Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൺസ്യൂമർഫെഡ് നേരെയാകില്ല; 90 കോടിയുടെ അഴിമതി കേസിലെ വിജിലൻസ് അന്വേഷണം അട്ടിമറിച്ചു; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന എംഡിയുടെ ആവശ്യത്തിന് പുല്ലുവില; ക്രമക്കേട് ചൂണ്ടിക്കാട്ടിയ രതീഷിനെ മാറ്റാൻ നീക്കവും സജീവം

കൺസ്യൂമർഫെഡ് നേരെയാകില്ല; 90 കോടിയുടെ അഴിമതി കേസിലെ വിജിലൻസ് അന്വേഷണം അട്ടിമറിച്ചു; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന എംഡിയുടെ ആവശ്യത്തിന് പുല്ലുവില; ക്രമക്കേട് ചൂണ്ടിക്കാട്ടിയ രതീഷിനെ മാറ്റാൻ നീക്കവും സജീവം

തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ അഴിമതി സംബന്ധിച്ച വിജിലൻസ് അന്വേഷണം അട്ടിമറിച്ചു. മുൻ എംഡി റെജി എം നായർ, ചീഫ് മാനേജർ ആർ ജയകുമാർ, കൊല്ലം റീജിണൽ മാനേജർ എം ഷാജി, തിരുവനന്തപുരം സീനിയർ മാനേജർ സ്വിഷ് സുകുമാരൻ എന്നിവർക്കെതിരെ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇവരെ കൂടാതെ മറ്റ് അഞ്ച് പേരെക്കൂടി പ്രതികളാക്കണമെന്ന് വിജിലൻസ് അന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല.

എംഡിയായിരുന്ന റെജി എം നായരെ പുറത്താക്കി പകരം രതീശൻ ഐഎഎസ്സിനെ തൽസ്ഥാനത്ത് നിയമിച്ചത് മാത്രമാണ് സർക്കാർ ചെയ്തത്. വിജിലൻസ് കുറ്റക്കാരനെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പുതിയ എംഡി നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചെയർമാൻ അംഗീകരിച്ചിട്ടില്ല. അവരെല്ലാം ഇപ്പോഴും പഴയ തസ്തികയിൽ കൂടുതൽ അധികാരത്തോടെ തുടരുന്നു. ചെയർമാന്റെയും ഭരണസമിതിയുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടു നിൽക്കാത്തതിനാൽ എംഡിയെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ ഡൽഹി തെരഞ്ഞെടുപ്പിൽ അദ്ദേഹം നിരീക്ഷകനായിപ്പോയതോടുകൂടി കാര്യങ്ങൾ വീണ്ടും അവരുടെ കൈകളിലായി.

2013 സെപ്റ്റംബർ 30 നാണ് കൺസ്യൂമർഫെഡിന്റെ കേരളത്തിലെ എല്ലാ പ്രധാന ഓഫീസുകളിലും ഗോഡൗണുകളിലും വിജിലൻസ് റെയ്ഡ് നടത്തിയത്. 90 കോടി രൂപയുടെ ക്രമക്കേട് അന്ന് ഒരു ദിവസം കൊണ്ടു തന്നെ വിജിലൻസ് പ്രാഥമികമായി കണ്ടെത്തിയിരുന്നു. യഥാർത്ഥത്തിൽ അത് 400 കോടി രൂപയോളം വരുമെന്നാണ് വിജിലൻസിന്റെ നിഗമനം. ചെയർമാൻ അടക്കമുള്ളവരെ കേസിൽ പ്രതിയാക്കാതിരിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെ അന്വേഷണവും വഴിമുട്ടി.

നിലവിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ നാലുപേർ ഹൈക്കേടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ആവശ്യം നിരസിച്ചുകൊണ്ട് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. വൻ അഴിമതി നടന്നിട്ടുണ്ടെന്നും തലനാരിഴ കീറി ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഹൈക്കോടതി നിർദ്ദേശം പാലിക്കുന്ന തരത്തിലൊരു അന്വേഷണം ഇനിയും നടന്നിട്ടില്ല. ഉന്നതരെ രക്ഷിക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം.

കൺസ്യൂമർഫെഡിന്റെ ചെയർമാൻ ഐ ഗ്രൂപ്പ് നേതാവായ അഡ്വ. ജോയ് തോമസാണ്. ഇദ്ദേഹം തൃശ്ശൂർ മുൻ ഡിസിസി പ്രസിഡന്റായിരുന്നു. വകുപ്പ് മന്ത്രി സിഎൻ ബാലകൃഷ്ണന്റെയും ആദ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെയും വിശ്വസ്തൻ. ചെയർമാൻ അറിയാതെയാണ് ഇത്രയും വലിയ അഴിമതി നടന്നതെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചെയർമാനെ കൂടാതെ ഭരണസമിതി അംഗങ്ങളായ ലത്തീഫ്, മൺവിള രാധാകൃഷ്ണൻ എന്നിവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിൽ ലത്തിഫ് ആലപ്പുഴ മുൻ ഡിസിസി പ്രസിഡന്റായിരുന്നു. മൺവിള രാധാകൃഷ്ണൻ കെപിസിസി സെക്രട്ടറിമാരിൽ ഒരാളാണ്.

കേരളത്തിൽ 248 ത്രിവേണി സ്റ്റോറുകളും 19 മൊബൈൽ ത്രിവേണികളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 865 നന്മസ്റ്റോറുകളും അനുവദിച്ചു. ഇവയെല്ലാം ഇപ്പോൾ നിർജ്ജീവാവസ്ഥയിലും നഷ്ടത്തിലുമാണ് പ്രവർത്തിക്കുന്നത്. വിൽപ്പനയ്ക്കാവശ്യമായ സാധനങ്ങൾ ആവശ്യമായ അളവിൽ യഥാസമയം ലഭ്യമാക്കാൻ സാധിക്കാത്തതാണ് നഷ്ടം വരാനുണ്ടായ കാരണമെന്ന് മന്ത്രി തന്നെ കഴിഞ്ഞ നിയമസഭാ വേളയിൽ സമ്മതിച്ചിരുന്നു.

ത്രിവേണിയിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് 20 ശതമാനം വരെ വില കുറച്ചാണ് വിൽപ്പന നടത്തുന്നതെന്നാണ് അവരുടെ അവകാശവാദം. എന്നാൽ അതിന്റെ ഒരു ആനുകൂല്യങ്ങളും പൊതുജനത്തിന് ലഭിക്കുന്നില്ലായെന്നതാണ് യാഥാർത്ഥ്യം. ഉത്സവകാലങ്ങളിൽ മാത്രമാണ് അരി ഉൾപ്പെടെയുള്ള 13 നിത്യോപയോഗ സാധനങ്ങൾക്ക് സബ്‌സിഡി നൽകുന്നത്. ഇപ്പോൾ ആ സൗജന്യവും നിർത്തിയിരിക്കുകയാണ്. അങ്ങും ഇങ്ങും കുറെ സാധനങ്ങളുമായി ആരും കേറാത്ത ഭാർഗ്ഗവീ നിലയങ്ങളായി ത്രിവേണി സൂപ്പർ മാർക്കറ്റുകൾ മാറിക്കഴിഞ്ഞു. അഥവാ മാറ്റിത്തീർത്തു.

ത്രിവേണി സ്റ്റോറുകളിലെ 2013-14 ലെ നഷ്ടം 18.25 കോടി രൂപയാണെന്നാണ് കണക്കുകൾ പറയുന്നത്. ഇവിടത്തെ സാധാരണ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വില കുറച്ചു വിറ്റതു കൊണ്ടല്ല ഈ നഷ്ടം ഉണ്ടായത്. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ടാണ് ഈ നഷ്ടം വരുത്തിവച്ചതെന്ന് സ്പഷ്ടമാണ്. നിലവിലുള്ള 19 മൊബൈൽ ത്രിവേണി വണ്ടികൾ താമസം കൂടാതെ ആക്രി വിലയ്ക്ക് വിൽക്കേണ്ട സാഹചര്യമാണ് ഉള്ളത്.

തകർച്ചയിൽ കൂപ്പുകുത്തുമ്പോഴും നിയമനങ്ങൾ നടത്തുന്ന കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. 3649 പേരെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്. കൂടാതെ മാനേജ്‌മെന്റ് ട്രെയിനിയായി 87 പേരെ വേറെയും. അമ്പതിനായിരം മുതൽ 2 ലക്ഷം വരെ കോഴ വാങ്ങിയാണ് ഇവരെ നിയമിച്ചിട്ടുള്ളതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം തൊഴിലാളികൾ പ്രത്യേകിച്ചും സ്ത്രീകൾ കെപിസിസി ഓഫീസിൽ മുഖ്യമന്ത്രിയെ തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയപ്പോൾ അതിൽ പലരും ഇക്കാര്യം മാദ്ധ്യമങ്ങളോട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു.

ആളുകളെ തിരുകിക്കയറ്റാൻ ജില്ലതോറും റീജിണൽ ഓഫീസുകൾ ഉണ്ടാക്കുന്നു. കൺസ്യൂമർഫെഡിനെക്കാളും വ്യാപാര ശൃംഖലയുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷനുപോലും ഇതിന്റെ നാലിലൊന്ന് റീജിണൽ ഓഫീസുകളേയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP