Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട് കയറി ആക്രമണം വന്നപ്പോൾ കേസ് നൽകിയത് ഇടവക വികാരിയെ ഒന്നാം പ്രതിയാക്കി; സമ്മർദ്ദതന്ത്രങ്ങൾ ഫലിക്കാതെ വന്നപ്പോൾ തേക്ക് വെട്ടിയിട്ട് ഷെഡ് തകർത്തും തേങ്ങ മോഷ്ടിച്ചും പ്രതികാരം; ഭാര്യയുടെ കല്ലറയ്ക്ക് നേരെയും ആക്രമണം; മൃതദേഹം മാറ്റിയോ എന്ന് സംശയിച്ച് ഡിജിപിക്ക് പരാതി; തുറവൂർ വാതക്കാട് ഭാരതറാണി പള്ളി ഇടവകയെ ഉലച്ച് കല്ലറ വിവാദം; ഫാദർ ജോഷി ചിറക്കലിനെ മാറ്റി പ്രശ്‌നം പരിഹരിക്കാൻ സീറോ മലബാർ സഭയുടെ ഒത്തുതീർപ്പ് ഫോർമുല

വീട് കയറി ആക്രമണം വന്നപ്പോൾ കേസ് നൽകിയത് ഇടവക വികാരിയെ ഒന്നാം പ്രതിയാക്കി; സമ്മർദ്ദതന്ത്രങ്ങൾ ഫലിക്കാതെ വന്നപ്പോൾ തേക്ക് വെട്ടിയിട്ട് ഷെഡ് തകർത്തും തേങ്ങ മോഷ്ടിച്ചും പ്രതികാരം; ഭാര്യയുടെ കല്ലറയ്ക്ക് നേരെയും ആക്രമണം; മൃതദേഹം മാറ്റിയോ എന്ന് സംശയിച്ച് ഡിജിപിക്ക് പരാതി; തുറവൂർ വാതക്കാട് ഭാരതറാണി പള്ളി ഇടവകയെ ഉലച്ച് കല്ലറ വിവാദം; ഫാദർ ജോഷി ചിറക്കലിനെ മാറ്റി പ്രശ്‌നം പരിഹരിക്കാൻ സീറോ മലബാർ സഭയുടെ ഒത്തുതീർപ്പ് ഫോർമുല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടവകാംഗത്തിന്റെ ഭാര്യയുടെ കല്ലറ തകർത്ത സംഭവം തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ പുകയുന്നു. പള്ളി വികാരി ഫാദർ ജോഷി ചിറക്കലിനെ ഒന്നാം പ്രതിയാക്കി ആലുവ മജിസ്‌ട്രെട്റ്റ് കോടതിയിൽ കേസ് നൽകിയ പി.പി.ഇമ്മാനുവെലിന്റെ ഭാര്യയുടെ കല്ലറയുടെ സ്ലാബ് തകർത്ത സംഭവമാണ് വിവാദമാകുന്നത്. കല്ലറ തകർത്ത സംഭവം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ഇമ്മാനുവേൽ ഡിജിപിക്കും ഒപ്പം ആർച്ച് ബിഷപ്പിനും പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർത്തവർ ഭാര്യയുടെ ദേഹം അവിടെനിന്ന് മാറ്റിയിരിക്കാൻ സാധ്യതയുണ്ട് എന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ഇമ്മാനുവേൽ ചൂണ്ടിക്കാട്ടുന്നത്. വയോധികനായ പി.പി.ഇമ്മാനുവേൽ നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഈ ഇടവകാംഗത്തിന്റെ അധീനതയിലുള്ള ഷെഡിന്റെ അടുത്ത് ഗുണ്ട് പൊട്ടിച്ച് ഓടു തകർത്തത്. അതിനു ശേഷം ഷെഡിനു അടുത്തുള്ള തേക്ക് മരം പൂർണമായി ഷെഡിനു മുകളിലേക്ക് വെട്ടിയിട്ട് ഷെഡ് പാടെ തകർക്കുകയും ചെയ്തത്. 2000ത്തോളം തേങ്ങയുണ്ടായിരുന്ന ഷെഡിൽ നിന്ന് തേങ്ങ നഷ്ടമായതായതായും സൂചനയുണ്ട്. ഇതിന്റെ പേരിൽ അങ്കമാലി പൊലീസിൽ പരാതി വന്നെങ്കിലും നടപടി വന്നിരുന്നില്ല. ഈ സംഭവം നിലനിൽക്കെ തന്നെയാണ് ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറ തകർത്ത നടപടിയും വന്നിരിക്കുന്നത്. രണ്ടു സംഭവങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

കേരളത്തിൽ ഒരു ഇടവകയിലും നടക്കാത്ത പ്രശ്‌നമാണ് തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ നടക്കുന്നത്. പള്ളി വികാരിയും ഇടവകാംഗങ്ങളുമാണ് ഇവിടെ ചേരിതിരിഞ്ഞു പോരാടുന്നത്. ഇടവകാംഗങ്ങളെ നയിക്കാൻ ബാധ്യസ്ഥനായ വികാരി തന്നെ ഇടവകയ്‌ക്കെതിരെ തിരിഞ്ഞതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലായി അതിരൂപതയും. ഈ ഘട്ടത്തിലാണ് വികാരിയുടെ പക്ഷം പിടിക്കുന്നവർ എതിർ ചേരിക്കാരുടെ വീടിനു നേരെ പന്തം കൊളുത്തി പ്രകടനവും ആക്രമണവും നടത്തിയത്. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമാവുകയും ചെയ്തു. ഇപ്പോൾ കല്ലറ തകർത്ത പ്രശ്‌നമാണ് ഇടവകയിൽ നീറിപ്പുകയുന്നത്. വിശ്വാസികളുടെ വിശ്വാസങ്ങൾക്കും വികാരങ്ങൾക്കും മുറിവേൽപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തിയുടെ പേരിലായതിനാൽ വികാരം ഇപ്പോൾ കത്തിപ്പിടിക്കുകയാണ്. ഏറ്റവും ഒടുവിൽ അങ്കമാലി-എറണാകുളം അതിരൂപതയുടെ ഇടപെടൽ വന്നിട്ടുണ്ട്. ഫാദർ ജോഷി ചിറക്കലിനെ സ്ഥലം മാറ്റാനാണ് രൂപതയുടെ തീരുമാനം എന്നാണ് അറിയുന്നത്. മാർച്ച് എട്ടിന് പുതിയ വികാരിയായി റോക്കി കൊല്ലംകുടി ഈ ഇടവകയിൽ ചുമതലയേൽക്കും എന്നാണ് കരിയൽ പിതാവ് അറിയിച്ചിരിക്കുന്നത് എന്നാണ് ഇടവകാംഗങ്ങൾ മറുനാടനോട് പറഞ്ഞത്. മുൻപ് പരാതി നൽകിയിരുന്നെങ്കിലും അതിരൂപത വിഷയത്തിൽ ഇടപെട്ടിരുന്നില്ല. പക്ഷെ കല്ലറ തകർത്ത പ്രശ്‌നവും കേസുകളും വന്നതോടെയാണു രൂപതയുടെ നടപടി വന്നിരിക്കുന്നത്.

പള്ളിയുടെ ക്യാമറാ നിരീക്ഷണത്തിലുള്ള ഇടമായതിനാൽ സിസിടിവി ദൃശ്യങ്ങൾ വെച്ചുള്ള അന്വേഷണമാണ് ഇമ്മാനുവേൽ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. കല്ലറ തകർക്കൽ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുന്ന സംഭവമായതിനാൽ അതിരൂപതയിലും ഇമ്മാനുവേൽ പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർക്കൽ പോലുള്ള പ്രശ്‌നങ്ങൾ അതിരൂപതയും നിസാരമായല്ല കാണുന്നത്. കരിയൽ പിതാവ് സംഭവത്തിൽ ജോഷി ചിറക്കലിനെ വിളിച്ച് താക്കീത് നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്. തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവക കുറച്ച് കാലമായി പ്രശ്‌നങ്ങളുടെ കേന്ദ്ര ബിന്ദുവാണ്. വികാരി ഫാദർ ജോഷി ചിറക്കലും ഇടവകക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ വിവിധ മാനങ്ങളാണ് ഇടവകയും നാട്ടുകാരും കണ്ടുകൊണ്ടിരിക്കുന്നത്. ഈ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു ഡിജിപിക്ക് നൽകിയ പരാതി ഇപ്പോൾ ഇടവകയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇടവക വികാരി ജോഷി ചിറക്കലും ഇടവകാംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത് മുതലാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ വീട് കയ്യേറ്റവും ആക്രമങ്ങളും വരെയെത്തിയിരുന്നു. ഇമ്മാനുവേലിന്റെ വീടിനു നേരെ ഇടവക വികാരി ജോഷി ചിറക്കലിന്റെ ആളുകൾ ആക്രമണം നടത്തിയതോടെയാണ് വികാരിക്കെതിരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഇമ്മാനുവേൽ കേസ് നൽകിയത്. ഈ കേസ് പിൻവലിക്കാനാണ് വികാരിയുടെ ആളുകൾ ശ്രമം തുടർന്നത്. പക്ഷെ കേസ് അങ്ങിനെ തന്നെ തുടരുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറ തകർത്ത് മൃതദേഹം കല്ലറയിൽ നിന്ന് മാറ്റിയതായുള്ള പരാതിയും വന്നിരിക്കുന്നത്. ഏറ്റുമുട്ടലുകൾക്ക് ഒടുവിൽ വികാരിയെ സ്ഥലം മാറ്റാൻ അങ്കമാലി-ആലുവ അതിരൂപതയിൽ നിന്ന് തീരുമാനം വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

മാർച്ച് ഏഴാം തീയതി ഫാദർ ജോഷി ചിറക്കൽ വാതക്കാട് പള്ളിയിൽ നിന്നും പോയിരിക്കും എന്നാണ് കരിയൽ പിതാവ് അറിയിച്ചത് എന്നാണ് ഒരു ഇടവകാംഗം മറുനാടനെ അറിയിച്ചത്. മാർച്ച് എട്ടാം തീയതി റോക്കി കൊല്ലംകുടി എന്ന അച്ചൻ ചാർജ് എടുത്തിരിക്കും. കരിയൽ പിതാവ് തങ്ങൾ വന്നു കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു എന്നാണ് ഇടവകാംഗങ്ങൾ അറിയിച്ചത്. ഇതോടെ ഫാദർ ജോഷി ചിറക്കൽ അനുകൂലികളെ സംഘടിപ്പിച്ച് ഇന്നു അതിരൂപതയിലേക്ക് മാർച്ച് നടത്തിച്ചിരുന്നു. പക്ഷെ അതിരൂപതയിലെ ഗേറ്റ് അടച്ചിട്ടാണ് അതിരൂപത പ്രതികരിച്ചത്. അതേസമയം റോക്കി അച്ചനെ പൂട്ടിയിടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഇപ്പോൾ ഇടവകയിൽ നിന്നും മുഴങ്ങുന്നുമുണ്ട്. വിവാദങ്ങളും കേസുകളും ആക്രമങ്ങളും വന്നതോടെ വാതക്കാട് ഭാരതറാണി പള്ളിഇടവക ഇപ്പോൾ പ്രശ്‌നങ്ങളുടെ കേന്ദ്രമാണ്. കല്ലറ തകർത്ത സംഭവം അറിഞ്ഞു ഓസ്ട്രിയയിലുള്ള ഇമ്മാനുവേലിന്റെ മകനും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രശ്‌നത്തിൽ തീർപ്പ് വേണം എന്നാണ് ഇമ്മാനുവേലിന്റെ മകൻ ജയ്‌സൺ മറുനാടനോട് പറഞ്ഞത്.

മുൻപും ജോഷി ചിറക്കലിനെതിരെ മേജർ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന് ഇടവകാംഗങ്ങൾ പരാതി നൽകിയിരുന്നു. ഇടവക അംഗങ്ങളുടെ എതിർപ്പ് മറികടന്നു അനധികൃതമായി വികാരി പണിയുന്ന പാരിഷ് ഹാൾ നിർമ്മാണം മുതൽ ഇടവകയുമായി ബന്ധപ്പെട്ടു വികാരി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും എതിർപ്പ് അറിയിച്ചുള്ള സമഗ്ര പരാതിയാണ് ഇടവകക്കാർ ആർച്ച് ബിഷപ്പായ മാർ ആന്റണി കരിയിലിന് കൈമാറിയിരുന്നത്. പാരിഷ് ഹാൾ പഞ്ചായത്ത് അനുമതിയില്ലാതെ തീർത്തും അനധികൃതമായാണ് നിർമ്മിക്കുന്നത്. വിവരാകാശ പ്രകാരം പഞ്ചായത്തിൽ നിന്ന് നൽകിയ രേഖയും ഇവർ ആർച്ച് ബിഷപ്പിന് കൈമാറിയിട്ടുണ്ട്. പക്ഷെ പരാതി നൽകി കാത്തിരുന്നിട്ടും ഉന്നതതലത്തിൽ വികാരിക്കെതിരെ ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. തന്നെ എതിർക്കുന്നവർക്കെതിരെ പ്രതികാരം തീർക്കാൻ അച്ചൻ ബലിവേദിയെ കൂട്ട് പിടിക്കുമ്പോൾ പലപ്പോഴും നിസ്സഹായ അവസ്ഥയിലാകുകയാണ് ഇടവകക്കാർ. ഇത് മനസിലാക്കി ചാപ്പലിൽ പ്രസംഗിക്കുമ്പോൾ 'ഒരു പട്ടി കുരയ്ക്കുന്നുണ്ട്. കടിക്കാത്ത പട്ടിയാണ്. പക്ഷെ പള്ളിയിൽ കുട്ടികളെയും കൂട്ടി വരുന്ന അമ്മമ്മാർ ശ്രദ്ധിക്കണം'എന്നൊക്കെ പള്ളി പ്രസംഗത്തിൽ പറയുന്ന അച്ചനെ പൂട്ടാൻ കഴിയാത്ത ധാർമ്മിക രോഷമാണ് ഇപ്പോൾ ഇടവകയിൽ തിളയ്ക്കുന്നത്. എന്നാൽ അച്ചനാകട്ടെ ഒരു വികാരിയും ഇതുവരെ അനുവർത്തിക്കാത്ത വിധത്തിൽ പള്ളിയും കൂദാശകളും ആയുധമാക്കി ഇടവകക്കാർക്കെതിരെ ആഞ്ഞടിക്കുകയുമാണ്.

വികാരിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ

വികാരി എന്ന പദവി മാറ്റിവെച്ച് പെൺകുട്ടികളെ ഒപ്പം കൂട്ടി ആട്ടും പാട്ടവും നടത്തി ചെറുപ്പക്കാരെ കൂട്ടി തട്ടുകടയിൽ ചെലവ് നടത്തുന്ന അച്ചനെ എങ്ങിനെ നിയന്ത്രിക്കണം എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇടവകക്കാരുള്ളത്. അച്ചനെതിരെ നിരവധി പരാതികളാണ് ഇടവക്കാർ ഉയർത്തുന്നത്. ഇത്തരം പരാതികൾ തന്നെയാണ് ഇടവകക്കാർ മറുനാടന് മുന്നിലും മുൻപ് നിരത്തിയത്. സാധാരണക്കാരെ വിമർശിച്ചും , പേടിപ്പിച്ചും കൂടെ നിർത്തുന്നു. എതിർക്കുന്നവരെ ബലിവേദിയിൽ വച്ച് കളിയാക്കുന്നു. ചൊല്പടിക്ക് നിൽക്കാത്തവരേ നിലയ്ക്ക് നിർത്തുന്ന സ്വഭാവം. ഉദാരമായി സാമ്പത്തിക സഹായം നൽകുവാൻ പ്രവാസികളെ പുകഴ്‌ത്തി പണം സ്വരൂപിക്കുന്നു. സന്ധ്യാപ്രാർത്ഥന നടത്താതെ ചെറുപ്പക്കാരെ തട്ടുകടയിലും മറ്റും കൊണ്ട് പോയി പോയി ചെലവ് ചെയ്യിപ്പിക്കുന്നു. വിവാഹ കാഴ്ച മുതലായ സംഭാവനകൾ രസീതെഴുതാതേ വാങ്ങി ചെലവാക്കുന്നു. ആദ്ധ്യാത്മികതയിൽ നിന്നു പിൻവാങ്ങി മരാമത്ത് ജോലികൾക്ക് മൂൻതൂക്കം കൊടുക്കുന്നു . തുകയ്ക്കായി കള്ള തീരുമാനങ്ങൾ മിനിറ്റ്സ് പുസ്തകത്തിൽ എഴുതി ചേർക്കുന്നു. പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റികളോട് ആലോചിക്കാതെ നിർമ്മാണ പ്രവർത്തനം നടത്തുന്നു. ബലിവേദിയും മൈക്കും നുണ മാത്രം പറയാനും വ്യക്തിഹത്യ ചെയ്യുന്നതിനും ഉപയോഗിക്കുന്നു. 2017 ൽ തിരുന്നാൾ പ്രസുദേന്തിയെ ഒതുക്കാനായി വാട്ട്സാപ്പ് ദുർവിനിയോഗം ചെയ്ത വികാരി ഫോറോന വികാരിയുടെ പേരിൽ കള്ള വൗച്ചർ എഴുതിയത് പിടിക്കപ്പെട്ടത് ഇടവകയ്ക്ക് നാണക്കേടായി.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മാമ്മോദീസ പോലുള്ള കൂദാശ കർമ്മങ്ങൾ പോലും വൈരാഗ്യത്തോടെ നടത്തുന്നു. ബലിവേദിയും മൈക്കും കാണുമ്പോൾ വെറി കൊള്ളുന്നു. ഇഷ്ടമില്ലാത്ത വ്യക്തികളെ നശിപ്പിക്കാൻ ശ്രമിക്കുന്നു. വാട്ട്സാപ്പിലൂടെ ലൈംഗിക അപവാദ പ്രചരണവും വ്യക്തിഹത്യയും നടത്തുന്നതിന് പ്രോത്സാഹനം നൽകുന്നു, തുടങ്ങിയ നിരവധി പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ മറുനാടന് മുന്നിൽ നിർത്തിയത്. അരമനയിൽ പലതവണ പരാതി എഴുതി കൊടുത്തു. നേരിട്ട് പോയി പരാതി പറഞ്ഞു, അവരേയെല്ലാം പേടിപ്പിച്ച് നിർത്തിയ വികാരി ഏകാധിപതിപോലെ വിലസുന്നു. തുടങ്ങിയ പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ ഉയർത്തുന്നത്.

അച്ചൻ ഇറക്കിയ ഡാൻസ് വീഡിയോയും വിവാദത്തിലാണ്. ഒരു വികാരി ആണെന്ന് ഒരിക്കലും പറയാത്ത രീതിയിലാണ് ഡാൻസ് വീഡിയോയിൽ അച്ചൻ എത്തുന്നത്. ഒരു എസ് യുവിയിൽ അച്ചൻ വരുന്ന വീഡിയോ പ്രദർശിപ്പിക്കുകയാണ്. അതിനു ശേഷം സ്റ്റേജിലേക്ക് കൂളിങ് ഗ്ലാസും വെച്ച് അച്ചന്റെ മാസ് എൻട്രിയും പിന്നെ മമ്മൂട്ടി രീതിയിൽ ഡാൻസും. ആ രീതിയിലുള്ള പെർഫോമൻസാണ് ഡാൻസ് വീഡിയോയിൽ അച്ചൻ നടത്തുന്നത്. പെൺകുട്ടികളെ ഒപ്പം നിർത്തിയുള്ള ഈ ഡാൻസ് പരിശീലനവും ഡാൻസും ഇടവകയിൽ വിവാദമായി നിലനിൽക്കുകയുമാണ്. ആ വീഡിയോയിൽ അച്ചൻ വന്നിറങ്ങുന്ന ആഡംബര വാഹനത്തെക്കുറിച്ചും വിവാദം നിലനിൽക്കുന്നുണ്ട്. പോക്സോ കേസിലെ പ്രതിയുടെ കാറാണ് ഇത് എന്നാണ് ഇടവകക്കാർ ആരോപിച്ചത്.

മാമോദീസ, കുർബാന ചടങ്ങുകൾ നടത്തുമ്പോൾ അച്ചനാണ് ചടങ്ങുകൾ നടത്തേണ്ടത്. അച്ചൻ നടത്തിയില്ലെങ്കിൽ അത് പ്രശ്നമാകും. അതിനാൽ ഇത്തരം കൂദാശകൾ ഉപയോഗിച്ച് അച്ചൻ ഇടവക അംഗങ്ങളെ വരുതിക്ക് നിർത്തുകയാണ് ചെയ്യുന്നത്. എനിക്കെതിരെ നിൽക്കുന്ന ആളുകളുടെ ഒരു പരിപാടിയും ഈ പള്ളിയിൽ വെച്ച് നടക്കില്ല-അച്ചന്റെ അന്ത്യശാസനം ഇങ്ങിനെയാണ്. പറയുന്നത് പോലെ ചെയ്യുന്ന അച്ചൻ കൂടിയാണിത്. ഇത് വിശ്വാസികളെ അസ്വസ്ഥരാക്കുന്നു. കൂദാശങ്ങൾ ഉപയോഗിച്ച് ഭീഷണി നടത്തുന്നതിനാൽ ഒരു വിഭാഗം ആളുകളെ അച്ചൻ കയ്യിലെടുത്തിട്ടുണ്ട്. ഇവരെ ഉപയോഗിച്ചാണ് നിലനിൽപ്പിന്റെ അഭ്യാസം നടത്തുന്നത്. ഞായാറാഴ്ച പ്രസംഗമധ്യേ ഇടവകക്കാർക്കെതിരെ അച്ചൻ ആഞ്ഞടിക്കും.

ഒരു പോക്സോ കേസിൽ ഇടവകയിലെ അംഗം ജയിലിലായപ്പോൾ ആദ്യം പോയി കണ്ടത് ഈ അച്ചനാണ്. അച്ചന്റെ ഡാൻസ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് ഇയാളുടെ വണ്ടിയാണ്. പോക്സോ കേസിൽ റിമാൻഡിൽ ആയപ്പോൾ അച്ചൻ ജയിലിൽ പോയി കണ്ടു. റിമാൻഡിൽ ആയ പ്രതിയെയാണ് വികാരി പോയി കണ്ടത്. ഈ പ്രവൃത്തിയിൽ തന്നെ വികാരി എന്താണ് എന്ന് തെളിയുന്നുണ്ട്. വികാരിയുടെ ഉടുപ്പിട്ട് കർമ്മങ്ങൾ ചെയ്യുന്ന അച്ചന്റെ ചെയ്തികൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിയാനാണ് ഞങ്ങൾ ഇത്രയും പറയുന്നത്. കൊന്തയ്ക്ക് വരെ അച്ചൻ പണം വാങ്ങുന്നുണ്ട്. സഭയ്ക്ക് പരാതി നല്കിയപ്പോൾ സഭ ചോദിച്ചതുകൊന്ത മണിയും വികാരികൾ വിറ്റ് തിന്നാൻ തുടങ്ങിയോ എന്നാണ്. കൊന്തയ്ക്ക് ആരും പിരിവ് ചോദിക്കില്ല. കൊന്ത നടത്താൻ പണം ചോദിച്ച് പണം നൽകിയ ആളുകളുടെ പേര് പള്ളിയിൽ അനൗൺസ് ചെയ്യുകയാണ് അച്ചൻ ചെയ്തത്. ഇങ്ങിനെ ആദ്യ ദിവസം തന്നെ അച്ചൻ ധനസമാഹരണം നടത്തി. നടപ്പ് രീതികൾ ഉണ്ട്. അതൊന്നും പിൻപറ്റുന്നില്ല. അതുകൊണ്ടാണ് ഓരോ കാര്യത്തിലും ഞങ്ങൾക്ക് എതിർപ്പ് ഉയർത്തേണ്ടി വന്നത്. രാജസ്ഥാനിൽ നിന്നും മാർബിൾ കൊണ്ട് വരുമെന്ന് പറഞ്ഞു രാജസ്ഥാൻ മാർബിളിൽ നിന്നുമാണ് മാർബിൾ എടുത്തത്-ഇത്തരം പ്രശ്നങ്ങളാണ് പള്ളിയിൽ നടക്കുന്നത്.

പാരിഷ് ഹാൾ പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. ആ പാരിഷ് ഹാളിനു വേണ്ടിയാണ് മാർബിൾ എത്തിച്ചതും ഇനിയും മാർബിൾ എത്തിക്കാൻ ശ്രമം നടക്കുന്നതും. പാരിഷ് ഹാൾ കരിയൽ പിതാവിനെക്കൊണ്ട് ഉത്ഘാടനം നടത്തിപ്പിക്കാൻ അച്ചൻ ശ്രമം നടത്തി. പക്ഷെ അത് വിജയം കണ്ടിട്ടില്ല. പൊളിച്ചു കളയുന്ന പാരിഷ് ഹാൾ ആണോ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്യേണ്ടത്. ഈ ചോദ്യം വന്നപ്പോഴാണ് കരിയൽ പിതാവ് പിൻവലിഞ്ഞത്-ഇടവകാംഗങ്ങൾ അന്ന് മറുനാടനോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP