Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2500 കോടി മുടക്കി എരുമേലി വിമാനത്താവളം നിർമ്മിക്കുമെന്ന് പ്രൊപ്പോസൽ കൊടുത്തത് കഴിഞ്ഞവർഷം മാത്രം തുടങ്ങിയ കടലാസു കമ്പനി; വിവാദ പൊതുപ്രവർത്തകൻ രാജീവ് ജോസഫിന്റെ ലക്ഷ്യം നാട്ടുകാരിൽ നിന്ന് പണംപിരിക്കൽ തന്നെ; സോപ്പിടാൻ കൈരളിയുടെ സ്റ്റേജ് പ്രോഗ്രാമിന്റെ മുഖ്യ സ്‌പോൺസറായി രംഗത്ത്; അനുമതി നൽകുംമുമ്പ് വിമാനത്താവളത്തിന് നേതാജിയുടെ പേരും നൽകി നേതാവ്

2500 കോടി മുടക്കി എരുമേലി വിമാനത്താവളം നിർമ്മിക്കുമെന്ന് പ്രൊപ്പോസൽ കൊടുത്തത് കഴിഞ്ഞവർഷം മാത്രം തുടങ്ങിയ കടലാസു കമ്പനി; വിവാദ പൊതുപ്രവർത്തകൻ രാജീവ് ജോസഫിന്റെ ലക്ഷ്യം നാട്ടുകാരിൽ നിന്ന് പണംപിരിക്കൽ തന്നെ; സോപ്പിടാൻ കൈരളിയുടെ സ്റ്റേജ് പ്രോഗ്രാമിന്റെ മുഖ്യ സ്‌പോൺസറായി രംഗത്ത്; അനുമതി നൽകുംമുമ്പ് വിമാനത്താവളത്തിന് നേതാജിയുടെ പേരും നൽകി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തനംതിട്ടയിലെ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് സർക്കാരിന് പഠന റിപ്പോർട്ട് സമർപ്പിച്ച ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്‌റോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ദുരൂഹത. കഴിഞ്ഞവർഷം നവംബറിൽ സ്ഥാപിതമായ കമ്പനിക്ക് വിമാനത്താവളം പോലെ ബൃഹത്തായ ഒരു പദ്ധതി ഏറ്റെടുത്ത് നടത്തുന്നതിന് യാതൊരു മുൻപരിചയവുമില്ലെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

മാത്രമല്ല, പത്തനംതിട്ടയിൽ വരുന്ന വിമാനത്താവളത്തിന് ആലോചന നടക്കുന്നതിനിടെ തന്നെ 'നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട്' എന്ന് സ്വന്തമായി പേരുവരെ ഇട്ടുകൊണ്ടാണ് കമ്പനി പ്രചരണം തുടങ്ങിയിരിക്കുന്നതും.സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന് കഴിയുമെങ്കിൽ നിർമ്മാണത്തിനയി 2500 കോടി രൂപ സമാഹരിക്കാമെന്ന വാഗ്ദാനവുമായാണ് കമ്പനി സർക്കാരിന് മുന്നിൽ പഠന റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ജനകീയ എയർപോർട്ട് കമ്പനിയെന്ന മേൽവിലാസത്തോടെ പ്രവർത്തിക്കുന്ന കമ്പനിയുടെ മനേജിങ് ഡയറക്ടർ രാജീവ് ജോസഫിനെ കൂടാതെ കമ്പനിക്ക് കുരുവിള കോശി എന്ന മറ്റൊരു ഡയറക്ടർ മാത്രമാണ് ഉള്ളത്. കഴിഞ്ഞവർഷം നവംബർ 30ന് കമ്പനി രൂപീകരിച്ചതിന് രണ്ടാഴ്ചയ്ക്കകം ഡിസംബർ 12ന് ദുബായിലെത്തി രാജീവ് പത്തനംതിട്ട കേന്ദ്രീകരിച്ച് വിമാനത്താവളം നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും ഇതിന് പ്രവാസി മലയാളികളുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്ത് പത്രസമ്മേളനം നടത്തിയിരുന്നു. ആറന്മുള വിമാനത്താവളം എതിർപ്പുകളെ തുടർന്ന് മുടങ്ങിയതോടെ പത്തനംതിട്ട കേന്ദ്രീകരിച്ച് മധ്യതിരുവിതാംകൂറിൽ വിമാനത്താവളം ഒരുക്കുമെന്നും ഇതിനായി കമ്പനി രൂപീകരിച്ചെന്നും വ്യക്തമാക്കുകയും ചെ്‌യ്തു.

രാജീവ് ജോസഫ് തന്നെ പ്രസിഡന്റായ ഗ്‌ളോബൽ ഇന്ത്യൻ അസോസിയേഷൻ ഇത്തരമൊരു വിമാനത്താവളം നിർമ്മിക്കാൻ പ്രവർത്തനം തുടങ്ങിയതായും ഒരുസംഘം പ്രവാസി ഇന്ത്യക്കാരുടെ ആഗ്രഹമാണിതെന്നും വ്യക്തമാക്കിയ രാജീവ് ഇതിനായി ആയിരം ഏക്കർ ഏറ്റെടുക്കുമെന്നും രണ്ടായിരം കോടി രൂപ സ്വരൂപിക്കാനാണ് പദ്ധതിയെന്നും വ്യക്തമാക്കിയിരുന്നു. സിവിൽ ഏവിയേഷൻ രംഗത്തെ ചില പ്രൊഫഷണലുകളും കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചു.

യുഎഇയിൽ പത്തുവർഷം മുമ്പ് പ്രവർത്തിച്ചിരുന്ന പ്രവാസിയാണ് താനെന്നും ഇപ്പോൾ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നുമാണ് രാജീവ് ദുബായിൽ പത്രലേഖകരോട് വ്യക്തമാക്കിയത്. അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിനുമുന്നിൽ വിഷയം അവതരിപ്പിച്ചതായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആയിരം ഏക്കറോളം ഭൂമി കിട്ടിയാൽ വിമാനത്താവളം നിർമ്മിക്കാൻ കമ്പനി തയ്യാറാണെന്നും 51 ശതമാനം ഓഹരി സർക്കാരിന് നൽകാമെന്ന് ധരിപ്പിച്ചതായും രാജീവ് വ്യക്തമാക്കിയിരുന്നു.

എരുമേലി കേന്ദ്രീകരിച്ച് വിമാനത്താവളം തുടങ്ങാനുള്ള പ്രഖ്യാപനങ്ങളിലേക്ക് കേന്ദ്രസംസ്ഥാന സർക്കാരുകൾ എത്തുന്നതിന് ഏറെ മുമ്പുതന്നെ ഇതിന്റെ പേരിൽ ഇൻഡോഹെറിറ്റേജ് ഇന്റർനാഷണൽ പ്രചരണം തുടങ്ങിയിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാവുന്നു. പിന്നീട് കമ്പനിയുടെ പ്രഖ്യാപനമായി പുറത്തുവന്നത് പ്രവാസികളുടെ ജനകീയ സംരംഭമായി ഇൻഡോ ഹെറിറ്റേജ് ബജറ്റ് എയർലൈൻസ് ആരംഭിക്കുമെന്ന പ്രഖ്യാപനമാണ്.

2016 ഡിസംബർ മുതൽ കേരളത്തിലെ സാധാരണക്കാരുടെ ജനകീയ വിമാന സർവീസായി ഇത് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2016 മാർച്ചിലാണ് ഈ പ്രഖ്യാപനം വന്നത്. ഇതിനു ശേഷം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് വിമാനത്താവളത്തിന്റെ വിശേഷങ്ങൾ വീണ്ടും പുറത്തുവരുന്നത്. പത്തനംതിട്ട കേന്ദ്രീകരിച്ച് കമ്പനി കൊണ്ടുവരുന്ന പുതിയ എയർപോർട്ട് പദ്ധതിയുടെ പ്രൊജക്ട് പ്രസന്റേഷൻ നടത്തിയതിന്റെ വിവരങ്ങളായിരുന്നു ഇത്.

കമ്പനിയുടെ പേരിൽ സ്വന്തമായി ഒരു വെബ്‌സൈറ്റ് പോലും രൂപീകരിച്ചിട്ടില്ലെന്നു മാത്രമല്ല, ഒരു ഫേസ്‌ബുക്ക് പേജുമാത്രം തുടങ്ങിവച്ചുകൊണ്ടാണ് ഇത്രയും കാലമായിട്ടും പ്രവർത്തനം എന്നതുതന്നെ പ്രവർത്തനങ്ങളിലെ ദുരൂഹത വർധിപ്പിക്കുന്നു. മാത്രമല്ല, കേന്ദ്രസംസ്ഥാന സർക്കാരുകളുടേയോ മറ്റേതെങ്കിലും ഏജൻസികളുടെ സഹകരണത്തോടെയോ പഠനം നടത്തിയോ എന്ന് വ്യക്തമാക്കാതെ കമ്പനി സർക്കാരിന് പഠന റിപ്പോർട്ട് സമർപ്പിച്ചതും സംശയകരമാണ്. ഒരു ചെറു പ്രൊജക്ട് പോലും ചെയ്യാത്ത കമ്പനിക്ക് എങ്ങനെ വിമാനത്താവളംപോലെ വിപുലമായൊരു പദ്ധതിക്ക് ചുക്കാൻപിടിക്കാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

കമ്പനിയുടെ മാനേജിങ് ഡയറക്ടറായ രാജീവിനും ഇത്തരമൊരു വലിയ സംരംഭം ഏറ്റെടുത്ത് നടത്തിയ പരിചയമില്ല. മാത്രമല്ല, രാജീവ് ജോസഫിന്റെ രാഷ്ട്രീയ പാരമ്പര്യവും മുൻ പ്രവർത്തനങ്ങളിലുമെല്ലാം ചില പൊരുത്തക്കേടുകൾ കാണുന്നതും കാര്യങ്ങൾ കൂടുതൽ ദുരൂഹമാക്കുന്നു. ഇന്റർ നാഷണൽ ആക്ഷൻ കൗൺസിൽ ഫോർ വേൾഡ് ഗവൺമെന്റിന്റെ ഗ്‌ളോബൽ ചെയർമാൻ, ഗ്‌ളോബൽ ഇന്ത്യൻ അസോസിയേഷന്റെ ഇന്റർനാഷണൽ പ്രസിഡന്റ്, ഡൽഹി മലയാള സമാജത്തിന്റെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പൊതുപ്രവർത്തനം നടത്തുന്നതായാണ് അദ്ദേഹം സ്വന്തം പേരിലുള്ള രാജീവ് ജോസഫ് ഡോട് കോം എന്ന വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നത്. ബിഎസ്‌പിയുമായും കോൺഗ്രസുമായുമെല്ലാം ബന്ധപ്പെട്ടാണ് കഴിഞ്ഞ ആറേഴുവർഷമായി രാജീവ് ജോസഫ് പ്രവർത്തിക്കുന്നത്. ഇടയ്ക്ക് സ്വതന്ത്രനായി തിരഞ്ഞെടുപ്പു രംഗത്തും എത്തിയിരുന്നു.

ഇതിനെല്ലാം പുറമെ ആറന്മുള വിമാനക്കമ്പനിക്കെതിരെ ജനവികാരമുയർന്ന സാഹചര്യം ഒഴിവാക്കാൻ എരുമേലി വിമാനത്താവളത്തിനെതിരെ മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരാതിരിക്കാനുള്ള തന്ത്രങ്ങളും മാദ്ധ്യമങ്ങളെ സോപ്പിടുന്ന തന്ത്രവും പയറ്റുന്നുണ്ട്. കൈരളി ടിവി പത്തനംതിട്ടയിലെ റാന്നിയിൽ ക്രിസ്മസ് പുതുവൽസര പരിപാടിയായി സംഘടിപ്പിച്ച റാന്നി ഫെസ്റ്റ് എന്ന പരിപാടിയുടെ മുഖ്യ സ്‌പോൺസർ ഇൻഡോ-ഹെറിറ്റേജ് ഇന്റർനാഷണൽ എയ്‌റോപോളിസ് കമ്പനിയായിരുന്നു. ഇത്തരം നീക്കങ്ങളിലൂടെ ഭരണകക്ഷിയായ സിപിഎമ്മുമായി അടുക്കാനും  വിമാനത്താവളവുമായി ബന്ധമുണ്ടെന്ന സ്ഥാപിക്കാനുമാണ് ശ്രമം നടക്കുന്നതെന്നും സൂചനകൾ ലഭിക്കുന്നു. ഇതിനായി വൻതുക ചെലവഴിച്ചതായാണ് ലഭിക്കുന്ന വിവരം.

എതിർവാർത്തകൾ വരാതിരിക്കാൻ വിമാനത്താവളത്തിന് വേണ്ടി വാദിക്കുന്നവർ ചില മാദ്ധ്യമപ്രവർത്തകർക്കും പണം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിമാനത്താവളംപോയിട്ട് ചെറിയ പ്രൊജക്റ്റ് പോലും ചെയ്യാത്ത സ്ഥാപനത്തിന്റെ പേരിൽ പ്രവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും വൻതുക പിരിച്ചെടുക്കാനുള്ള ഗൂഢനീക്കത്തിനാണ് അരങ്ങൊരുങ്ങുന്നതെന്ന സംശയം ശക്തമായിരിക്കുകയാണിപ്പോൾ. വിദേശമലയാളികളെ ലക്ഷ്യമിട്ടാണ് വിമാനത്താവളം തങ്ങളുടെ സ്ഥാപനത്തിന് അനുമതി ലഭിക്കുമെന്നും മറ്റും വ്യക്തമാക്കി ഇത്തരത്തിൽ പണപ്പിരിവിന് കരുനീക്കം നടക്കുന്നതെന്നാണ് സൂചനകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP