Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം

എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം

വിനോദ് വി നായർ

കൊല്ലം: ഇതാണ് കഴിഞ്ഞ മെയ് ഏഴിന് പാമ്പുകടിയേറ്റു മരിച്ച ഉത്ര എന്ന ഇരുപത്തിയഞ്ചുകാരിയുടെ അഞ്ചൽ ഏറത്തുള്ള വീട് . ഇരുനില വീടിന്റെ ഈ മുറിയിലാണ് ഉത്ര അവസാനമായി ഉറങ്ങിയത്. ജനാലയോടുചേർന്നുള്ള ഈ കട്ടിലിൽ ഭർത്താവ് സൂരജും ഉണ്ടായിരുന്നു. ഇടതുകൈ വെളിയിലേയ്ക്കിട്ട്വലത്തേയ്ക്ക് തല വച്ചാണ് ഉത്ര അവസാനം കിടന്നിരുന്നത്.

എയർഹോളുകൾ അടച്ച നിലയിലുള്ള ഈ മുറിയിൽ അന്ന് എസി പ്രവർത്തിച്ചിരുന്നു. രാത്രിയിലും കഠിനമായ ഉഷ്ണമുള്ളകാലാവസ്ഥയിൽ ഈ മുറിയിലെ എ സി പ്രവർത്തിക്കുമ്പോൾ സാധാരണ എല്ലാ വീടുകളിലേയും പോലെ ഇവിടെ ജനാലകൾ ഭദ്രമായി അടച്ചിരുന്നുവെന്ന് ഉത്രയുടെ മാതാവ് പറയുന്നു. രാവിലെ ഉത്രയെ അബോധാവസ്ഥയിൽ കാണുമ്പോഴും ഈ ജനാല അടഞ്ഞുതന്നെയായിരുന്നു. എന്നിട്ടും ഈ ജനാലയിലുടെ ഉഗ്രവിഷമുള്ള മൂർഖൻ ഇഴഞ്ഞെത്തി അടുത്തകട്ടിലിൽ കിടന്നിരുന്ന ഉത്രയുടെ ഇടതുകൈയിൽകടിച്ചിരിക്കാമെന്നാണ് ഭർത്താവ് സൂരജിന്റെ മൊഴി.

രാത്രി മൂന്നുമണിയോടെ താനാണ് വലതുവശത്തെ ജനാല അടച്ചതെന്ന് സൂരജ് പറയുന്നു. എന്നാൽ ഈ ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ ഈ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്ന സിദ്ധാന്തം വീട്ടുകാർക്കും നാട്ടുകാർക്കും വിശ്വസനീയമല്ല. ആമുറി കൃത്യമായി പരിശോധിക്കുന്ന ആർക്കും അത്വ്യക്തമാവുകയും ചെയ്യും. അതുകൊണ്ടു തന്നെയാണ് ഭർത്താവ് സൂരജിന്റെ മൊഴി അവിശ്വസനീയമാകുന്നത്.

ഉത്രയെ കടിച്ച ആറടിയോളം നീളമുള്ള മൂർഖൻ ഇതേ മാർബിർ പ്രതലത്തിലൂടെ ഇഴഞ്ഞ് കിടപ്പുമുറിയോടു ചേർന്നുള്ള ഡ്രസിങ്ങ് ഏരിയയിലെ അലമാരയുടെ അടിയിൽ കയറിക്കിടന്നു എന്നതും അവിശ്വസനീയമാണ്. ഇത്തരം പ്രതലങ്ങളിലൂടെ അനായാസമായി സഞ്ചരിക്കാൻ മൂർഖന് കഴിയില്ല എന്നാണ് വിദഗ്ധാഭിപ്രായം.

ഡ്രസിങ്ങ് ഏരിയയുടെ ഇടതുവശത്തായാണ് ബാത്‌റും . ഇതിന്റെവാതിലും അടഞ്ഞ നിലയിലാണ്. ബാത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ച നിലയിലാണ്. ഈ മുറിയിലേയ്ക്ക് പാമ്പ് പുറത്തു നിന്ന് ഇഴഞ്ഞെത്താൻ സാധ്യതയില്ലെന്നത് വ്യക്തമാണ്.

സൂരജ് കിടന്നിരുന്ന കട്ടിലിന്റെ വശത്തേയ്ക്കായി വച്ചിരുന്ന ഉത്രയുടെ ഇടതുകൈക്കുഴയുടെ മുകളിലാണ് പാമ്പ് കടിയേറ്റത് എന്നതും സംശയമുളവാക്കുന്നതാണെന്ന് പിതാവ് വിജയസേനൻ പറയുന്നു. ഉത്ര മരിക്കുന്നതിന്റെ തലേദിവസം സന്ധ്യയോടെ വീട്ടിലേയ്‌ക്കെത്തിയ മരുമകൻ സൂരജിന്റെ കൈയിൽ ഒരു കറുത്ത ബാഗ് ഉണ്ടായിരുന്നതായും വിജയസേനൻ വ്യക്തമാക്കി. ആ കറുത്ത ബാഗിൽ കൊണ്ടുവന്ന മൂർഖനെ പിടിച്ച്ഉറക്കത്തിലായിരുന്ന മകളുടെ കൈയിൽ കടിപ്പിച്ചിരിക്കാമെന്നാണ് ഇവരുടെ സംശയം.

സാധാരണ എട്ടുമണിയായാൽ പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ ്‌സംഭവദിവസം പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ല് തേയ്ച്ചതും ഉത്രയെ അബോധാവസ്ഥയിൽ കണ്ട മാതാവിന്റെ നിലവിളികേട്ട് താനും മകനും മുറിയിലെത്തിയിട്ടും വളരെ ലാഘവത്തോടെ അവസാനം കടന്നുവന്ന സൂരജിന്റെ മുഖത്തെ സമ്മർദ്ദം താൻ ശ്രദ്ധിച്ചിരുന്നതായും വിജയസേനൻ പറയുന്നു. മാർച്ച് രണ്ടിന് ഉത്രയെ ആദ്യം പാമ്പ് കടിക്കുന്നതിനു മൂന്ന് ദിവസം മുൻപ് ഫെബ്രുവരി 29ന് സൂരജിന്റെ വീട്ടിനുള്ളിൽ വച്ച് ഉത്രയെ പാമ്പ് കടിക്കാൻശ്രമിച്ചിരുന്നു.

ഉത്ര ബഹളം കൂട്ടിയതോടെ സമീപത്തുതന്നെയുണ്ടായിരുന്ന സൂരജ് കുട്ടികളെയെടുക്കുന്ന ലാഘവത്തോടെയാണ് വലതു കൈകൊണ്ട് പാമ്പിനെ എടുത്ത് ചാക്കിൽ കയറ്റി കൊണ്ടുപോയതെന്ന് മകൾ തന്നോട് പറഞ്ഞിരുന്നതായും വിജയസേനൻ മറുനാടനോട് വെളിപ്പെടുത്തി. പാമ്പുപിടിത്തത്തിൽ സൂരജിന്റെ വൈദഗ്ധ്യം അതിൽ നിന്നും വ്യക്തമാണെന്നും ഇതൊക്കെയാണ് തന്റെസംശയങ്ങൾക്ക് കാരണമെന്നും വിജയസേനൻ പറഞ്ഞു.

മകളുടെ മരണത്തിലെദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വിജയസേനൻ കൊല്ലം റൂറൽ എസ് പിഹരിശങ്കറിന് നൽകിയ പരാതിയെത്തുടർന്ന് കൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP