Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിലും ഓഫീസിലും പോകേണ്ട ദിവസം ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? പാളയം ഫ്ളൈ ഓവർ ബ്ലോക്ക് ചെയ്തുള്ള സിനിമാ ഷൂട്ടിങ്ങിൽ ആംബുലൻസുകൾ കുടുങ്ങിയതോടെ ആശുപത്രിയിലെത്താൻ വൈകിയ രോഗികളുടെ ദുരവസ്ഥയ്ക്ക് ആരുസമാധാനം പറയും? മോഹൻലാലും പൃഥ്വിരാജും ചേർന്ന് തിരുവനന്തപുരത്തെ നരകമാക്കിയത് ആരുടെ അനുവാദത്തോടെ?; ലൂസിഫറിന്റെ ഷൂട്ടിംഗിൽ നിശ്ചലമായി തലസ്ഥാനം

സ്‌കൂളിലും ഓഫീസിലും പോകേണ്ട ദിവസം ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? പാളയം ഫ്ളൈ ഓവർ ബ്ലോക്ക് ചെയ്തുള്ള സിനിമാ ഷൂട്ടിങ്ങിൽ ആംബുലൻസുകൾ കുടുങ്ങിയതോടെ ആശുപത്രിയിലെത്താൻ വൈകിയ രോഗികളുടെ ദുരവസ്ഥയ്ക്ക് ആരുസമാധാനം പറയും? മോഹൻലാലും പൃഥ്വിരാജും ചേർന്ന് തിരുവനന്തപുരത്തെ നരകമാക്കിയത് ആരുടെ അനുവാദത്തോടെ?; ലൂസിഫറിന്റെ ഷൂട്ടിംഗിൽ നിശ്ചലമായി തലസ്ഥാനം

ആർ പീയൂഷ്

തിരുവനന്തപുരം: കൊടിപിടിച്ച പ്രകടനങ്ങളും, ഗതാഗത സ്തംഭനങ്ങളും തിരുവനന്തപുരം നഗരവാസികൾക്ക് പുത്തരിയല്ല. സെക്രട്ടേറിയറ്റിലേക്കും നിയമസഭാകവാടത്തിലേക്കും ഈർക്കിലി സംഘടനകൾ പോലും നടത്തുന്ന പ്രകടനങ്ങൾ നഗരത്തെ പലവട്ടം സ്തംഭിപ്പിച്ചിട്ടുണ്ട്. മറ്റുവഴികളില്ലാതെ, ഇടവഴികളിലൂടെ പരക്കം പായുന്ന ജനങ്ങൾ തങ്ങളുടെ ദുർഗതിയെ ഓർത്ത് സ്വയം പഴിപറയാറുണ്ട്.

വിഐപി സന്ദർശന വേളകളിലാകട്ടെ മുൻകൂട്ടി ഗതാഗത അറിയിപ്പുകളും ഉണ്ടാകാറുണ്ട്. എന്നാൽ, തലസ്ഥാനനഗരം ചൊവ്വാഴ്ച മൂക്കത്ത് വിരൽ വച്ചത് മുന്നറിയിപ്പില്ലാത്ത ഒരു സിനിമാ ഷൂട്ടിങ്ങ് കണ്ടിട്ടാണ്. അതുമൂലമുണ്ടായ ഗതാഗത സ്തംഭനനത്തിന്റെ ദുരിതം അനുഭവിച്ചിട്ടാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങ്ങാണ് നഗരത്തെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചത്.

രാവിലെ ആറുമണി മുതൽ പാളയത്ത് നിയമസഭയ്ക്കും ചന്ദ്രശേഖരൻ നായർ റോഡിനും മധ്യേയുള്ള പാളയം ഫ്‌ളൈ ഓവറാണ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തത്. ഇതോടെ കൊല്ലം, കോട്ടയം ഭാഗത്തേക്ക് പോകുന്ന എല്ലാ ബസ്സുകളും വഴിതിരിച്ചുവിട്ടു. മുന്നറിയിപ്പില്ലാതെ വഴി തിരിച്ചുവിട്ടതോടെ രാവിലെ ഓഫീസുകളിൽ പോകുന്ന ഉദ്യോഗസ്ഥരും, സ്‌കൂളുകളിൽ പോകുന്ന കുട്ടികളും വലഞ്ഞു. രാവിലെ വിമാനത്താവളത്തിലേക്ക് നഗരം വഴി വന്ന പലർക്കും ഫ്‌ളൈറ്റുകൾ മിസായി. പാളയം ഫ്‌ളൈ ഓവർ ബ്ലോക്ക് ചെയ്തതോടെ, അണ്ടർ പാസ് വഴിയും, പാളയം രക്തസാക്ഷി മണ്ഡപം വഴിയും വാഹനങ്ങൾ തിങ്ങിനിറഞ്ഞതോടെ നഗരം മുഴുവൻ സ്തംഭിച്ചു.

ഷൂട്ടിങ്ങിന് അനുമതി ലഭിച്ചിരുന്നോ?

ആരുടെ അനുമതിയോടെയാണ് ലൂസിഫറിന്റെ ഷൂട്ടിങ്ങിന് പാളയം ഫളൈ ഓവർ ബ്ലോക്ക് ചെയ്തത്? സിറ്റി പൊലീസ് കമ്മീഷണർ പി.സുരേഷ്
കുമാറിന്റെ അനുമതിയോടെയാണ് ഷൂട്ടിങ് സംഘടിപ്പിച്ചതെന്ന് ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ന്യായീകരിക്കുന്നു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഷൂട്ടിങ്ങിന് അനുമതി കിട്ടിയതെന്നും പറയുന്നു. എന്നാൽ കമ്മീഷ്ണർ മറുനാടൻ ടിവിയോട് പരഞ്ഞത് കുറച്ച് സമയത്തേക്കാണ് അനുമതി നൽകിയത് എന്നാണ്. ഇത്രയും നേരത്തേക്ക് നൽകിയിട്ടില്ല എന്നും പറഞ്ഞു. ഇതോടെ പൊലീസിന്റെ ഒത്താശയോടെയോ പൊലീസിനോ കബളിപ്പിച്ചോ ആണ് ഷൂട്ടിങ്ങ് നടത്തിയതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.

പ്രവൃത്തി ദിവസം നാട്ടുകാരെ ബുദ്ധിമുട്ടിച്ചത് എന്തിന് ?

സാധാരണഗതിയിൽ തിരുവനന്തപുരം നഗരത്തിൽ ഷൂട്ടിങ്ങുകൾ നടക്കാറുണ്ടെങ്കിലും, അതെല്ലാം ശനി, ഞായർ തുടങ്ങി അവധി ദിവസങ്ങളിൽ മാത്രമാണ്. ജനങ്ങൾ വീട്ടിലിരിക്കുന്ന അവധി നാളുകളിൽ മതിയായ മുന്നറിയിപ്പോടെയാണ് ഷൂട്ടിങ് നടത്താറുള്ളത്. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ, തിരിക്കിട്ട് ഷൂട്ടിങ് പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച തന്നെ നടത്തിയത് എ്ന്തിനെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

മോഹൻലാലിന് ബിഗ്‌ബോസിൽ പങ്കെടുക്കാൻ പോകണം

തിരക്കിട്ട് ശനി,ഞായർ ദിവസങ്ങളിൽ ബിഗ്‌ബോസ് ഷോയിൽ പങ്കെടുക്കാൻ പോകേണ്ടതുകൊണ്ടാണ് തിരക്കിട്ട് ഷൂട്ടിങ് സംഘടിപ്പിച്ചിച്ചതെന്നാണ് വിശദീകരണം. എന്നാൽ, താരത്തിന്റെ സൗകര്യത്തിന് വേണ്ടി ഇത്രയും മനുഷ്യരെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നോയെന്നാണ് ചോദ്യം. ആംബുലൻസുകൾ പോലും വഴിമുടക്കിയുള്ള ഈ ഷൂട്ടിങ് എത്രപേർക്കാണ് അസൗകര്യമുണ്ടാക്കിയത്? കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇത് മൂലം ഏറെ ചുറ്റി കറങ്ങിയാണ് പലരും ലക്ഷ്യ സ്ഥാനത്തെത്തിയത്.

എതുരംഗമാണ് പാളയത്ത് ചിത്രീകരിച്ചത്?

ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയോ മറ്റുള്ളവരെയോ പ്രവേശിപ്പിക്കുന്നില്ല. മൊബൈൽ ഫോണിലോ മറ്റോ ഫോട്ടോയെടുക്കുന്നതും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും, പൊലീസും തടയുന്നു. മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഒരുമരണരംഗമാണ് ചിത്രീകരിക്കുന്നത്. ഫ്‌ളൈ ഓവറിന്റെ നടുവിലാണ് ചിത്രീകരണം. പിആർവിക്ക് ആദരാഞ്ജലികൾ എന്നെഴുതിയ കമാനങ്ങളും കാണാം. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം പരേതനായ നേതാവിന് ആദരാഞ്ജലി അർപ്പിക്കുന്ന രംഗവും ഇവിടെ ചിത്രീകരിച്ചു. താരം ഷൂട്ടിങ് സസ്ഥലത്ത് ഇടയ്ക്ക് വന്നുപോയി.

അതേസമയം സംവിധായകനായ പൃഥ്വീരാജ് ഷൂട്ടിങ്ങിന്റെ പൂർണതിരക്കിലാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ മുറിയിലാണ് ഇടവേളകളിൽ വിശ്രമം. സായികുമാർ, കലാഭവൻ ഷാജോൺ തുടങ്ങിയ താരങ്ങളും ഷൂട്ടിങ് സ്ഥലത്തുണ്ട്. അഞ്ഞൂറോളം ആളുകളെ മരണ രംഗം ചിത്രികരിക്കാനായി തയ്യാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തകർ എന്ന റോളിലാണ് ഇവരെല്ലാം. യുവാക്കൾ വെള്ള മുണ്ടും ഷർട്ടും യുവതികൾ കറുത്ത നിറമുള്ള ബ്ലൗസും വെള്ള സാരിയുമായിരുന്നു വേഷം. കൂടാതെ ഇവരുടെ വസ്ത്രങ്ങളിൽ പിആർവിക്ക് ആദരാഞ്ജലികൾ എന്ന് രേഖപ്പെടുത്തിയ കാർഡുകളും പിൻ ചെയ്തിരുന്നു.

ജനരോഷം ഇരമ്പി

കുറച്ചുസമയത്തേക്കാണ് ഷൂട്ടിങ് എന്നുപറഞ്ഞ് പൊലീസിന് കബളിപ്പിക്കുകയായിരുന്നോ ലൂസിഫറിന്റെ അണിയറ പ്രവർത്തകരെന്ന് വഴിയാത്രക്കാർ ചോദിക്കുന്നു. തിരക്കുള്ള ദിവസം എന്തിനാണ് തങ്ങളെ ഇങ്ങനെ ബുദ്ധിമിട്ടിക്കുന്നത്? രാവിലെ ജോലിക്കിറങ്ങിയ തങ്ങളുടെ അന്നം മുട്ടിക്കുന്ന പരിപാടിയായി പോയി ഇത് ...മറുനാടൻ ടിവിയോട് പലരും പ്രതികരിച്ചത് ഇങ്ങനെ.

സാധാരണ തലസ്ഥാനത്തെ റോഡുകളിൽ സിനിമ ചിത്രീകരമം നടക്കാറുണ്ട്. അവയൊക്കെ അവധി ദിവസങ്ങളിലായതിനാൽ ജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള അസൗകര്യങ്ങളും ഉണ്ടായിട്ടില്ല. എന്നാൽ പ്രവൃത്തി ദിവസത്തിൽ പ്രധാന റോഡ് അടച്ചത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. വിദ്യാർത്ഥികളുമായി വന്ന വാഹനങ്ങളൊക്കെ കുരുക്കിലകപ്പെട്ട് കിടന്നത് മണിക്കൂറുകളോളമായിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പെടാപ്പാട് പെടുകയായിരുന്നു. പ്രവൃത്തി ദിനത്തിൽ ഇത്തരത്തിൽ റോഡ് തടസ്സപ്പെടുത്തിയതിൽ പൊലീസുകാരിൽ പോലും അമർഷമുണ്ട്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം

നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമാണ് ലൂസിഫർ. ആദ്യ ഷെഡ്യൂൾ കൊച്ചിയിലാണ് പൂർത്തിയിരുന്നു. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മഞ്ജു വാര്യർ തന്നെയാണ് ലൂസിഫറിലെയും നായിക.

ഇന്ദ്രജിത്തും ടോവിനോയും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP