Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുക്കാനില്ലാത്ത കാശ് എന്തിനു നൽകണമെന്ന് തുഷാർ; നഷ്ടമായ തുക ലഭിക്കാതെ പരാതി പിൻവലിക്കില്ലെന്ന് നാസിലും; പെട്ടുപോയത് പ്രവാസി വ്യവസായി; എങ്ങനേയും മകനെ രക്ഷിക്കാൻ വീണ്ടും വീണ്ടും ഫോൺ ചെയ്ത് അച്ഛൻ വെള്ളാപ്പള്ളി; നേതാവിനെ നാട്ടിൽ അയയ്ക്കാൻ പുതിയ തന്ത്രവുമായി സുഹൃത്തുക്കളും; അഭിഭാഷകന് വക്കാലത്ത് നൽകാനും അറബിയുടെ പാസ്‌പോർട്ട് ജാമ്യം ഉറപ്പാക്കാനും കരുനീക്കം: കേരളത്തിലെത്താൻ ഗൾഫ് നിയമത്തിലെ പഴുതുകൾ തേടി ബിഡിജെഎസ് പ്രസിഡന്റ്

കൊടുക്കാനില്ലാത്ത കാശ് എന്തിനു നൽകണമെന്ന് തുഷാർ; നഷ്ടമായ തുക ലഭിക്കാതെ പരാതി പിൻവലിക്കില്ലെന്ന് നാസിലും; പെട്ടുപോയത് പ്രവാസി വ്യവസായി; എങ്ങനേയും മകനെ രക്ഷിക്കാൻ വീണ്ടും വീണ്ടും ഫോൺ ചെയ്ത് അച്ഛൻ വെള്ളാപ്പള്ളി; നേതാവിനെ നാട്ടിൽ അയയ്ക്കാൻ പുതിയ തന്ത്രവുമായി സുഹൃത്തുക്കളും; അഭിഭാഷകന് വക്കാലത്ത് നൽകാനും അറബിയുടെ പാസ്‌പോർട്ട് ജാമ്യം ഉറപ്പാക്കാനും കരുനീക്കം: കേരളത്തിലെത്താൻ ഗൾഫ് നിയമത്തിലെ പഴുതുകൾ തേടി ബിഡിജെഎസ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കൊടുക്കാനില്ലാത്ത കാശ് എന്തിനു നൽകണമെന്ന നിലപാടിൽ തുഷാർ വെള്ളാപ്പള്ളിയും നഷ്ടമായ തുക ലഭിക്കാതെ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ നാസിൽ അബ്ദുല്ലയും ഉറച്ചു നിൽക്കുന്നതോടെ വെട്ടിലായത് ഒത്തുതീർപ്പിന് ഇറങ്ങിയ പ്രവാസി വ്യവസായികൾ. നാസിലിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കവും പൊളിഞ്ഞു. ഇതോടെ തുഷാർ വെള്ളാപ്പള്ളി ഊരാക്കുടുക്കിലാവുകാണ്. ഇതിനിടെ അഭിഭാഷകന് വക്കാലത്തുകൊടുത്തുകൊണ്ട് യുഎഇ സ്വദേശിയുടെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കാനും തുഷാർ ശ്രമിക്കുന്നതായാണ് വിവരം. അങ്ങനെയാകുമ്പോൾ യാത്രാവിലക്ക് മാറ്റി അദ്ദേഹത്തിന് കേരളത്തിലേക്ക് വരാൻ സാധിക്കും. പിന്നീട് കോടതി കേസ് പരിഗണിക്കുമ്പോൾ ഹാജരായാൽ മതിയാവും. ഇതിന് സുഹൃത്തായ അറബി തയ്യാറാകുമെന്നാണ് സൂചന.

വണ്ടിചെക്ക് കേസിൽ തുഷാറിന്റെ വാദം കോടതിയിൽ പൊളിഞ്ഞിരുന്നു. ചെക്ക് മോഷണം പോയതെങ്കിൽ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പ്രോസിക്യൂഷൻ ആരാഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിൽ നടന്ന ശ്രമവും പരാജയപ്പെട്ടു. ഇതോടെയാണ് അറബിയുടെ പാസ് പോർട്ടിന്റെ ജാമ്യത്തിൽ കേരളത്തിലേക്ക് രക്ഷപ്പെടാനുള്ള നീക്കം. കാശ് കൊടുത്ത് ഒത്തുതീർന്നാൽ തന്റെ രാഷ്ട്രീയ ഭാവി തകരുമെന്നാണ് തുഷാറിന്റെ വിലയിരുത്തൽ. കേസ് നീട്ടിക്കൊണ്ടു പോയാൽ നാസിൽ അബ്ദുല്ല കടക്കെണിയിൽ കുടുങ്ങും. ഇതോടെ നക്കാപ്പിച്ച വാങ്ങി കേസ് തീർക്കാൻ നാസിൽ എത്തുമെന്നാണ് വിലയിരുത്തൽ. ഇതിന് വേണ്ടിയാണ് കേസിൽ വക്കാലത്തുകൊടുക്കുന്നതും നാട്ടിലേക്ക് മടങ്ങുന്നതും. അജ്മാൻ കോടതി കേസ് പരിഗണിച്ചപ്പോൾ തന്റെ ചെക്ക് നാസിൽ മോഷ്ടിച്ചതാണെന്ന നിലപാടിൽ തുഷാർ ഉറച്ചുനിന്നു.

എന്നാൽ മോഷണസമയത്ത് എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ തുഷാറിന് കഴിഞ്ഞില്ല. ചെക്ക് മോഷണംപോയതിനുള്ള പരാതി ലഭിക്കാത്ത സാഹചര്യത്തിൽ ആ വാദം നിലനിൽക്കില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. നാസിൽ ആവശ്യപ്പെട്ട തുക അംഗീകരിക്കാൻ തുഷാർ തയ്യാറായില്ല. വിവാദ ബിസിനസ് ഇടപാടിന്റെ കൂടുതൽ രേഖകൾ പരാതിക്കാരൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമെന്നറിയിച്ച പ്രോസിക്യൂഷൻ ഇന്നത്തെ വാദം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഒത്തുതീർപ്പ് നടക്കില്ലെന്ന് വ്യക്തമായത്. ഈ സാഹചര്യത്തിലാണ് തുഷാർ നാട്ടിലേക്ക് വരാൻ പുതിയ തന്ത്രങ്ങൾ തേടാൻ തുടങ്ങിയത്. അച്ഛൻ വെള്ളാപ്പള്ളിയുടെ ഇടപെടലും ഇതിന് വേണ്ടി നടക്കുന്നുണ്ട്.

തുഷാറിന്റെ വഞ്ചനയെ തുടർന്ന് നാസിൽ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരുന്നു. ആറുമാസം ജയിലിലും കിടന്നു. ഇതുകൊണ്ട് തന്നെ എന്തെങ്കിലും വാങ്ങി കേസ് ഒത്തുതീർപ്പിലെത്തിക്കാൻ നാസിൽ തയ്യാറല്ല. ഇക്കാര്യം ഇടനിലക്കാരോടെല്ലാം നാസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് തുകയിലെ ഓഫർ തുഷാർ മുന്നോട്ട് വച്ചത്. എന്നാൽ കിട്ടാനുള്ളതിന്റെ നാലിലൊന്ന് പോലുമില്ലാത്ത തുകയ്ക്ക് ഒത്തുതീർപ്പിന് നാസിൽ തയ്യാറല്ല. ജയിൽ വാസവും മറ്റും തനിക്കുണ്ടാക്കിയ മാനസിക പ്രയാസങ്ങൾ തുഷാറിനെ നാസിൽ എണ്ണി എണ്ണി അറിയിച്ചിട്ടുണ്ട്. തുഷാറിനെ അജ്മാൻ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ ആയിരുന്നു. തനിക്ക് കിട്ടാനുള്ള പണത്തിന്റെ ചെക്ക് മടങ്ങിയതിനെ തുടർന്ന് നാസിൽ അബ്ദുല്ല നൽകിയ പരാതിയയെ തുടർന്ന് അജ്മാൻ പൊലീസ് നാട്ടിലുള്ള പ്രതിയെ പിടികൂടാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു. പരാതിയിലെ സത്യസന്ധത ബോധ്യപ്പെട്ടായിരുന്ന നീക്കം. തുഷാറിന്റെ പേരിൽ ഉമ്മുൽ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരിൽ അജ്മാൻ പൊലീസ് മലയാളി വ്യാപാരിയെ വേഷം കെട്ടിക്കുകയായിരുന്നു. ഉമ്മുൽ ഖുവൈനിലുള്ള ഈ സ്ഥലത്തിന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നൽകാമെന്നേറ്റപ്പോൾ തുഷാർ പൊലീസ് ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു. ഇടനിലക്കാരിയായി യുവതിയേയും ഏർപ്പെടുത്തി. ഈ സ്ത്രീ വിളിച്ചതു കൊണ്ടാണ് തുഷാർ എത്തിയതും.

ദുബയിലെത്തുമ്പോൾ സംസാരിക്കാം എന്ന പറയുകയും അത് പ്രകാരം ദുബയിലെ ഒരു ഹോട്ടലിൽ കച്ചവടം ഉറപ്പിക്കാനെത്തിയപ്പോൾ തന്നെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അജ്മാൻ നുഐമിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. അജ്മാൻ പൊലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്ന് തുഷാറിനും അറിയാം. അതുകൊണ്ടാണ് കോടതിക്ക് പുറത്ത് ഒത്തു തീർപ്പിന് ശ്രമിക്കുന്നത്. കേസിന് സിവിലായും ക്രിമിനലായും നിലനിൽപ്പുണ്ട്. അതുകൊണ്ടാണ് കേസ് എങ്ങനേയും പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയുടെ പേരിലുള്ള ബോയിങ്് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന് വേണ്ടി ഉപകരാർ നടത്തുന്ന സ്ഥാപനമായിരുന്നു എൻജിനീയറായ നാസിൽ അബ്ദുല്ലയുടെ ഹാർമണി ഇലക്ടോണിക്സ് ആൻഡ് മെക്കാനിക്കൽ എന്ന കോൺട്രാക്ടിങ് കമ്പനി ചെയ്തിരുന്നത്. ഈ സ്ഥാപനത്തിന് നൽകാനുണ്ടായിരുന്ന പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാർക്ക് വേതനം പോലും നൽകാതെ കഷ്ടപ്പെടുകയും ആറുമാസം നാസിൽ അബ്ദുല്ല തടവ് അനുഭവിക്കുകയും ചെയ്തു. ഇതിനിടെ പരാതി നൽകിയ അറബി മരിച്ചു. ഇതോടെ മകൾ മാപ്പ് നൽകി. ഇതോടെയാണ് നാസിൽ പുറത്തിറങ്ങിയത്. അതിന് ശേഷം പണം തിരികെ കിട്ടാൻ പല വഴയിലൂടെ തുഷാറിനെ ബന്ധപ്പെട്ടു. എന്നാൽ തുഷാർ അടുത്തില്ല. ഇതോടെയാണ് പരാതിയിലേക്ക് കാര്യങ്ങളെത്തിയത്.

എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറിയുടെ മകനായതു കൊണ്ടാണ് തുഷാറിന് വേണ്ടി പ്രവാസി വ്യവസായികൾ സജീവമായി രംഗത്തിറങ്ങിയത്. എന്നാൽ മറ്റ് ഘടകങ്ങൾ ചർച്ചകളിലും മറ്റും ഇടപെടുന്നതിനാൽ അവരെല്ലാം നിരാശരാണ്. ഇന്ന് കോടതിയിലുണ്ടായ സംഭവ വികാസങ്ങളും ഗുണകരമല്ല. ചെക്ക് കേസ് ഒത്തു തീർപ്പാക്കാനുള്ള അജ്മാൻ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടത് അതീവ ഗുരുതരമാണെന്നാണ് അവരുടെ നിലപാട്. തുഷാർ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസിൽ പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ പരാജയപ്പെട്ടത്. കോടതിക്ക് പുറത്ത് സമാന്തരമായി ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിൽ നിന്ന് പല പ്രമുഖരും ഇപ്പോൾ പിന്മാറിയിട്ടുണ്ട്. ഇതോടെ തുഷാർ കൂടുതൽ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. എങ്ങനേയും നാട്ടിൽ നിന്ന് പണമെത്തിച്ച് കേസൊഴിവാക്കാനുള്ള ബുദ്ധിയാണ് പ്രവാസികൾ തുഷാറിനോട് ഉപദേശിക്കുന്നത്.

നേരത്തെ ഈ കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പ്രവാസി വ്യവസായിയുടെ ഇടപെടലാണ് ജാമ്യ നടപടികൾ വേഗത്തിലാക്കിയത്. 10 ലക്ഷം ദിർഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാൽ പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനാകില്ല. തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്. തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനാണ് നാസിൽ അബ്ദുല്ല. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. എന്നാൽ പരമാവധി 6 ലക്ഷം ദിർഹത്തിന്റെ കരാറുകൾ മാത്രം നൽകിയിരുന്ന ഒരാൾക്ക് ഇത്രയും തുക ഇനി നൽകാനില്ലെന്നും പണമിടപാടുകൾ നേരത്തെ തീർത്തതാണെന്നും തുഷാർ പറയുന്നു.

ചെക്ക് കേസ് നടപടികൾ കൂടുതൽ കർശനമായതിനാലാണ് നാസിൽ അജ്മാനിൽ കേസ് നൽകിയതെന്നാണു സൂചന. ദുബായിൽ ചെക്ക് കേസ് നടപടികൾ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് യുഎഇയിലെ രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP