രത്തിന്റെ സ്റ്റാന്റിങ് കോൺസൽ ചുമതലകൾ താൻ ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്-സൂര്യ ബിനോയ് പറയുന്നു.

ശബരിമല പ്രശ്നത്തിലും, കെ.സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾക്കും എതിരായ കേരള സർക്കാരിന്റെ കേസുകൾ താൻ തന്നെയാണ് വാദിച്ചു കൊണ്ടിരുന്നത് എന്നും സൂര്യ ബിനോയ് പറഞ്ഞു. ശബരിമല കേസുകൾ, സംഘപരിവാർ നേതാക്കൾക്ക് എതിരായ കേസുകൾ എല്ലാം തനിക്കാണ് സർക്കാർ നൽകിയിരുന്നത്. ഈ കേസുകൾക്ക് വേണ്ടി കോടതിയിൽ വാദിച്ചതും ഞാൻ തന്നെയാണ്. പക്ഷെ ഇപ്പോൾ ആ കേസുകൾ എല്ലാം ഞാൻ ഒഴിവാക്കിയിട്ടുണ്ട്. വേറെ അഭിഭാഷകരാണ് ഈ കേസുകൾ വാദിക്കുന്നത്-സൂര്യ പറയുന്നു.

ഹർത്താൽ പ്രഖ്യാപിച്ച നേതാക്കൾ ഹർത്താൽ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ആയിരിക്കും എന്ന് സുപ്രീംകോടതി വിധി തന്നെയുണ്ട്. ഈ വിധി നടപ്പിലാക്കാൻ വേണ്ടിയാണ് ഞാൻ വാദിച്ചത്. അഭിഭാഷകയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ആണ് ചെയ്തത്. പക്ഷെ ഇപ്പോൾ ശബരിമല കേസുകൾ ഞാൻ അല്ല വാദിക്കുന്നത്. ഞാൻ വക്കാലത്ത് ഒഴിഞ്ഞിട്ടുണ്ട്-സൂര്യ പറയുന്നു.

സംഘപരിവാറിൽ പ്രഗത്ഭരായ അഭിഭാഷകർ ഇല്ലേ?-വിവാദം പുറം ലോകത്ത് എത്തുന്നത് ഈ പോസ്റ്റിലൂടെ

കേന്ദ്രമന്ത്രി മുഖ്യന്റെ വീട്ടിൽ ഉണ്ടുറങ്ങിപ്പോയതും കൂടി ചേർത്തു വായിക്കണം.

സംഘപരിവാറിൽ പ്രഗത്ഭരായ അഭിഭാഷകർ ഇല്ലേ?

സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകൾ കേന്ദ്ര സർക്കാർ പദവിയിൽ. ആർഎസ്എസിനെ ഇത്രയധികം വേട്ടയാടിയ ഇവരെ ആരാണ് പിന്തുണക്കുന്നത്?

ശബരിമല വിഷയത്തിൽ ആർഎസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോൻ ഉൾപ്പെടെ 47 സംഘപരിവാർ നേതാക്കളെയും കെ.സുരേന്ദ്രൻ അടക്കം 22 ബിജെപി നേതാക്കളെയും പിണറായി സർക്കാരിന് വേണ്ടി കേസിൽ കുടുക്കിയ അഭിഭാഷക കേന്ദ്ര സർക്കാരിന്റെ ഉയർന്ന പദവിയിൽ! പ്രമുഖ സിപിഐ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിന്റെ മകളും, ഹിന്ദു വിരുദ്ധ നിലപാടുകാരിയുമായ അഡ്വ.സൂര്യ ബിനോയിയെ ആണ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി നിയമിച്ചത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ(fssai), പാലക്കാട് ഐഐടി എന്നിവയുടെ സ്റ്റാൻഡിങ് കോൺസലായാണ് നിയമനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിന് തന്നെ ഭീഷണിയായ 200ലേറെ കേസുകൾ പിണറായി സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ നടത്തിയത് സൂര്യ ബിനോയ് ആണ്. ഏകദേശം 100ലധികം ബിജെപി സംഘപരിവാർ നേതാക്കൾ കള്ളക്കേസിൽപ്രതികളാക്കപ്പെട്ട ശബരിമല കേസിന്റെ മേൽനോട്ടവും ഏകോപനവും ഇപ്പോഴും സൂര്യ ബിനോയ്ക്കാണ്.
ലക്ഷക്കണക്കിന് രൂപയാണ് കേന്ദ്ര സർക്കാരിൽ നിന്നും നിലവിൽ സൂര്യ ബിനോയിക്ക് ലഭിക്കുന്നത്. അതേസമയം സംഘപരിവാർ നേതാക്കളെ കള്ളകേസിൽ കുടുക്കിയ കമ്മ്യൂണിസ്റ്റ് നേതാവിന് കേന്ദ്ര സർക്കാരിന്റെ ഉന്നത പദവി നൽകിയതിൽ ബിജെപി സംസ്ഥാന പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ ശ്രീധരൻ പിള്ളയ്ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന കാര്യം അദ്ദേഹം തന്നെയാണ് വിശദീകരിയ്‌ക്കേണ്ടത്, ഇല്ലായെങ്കിൽ സഖാവ് സൂര്യാബിനോയിയെ പുറത്താക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം മുൻകയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം.

പത്മകുമാർ, റാന്നി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP