Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടികൾ തട്ടിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ നാട്ടിൽ സിബിഐ വലവിരിച്ചു; ഒന്നും ഗൗനിക്കാതെ കുവൈറ്റിൽ സുഖജീവിതം നടത്തുന്നു വർഗ്ഗീസ് ഉതുപ്പ്; ഗൾഫിൽ എത്തിയ നേഴ്‌സുമാരിൽ നിന്നും കുടിശിഖ പിരിക്കാൻ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി നേരിട്ട് രംഗത്ത്; മറുനാടൻ എക്‌സ്‌ക്ലൂസീവ്

കോടികൾ തട്ടിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ നാട്ടിൽ സിബിഐ വലവിരിച്ചു; ഒന്നും ഗൗനിക്കാതെ കുവൈറ്റിൽ സുഖജീവിതം നടത്തുന്നു വർഗ്ഗീസ് ഉതുപ്പ്; ഗൾഫിൽ എത്തിയ നേഴ്‌സുമാരിൽ നിന്നും കുടിശിഖ പിരിക്കാൻ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി നേരിട്ട് രംഗത്ത്; മറുനാടൻ എക്‌സ്‌ക്ലൂസീവ്

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ്: കേരളത്തിലെ അന്വേഷണ കോലാഹലമൊന്നും വർഗ്ഗീസ് ഉതുപ്പിനെ ബാധിക്കുന്നില്ല. കാശും സ്വാധീനവും ഉണ്ടെങ്കിൽ എല്ലാം മറികടക്കാമെന്ന് ഉതുപ്പിനറിയം. അതുകൊണ്ട് തന്നെ എന്ത് വിവാദമുണ്ടായാലും കിട്ടേണ്ട കാശുമുഴുവൻ പിരിച്ചെടുക്കണം. അതിന്റെ തിരക്കിലാണ് ഉതുപ്പ് ഇപ്പോൾ. പിരിവ് കുവൈറ്റിലായതിനാൽ തന്നെ ആർക്കും ഒരു ചുക്കും ചെയ്യാനാകില്ല. ഇന്റർപോൾ വന്നാൽ കുവൈറ്റിൽ നിന്ന് മറ്റൊരിടത്തേക്ക് മാറണം. എന്തുകൊണ്ടും സുഖജീവിതമാണ് വർഗ്ഗീസ് ഉതുപ്പ് ഇപ്പോൾ നയിക്കുന്നത്. കേരളത്തിൽ നിന്ന് കുവൈറ്റിലെത്തുന്നവർക്ക് വർഗ്ഗീസ് ഉതുപ്പിനെ നന്നായി അറിയാം. കേസിലെ പ്രതിയാണെന്നും. ഇത് അൽസറഫാ റിക്രൂട്ടിങ്ങ് ഏജൻസിയുടെ ഉടമ കൂടിയായ ഉതുപ്പിനും അറിയാം. എന്നിട്ടും നേഴ്‌സുമാരിൽ നിന്ന് പണം പിരിക്കാൻ കുവൈറ്റിലെ ക്യാമ്പിൽ ഉതുപ്പെത്തുന്നു.

നേഴ്‌സുമാരോട് കാര്യങ്ങൾ തിരക്കി ഒരു കൂസലുമില്ലാതെയാണ് ഉതുപ്പിന്റെ നിൽപ്പ്. കുവൈറ്റിലെ ക്യാമ്പിൽ നിന്ന് മറുനാടൻ മലയാളിക്ക് ലഭിച്ച ഉതുപ്പിന്റെ എക്‌സ്‌ക്ല്യൂസീവ് ചിത്രങ്ങളിൽ നിന്ന്‌ എത്ര ലാഘവത്തോടെയാണ് കാര്യങ്ങളെ അൽസറഫയുടെ ഉടമ എടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. യാതൊരു ഭാവഭേദവുമില്ലാതെ മലയാളി നേഴ്‌സ്മാരിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചെടുക്കുകയാണ് ഉതുപ്പ്. പാവപ്പെട്ട നേഴ്‌സുമാരെ പിഴിഞ്ഞ് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള ഉന്നതരുമായി അടുപ്പമുള്ള ഉതുപ്പ് വർഗീസ് ലക്ഷ്യമിട്ടത് 250 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്. തട്ടിപ്പ് കേന്ദ്ര ഏജൻസിയുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പ് 100 കോടി രൂപയും നേടി.

കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഉതുപ്പിനുണ്ടായിരുന്നു. റിക്രൂട്ട് ചെയ്ത നേഴ്‌സുമാർക്ക് ജോലി കിട്ടുകയും ചെയ്തു. 20,000 രൂപ വാങ്ങേണ്ടിടത്ത് 20 ലക്ഷം തട്ടിയെടുത്ത സാമ്പത്തിക തിരുമറിയാണ് നടത്തിയത്. 1200 നേഴ്‌സുമാരെ കുവൈറ്റിലെത്തിക്കുമ്പോൾ 250 കോടി രൂപയാണ് പിരിച്ചെടുക്കാൻ ഉതുപ്പ് വർഗ്ഗീസ് ലക്ഷ്യമിട്ടത്. എല്ലാ ഔദ്യോഗിക സംവിധാനങ്ങളേയും അനുകൂലമാക്കിയായിരുന്നു തട്ടിപ്പ്. 19.500 രൂപ സർവീസ് ചാർജ് എടുക്കേണ്ടിടത്ത് 19.5 ലക്ഷം ഈടാക്കുക വഴിയാണ് ഇത്ര വലിയ തുക നേടാനായിരുന്നു പദ്ധതി ഇട്ടത്. ഇതിനോടകം 500 പേരെ കുവൈറ്റിന് അയച്ചത് വഴി ഉതുപ്പും സംഘവും 100 കോടി രൂപയെങ്കിലും നേടി കഴിഞ്ഞിരുന്നെന്നാണ് ഏകദേശ നിഗമനം.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈത്തിലെത്തിച്ചിട്ടുണ്ട്. കുവൈത്തുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്. ഇതിൽ 500 പേരെ മാത്രമേ സിബിഐയുടെ നടപടികൾ വരുന്നതിന് മുമ്പ് കയറ്റി വിട്ടിരുന്നുള്ളൂ. ഇവരിൽ നിന്ന് കാശും വാങ്ങി.

ബാക്കിയുള്ളവരാണ് ഇപ്പോൾ കുവൈറ്റിലെത്തുന്നത്. റെയ്ഡും അന്വേഷണവും കാരണം കൊച്ചിയിലെ ഓഫീസ് പൂട്ടി. ഈ സാഹചര്യത്തിലാണ് കുവൈറ്റിലെ പിരിവ്. വിമാനമിറങ്ങി കുവൈറ്റിലെത്തുന്ന നേഴ്‌സുമാരിൽ നിന്ന് തുക ഉതുപ്പ് തന്നെ നേരിട്ട് വാങ്ങുന്നു. ഇത് കിട്ടിയാൽ മാത്രമേ ജോലി കിട്ടൂ. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വിസയിൽ എത്തിയിരിക്കുന്ന ഇവരിൽ നൂറുകണക്കിന് നഴ്‌സുമാരെ ഫഹഹീൽ, മെഹ്ബൂല പ്രദേശത്തെ ഫ്‌ളാറ്റുകളിലാണു പാർപ്പിച്ചിരിക്കുന്നത്. ജോലിക്കായി വൻ തുക വാങ്ങിയതിനു പുറമേ ഇവിടെ ഇപ്പോഴത്തെ താമസത്തിനു വാടകയായും പണം ഈടാക്കുന്നുണ്ട്. ഇവിടെ എത്തിയ നഴ്‌സുമാരെക്കൊണ്ട് നിരവധി പേപ്പറുകളിൽ ഒപ്പിടുവിച്ചിട്ടുണ്ട്. ബാക്കി ലഭിക്കാനുള്ള തുകയ്ക്ക് ഏജൻസി മുഖേന പ്രോമിസറി നോട്ട് ഒപ്പുവച്ചു വാങ്ങി.

ഇപ്പോഴും ഈ ഏജൻസിയുടെ കീഴിൽ നഴ്‌സുമാർ വന്നുകൊണ്ടിരിക്കുകയാണ്. പലരും മുംബൈ അടക്കമുള്ള വിമാനത്താവളങ്ങൾ വഴിയാണ് എത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിൽ സെലക്ഷൻ കഴിഞ്ഞാലും മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ജോലിക്കു കയറാൻ ആറു മാസമെങ്കിലും എടുക്കാറാണു പതിവ്. അതുവരെ താമസവും ഭക്ഷണവും അടക്കമുള്ള ചെലവിന് ഇവർ പണം കണ്ടെത്തേണ്ടിവരും. ഈ സാഹചര്യത്തിൽ ഉതുപ്പിന് പണം നൽകിയില്ലെങ്കിൽ പണി പോകുമെന്ന് നേഴ്‌സുമാർക്ക് അറിയാം. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ വൻ സാമ്പത്തിക നേട്ടം കൊയ്ത ഉതുപ്പ് വർഗീസിന്റെ സമ്പത്തു കണ്ട് സിബിഐ പോലും ഞെട്ടിയിരുന്നു. മൂന്നുമാസത്തിനിടെ 240 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെങ്കിൽ പത്തു വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന ഏജൻസി ഇതിന്റെ പതിന്മടങ്ങ് തട്ടിപ്പാകും നടത്തിയിരിക്കുക. ഇതിന്റെയൊക്കെ തെളിവുകൾ സിബിഐയ്ക്കു ലഭിച്ചെന്നാണു സൂചന.

ഉതുപ്പ് പ്രതിയായ 2009ലെ വധശ്രമക്കേസിലെ പരാതിക്കാരനും ബന്ധുവുമായ പുതുപ്പള്ളി മൈലക്കാട്ട് ജോൺ എം. കുര്യാക്കോസ് എന്ന ജോജി കഴിഞ്ഞ ദിവസം സിബിഐ ഓഫിസിൽ ഹാജരായി തെളിവ് നൽകി. ഉതുപ്പിന്റെ ആദ്യകാല ഇടപാടുകൾ അറിയുന്ന ജോജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സിബിഐ തെളിവു ശേഖരിച്ചു. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പുതുപ്പള്ളിയിലെ സഹകരണബാങ്കിൽ നിന്നു ഏജൻസിയുടമ കോടികളുടെ വായ്പ തരപ്പെടുത്തിയെന്നാണു സിബിഐക്കു ലഭിച്ച വിവരം. ഏജൻസിക്കു കരാർ ലഭിക്കാൻ കുവൈത്തിലെ ഏജൻസിക്കു മുൻകൂറായി പണം നൽകുന്നതിനാണ് ഈ തുക ഉപയോഗിച്ചതെന്നും ഹവാല വഴിയാണു പണം ഗൾഫിലേക്കു കടത്തിയതെന്നുമാണു സൂചന.

നഴ്‌സുമാരിൽനിന്നു ഘട്ടം ഘട്ടമായി തുക പിരിച്ചെടുത്ത ശേഷം ബാങ്കിലെ വായ്പ ഉതുപ്പ് തന്നെ അടച്ചുതീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉതുപ്പ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളാറ്റുകളും സ്ഥാപനങ്ങളും വാങ്ങിയതായി ജോജിയുടെ മൊഴിയിലുണ്ട്. തിരുവഞ്ചൂരിൽ എട്ട് ഏക്കർ തോട്ടം മിനി മെഡിക്കൽ കോളജ് പദ്ധതിയുടെ പേരിൽ കുറഞ്ഞവിലയ്ക്കു തരപ്പെടുത്തിയതായും ആരോപണമുണ്ട്. ജോജിയെ വെടിവയ്ച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഉതുപ്പ് ദുബായിലേക്കു പോയത്. അബുദാബിയിലെ അൽസറാഫാ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ കൺട്രോളറും കമ്പനിയുടെ പവർ ഓഫ് അറ്റോണി ഹോൾഡറുമായതിനാൽ ബിസിനസ് ആവശ്യത്തിന് ഇടക്കിടെ ദുബായിൽ പോയിവരാൻ അനുവദിക്കണമെന്ന ഉതുപ്പിന്റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.

കൊച്ചിയിൽ പത്തുവർഷമായി പ്രവർത്തിക്കുന്ന അൽസറാഫ ഏജൻസി നഴ്‌സുമാരെ മാത്രമല്ല, ഗൾഫിലെ വിവിധ കമ്പനികളിലേക്കു കനത്ത തുക വാങ്ങി ഡ്രൈവർമാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. കോട്ടയം മണർകാട് സേദേശിയായ ഉതുപ്പ് വർഗീസ് ദുബായിലാണ് ഏറെ നാളായി താമസം. വിവാദങ്ങളെ തുടർന്ന് കുവൈറ്റിലെത്തി. കേരളത്തിൽ നിന്ന് എത്തുന്ന നേഴ്‌സുമാരിൽ നിന്ന് കാശ് പിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP