Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻകുമാറിന്റെ വാക്ക് കേൾക്കാത്ത ശ്രീചിത്ര ഇന്റസ്റ്റിറ്റിയൂട്ട് ഡയറക്ടർക്ക് പണി കിട്ടും; ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പിന്നോക്കക്കാരനായ അംഗത്തെ വെറും കാഴ്ചക്കാരനാക്കി അവഹേളിച്ചതിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന്റെ ഇടപെടൽ; ഡയറക്ടർ ആശാ കിഷോറിന്റെ 'ക്രൂരത' ചൂണ്ടിക്കാട്ടി പുലയർമഹാ സഭയും; മോദിയും കമ്മീഷനും പറഞ്ഞിട്ടും കേൾക്കാതെ തന്നിഷ്ടവഴിയിൽ നീങ്ങിയ തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രം ഈ പണി ചോദിച്ചു വാങ്ങിയത് തന്നെ

സെൻകുമാറിന്റെ വാക്ക് കേൾക്കാത്ത ശ്രീചിത്ര ഇന്റസ്റ്റിറ്റിയൂട്ട് ഡയറക്ടർക്ക് പണി കിട്ടും; ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പിന്നോക്കക്കാരനായ അംഗത്തെ വെറും കാഴ്ചക്കാരനാക്കി അവഹേളിച്ചതിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന്റെ ഇടപെടൽ; ഡയറക്ടർ ആശാ കിഷോറിന്റെ 'ക്രൂരത' ചൂണ്ടിക്കാട്ടി പുലയർമഹാ സഭയും; മോദിയും കമ്മീഷനും പറഞ്ഞിട്ടും കേൾക്കാതെ തന്നിഷ്ടവഴിയിൽ നീങ്ങിയ തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രം ഈ പണി ചോദിച്ചു വാങ്ങിയത് തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം; നാലു പതിറ്റാണ്ടായി തുടരുന്ന തെറ്റുതിരുത്തി എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് തീരുമാനിച്ചത് ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ്. ഇതിന്റെ ഭാഗമായി പ്രെമോഷൻ തീരുമാനിക്കാനുള്ള സമിതിയിലും പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധനെ ഉൾപ്പെടുത്തി. എന്നാൽ ഈ അംഗത്തിനോട് എല്ലാ അർത്ഥത്തിലും വിവേചനം കാട്ടുകയായിരുന്നു ശ്രീചിത്രാ ഇൻസറ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഭരണ വിഭാഗം. പ്രൊമോഷൻ സമിതിയിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ അംഗത്തെ വെറു കാഴ്‌ച്ചക്കാരനാക്കിയായിരുന്നു തീരുമാനങ്ങളെടുക്കൽ.

പട്ടികജാതി ക്ഷേമ സമിതിയുടെ സ്റ്റേറ്റ് കമ്മറ്റിക്ക് വേണ്ടി ഈ വിഷയം വണ്ടിത്തടം മധു ദേശീയ പട്ടികജാതി കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്. വിഷയം പരിശോധിച്ച ദേശീയ കമ്മീഷൻ ഓഗസ്റ്റ് 30നും 31നും നടന്ന എല്ലാ തീരുമാനങ്ങളിലും ഇടപെടാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ എടുത്ത് തീരുമാനം കമ്മീഷനെ അറിയിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ നൽകിയ നിർദ്ദേശം. ഫലത്തിൽ ശ്രീചിത്രാ ഡയറക്ടർ ആശാ കിഷോറിന് വലിയ തിരിച്ചടിയാണ്. ഗവേണിങ് ബോഡി അംഗമായ മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിന്റെ വാക്കുകൾ കേൾക്കാത്തതാണ് ഇതിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

പിന്നോക്ക് വിഭാഗക്കാർക്ക് ശ്രീചിത്രയിലുണ്ടാകുന്ന അവഗണന ഡോ. ടി.പി. സെൻകുമാറാണ് ചർച്ചയാക്കിയത്. അദ്ദേഹം കർശന നിലപാടെടുത്തതോടെയാണ് ശ്രീചിത്രയിലെ ഉന്നത ഉദ്യോഗസ്ഥർ വഴങ്ങിയത്. ഇതുപ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് 27%, പട്ടികജാതിക്കാർക്ക് 15%, പട്ടികവർഗത്തിന് 7.5% സംവരണം ലഭിക്കും. ഇതിനൊപ്പമാണ് ശ്രീചിത്രയിലെ എല്ലാ കാര്യങ്ങൾക്കും ഈ വിഭാഗങ്ങൾക്ക് വേണ്ടത്ര പരിഗണന കൊടുക്കാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതെല്ലാം ലംഘിക്കുകയാണ് ശ്രീചിത്രയിൽ സംഭവിച്ചത്. ഡിപ്പാർട്ടുമെന്റ് പ്രെമോഷൻ കമ്മറ്റിയിലാണ് ഗുരുതരമായ ഒഴിവാക്കൽ നടത്തിയത്.

ശ്രീചിത്ര ഇന്റസ്റ്റിറ്റിയൂട്ട് ഡയറക്ടർ ആശയ്ക്ക് ഗവേണിങ് ബോഡിയിലും സ്ഥാപനത്തിലും ഉള്ള ശക്തമായ സ്വാധീനമാണ് ഈ പ്രതിസന്ധിക്ക് കാരണം. എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ കഴിയാതിരുന്നതും ഇതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് സെൻകുമാർ പോരാട്ടം നടത്തിയത്. ഗവേണിങ് ബോഡിക്ക് ഈ കാര്യത്തിൽ തീരുമാനമേടുക്കാൻ കഴിയുന്നതാണ്. എന്നാൽ ഗവേണിങ് ബോഡി അംഗങ്ങളെയും ഈ തീരുമാനമെടുക്കാൻ ആശാ കിഷോർ സമ്മതിച്ചിരുന്നില്ലെന്നാണ് സൂചന. കേന്ദ്രത്തിന്റെ ഗ്രാന്റ് വാങ്ങി നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സംവരണം പോലുള്ള അതിപ്രധാനമായ വിഷയങ്ങൾ നടപ്പാക്കപ്പെടുന്നില്ലാ എന്നതിന്റെ ഗൗരവമാണ് ഗവേണിങ് ബോഡി അംഗം എന്ന നിലയിൽ സെൻകുമാർ ചൂണ്ടിക്കാട്ടിയത്.

റിസർവേഷൻ ശ്രീ ചിത്രയിൽ നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നാണ് സെൻകുമാർ നിലപാട് എടുത്തത്. എന്നാൽ ഭൂരിപക്ഷ തീരുമാന പ്രകാരം സെൻകുമാറിന്റെ നിലപാട് ഗവേണിങ് ബോഡി തള്ളുകയായിരുന്നു. റിസർവേഷൻ നടപ്പാക്കണമെന്നു 1977 മുതൽ നിർദ്ദേശമുണ്ട്. ഈ നിർദ്ദേശമാണ് ശ്രീചിത്ര അട്ടിമറിച്ചത്. ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പിന്നോക്കവിഭാഗ പ്രതിനിധിയെ ഒബ്‌സർവർ ആയി ഇരുത്തിയതും തെറ്റായ തീരുമാനമായിരുന്നു. ഇതെല്ലാം സെൻകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആശയുടെ പ്രേരണയിൽ ഗവേണിങ് ബോഡിയിലെ ഭൂരിഭാഗവും റിസർവേഷന് എതിരായി നിലകൊള്ളുകയായിരുന്നു. ഇതോടെയാണ് പിന്നോക്ക വിഭാഗ സംഘടനകളും ശ്രീ ചിത്രയിലെ ജീവനക്കാരും കേസിന് പോയത്. ഇത് ഫലം കണ്ടു. എന്നാൽ ഈ നിയമ നടപടികളിലെ വിജയത്തെ അട്ടിമറിക്കാൻ നടക്കുന്ന ശ്രമമാണ് സെലക്ഷൻ കമ്മറ്റിയിലെ അംഗത്തിന് മാർക്കിടാൻ അനുവദിക്കാത്ത നടപടി.

ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പട്ടിക ജാതിക്കാരിയെ ഉൾപ്പെടുത്തിയത് വലിയ പോരാട്ടങ്ങൾക്ക് ഒടുവിലാണ്. എന്നാൽ വെറുമൊരു നിരീക്ഷകന്റെ റോളിലാണ് ഈ അംഗത്തെ നിയമിച്ചത്. അതുകൊണ്ട് തന്നെ സെലക്ഷൻ പ്രക്രിയയിൽ ഇടപെടാനോ അതിൽ പങ്കെടുത്തവർക്ക് മാർക്കിടാനോ പറ്റിയില്ല. സെലക്ഷൻ കമ്മറ്റിയുടെ ഭാഗമായ പിന്നോക്ക അംഗത്തോട് കാട്ടിയ വിവേചനമായാണ് ഇതിനെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ വിഷയം വീണ്ടും പാർലമെന്ററീ സമിതിക്ക് മുമ്പിൽ എത്തിക്കുകയാണ് കേരള പുലയർമഹാ സഭ. ഇത് പിന്നോക്കക്കാർക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷൻ ശുപാർശയ്ക്ക് എതിരുമാണ്.

ഇതിനെ എസ് സി-എസ് ടി വിഭാഗങ്ങളോടുള്ള വിവേചനമായും അതിക്രൂര നടപടിയുമായി കേരള പുലർ മഹാ സഭ കാണുന്നു. ഒക്ടോബർ 5ന് ചേർന്ന ഗവേർണിങ്ങ് ബോർഡ് യോഗത്തിൽ ടിപി സെൻകുമാർ ഈ വിഷയത്തോട് വിയോജിപ്പും രേഖപ്പെടുത്തി. എന്നാൽ ഇത് ബോർഡ് തള്ളുകയും ചെയ്തു. ശ്രീചിത്രയിലെ ഗവേർണിങ് ബോർഡിയിലെ ഭൂരിപക്ഷം ഉയർത്തിയാണ് വിയോജിപ്പ് തള്ളിയത്. നിയമപരമായ വിഷയങ്ങളെല്ലാം ചർച്ചയാക്കിയാണ് സെൻകുമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സർക്കാർ ഉത്തരവുകൾ പാലിക്കേണ്ട ബാധ്യതയും സെൻകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിലെ കേന്ദ്ര നിയമം അനുസരിച്ച് സർക്കാർ സ്ഥാപനങ്ങളിലെ സമിതിയിലും മറ്റും പിന്നോക്കക്കാർക്ക് അർഹമായ പരിഗണന നൽകേണ്ടതാണ്. ഇതാണ് ശ്രീചിത്ര നിഷേധിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീചിത്രയുടെ ഡയറക്ടർ ആശാ കിഷോറിനെതിരെ പിന്നോക്കക്കാരെ വിവേചനത്തോടെ പരിഗണിച്ചതിനെതിരെ നടപടിയെടുക്കണമെന്നാണ് പുലർമഹാ സഭയുടെ ആവശ്യം. ഇത് പാർലമന്ററീ സമിതി ഗൗരവത്തോടെ കാണുന്നുവെന്നാണ് സൂചന. നാലു പതിറ്റാണ്ടായി തുടരുന്ന തെറ്റുതിരുത്തി എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ തീരുമാനിച്ചതും ഡയറക്ടർ അടക്കമുള്ളവർക്ക് മേലുണ്ടായ സമ്മർദ്ദത്തിന്റെ ഭാഗമാണ്.

കെ. സോമപ്രസാദ് എംപി അടക്കമുള്ളവരുടെ ഇടപെടലുകളെത്തുടർന്ന് ബി ക്ലാസ് കാറ്റഗറിയിൽ നാമമാത്രമായും സി, ഡി ക്ലാസുകളിൽ ഏതാനും തസ്തികകളിലും സംവരണം നൽകിയെങ്കിലും എ ക്ലാസ് തസ്തികകൾ ഒഴിവാക്കിയിരുന്നു. തുടർന്ന്, സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്ത് ഗ്രൂപ്പ് എയിലെ സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ തസ്തികകളിലടക്കം സംവരണം നടപ്പാക്കാൻ കേന്ദ്ര സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രാലയത്തെ സമീപിച്ചു. നിയമഭേദഗതിയിലൂടെ എല്ലാ തസ്തികകളിലും സംവരണം നടപ്പാക്കണമെന്നും സംവരണ ഒഴിവുകൾ മുൻകാല പ്രാബല്യത്തോടെ നികത്തണമെന്നും ഗവേണിങ് ബോഡിയിൽ ടി.പി. സെൻകുമാർ നിലപാടെടുത്തു. ഇതോടെ നിയമഭേദഗതി നടപ്പാക്കി ഇനിയുള്ള നിയമനങ്ങളെല്ലാം സംവരണം പാലിച്ച് നടത്തുമെന്ന് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിക്കുകയും ചെയ്തു. ഇതോടെ ഡിപ്പർട്ടമെന്റ് പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പിന്നോക്കക്കാരെത്തിയത്.

ഇവർ സെലക്ഷൻ പ്രോസസിൽ മാർക്കിട്ടാൽ ഇഷ്ടക്കാരെ തിരുകി കയറ്റൽ നടക്കാതെ പോകും. ഇതിന് വേണ്ടിയാണ് വെറും കാഴചക്കാരായി ഇവരെ ഇരുത്തിയതെന്നാണ് സൂചന. 1980ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്യൂൺ, പാരാമെഡിക്കൽ തസ്തികകളിൽ പോലും സംവരണം അനുവദിച്ചിരുന്നില്ല. ഉന്നത തസ്തികകളിൽ സംവരണം നടപ്പാക്കേണ്ടെന്ന് കേന്ദ്ര ഉത്തരവുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു. സംവരണം നടപ്പാക്കാതിരിക്കാൻ ഇളവുതേടി ശ്രീചിത്ര രണ്ടുവട്ടം കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട്, ഐ.സി.എം.ആർ, ഐ.ഐ.ടികൾ എന്നിവ പോലും സംവരണം പാലിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ പട്ടികജാതി ക്ഷേമസമിതി ട്രഷറർ വണ്ടിത്തടം മധു നൽകിയ കേസിൽ എല്ലാ തസ്തികകളിലും സംവരണം പാലിക്കണമെന്ന് പട്ടികജാതി, പട്ടികവർഗ ഗോത്ര കമ്മിഷൻ ഉത്തരവിട്ടപ്പോൾ, കമ്മിഷന് അതിനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീചിത്ര ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കമ്മിഷൻ ഉത്തരവ് സ്റ്റേചെയ്തില്ല. പിന്നീട് ദേശീയ പട്ടികജാതി കമ്മിഷൻ ശ്രീചിത്രയിലെത്തി സംവരണ ആഡിറ്റ് നടത്തി, എല്ലാ തസ്തികകളിലും പട്ടിക, പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ റിക്രൂട്ട്‌മെന്റ് നടത്താൻ നിർദ്ദേശിച്ചു. പിന്നീട് ദേശീയകമ്മിഷനെതിരെ ശ്രീചിത്ര സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയപ്പോൾ സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രാലയം തടഞ്ഞു.

ദേശീയ പട്ടികജാതി കമ്മിഷൻ ശ്രീചിത്രയിലെത്തി സംവരണ ആഡിറ്റ് നടത്തി തയ്യാറാക്കിയ ശുപാർശയിൽ ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും മതിയായ പ്രാതിനിധ്യം ബന്ധപ്പെട്ടവർക്ക് കൊടുക്കണമെന്ന് വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP