Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യനയം തിരുത്തിയതിൽ പ്രതിഷേധിച്ച് സുധീരൻ രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന; കെപിസിസി പ്രസിഡന്റിനെ അനുനയിപ്പിക്കാൻ ആന്റണിയും; മുസ്ലിംലീഗും കലാപത്തിന്; എലിയെ കൊല്ലാൻ ഇല്ലം ചുട്ട ഉമ്മൻ ചാണ്ടിയുടെ തലയിൽ ഇല്ലം ഇടിഞ്ഞു വീഴുമോ?

മദ്യനയം തിരുത്തിയതിൽ പ്രതിഷേധിച്ച് സുധീരൻ രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന; കെപിസിസി പ്രസിഡന്റിനെ അനുനയിപ്പിക്കാൻ ആന്റണിയും; മുസ്ലിംലീഗും കലാപത്തിന്; എലിയെ കൊല്ലാൻ ഇല്ലം ചുട്ട ഉമ്മൻ ചാണ്ടിയുടെ തലയിൽ ഇല്ലം ഇടിഞ്ഞു വീഴുമോ?

ബി രഘുരാജ്

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രങ്ങളുടെ രാജാവാണ് ഉമ്മൻ ചാണ്ടിയെന്നാണ് പറയപ്പെടുന്നത്. സോളാർ വിഷയത്തിലെ അതിജീവനവും രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ നീക്കങ്ങളുമാണ് ഉമ്മൻ ചാണ്ടിക്ക് ഈ കിരീടം നേടികൊടുത്തത്.

ബാറുടമകളുമായി ബാർഗയ്‌നുകൾ നടത്തി വരുന്നതിനിടയിൽ മദ്യ നയത്തിൽ ഹൈജാക്ക് ചെയ്ത സുധിരനെ വെട്ടാൻ ഭാഗികമായ മദ്യ നിരോധനം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത നീക്കം ഈ തന്ത്രങ്ങളിലെ ഏറ്റവും അപ്രതീക്ഷിതമായിരുന്നു. എന്നാൽ ഈ തന്ത്രം പിഴച്ചെന്ന് മുഖ്യമന്ത്രി തന്നെ ഇപ്പോൾ പറയുന്നു. എലിയെ കൊല്ലാൻ ഇല്ലം ചുട്ട അനുഭവമാണ് ഉമ്മൻ ചാണ്ടിക്കിപ്പോൾ. സുധീരനെ തളയ്ക്കാൻ അതിലും വലിയ മദ്യ വിരുദ്ധനായി മാറിയ ഉമ്മൻ ചാണ്ടിയെ ബാർ കോഴ വിവാദം തെല്ലൊന്നുമല്ല ഉലയ്ക്കുന്നത്. ഞായറാഴ്ച ഡ്രൈ ഡേ ആക്കിയത് തന്റെ മാത്രം പിടിവാശിയായിരുന്നെന്ന് തുറന്ന് സമ്മതിച്ച ഉമ്മൻ ചാണ്ടി ആ തെറ്റ് തിരുത്തിയെങ്കിലും അതിന്റെ അനന്തരഫലങ്ങൾ കണക്ക് കൂട്ടിയതിനെക്കാൾ ഏറെയാണെന്ന് സൂചന.

മദ്യ നയത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടിയെ ഓഫീസിൽ എത്തി അഭിനന്ദിച്ച കത്തോലിക്കാ സഭയുടെ നിലപാട് മാറ്റം ആയിരിക്കും ഇതിൽ ഏറ്റവും പ്രധാനം. തങ്ങളെ സമ്മർദ്ദഫലമായാണ് നയം മാറ്റയതെന്ന് അണികളോട് പറഞ്ഞ് വിശ്വസിപ്പിച്ച ലീഗ് നേതാക്കളും കുഴപ്പത്തിലായിക്കുകയാണ്. ഇതിനൊപ്പമാണ് സുധീരന്റെ രാജി ഭീഷണി. മദ്യനയത്തിൽ വെള്ളം ചേർത്തതിന്റെ പേരിൽ സുധീരൻ രാജിക്കൊരുങ്ങുന്നു എന്നാണ് സൂചന. ഇക്കാര്യം സുധീരൻ അടുത്ത വൃത്തങ്ങളോട് പറഞ്ഞു കഴിഞ്ഞു. എന്നാൽ സാഹചര്യത്തിൽ സുധീരൻ രാജി വെയ്ക്കുന്നത് സർക്കാരിനെ കുഴപ്പത്തിലാക്കുമെന്ന തോന്നൽ ശക്തമാണ്. എ കെ ആന്റണിയുടെ നേതൃത്വത്തിൽ സുധീരന്റെ രാജി ഒഴിവാക്കാൻ തിരക്കിട്ട പരിശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ കടുത്ത നിലപാടിലാണ് സുധീരൻ എന്നാണ് സൂചന.

ഇന്നലെ മുഖ്യമന്ത്രി മദ്യനയത്തിലെ തീരുമാനം പ്രഖ്യാപിക്കുമ്പോൾ കാസർഗോഡാണ് സുധീരൻ ഉണ്ടായിരുന്നത്. തീരുമാനത്തിൽ അതൃപ്തിയുമായി തിരുവനന്തപുരത്തേക്ക് സുധീരൻ മടങ്ങി. കോഴിക്കോട് മേഖലയിലെ ഇന്നത്തെ പാർട്ടി പരിപാടികളെല്ലാം റദ്ദാക്കിയായിരുന്നു ഇത്. മദ്യനയത്തിൽ അടിസ്ഥാനപരമായ മാറ്റത്തിന് ആരും സർക്കാരിന് അനുമതി നൽകിയിട്ടില്ല. പൂട്ടിയ 418 ബാറുകളിൽ ബിയർ പാർലറുകൾ അനുവദിക്കുന്നത് മദ്യനയത്തിലെ കാതലായ മാറ്റമാണ്. ഇത് കെപിസിസിയുടെ അംഗീകരാമില്ലാതെ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് അല്ല ആർക്കും കഴിയില്ലെന്നാണ് സുധീരന്റെ നിലപാട്. അങ്ങനെ കെപിസിസിയെ അപമാനിച്ചതിനാൽ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നാണ് സുധീരന്റെ പക്ഷം.

വിനോദ സഞ്ചാര മേഖലയിലെ പ്രശ്‌നങ്ങളുയർത്തിയാണ് മദ്യനയത്തിൽ മാറ്റത്തിന് മുഖ്യമന്ത്രി നീക്കം നടത്തിയത്. ഞായറാഴ്ച ഡ്രൈ ഡേ അല്ലാതാക്കുന്നതിൽ സുധീരനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതിനൊപ്പം ടൂറിസം മേഖലയിൽ ചില ബിയർ വൈൻ പാർലറുകളും പ്രതീക്ഷിച്ചു. എന്നാൽ ഇന്നലത്തെ മന്ത്രിസഭാ തീരുമാനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്നാണ് സുധീരന്റെ പക്ഷം. ത്രി സ്റ്റാർ ബാറുകൾക്ക് ബാർ ലൈസൻസിന് പകരം ബിയർ പാർലറുകൾ കൊടുക്കുന്നതിനെ അംഗീകരിക്കില്ലെന്നാണ് സുധീരന്റെ പക്ഷം. കെപിസിസിയിൽ ചർച്ച ചെയ്യാതെ ഇത്തരമൊരു നയം മാറ്റം നടപ്പാക്കാൻ കഴിയില്ല. എല്ലാ അർത്ഥത്തിലും കെപിസിസിയെ മുഖ്യമന്ത്രി അപമാനിച്ചുവെന്നാണ് പ്രസിഡന്റിന്റെ വിലയിരുത്തൽ.

വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാണ്ടുമായി സുധീരൻ ആശയവിനിമയം നടത്തിക്കഴിഞ്ഞു. രാജിവയ്ക്കുമെന്ന് ആന്റണിയോടും പറഞ്ഞു. തന്നെ അപമാനിച്ച് പുറത്താക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കമെന്നും സുധീരന് പരാതിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് തന്റെ പ്രതിശ്ചായയും കോൺഗ്രസിന് ഗുണകരമായി. മുഖ്യമന്ത്രിയുടെ ഭരണ മികവ് മാത്രമല്ല അതിന് കാരണം. എന്നിട്ടും ഇങ്ങനെ തന്നോട് കാണിക്കുന്നതിൽ ആന്റണിയോട് സുധീരൻ അതൃപ്തി അറിയിച്ചു കഴിഞ്ഞു. എന്നാൽ ധൃതിപിടിച്ചൊരു തീരുമാനം വേണ്ടെന്നാണ് ആന്റണിയുടെ ഉപദേശം. മദ്യനയത്തിൽ തന്റെ നിർദ്ദേശങ്ങളേയും ഉമ്മൻ ചാണ്ടി പരിഗണിച്ചില്ലെന്ന ആക്ഷേപം ആന്റണിക്കുമുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിൽ സുധീരനെ മാറ്റാൻ എ, ഐ വിഭാഗങ്ങൾ നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇത് സുധീരനും അറിയാം. അതിനാൽ മദ്യനയത്തിലെ വിവാദമുയർത്തി സ്ഥാനം ഒഴിഞ്ഞാൽ പ്രതിശ്ചായാ നഷ്ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് രാജിയെന്ന തീരുമാനത്തിൽ സുധീരൻ എത്തിയത്. എന്നാൽ ഹൈക്കമാണ്ട് പിന്തുണയുണ്ടെങ്കിൽ വീണ്ടും കെപിസിസി പ്രസിഡന്റാകാമെന്നാണ് ആന്റണിയുടെ ഉപദേശം. രാജി വച്ചാൽ ആ സാഹചര്യം ഇല്ലാതാകുമെന്നും സുധീരനോട് ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP