Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടാരക്കരയിലെ ഹൈലാൻഡ് ബാറുടമ; എൻഎസ്എസ് നേതാവിന്റെ മരുമകനായതോടെ ഗണേശ് കുമാർ അടക്കമുള്ള വിവിഐപി സുഹൃത്തുക്കൾ; അമ്മായിഅപ്പന്റെ സൗഹൃദ കരുത്തിൽ ഗൾഫിലുണ്ടാക്കിയത് സ്വന്തമായൊരു സാമ്രാജ്യം; ബിനോയിയേയും രാഹുൽ കൃഷ്ണയേയും തെറ്റിക്കുന്നത് സാമ്പത്തിക ഇടപാടുകൾ തന്നെ; 'കൂപ്പറിൽ' തട്ടി വീണ കോടിയേരിയെ 'ഓഡി'യിൽ പൂട്ടിയ രാഹുൽ കൃഷ്ണയുടെ കഥ

കൊട്ടാരക്കരയിലെ ഹൈലാൻഡ് ബാറുടമ; എൻഎസ്എസ് നേതാവിന്റെ മരുമകനായതോടെ ഗണേശ് കുമാർ അടക്കമുള്ള വിവിഐപി സുഹൃത്തുക്കൾ; അമ്മായിഅപ്പന്റെ സൗഹൃദ കരുത്തിൽ ഗൾഫിലുണ്ടാക്കിയത് സ്വന്തമായൊരു സാമ്രാജ്യം; ബിനോയിയേയും രാഹുൽ കൃഷ്ണയേയും തെറ്റിക്കുന്നത് സാമ്പത്തിക ഇടപാടുകൾ തന്നെ; 'കൂപ്പറിൽ' തട്ടി വീണ കോടിയേരിയെ 'ഓഡി'യിൽ പൂട്ടിയ രാഹുൽ കൃഷ്ണയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊട്ടാരക്കരയിലെഎൻഎസ്എസ് നേതാവാണ് രാജേന്ദ്രൻ നായർ. ഇദ്ദേഹത്തിന്റെ മരുമകനാണ് രാഹൂൽ കൃഷ്ണ. കൊട്ടാരക്കരയിലെ ഹൈലാൻഡ് റിസോർട്ടുടമയുടെ മരുമകൻ രാഹുൽ കൃഷ്ണയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ കേസിൽ കുടുക്കിയത്. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ കുടുംബവുമായി ബെൽ ചിട്‌സ് എന്ന സ്ഥാപനത്തിൽ ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. അതിന് പിന്നാലെയാണ് എൻഎസ്എസ് നേതാവിന്റെ മരുമകനുമായുള്ള ഇടപാട് പുലിവാലാകുന്നത്.

എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നു രാജേന്ദ്രൻ നായർ. എൻസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഈയിടെയാണ് ഈ സ്ഥാനങ്ങൾ രാജേന്ദ്രൻ നായർ രാജിവച്ചത്. നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്നായിരുന്നു ഇത്. സുതാര്യമായ നിലപാടുകളാണ് എൻഎസ്എസ് വിഷയത്തിൽ രാജേന്ദ്രൻ നായർ സ്വീകരിച്ചത്. എന്നാൽ നേതൃത്വത്തിലുള്ള ചിലർക്ക് അത് സ്വീകാര്യമായതുമില്ല. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ അടുത്ത ആളായി അറിയപ്പെട്ടിരുന്ന രാജേന്ദ്രൻ നായർ അങ്ങനെയാണ് സ്ഥാനം ഒഴിയുന്നത്. കൊട്ടാരക്കരയിൽ ഏറെ വ്യക്തിബന്ധങ്ങളുണ്ട്. രാജേന്ദ്രൻ നായരുടെ മകളെ വിവാഹം ചെയ്തതോടെ ഹൈലാൻഡ് ബാർ രാഹുൽ കൃഷ്ണയ്ക്ക് സ്വന്തമായി. ഇതോടെയാണ് ബിസിനസ്സിൽ വച്ചടി വച്ച് കയറ്റം രാഹുലിനുണ്ടാകുന്നത്.

ഏറെ വ്യക്തിബന്ധങ്ങളുള്ള സാമുദായിക നേതാവായിരുന്നു രാജേന്ദ്രൻ നായർ. ഈ ബന്ധങ്ങളെല്ലാം രാഹുൽ കൃഷ്ണയിലേക്കും എത്തി. ഇതോടെയാണ് കൊട്ടാരക്കരയിൽ ബിസിനസ്സുമായി നടക്കുന്ന രാഹുൽ കൃഷ്ണ ഗൾഫിലാണ് തന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. വലിയ സാമ്പത്തിക കരുത്ത് രാഹുൽ കൃഷ്ണയ്ക്കുണ്ടായിരുന്നു. സൗദിയിലും ബിസിനസ് സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. ഇതിനിടെയാണ് കോടിയേരിയുടെ മകനുമായി അടുക്കുന്നത്. പലിശയ്ക്ക് വൻ തുക പണം കടം കൊടുക്കുന്നതാണ് രാഹുൽ കൃഷ്ണയുടെ പ്രധാന ഇടപാട്. മുൻ മന്ത്രിയും പത്തനാപുരം എംഎൽഎയുമായ ഗണേശ് കുമാർ അടക്കമുള്ള ചങ്ങാതിക്കൂട്ടവും രാഹുൽ കൃഷണയ്ക്കുണ്ട്. ഗണേശുമായുള്ള സൗഹൃദം ചില സിനിമാ ബന്ധങ്ങളും രാഹുൽ കൃഷ്ണയ്ക്കുണ്ടാക്കി. ഇതിനിടെയാണ് ബിനോയ് പോലുള്ള വിവിഐപികളും രാഹുലിന്റെ ഇടപാടുകാരായത്.

ഇതാണ് പരാതിയിലേക്കും വിവാദത്തിലേക്കും കാര്യങ്ങൾ എത്തിച്ചത്. ദുബായിൽ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയ് ആണെന്ന് വ്യക്തമായതോടെ വിവാദം പുതിയ തലത്തിലെത്തി. ബിനോയിക്കെതിരെ ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ടാണ് രാഹുൽ കൃഷ്ണയുടെ പേരും ചർച്ചകളിൽ ഉയർന്നത്. രാഹുൽ കൃഷ്ണയുടെ സുഹൃത്തെന്ന നിലയിലാണ് കമ്പനി പണം നൽകിയത്. ഈ കമ്പനിയുടെ ഡയറക്ടറുമായിരുന്നു രാഹുൽ കൃഷ്ണ. ഈ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് സിപിഎമ്മിന്റെ ഇടപെടൽ കമ്പനി ആവശ്യപ്പെട്ടതിന് പിന്നിലും രാഹുൽ കൃഷ്ണയാണ്.

ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണെന്നും അവർ പരാതിയിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ ബിനോയ് നിഷേധിക്കുന്നു.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ബിനോയ് കോടിയേരി രംഗത്തു വന്നു. എനിക്കെതിരെ യാതൊരു പരാതിയും ദുബായ് കോടതിയിലും പൊലീസിലുമില്ല. പരാതി വ്യാജമാണെന്നും അതുകൊണ്ട് വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകനാണ് ബിനോയ്. 2014 ൽ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇപ്പോൾ ആരോപണമായി വരുന്നതെന്ന് ബിനോയ് പറഞ്ഞു. ഈ സന്ദർഭത്തിൽ ഇത് വിവാദമാക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ബിനോയ് പറഞ്ഞു.

നേരത്തെ കോടിയേരിയെ കുടുക്കിയത് കൂപ്പർ വിവാദമായിരുന്നു. ഇടതു മുന്നണിയുടെ രാഷ്ട്രീയ യാത്രയ്ക്കിടെ വിവാദ വ്യവസായിയുടെ കൂപ്പറിൽ യാത്ര ചെയ്തതായിരുന്നു പുലിവാല് ആയത്. കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ കൂപ്പറാണ് കോടിയേരിയെ അന്ന് കുടുക്കിയത്. ഇപ്പോൾ ഓഡി കാറിൽ ലോണെടുത്ത് മകനും പുലിവാലുണ്ടാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP