Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ ശ്രീധരന്റെ മറ്റൊരു സ്വപ്നവും പൂവണിയും; തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയ്ക്ക് തത്വത്തിൽ അംഗീകാരം നൽകി കേന്ദ്ര സർക്കാർ; സ്മാർട് സിറ്റി പദ്ധതിയിൽ നിന്നും വകയിരുത്തിയത് 175 കോടി; ഡിഎംആർസിയുടെ നേതൃത്വത്തിൽ പുതിയ ദൗത്യവും; കൊച്ചി മെട്രോയുടെ വിജയ ശിൽപി ഇനി അനന്തപുരിയിൽ

ഇ ശ്രീധരന്റെ മറ്റൊരു സ്വപ്നവും പൂവണിയും; തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയ്ക്ക് തത്വത്തിൽ അംഗീകാരം നൽകി കേന്ദ്ര സർക്കാർ; സ്മാർട് സിറ്റി പദ്ധതിയിൽ നിന്നും വകയിരുത്തിയത് 175 കോടി; ഡിഎംആർസിയുടെ നേതൃത്വത്തിൽ പുതിയ ദൗത്യവും; കൊച്ചി മെട്രോയുടെ വിജയ ശിൽപി ഇനി അനന്തപുരിയിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ഓടി തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും കേരളത്തിനും തലസ്ഥാനത്തിനും മറ്റൊരു സമ്മാനമായി തലസ്ഥാന നഗരത്തിൽ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി സ്മാർട് സിറ്റി പദ്ധതിയിൽ അനുവദിച്ച തുകയിൽ നിന്നും പ്രാരംഭ പ്രവർത്തനങ്ങൾക്കായി 175 കോടി രൂപ മാറ്റി വെക്കാനും തീരുമാനമായി. രാജ്യത്തെ നൂറ് സ്മാർട് നഗരങ്ങളുടെ മൂന്നാം പട്ടികയിൽ ഒന്നാമതായി തലസ്ഥാന നഗരം തെരഞ്ഞെടുക്കപ്പെട്ടതാണ് പദ്ധതിക്ക് ഗുണകരമായതും അനുമതി നൽകാൻ കേന്ദ്രം തീരുമാനിച്ചതും. ഡിഎംആർസിക്കായിരിക്കും നിർമ്മാണ ചുമതല. കൊച്ചി മെട്രോ വേഗത്തിൽ പണി തീർത്തു നൽകിയത് ഡിഎംആർസിക്ക് കരാർ നൽകാൻ പ്രേരണയാകുകയായിരുന്നു.

കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ഇത് സംബന്ധിച്ച് പ്രഖ്യാപനമൊന്നും നടത്തിയില്ലെങ്കിലും പിന്നീട് സ്മാർട്സിറ്റിക്കായി നഗരസഭ നൽകിയ പ്രപോസലും പ്ലാനും കേന്ദ്രം അംഗീകരിക്കുകയും ബംഗലൂരു വഉൾപ്പടെയുള്ള മഹാ നഗരങ്ങളെ പോലും പിന്തള്ളി തലസ്ഥാനം ഒന്നാം സ്ഥാനതെത്തിയതുമാണ് ഇപ്പോൾ മെട്രോ പദ്ധതിക്കും അംഗീകാരം ലഭിക്കുന്നതിന് കാരണമായത്. നേരത്തെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഉണ്ടാകില്ലെന്ന് ഇ ശ്രീധരൻ തന്നെ പറഞ്ഞിരുന്നു. തലസ്ഥാനത്തിന്റെ മെട്രോ പദ്ധതിക്കായി കൂടുതൽ സമയം ചിലവഴിക്കുന്നതിനായിട്ടാണ് ഈ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.

ദിനം തോറും ഗതാഗത കുറുക്ക് ഗണ്യമായി വർധിക്കുന്ന നഗരമാണ് തിരുവനന്തപുരം. കഴക്കൂട്ടം കോവളം ബൈപ്പാസ് നിർമ്മാണവും നഗരത്തിലെ മറ്റ് അനുബന്ധ റോഡുകളുടെ വികസനവും പൂർത്തിയാക്കിയാലും ഭാവിയിൽ ഉണ്ടാകുന്നത് വലിയ ഗതാഗത കുരുക്കിന് റഓഡുകൾ മാത്രം പര്യാപ്തമല്ലെന്നതുമാണ് ഇപ്പോൾ തീരുമാനം മാറുന്നതിന് കാരണമാകുന്നത്. മാത്രമല്ല ലൈറ്റ് മെട്രോ പദ്ധതി നീട്ടികൊണ്ട് പോയാൽ സംസ്ഥാനത്തിന് ഭീമമായ സാമ്പ്തതിക നഷ്ടമുണ്ടാകുമെന്നും നേരത്തെ ഈ ശ്രീധരൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ സൂചിപ്പിച്ചിരുന്നു. ഇപ്പോഴുണ്ടാകുന്നതിന്റെ ഇരട്ടി ചെലവ് വരെ ഭാവിയിൽ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പും ശ്രീധരൻ നൽകിയിരുന്നു.

തലസ്ഥാന നഗരത്തിലെ മെട്രോ പദ്ധതിക്ക് മുന്നോടിയായി പാരിസ്ഥിതിക പഠനത്തിനും സാമൂഹിക ആഘാത പഠനവും നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശവും നൽകിയിട്ടുണ്ട്. 2015ൽ നാറ്റ് പാക്ക് നടത്തിയ സർവ്വേയിൽ ഇപ്പോഴത്തെ വാഹനങ്ങളുടെ സാന്ദ്രത അനുസരിച്ച് 2022ൽ തലസ്ഥാന നഗരത്തിലൂടെ വാഹനത്തിൽ യാത്ര ചെയ്യുന്നതിലും വേഗത കാൽനടയാത്രക്കാർക്കായിരിക്കും എന്നും സൂചിപ്പിച്ചിരുന്നു. ഇതിനെ മറികടക്കാനായി റോഡ് വികസനവും ഒപ്പം തന്നെ മെച്ചപെട്ട പൊതു ഗതാഗത സംവിധാനത്തെയും ആശ്രയിക്കേണ്ടി വരുമെന്നും സൂചിപ്പിച്ചിരുന്നു. ഇതിനായി ശ്രീകാര്യം ഉൂള്ളൂർ തമ്പാനൂർ മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ മേൽപ്പാലം ഉൾപ്പടെ നിർ്മ്മിക്കാനും നിർദ്ദേശമുണ്ടായരുന്നു.ഇത് ഉടനടി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഒരു ഡിഎം ആർസി ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്#ു.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയിൽ മംഗലപുരത്തെ ടെക്നോസിറ്റി - കരമന ആദ്യഘട്ടവും കരമന - നെയ്യാറ്റിന്കര രണ്ടാംഘട്ടവും ആയിരിക്കും. 19 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്. ടെക്നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, കഴക്കൂട്ടം ജങ്ഷൻ, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുമ്മൂട്, ഉള്ളൂർ, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, സെക്രട്ടേറിയറ്റ്, തംബാനൂർ, കിള്ളിപ്പാലം, കരമന എന്നിവയാകും ആദ്യഘട്ടത്തിലെ സ്റ്റേഷനുകൾ. 22 കിലോമീറ്ററാണ് നീളം. സംസ്ഥാനത്തിന്റെ തന്നെ ഐടി ഹബ്ബായ ടെക്നോപാർക്കിന്റെ 3ാം ഘട്ടവും വിഴിഞ്ഞവും പൂർത്തിയാുമ്പോൾ ലൈറ്റ് മെട്രോ നഗരത്തിന് അത്യന്താപേക്ഷികമാകുമെന്നാണ് വിലയിരുത്തൽ

നിർമ്മാണം പ്രവർത്തനം ആരംഭിച്ചാൽ മൂന്ന് വർഷം കൊണ്ട് പണി പൂർത്തിയാക്കി ട്രെയൻ ഓടി തുടങ്ങാനാകുമെന്നും ഡിഎംആർസി ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു. അതേ സമയം കോഴിക്കോട് ലൈറ്റ് മെട്രോക്ക് കേന്ദ്രം ഇനിയും പച്ചക്കൊടി കാണിച്ചിട്ടില്ല. മീഞ്ചന്ത മുതൽ മെഡിക്കൽ കോളഏജ് വരെ 13 കിലോമീറ്ററാണ് പദ്ധതി. മെട്രോ പദ്ധതികൾ ചിലവേറിയതാണെന്നും പഛനം നടത്താതെ നൽകാനാവില്ലെന്നും കേന്ദ്രം നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. തലസ്ഥാന നഗരസഭയുടെ സ്മാർട് സിറ്റി പദ്ധതിക്ക് പ്രത്യേക താൽപര്യമാണ് സംസ്ഥാന സർക്കാർ കാണിച്ചതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. രാഷ്ട്രീയ ഭേദമന്യേ സർക്കാരുകൾ നടത്തുന്ന ഇടപെടലാണ് പദ്ധതികൾക്ക് അനുകൂലമാകുന്നത്.

മറ്റു സംസ്ഥാനങ്ങൾപോലും മെട്രോ പദ്ധതികൾക്കായി ശ്രീധരനെ സമീപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലൈറ്റ് മെട്രോയുടെ കാര്യത്തിൽ നാം ഉഴപ്പുന്നത്. അദ്ദേഹത്തിന്റെ പ്രതിഭയും പ്രതിബദ്ധതയും ഉപയോഗിക്കാൻ നമുക്കാവണം. ഒട്ടേറെ മെട്രോപദ്ധതികൾ ആവിഷ്‌കരിച്ച് യാഥാർഥ്യമാക്കിയ ചരിത്രമുണ്ട് അദ്ദേഹത്തിനും ഡി.എം.ആർ.സി.ക്കും.ലൈറ്റ്മെട്രോ പദ്ധതിയുടെ ചെലവ് ഓർത്ത് വേവലാതിപ്പെടുന്നവർ, ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന്റെ പരിസ്ഥിതിക്കും ഗതാഗതസംവിധാനങ്ങൾക്കും അതു ഗുണകരമായിത്തീരുമെന്നു മനസ്സിലാക്കേണ്ടതുണ്ട്; വരുംകാലത്തെ ഗതാഗതപ്രശ്നങ്ങൾക്കു പരിഹാരമാവുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP