Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തു പേരൊഴികെ കെഎസ്ആർടിസിയിലെ മുഴുവൻ ഉദ്യോഗസ്ഥരുടേയും പേഴ്‌സണൽ ഡ്രൈവർമാരെ പിൻവലിച്ച് സിഎംഡി; ഇനി മാനേജർമാർക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യേണ്ടിവരും; ഹെഡ്ക്വാർട്ടേഴ്‌സിൽ മാത്രം 44 ലാൻഡ് ഫോൺ കണക്ഷനുകൾ എന്നു കണ്ടെത്തി എല്ലാം റദ്ദുചെയ്യാൻ നീക്കം; ഒരിക്കലും ഉപയോഗിക്കാത്ത എംഡിയുടെ ഫോണിലും ആയിരങ്ങളുടെ ബിൽ; ഇസ്രയേൽ-പോളണ്ട് സന്ദർശനം കഴിഞ്ഞെത്തിയ തച്ചങ്കരി വീണ്ടും പണിതുടങ്ങി

പത്തു പേരൊഴികെ കെഎസ്ആർടിസിയിലെ മുഴുവൻ ഉദ്യോഗസ്ഥരുടേയും പേഴ്‌സണൽ ഡ്രൈവർമാരെ പിൻവലിച്ച് സിഎംഡി; ഇനി മാനേജർമാർക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യേണ്ടിവരും; ഹെഡ്ക്വാർട്ടേഴ്‌സിൽ മാത്രം 44 ലാൻഡ് ഫോൺ കണക്ഷനുകൾ എന്നു കണ്ടെത്തി എല്ലാം റദ്ദുചെയ്യാൻ നീക്കം; ഒരിക്കലും ഉപയോഗിക്കാത്ത എംഡിയുടെ ഫോണിലും ആയിരങ്ങളുടെ ബിൽ; ഇസ്രയേൽ-പോളണ്ട് സന്ദർശനം കഴിഞ്ഞെത്തിയ തച്ചങ്കരി വീണ്ടും പണിതുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുന്നതിന് സ്ഥാനമേറ്റതിന് പിന്നാലെ പടിപടിയായി ഒരോ പരിഷ്‌കാരങ്ങൾ നടപ്പാക്കിവരികയാണ് സിഎംഡി ടോമിൻ ജെ തച്ചങ്കരി. ഇത്തരം നടപടികളെല്ലാം സ്ഥാപനം മെച്ചപ്പെടണമെന്ന നിലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കുന്നുമുണ്ട്. അതേസമയം, സ്ഥാപനത്തെ വെള്ളാനയാക്കി മാറ്റുകയും കോർപ്പറേഷനിലെ ഉന്നത പദവികളുടെ മറവിൽ നിരവധി സുഖസൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നൊരു വിഭാഗം ഉദ്യോഗസ്ഥരുമുണ്ട്.

ഇപ്പോൾ ഇസ്രയേൽ-പോളണ്ട് സന്ദർശനത്തിന് പോയി മടങ്ങിയെത്തിയതിന് പിറകെ ഇത്തരത്തിൽ കോർപ്പറേഷന്റെ പണം ധൂർത്തടിക്കുന്നവരുടെ കഴുത്തിന് പിടിക്കാനാണ് തച്ചങ്കരി ഒരുങ്ങുന്നത്. ഇതിനായുള്ള നീക്കങ്ങളും അദ്ദേഹം ആരംഭിച്ചുകഴിഞ്ഞു. കോർപ്പറേഷനിൽ കട്ടപ്പുറത്തിരിപ്പായിരുന്ന ബസ്സുകളെല്ലാം നന്നാക്കിയെടുത്ത് ദിവസവും കൂടുതൽ സർവീസുകൾ നടത്തുന്ന പ്രവർത്തനം ശക്തമായി നടന്നുവരികയാണ്. ഇതിനിടെ ആവശ്യത്തിന് ഡ്രൈവർമാരില്ലെന്ന രീതിയിൽ പരാതികൾ വന്നതോടെ നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പല ഉന്നതര ഉദ്യോഗസ്ഥരും കെഎസ്ആർടിസി ഡ്രൈവർമാരെ സ്വന്തം വാഹനങ്ങളുടെ സ്ഥിരം ഡ്രൈവർമാരാക്കി വച്ച് സ്വകാര്യ ആവശ്യങ്ങൾവരെ നിർവഹിക്കുന്ന സ്ഥിതിയാണെന്ന് കണ്ടെത്തിയതോടെ ഇതിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണ് സിഎംഡിയെന്നാണ് ലഭിക്കുന്ന വിവരം. സമാനമായ രീതിയിൽ നിരവധി ടെലിഫോൺ കണക്ഷനും പല ഓഫീസിലും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയിൽ കണ്ടെത്തിയിട്ടുണ്ട്. ചില കണക്ഷനുകൾ ഒട്ടും ആവശ്യമില്ലാതിരുന്നിട്ടും ഒരു കോൾ പോലും ചെയ്യാത്ത സ്ഥിതിയായിരുന്നിട്ടും വിച്ഛേദിക്കുകപോലും ചെയ്യാതെ മാസംതോറും ബില്ലടയ്ക്കുന്ന സ്ഥിതിയുമുണ്ട്.

ഇത്തരത്തിൽ ഓരോ മേഖലയിലും നടക്കുന്ന പാഴ്‌ച്ചെലവുകൾ ഇല്ലാതാക്കിയാൽ തന്നെ കോടികൾ ഓരോ മാസവും കെഎസ്ആർടിസിക്ക് ലാഭിക്കാനാവും. ഇതിന്റെ കണക്കുകൾ ടോമിൻ തച്ചങ്കരി ശേഖരിച്ചു തുടങ്ങിയതായാണ് അറിയുന്നത്. ഇവയിൽ പാഴ്‌ച്ചെലവുകൾ കണ്ടെത്തി ഉടനടിതന്നെ നടപടിയെടുക്കുമെന്നും അറിയുന്നു. ഇതിനുള്ള നീക്കം അദ്ദേഹം ആരംഭിച്ചതായാണ് വിവരം.

മേലുദ്യോഗസ്ഥർ സ്വന്തമാക്കി വച്ചിരിക്കുന്നത് 195 ഡ്രൈവർമാരെ

ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമാണ് കെഎസ്ആർടിസിയിൽ. എന്നാൽ ഡ്രൈവർമാരുടെ എണ്ണം പരിശോധിക്കുമ്പോൾ ഉണ്ടുതാനും. ഇതേപ്പറ്റി അന്വേഷിച്ചപ്പോഴാണ് എല്ലാ ഉദ്യോഗസ്ഥർക്കും ജീപ്പും ഡ്രൈവറേയും അനുവദിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. എടിഒ, ഡിടിഒ, വർക്ക് ഷോപ്പ മാനേജർ, അസി. മാനേജർ, ഷോപ്പ് കീപ്പർ എന്നിവർക്കെല്ലാം ഇത്തരത്തിൽ വണ്ടിയുണ്ട്. ഇവരോട് വണ്ടി തുടർന്നും ഉപയോഗിച്ചുകൊള്ളാൻ അനുവദിക്കുമെങ്കിലും ഡ്രൈവർമാരെ പിൻവലിക്കാനാണ് തച്ചങ്കരി തീരുമാനിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. കാറ്റഗറി അഞ്ചിൽ പെടുന്ന നാല് ഇ ഡി മാർ, കാറ്റഗറി നാലിൽ പെട്ട ട്രാഫിക് മാനേജർമാർ ആറുപേർ എന്നിങ്ങനെ പത്തുപേർക്ക് ഒഴികെ മറ്റുള്ളവരെല്ലാം വേണമെങ്കിൽ സ്വന്തം നിലയ്ക്ക് വണ്ടി ഉപയോഗിച്ചുകൊള്ളാനും എന്നാൽ ഡ്രൈവർമാരെ ബസ്സോടിക്കുന്നതിന് തിരിച്ച് നിയോഗിക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ് തച്ചങ്കരി.

ഒരു ഡ്രൈവർക്ക് 38,000-40,000 രൂപവരെയാണ് ശമ്പളം. പെൻഷനുൾപ്പെടെയുള്ള മറ്റ് അലവൻസുകൾക്ക് കൂടെ കോർപ്പറേഷൻ മാസം 80000 രൂപയോളം ചെലവുവരുന്ന നിലയിലാണ് കാര്യങ്ങൾ. ഇത്തരത്തിൽ ഒരു ഡ്രൈവർക്ക് വർഷം ഒമ്പതുലക്ഷത്തിലേറെ കോർപ്പറേഷൻ ശമ്പള-ആനുകൂല്യ ഇനത്തിൽ നൽകേണ്ടിവരുമ്പോഴാണ് ഇവരെ ഉപയോഗിച്ച്ഉദ്യോഗസ്ഥർ സുഖിക്കുന്ന സാഹചര്യം. കോർപ്പറേഷൻ നഷ്ടത്തിലാകുന്നതിന് ഇതുമൊരു കാരണമാണെന്ന് കണ്ടതോടെയാണ് ശക്തമായ നടപടിയിലേക്ക് തച്ചങ്കരി കാര്യങ്ങൾ നീക്കിയത്. ഇത്തരത്തിൽ വാനും ജീപ്പുമെല്ലാമായി 195 ഡ്രൈവർമാരുടെ സേവനമാണ് ബസ്സോടിക്കാൻ കിട്ടാത്ത സാഹചര്യത്തിൽ പോയിക്കൊണ്ടിരുന്നത്. ഡ്രൈവർമാരെ പിൻവലിച്ചാലും അത്യാവശ്യ സന്ദർഭങ്ങളിൽ ഡ്രൈവർമാരെ ഉപയോഗിക്കാൻ അനുമതിയും നൽകി. എന്നാൽ സ്ഥിരം ഡ്രൈവർ എന്ന നിലയിൽ ഇവരെ സ്വന്തമാക്കി വയ്ക്കാനാവില്ലെന്ന് ചുരുക്കം. മാത്രമല്ല, മാനേജർമാർ ഇനി കെഎസ്ആർടിസി ബസ്സിൽ തന്നെ യാത്രചെയ്താൽ മതിയെന്ന നിലയിലേക്ക് കാര്യങ്ങൾ നീക്കാനാണ് സിഎംഡി ആലോചിക്കുന്നതെന്നാണ് അറിയുന്നത്.

ചീഫ് ഓഫീസിൽ മാത്രം 44 ലാൻഡ്‌ഫോണുകൾ

സിഎംഡി ഇരിക്കുന്ന തലസ്ഥാനത്തെ ചീഫ് ഓഫീസിൽ മാത്രം 44 ലാൻഡ് ഫോൺ കണക്ഷനുകളുണ്ട് കെഎസ്ആർടിസിക്ക്. അതിൽ മൂന്നെണ്ണം എംഡിക്ക് മാത്രമായും വച്ചിട്ടുണ്ട്. ഇതിലെല്ലാം കനത്ത ബില്ലാണ് ഓരോ മാസവും വരുന്നത്. നാലായിരം മുതൽ എട്ടായിരം രൂപവരെയാണ് പലതിലും മാസ ബില്ലുകൾ. ഇന്റർനെറ്റ് കണക്ഷനുമുണ്ട്. താൻ ഒരു കോൾപോലും ചെയ്യാത്ത ഫോണിൽ പോലും ഇത്തരത്തിൽ ഭീമമായ ബിൽ വന്നത് കണ്ടതോടെയാണ് സിഎംഡി ഞെട്ടിപ്പോയതെന്നാണ് വിവരം. ഇതോടെ മറ്റു ഫോണുകളുടെയെല്ലാം കണക്കെടുത്ത് ആവശ്യമില്ലാത്തതെല്ലാം റദ്ദാക്കാനുള്ള നീക്കവും തുടങ്ങി.

ഉദ്യോഗസ്ഥർക്കെല്ലാം കോർപ്പറേഷൻ ചെലവിൽ മൊബൈൽ ഫോൺ നൽകിയിട്ടുണ്ട്. എന്നിട്ടും ലാൻഡ്‌ഫോണിൽ വിളി കൊഴുക്കുകയാണ്. ഇതോടെ അത്യാവശ്യമുള്ള ലാൻഡ്‌ഫോണുകൾ മാത്രം നിർത്തി ബാക്കിയെല്ലാം കട്ട് ചെയ്യാനാണ് തച്ചങ്കരി നീക്കം തുടങ്ങിയിട്ടുള്ളത്. മറ്റ് ഓഫീസുകളിലും സമാനമായ രീതിയിൽ ഫോണുകൾ ഉണ്ട്. ഇവയും എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തുമെന്നാണ് അറിയുന്നത്. ഇപ്പോൾ കെഎസ്ആർടിസിയെ ഉപയോഗിച്ച് ഇത്തരത്തിൽ സുഖിച്ചുവാഴുകയാണ് പല മേധാവികളുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഒന്നൊന്നായി എല്ലാം ഒഴിവാക്കാനും പാഴ്‌ച്ചെലവുകളെല്ലാം കുറച്ച് കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്ന പ്രവർത്തനം ശക്തമാക്കാനുമാണ് തച്ചങ്കരി ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP