Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ചടി മാദ്ധ്യമങ്ങൾക്ക് മാത്രം പരസ്യം; സർക്കാരിന്റെ കുപ്പിവെള്ള പദ്ധതി ഉദ്ഘാടനം ബഹിഷ്‌കരിച്ച് ചാനലുകൾ; ദേശീയ ഗെയിംസ് മോഡൽ ബഹിഷ്‌കരണത്തിന് ഇത്തവണ മനോരമയും; ന്യൂസ് ചാനലുകൾക്കെതിരെ പ്രവർത്തിക്കുന്നത് മന്ത്രി ജോസഫിന്റെ ഓഫീസെന്ന് വിമർശനവും

അച്ചടി മാദ്ധ്യമങ്ങൾക്ക് മാത്രം പരസ്യം; സർക്കാരിന്റെ കുപ്പിവെള്ള പദ്ധതി ഉദ്ഘാടനം ബഹിഷ്‌കരിച്ച് ചാനലുകൾ; ദേശീയ ഗെയിംസ് മോഡൽ ബഹിഷ്‌കരണത്തിന് ഇത്തവണ മനോരമയും; ന്യൂസ് ചാനലുകൾക്കെതിരെ പ്രവർത്തിക്കുന്നത് മന്ത്രി ജോസഫിന്റെ ഓഫീസെന്ന് വിമർശനവും

തിരുവനന്തപുരം: ദേശീയ ഗെയിംസിനു പിന്നാലെ പരസ്യത്തിന്റെ പേരിൽ സർക്കാർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ ചാനലുകൾ. പദ്ധതിയുടെ പ്രചരണാർഥമുള്ള പരസ്യങ്ങൾ പത്രങ്ങൾക്ക് മാത്രം നൽകിയതാണ് ചാനലുകളെ ചൊടിപ്പിച്ചത്. ദേശീയ ഗെയിംസിന്റെ പരസ്യവിതരണത്തിന്റെ പേരിൽ വൻവിവാദമുയർന്നിരുന്നു. ദേശീയ ഗെയിംസിന്റെ പരസ്യങ്ങൾ മനോരമയ്ക്ക് മാത്രം കൊടുത്തതോടെയാണ് മറ്റു അച്ചടി-ദൃശ്യമാദ്ധ്യങ്ങൾ ഗെയിംസ് ബഹിഷ്‌കരണവുമായി മുന്നോട്ട് പോയത്. ദേശീയ ഗെയിംസ് സംഘാടനത്തിനെതിരെ വാർത്തകൾ വന്നതോടെ പത്രങ്ങൾക്ക് വാരിക്കോരി കൊടുത്തു. ഇതോടെ ചാനലുകളും ബഹിഷ്‌കരണവുമായി രംഗത്തെത്തി. ഗെയിംസിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി ചാനലുകൾ ചർച്ചകളും എക്‌സ്‌ക്ലൂസിവുകളുമായി മുന്നോട്ട് പോയതോടെ അവരുടെ വാ മൂടിക്കെട്ടാൻ രണ്ടാം ഘട്ടത്തിൽ പരസ്യം നൽകാൻ സംഘാടക സമിതി നിർബന്ധിതരായി.

കുപ്പിവെള്ള പദ്ധതിയുമായി സഹകരിക്കരുതെന്ന ആവശ്യവുമായി ചാനലുകാരുടെ സംഘടന എല്ലാ ചാനലുകൾക്കും കത്ത് നൽകിയിട്ടുണ്ട്. പത്രങ്ങൾക്കും എഫ്.എമ്മുകൾക്കും മാത്രം പരസ്യം നൽകി ദൃശ്യമാദ്ധ്യമങ്ങളെ ഒഴിവാക്കുന്നത് ഇതാദ്യമല്ലെന്നാണ് കേരള ടെലിവിഷൻ ഫെഡറേഷന്റെ ആരോപണം. മന്ത്രി കെ.സി.ജോസഫിന്റെ ഓഫീസാണ് ദൃശ്യമാദ്ധ്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. ദൃശ്യമാദ്ധ്യങ്ങൾക്ക് പരസ്യം നൽകാതെ അച്ചടി മാദ്ധ്യമങ്ങൾക്ക് മാത്രം പരസ്യം നൽകിയതിൽ പ്രതിഷേധിച്ചാണ് ചാനലുകൾ ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നത്. പരിപാടി കവർ ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് കെ.മാധവൻ, ജനറൽ സെക്രട്ടറി ജോൺ ബ്രിട്ടാസും ചാനലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ഗെയിംസ് ബഹിഷ്‌കരണത്തിൽ നിന്ന് മനോരമ ന്യൂസ് മാറിനിന്നപ്പോൾ കുപ്പിവെള്ള പദ്ധതി ബഹിഷ്‌കരണത്തിൽ മനോരമ ന്യൂസും പങ്കെടുക്കുന്നുണ്ട്.

ദേശീയ ഗെയിംസിലും ഇതേ തന്ത്രം ചാനലുകൾ പുറത്തെടുത്തിരുന്നു. അത് വിജയവുമായി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പുകൾ അടുക്കുന്ന സമയത്ത് സമ്മർദതന്ത്രം ദൃശ്യമാദ്ധ്യങ്ങൾ സർക്കാർ കുപ്പിവെള്ള പദ്ധതിക്കെതിരെ പ്രയോഗിക്കുന്നത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ പരസ്യം കിട്ടിയ മനോരമ മിണ്ടാതിരുന്നപ്പോൾ, കുപ്പിവെള്ള പദ്ധതിയുടെ കാര്യത്തിൽ പ്രതീക്ഷിച്ചത്ര പരസ്യം ലഭിക്കാത്തതിനാൽ ബഹിഷ്‌കരവുമായി മനോരമയും രംഗത്തെത്തിയെന്നതാണ് വസ്തു. ഇതോടെ സർക്കാരിൽ നിന്ന് അനുകൂല തീരുമാനവും പ്രതീക്ഷിക്കുന്നു. ചാനലുകളെ പോലെ പരസ്യത്തിലെ പ്രശ്‌നങ്ങളിൽ ചെറുകിട പത്രങ്ങൾക്കും പരാതിയുണ്ട്.

കുപ്പിവെള്ള പദ്ധതിയെ സ്വകാര്യ ലോബികൾ അട്ടിമറിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുള്ള വിപണിയിൽ സർക്കാരിന്റെ കുപ്പിവെള്ളമെത്തിയാൽ സ്വകാര്യലോബികൾക്ക് വൻതിരിച്ചടി നേരിടുമെന്നുള്ളതു കൊണ്ടാണ് അട്ടിമറിശ്രമം നടത്തുന്നതെന്നായിരുന്നു വാർത്തകൾ. കഴിഞ്ഞ മാർച്ചിൽ നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതിക്ക് സ്വകാര്യകമ്പനികളുടെ ഇടപെചൽ മൂലം ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്‌സിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനു കീഴിൽ തൊടുപുഴ മലങ്കര ഡാമിനു സമീപത്താണ് കുപ്പിവെള്ള കമ്പനി പ്രവർത്തന സജ്ജമായിരിക്കുന്നത്.

ഇടത് സർക്കാരിന്റെ കാലത്തായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. 'ഹില്ലി അക്വാ' എന്ന പേരിൽ ലിറ്ററിനു 15 രൂപക്കാണ് വിൽപന. മലങ്കര അണക്കെട്ടിൽനിന്നാണ് പൈപ്പുവഴി വെള്ളം പ്ലാന്റിലെത്തിക്കുന്നത്. ഈ വെള്ളം മൂന്ന് ഘട്ടങ്ങളിലായി ശുദ്ധീകരിച്ച് പ്രധാന ടാങ്കിലെത്തിക്കും. മണിക്കൂറിൽ ഒരുലിറ്ററിന്റെ 9000 ബോട്ടിലുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. 7.2 കോടി മുടക്കിയാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ കുപ്പിവെള്ളം നിറയ്ക്കുന്നതിനായുള്ള പ്ലാസ്റ്റിക് കുപ്പികൾ നിർമ്മിക്കുന്ന പ്ലാന്റും നിർമ്മിച്ചിട്ടുണ്ട്. 20 കോടി രൂപയുടെ പ്രതിമാസ വരുമാനമാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

എട്ടുമണിക്കൂറിന്റെ ഒരു ഷിഫ്റ്റിൽ 72000 ലിറ്റർ ഉത്പാദിപ്പിക്കും. കുപ്പിവെള്ള പദ്ധതി വിജയകരമായാൽ മറ്റ് ഭാഗങ്ങളിലും കമ്പനി സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നു. സ്വകാര്യകമ്പനികൾ വിപണിയെലെത്തിക്കുന്ന കുപ്പിവെള്ളത്തിൽ ഓർഗാനോക്‌ളോറിൻ, ഓർഗാനോ ഫോസ്ഫറസ്, വിഭാഗത്തിൽപ്പെട്ട അൻപതിലധികം മാരക കീടനാശിനികൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെ പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് സ്വകാര്യ കമ്പനികൾ നടത്തിയിരുന്നത്. അതേസമയം സർക്കാർ പദ്ധതിക്കെതിരെയുള്ള സ്വകാര്യ കമ്പനികളുടെ നീക്കങ്ങൾക്ക് സഹായകമായിരിക്കുകയാണ് മാദ്ധ്യമങ്ങളുടെ ബഹിഷ്‌കരണം.

സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളങ്ങളുടെ പരസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് വൻതോതിൽ നൽകിയാണ് സർക്കാർ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാൻ മാദ്ധ്യമങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. മലയാള മനോരമ, മാതൃഭൂമി അടക്കമുള്ള പത്രങ്ങൾ പ്രാദേശിക പേജുകളിലാണ് പദ്ധതി ഉദ്ഘാടന വാർത്ത കൊടുത്തിരിക്കുന്നത്. ചാനലുകളും പദ്ധതിയുടെ ഉദ്ഘാടനം ഉപേക്ഷിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെയും അനുബന്ധ വാർത്തകളും നൽകാതിരുന്നാൽ ഹില്ലി അക്വായുടെ മാർക്കറ്റിങ് അവതാളത്തിലാകുകയും ചെയ്യുമെന്ന തിരിച്ചറിവിലാണ് പത്രങ്ങളിൽ പരസ്യം നൽകാൻ കമ്പനി തയ്യാറായത്. ഇത് മനസ്സിലാക്കി തന്നെയാണ് ചാനലുകളുടേയും രംഗപ്രവേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP