Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എസ് ആർ ടി സിയെ മുടിപ്പിക്കാൻ ജ്യോതിലാൽ ആരിൽ നിന്നാണ് ക്വട്ടേഷൻ എടുത്തിരിക്കുന്നത്? 50ലക്ഷത്തിൽ കൂടുതൽ ചെലവകാൻ സിഎംഡിയെ വിലക്കിക്കൊണ്ട് ഗതാഗത സെക്രട്ടറി ഇറക്കിയ ഉത്തരവ് പുറത്ത്; അടിയന്തര സാഹചര്യത്തിൽ തച്ചങ്കരി തീരുമാനം എടുക്കുന്നത് മുടക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്ന് സൂചന; സർക്കാർ മാറ്റിയില്ലെങ്കിൽ പുകച്ച് പുറത്ത് ചാടിക്കുമെന്ന യൂണിയൻ ഭീഷണി നടപ്പാക്കുന്നത് ഇങ്ങനെ

കെ എസ് ആർ ടി സിയെ മുടിപ്പിക്കാൻ ജ്യോതിലാൽ ആരിൽ നിന്നാണ് ക്വട്ടേഷൻ എടുത്തിരിക്കുന്നത്? 50ലക്ഷത്തിൽ കൂടുതൽ ചെലവകാൻ സിഎംഡിയെ വിലക്കിക്കൊണ്ട് ഗതാഗത സെക്രട്ടറി ഇറക്കിയ ഉത്തരവ് പുറത്ത്; അടിയന്തര സാഹചര്യത്തിൽ തച്ചങ്കരി തീരുമാനം എടുക്കുന്നത് മുടക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്ന് സൂചന; സർക്കാർ മാറ്റിയില്ലെങ്കിൽ പുകച്ച് പുറത്ത് ചാടിക്കുമെന്ന യൂണിയൻ ഭീഷണി നടപ്പാക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ടിക്കറ്റ് ബുക്കിങ്ങിൽ നേട്ടമുണ്ടാക്കിയിരുന്നത് ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു. ബംഗളുരുവിലെ കമ്പനിക്ക് മറിച്ച് വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കിയത് കണ്ടു പിടിച്ചതോടെ കെ എസ് ആർ ടി സിയിൽ നിന്ന് ഊരാളുങ്കൽ ഒഴിവാക്കപ്പെട്ടു. കെ എസ് ആർ ടി സി എംഡിയായ ടോമിൻ തച്ചങ്കരിയുടെ ആദ്യ സർജിക്കൽ സ്‌ട്രൈക്കായിരുന്നു ഇത്. അതിന് ശേഷം കെ എസ് ആർ ടി സിയെ രക്ഷിക്കാൻ നിരവധി പദ്ധതികളുമായെത്തി. ഇതെല്ലാം അട്ടിമറിക്കാനായിരുന്നു യൂണിയൻകാരുടെ ശ്രമം. ഇതിന് പിന്തുണയുമായി ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലുമെത്തി. ജീവനക്കാരുടെ ശമ്പളം കൊടുക്കാതിരിക്കാൻ പോലും ഈ ലോബി കള്ളക്കളികൾ നടത്തി. അതിനിടെ തച്ചങ്കരിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനായി ജ്യോതിലാൽ നടത്തിയ നീക്കവും വെളിച്ചത്ത് വരികയാണ്. പൊതുമേഖലാ സ്ഥാപനത്തിലെ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ സെക്രട്ടറി സ്വന്തം താൽപ്പര്യത്തിൽ നടത്താൻ നടത്തിയ നീക്കമാണ് ചർച്ചയാകുന്നത്.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കെ എസ് ആർ ടി സി. ഊരാളുങ്കലിനെ പുറത്താക്കി കരാർ ബംഗളുരുവിലെ കമ്പനിക്ക് നേരിട്ട് നൽകിയതോടെയാണ് ജ്യോതിലാൽ ഇടപെടലുമായി വരുന്നത്. കെ എസ് ആർ ടി സിയിലെ എല്ലാ 50 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളും സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ഇതിന് വേണ്ടി മൂന്നംഗ സമിതിയേയും നിയോഗിച്ചു. ഗതാഗത സെക്രട്ടറിയും ഐടി സെക്രട്ടറിയും പിന്നെ കെ എസ് ആർ ടി സി എംഡിയും. സർക്കാർ സഹായം കെ എസ് ആർ ടി സിക്ക് കിട്ടുന്നുണ്ടെന്ന വാദവുമായിട്ടായിരുന്നു ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്. ഇത് പിന്നീട് സർക്കാരിന് മുന്നിൽ പരാതിയായി എത്തുകയും ചെയ്തു. എന്നാൽ നടപടിയൊന്നും ഉണ്ടായതുമില്ല. ഇതിന് പിന്നാലെയാണ് തച്ചങ്കരിയുടെ നീക്കങ്ങളെ വെട്ടാൻ പ്രമോഷനും നിയമനവുമെല്ലാം സെക്രട്ടറി നേരിട്ട് നടപ്പാക്കിയത്. ഇതോടെയാണ് ഉന്നതതല സമിതിക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാകുന്നത്.

അടിയന്തര ഘട്ടത്തിൽ തച്ചങ്കരി നടത്തുന്ന ഇടപെടലുകളെ തടയാനും പാരവയ്ക്കാനുമായിരുന്നു ഈ നീക്കം. കെ എസ് ആർ ടി സിയിൽ ജീവനക്കാരുടെ പിന്തുണയോടെ തച്ചങ്കരി പടിമുറുക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് സർക്കാർ തലത്തിലെ സമിതിയെ കോർപ്പറേഷന്റെ നയപരമായ തീരുമാനമെടുക്കാനായി ചുമതലപ്പെടുത്തുന്നത്. ഇത് വകുപ്പ് മന്ത്രിയായ എകെ ശശീന്ദ്രൻ പോലും അറിഞ്ഞിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ദിവസം ജീവനക്കാരുടെ ശമ്പളം തടഞ്ഞ വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിലേക്കും വരുന്നത്. മന്ത്രിയെ സമിതിയുടെ അധ്യക്ഷനാക്കി കമ്മറ്റി ഉണ്ടാക്കിയിരുന്നുവെങ്കിൽ സർക്കാരിന് ഫലപ്രദമായ ഇടപെടലിന് കഴിയുമായിരുന്നു. എന്തിനാണ് ഗതാഗത സെക്രട്ടറി ചെയർമാനായുള്ള ഉത്തരവ് ഗതാഗത സെക്രട്ടറി തന്നെ ഇറക്കിയെന്നതാണ് ഉയരുന്ന ചോദ്യം. ഗതാഗത സെക്രട്ടറിയെ മന്ത്രി നിയോഗിക്കുന്നതായി ഉത്തരവുണ്ടായെങ്കിലും അതിൽ സുതാര്യത വരുമായിരുന്നു. ഇവിടെയാണ് ഗതാഗത സെക്രട്ടറിയുടെ ഇടപെടലുകൾ സംശയത്തിലാകുന്നത്.

കെ എസ് ആർ ടിസി 1950ലെ നിയമ പ്രകാരം രൂപീകരിച്ച സ്വതന്ത്ര സ്ഥാപനമാണ്. അതിന്റെ ഭരണ നിർവ്വഹണം സർക്കാർ നിശ്ചയിക്കുന്ന ഭരണ സമിതിയിൽ നിക്ഷിപ്തമാണ്. ഗതാഗത സെക്രട്ടറി അതിൽ അംഗവും. ഇ പോർട്ടൽ വഴി ഇ ടെൻഡറാണ് ഇപ്പോൾ നടക്കുന്നത്. ഐടി വകുപ്പിന്റെ ഇടപെടലുകളും നടക്കുന്നുണ്ട്. എന്നിട്ടും ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതിന്റെ സാങ്കേതികത്വം ആണ് ചർച്ചയാകുന്നത്. അതുകൊണ്ട് തന്നെ ഗതാഗത സെക്രട്ടറി ഇറക്കിയ ഉത്തരവിന് നിയമസാധുതയുമില്ല. മാനേജിങ് ഡയറക്ടർക്ക് തീരുമാനങ്ങളെടുക്കാൻ എല്ലാ വിധ സ്വാതന്ത്ര്യവും നിയമം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ നിയമന കാര്യത്തിൽ ഉൾപ്പെടെ ഗതാഗത സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇടപെടലുകൾ നിയമപരമല്ലെന്നാണ് ഉയരുന്ന അഭിപ്രായം. നിയമോപദേശം കിട്ടി ഗതാഗത സെക്രട്ടറിയോട് കെ എസ് ആർ ടി സി ഇക്കാര്യം വ്യക്തമാക്കി കത്തെഴുതിയിട്ടും പുനപരിശോധന നടന്നിട്ടില്ല.

അടിയന്തര ഇടപെടലുകളിലൂടെയാണ് കെ എസ് ആർ ടി സിക്ക് തച്ചങ്കരി പുതുജീവൻ നൽകുന്നത്. ഊരാളുങ്കലിനെ ഒഴിവാക്കിയതോടെ ആരുടേയും കളികൾ നടക്കില്ലെന്ന് ചിലർക്ക് മനസ്സിലായി. ഇതോടെയാണ് യൂണിയൻകാർ തച്ചങ്കരിക്ക് എതിരാകുന്നത്. ഇതിന് പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ ഭരണവും തുടങ്ങുന്നത്. ജീവനക്കാരുടെ ശമ്പളം മുടക്കാൻ സെക്രട്ടറി ശ്രമിച്ചിട്ട് പോലും യൂണിയനുകൾ പ്രതിഷേധം ഉയർത്തിയില്ല. ഡിപ്പോകളിലൊന്നും സെക്രട്ടറിക്കെതിരെ ഫ്‌ളക്‌സുകളും ഉയർന്നില്ല. തൊഴിലാളി വിരുദ്ധനെന്ന് യൂണിയൻ വിളിക്കുന്ന തച്ചങ്കരിയാണ് ഈ വിഷയത്തിൽ ശമ്പളം ഉറപ്പാക്കാൻ ഉറച്ച നിലപാട് എടുത്തത്. ശമ്പളം കൃത്യ സമയത്ത് കിട്ടിയതിന് തച്ചങ്കരിയേയും ആരും അഭിനന്ദിക്കുന്നില്ല. ഇതെല്ലാം ഒരു കോക്കസിൽ നിന്നുണ്ടാകുന്ന ഗൂഢാലോചനയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നതും.

കോർപ്പറേറ്റുകളുടെ താൽപര്യമാണ് കെഎസ്ആർടിസിയിൽ തച്ചങ്കരി നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ ആരോപിച്ചിരുന്നു. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെ ശിഥിലമാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. ഇത് കൈയുംകെട്ടി നോക്കിനിൽക്കാൻ തൊഴിലാളി യൂണിയനുകൾ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം സർക്കാർ പുറത്താക്കിയില്ലെങ്കിൽ തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അധികാരങ്ങളോരൊന്നായി ഇല്ലാതാക്കി തച്ചങ്കരിയെ നിശബ്ദനാക്കി സ്വയം മാറി പോകാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് ആനത്തലവട്ടത്തിന്റെ പ്രസ്താവനയിൽ തന്നെ ഉണ്ടായിരുന്നു. ഇതാണ് ഗതാഗത സെക്രട്ടറിയുടെ ഇടപെടലുകളിലൂടെ നടപ്പാക്കുന്നത്.

വൈവിധ്യവൽക്കരണത്തിലൂടെ കെ എസ് ആർ ടി സിയെ മുന്നോട്ട് കൊണ്ടുപോകാനാണ് തച്ചങ്കരിയുടെ ശ്രമം. ഇതിന് അടിയന്തര തീരുമാനങ്ങളും നടപടികളും അനിവാര്യവുമാണ്. ഇതിനെ തടസ്സപ്പെടുത്താനാണ് എല്ലാ തീരുമാനങ്ങളും ഗതാഗത സെക്രട്ടറി എടുക്കുമെന്ന തരത്തിൽ ഉത്തരവിറക്കാൻ കാരണം. ഇതിലൂടെ തച്ചങ്കരിയുടെ പദ്ധതികളൊന്നും നടക്കാതെ പോകും. എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളെയും ജി.പി.എസ്. സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരം പദ്ധതികളെ അട്ടിമറിച്ച് ആധുനികവത്കരണത്തെ തടസ്സപ്പെടുത്താനും കഴിയും. 6400 കെ.എസ്.ആർ.ടി.സി. ബസുകളെയും ജി.പി.എസ്. സംവിധാനത്തിൽ കൊണ്ടുവരുന്നതോടെ യാത്രക്കാരുടെ വിരൽത്തുമ്പിൽ ബസുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഇതിനായി സമഗ്രമായൊരു സോഫ്റ്റ്‌വേർ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

ടിക്കറ്റ് മെഷീനിൽ ക്യു.ആർ. കോഡിങ് സംവിധാനം കൊണ്ടുവരാനും നീക്കമുണ്ട്. ഇതെല്ലാം കെ എസ് ആർ ടി സിയെ മുന്നോട്ട് നയിക്കും. ഇതിലൂടെ കെ എസ് ആർ ടി സിയിൽ തച്ചങ്കരി പിടിമുറുക്കുകയും ചെയ്യും. ഇത് തകർക്കാനാണ് ചിലരുടെ ശ്രമം. ഓൺലൈൻ റിസർവേഷന്റെ ഇടനിലക്കാരിൽ നിന്ന് കോടികൾ കൊണ്ടുപോയ ഊരാളുങ്കൽ സൊസൈറ്റിക്കാണ് തച്ചങ്കരി എത്തിയതോടെ ആദ്യ പണി കിട്ടിയത്. നേരിട്ടു കരാർ നൽകിയതു വഴി യാത്രക്കാർക്കും കോർപ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവർ നുഴഞ്ഞു കയറിയത്. ഇവരെ തച്ചങ്കരി ഒഴിവാക്കിയിരുന്നു. ഓൺലൈൻ റിസർവേഷൻ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബെംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആർ.ടി.സി. കുറഞ്ഞ നിരക്കിൽ കരാർ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷൻ 3.25 രൂപയായി ചെലവ് കുറഞ്ഞു.

കെൽട്രോണും ഊരാളുങ്കൽ സർവീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാർപ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെ.എസ്.ആർ.ടി.സി. നൽകേണ്ടിയിരുന്നത്. കെൽട്രോൺ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കൽ സൊസൈറ്റിക്ക് മറിച്ച് നൽകുകയായിരുന്നു ഇതുവരെ. ഇത് കോർപ്പറേഷനെ സംബന്ധിച്ചിടത്തോളം നഷ്ടച്ചക്കവടമായി നിലകൊണ്ടു. അഞ്ചുവർഷം മുൻപാണ് കെൽട്രോണുമായി കരാർ ഒപ്പിട്ടത്. കെൽട്രോൺ ഈ കരാർ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കും അവർ അത് ബെംഗളൂരു ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നൽകി. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ മറ്റുപല കോർപ്പറേഷനുകളും ഓൺലൈൻ സൗകര്യം നേടുന്നതായി ടോമിൻ തച്ചങ്കരി പറഞ്ഞു. കെ.എസ്.ആർ.ടി.സി.യിൽ നിന്ന് കെൽട്രോൺ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി കത്ത് നൽകിയിട്ടുണ്ട്. ടോട്ടൽ സർവീസ് പ്രൊവൈഡർ എന്ന നിലയിൽ ഈടാക്കേണ്ടതിൽ കൂടുതൽ ലാഭം കെൽട്രോൺ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ നിരക്കു പ്രകാരം പരമാവധി 5.50 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.

കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സഹായകമാകുമെന്ന രീതിയിൽ തുടങ്ങിയതാണ് ഓൺലൈൻ റിസർവേഷൻ. എന്നാൽ ഇതിന്റെ മൊത്തം ഗുണം കെഎസ്ആർടിസിക്ക് ലഭിക്കുന്നില്ല. ദീർഘദൂര യാത്രക്കായി റിസർവേഷൻ നടത്തുന്നതിൽ നിന്നും 20 രൂപ റിസർവേഷൻ ഫീസായി ഈടാക്കുമ്പോൾ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. വെറും 5 രൂപ 50 പൈസ മാത്രമായിരുന്നു. ഈ കള്ളക്കളി പൊളിഞ്ഞതോടെയാണ് ഒരു വിഭാഗം തച്ചങ്കരിക്കെതിരെ എതിർപ്പുമായി എത്തുന്നതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP