Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പൻ പറഞ്ഞാലും മകൻ കേൾക്കില്ല..! എസ്എൻഡിപിക്കാർ സമരത്തിന് ഇറങ്ങരുതെന്ന വെള്ളാപ്പള്ളിയുടെ ആഹ്വാനം വീട്ടുകാർ പോലും വകവെക്കുന്നില്ല; എൻഡിഎ സംഘടിപ്പിക്കുന്ന ശബരിമല പ്രക്ഷോഭത്തിൽ താൻ നേരിട്ട് പങ്കെടുക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി; യോഗം ജനറൽ സെക്രട്ടറി എതിർത്തത് ചില ഹിന്ദു സംഘടനകൾ എടുത്തുചാടി പ്രക്ഷോഭം നടത്തിയതിനെയെന്ന് ബിഡിജെഎസ് നേതാവ് മറുനാടനോട്

അപ്പൻ പറഞ്ഞാലും മകൻ കേൾക്കില്ല..! എസ്എൻഡിപിക്കാർ സമരത്തിന് ഇറങ്ങരുതെന്ന വെള്ളാപ്പള്ളിയുടെ ആഹ്വാനം വീട്ടുകാർ പോലും വകവെക്കുന്നില്ല; എൻഡിഎ സംഘടിപ്പിക്കുന്ന ശബരിമല പ്രക്ഷോഭത്തിൽ താൻ നേരിട്ട് പങ്കെടുക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി; യോഗം ജനറൽ സെക്രട്ടറി എതിർത്തത് ചില ഹിന്ദു സംഘടനകൾ എടുത്തുചാടി പ്രക്ഷോഭം നടത്തിയതിനെയെന്ന് ബിഡിജെഎസ് നേതാവ് മറുനാടനോട്

അർജുൻ സി വനജ്

കൊച്ചി: ശബരിമല തന്ത്രിയും തന്ത്രികുടുംബവും ഒരു വിഭാഗം സവർണ ഹിന്ദുക്കളും ചേർന്ന് നടത്തുന്ന ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭത്തിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് രംഗത്തെത്തിയിരുന്നു. എസ്എൻഡിപിക്കാർ ആരും സർക്കാറിന് എതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആഹ്വാനം. എന്തായാലും വെള്ളാപ്പള്ളിയുടെ ഈ ആഹ്വാനം കുടുംബത്തിൽ നിന്നു തന്നെ പാളുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കാരണം എസ്എൻഡിപി ഭാരവാഹി കൂടിയായ മകൻ തുഷാർ ഇക്കാര്യത്തിൽ ബിജെപി നേതാക്കളുടെ നിലപാടിനൊപ്പമാണ്.

ബിജെപിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സംഘടിപ്പിക്കുന്ന ശബരിമല പ്രക്ഷോഭത്തിൽ താൻ നേരിട്ട് പങ്കെടുക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. സർക്കാരിനെതിരെ തങ്ങളുമായി കൂടിയാലോചിക്കാതെ ഒരു ഹിന്ദു സംഘടന നടത്തുന്ന പ്രക്ഷോഭത്തെയാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂറ്റപ്പെടുത്തിയത്. അല്ലാതെ, യുവതികളെ കയറ്റണമെന്നല്ല ബി.ഡി.ജെ.എസും എൻ.എൻ.ഡിപിയും ഉദ്ദേശിച്ചതെന്നും തുഷാർ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗത്തിന് ഒരു സംഘടന സംവിധാനമുണ്ട്. സംഘടന ഘടകങ്ങളിൽ ചർച്ചചെയ്യാതെ, ചില ഹിന്ദു സംഘടനകൾ എടുത്ത് ചാടി പ്രക്ഷോഭം നടത്തിയതും റിവ്യു പെറ്റീഷൻ നൽകിയതും പോലെ എസ്.എൻ.ഡി.പിക്ക് ആകില്ല. അവർക്കൊപ്പം ചെന്ന് ചേരാൻ ഞങ്ങൾക്കാകില്ല. പക്ഷെ, ഞങ്ങൾക്ക് പ്രതിഷേധം ഉണ്ട്. നിയമനിർമ്മാണത്തിലൂടെ അല്ലാതെ ശബരിമല വിഷയത്തിന് ഒരു പരിഹാരമുണ്ടാകില്ല. തുഷാർ വെള്ളാപ്പള്ളി മറുനാടനോട് പറഞ്ഞു.

ഞങ്ങൾക്ക് അഭിപ്രായവുമുണ്ട്. എസ്.എൻ.ഡിപി റിവ്യൂ പെറ്റീഷൻ നൽകണോ വേണ്ടെയോ എന്നത് ഉടൻ തന്നെ യോഗം നേതൃയോഗം ചേർന്ന് തീരുമാനിക്കും. എൻ.ഡി.എയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ ബിഡിജെഎസ് പ്രവർത്തകരും പങ്കെടുക്കും. എൻ.ഡി.എ എന്ന നിലയിൽ ഞങ്ങളോടും കൂടി ആലോചിച്ച ശേഷമാണ് ആ സമരം പ്ലാൻ ചെയ്തത്. അതിനാൽ ആ പരിപാടിയിൽ എല്ലാവരും പങ്കെടുക്കും. ഹിന്ദു സംഘടനകൾ ഒരുമിച്ച് കൂടി ആലോചന നടത്തിയതിന് ശേഷം വേണമായിരുന്നു ഈ പ്രക്ഷേഭങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. ആരോടും ആലോചിക്കാതെ ചില സംഘടനകൾ ഒറ്റയ്ക്ക് സമരവുമായി മുന്നോട്ട് പോകുന്നതിൽ എസ്.എൻ.ഡി.പിക്ക് അഭിപ്രായവിത്യാസമുണ്ട്. പക്ഷെ വിശ്വാസിസമൂഹത്തിന് ഒപ്പം തന്നെയാണ് എസ്.എൻ.ഡി.പി ഉള്ളത്. തുഷാർ വ്യക്തമാക്കി.

വിശ്വാസികളുടെ എല്ലാ സമരങ്ങൾക്കും എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണയുമുണ്ട്. ഇനി നടക്കാൻ പോകുന്ന പ്രക്ഷോഭങ്ങൾ സംബന്ധിച്ച് എസ്.എൻ.ഡി.പിയുമായി കൂടിയാലോചിക്കാൻ തയ്യാറായാൽ അതിൽ പങ്കെടുക്കും. എല്ലാവരും ഒന്നിച്ച് പോയാൽ മാത്രമേ, ഇതിന് പരിഹാരമാകുകയുള്ളു. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ഇതുവരെ ഒരു പ്രക്ഷോഭവും സംഘടിപ്പിച്ചിട്ടില്ല. ഒരു പ്രത്യേക വിഭാഗം സമരവുമായി മുന്നോട്ട് പോയി. അവരുടെ പിന്നാലെ എല്ലാവരും വരണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്.

കേരളം ആരുഭരിച്ചാലും ആ സർക്കാരിന് സുപ്രീം കോടതിയുടെ ഉത്തരവ് നാടപ്പാക്കാൻ ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ തിടുക്കമില്ലാതെ, എല്ലാവരുമായി ആലോചിച്ച് സർക്കാർ അഭിപ്രായങ്ങൾ പറയേണ്ടതായിരുന്നുവെന്നും തുഷാർ മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. തെരുവിലേക്കിറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നടപടി ശരിയല്ല. അത് തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ടാകണം. ഹിന്ദുവെന്ന പേരിൽ സമരത്തിനിറങ്ങരുതെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി. ശബരിമലയിൽ ബിജെപിയുടേത് രാഷ്ട്രീയ മുതലെടുപ്പാണ്. വോട്ട് മാത്രം ലക്ഷ്യമിട്ടാണ് ബിജെപി ജനങ്ങളെ തെരുവിലേക്കിറക്കിയിരിക്കുന്നത്. സമരം ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല. പ്രതിഷേധ സമരങ്ങളെ എസ്.എൻ.ഡി.പി പിന്തുണക്കുന്നില്ല. ശബരിമല വിധി നിർഭാഗ്യകരമാണ്. ആചാരങ്ങൾ അനുഷ്ഠിക്കണം, നിയമങ്ങൾ അനുസരിക്കണം. ആ വിധിയെ അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധിയെ കർമ്മം കൊണ്ടാണ് മറികടക്കേണ്ടത്.

തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറാണ് വിധിക്കെതിരായ സമരത്തിന് എണ്ണയൊഴിക്കുന്നത്. അയാൾ രണ്ട് വള്ളത്തിൽ കാൽ വയ്ക്കുന്നു. അദ്ദേഹത്തിന് നിലവാരവും നിലപാടുമില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സർക്കാർ നിലപാട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. തുറന്ന സമീപനമാണ് വിഷയത്തിൽ അദ്ദേഹം സ്വീകരിച്ചത്. മുഖ്യമന്ത്രി വിളിച്ച കൂടിക്കാഴ്ച തന്ത്രി കുടുംബവും തിരുവതാംകൂർ രാജകുടുംബവും ബഹിഷ്‌കരിച്ചത് ശരിയായ നടപടിയല്ല.

ഹിന്ദുക്കൾ മുഴുവൻ പ്രതിഷേധിക്കുന്നു എന്ന് പറയുമ്പോഴും ഇവിടെയുള്ള ഹിന്ദു സമുദായവുമായി ആരും ചർച്ച ചെയ്തിട്ടില്ല. തമ്പുരാക്കന്മാർ പറയുന്നത് അടിയാളന്മാർ കേൾക്കണമെന്നു പറയുന്നത് നല്ല രീതിയല്ല. കേരളത്തിലെ ഹിന്ദു സംഘടനകളെ വിളിച്ചു കുട്ടാൻ മുഖ്യമന്ത്രി മനസ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെരുവിലിറക്കി സർക്കാറിനെ മുട്ടുമടക്കിപ്പിക്കാമെന്ന ദേവസ്വം ബോർഡിന്റെ നിലപാട് ശരിയല്ല. അടുത്ത വിമോചനം നടത്താനാണോ ദേവസ്വം ബോർഡ് നേതാക്കളുടെ തീരുമാനമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP