Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്റർപോൾ തിരയുന്ന കുറ്റവാളി കോട്ടും സ്യൂട്ടും ഇട്ട് ഇതാ ഇവിടെയുണ്ട്! കുവൈത്തിലേക്ക് നഴ്‌സുമാരെ ദുബായിൽ വച്ച് പരസ്യമായി റിക്രൂട്ട് ചെയ്ത് ഉതുപ്പ് വർഗീസ്; ഇന്ത്യൻ സർക്കാറിനെ പരസ്യമായി വെല്ലുവിളിച്ച് തട്ടിപ്പു വീരന്റെ വിലസൽ

ഇന്റർപോൾ തിരയുന്ന കുറ്റവാളി കോട്ടും സ്യൂട്ടും ഇട്ട് ഇതാ ഇവിടെയുണ്ട്! കുവൈത്തിലേക്ക് നഴ്‌സുമാരെ ദുബായിൽ വച്ച് പരസ്യമായി റിക്രൂട്ട് ചെയ്ത് ഉതുപ്പ് വർഗീസ്; ഇന്ത്യൻ സർക്കാറിനെ പരസ്യമായി വെല്ലുവിളിച്ച് തട്ടിപ്പു വീരന്റെ വിലസൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യൻ സർക്കാറിനെയും അന്താരാഷ്ട്ര അന്വേഷണ ഏജൻസികളെയുമെല്ലാം പരസ്യമായി വെല്ലുവിളിച്ച് കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ് പ്രതി ഉതുപ്പു വർഗീസ് പരസ്യമായി രംഗത്തെത്തി. ദുബായ് അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി അഭിമുഖം നടത്തുന്നതിനായാണ് ഉതുപ്പ് വീണ്ടും രംഗപ്രവേശം ചെയ്തത്. കേന്ദ്ര ഏജൻസിയായ സിബിഐയും ഇന്റർപോളും തിരയുന്ന സാമ്പത്തിക കുറ്റവാളിയായ ഉതുപ്പ വർഗീസ് ഏവരെയും വെല്ലുവിളിച്ച് വീണ്ടും റിക്രൂട്ട്‌മെന്റിനായി എത്തിയ ചിത്രം മറുനാടൻ മലയാളി പുറത്തുവിടുകയാണ്.

മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ചുവന്ന വട്ടത്തിൽ മാർക്ക് ചെയ്തയാളാണ് ഉതുപ്പ് വർഗീസ്. കേരളത്തിലെ പത്രങ്ങളിൽ പരസ്യം നൽകി ആളെ കൂട്ടിയാണ് ഉതുപ്പ് വർഗീസ് വീണ്ടും മാലാഖമാരെ ചൂണ്ടയിട്ട് രംഗത്തെത്തിയത്. കേന്ദ്രസർക്കാർ പോലും തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നും നിരവധി പേർ ദുബായ് അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ ഉതുപ്പിന്റെ കീഴിലുള്ള റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ എത്തി.

പത്രപ്പരസ്യവുമായി ഉതുപ്പ് വർഗീസ് വീണ്ടും സജീവമായി രംഗത്തെത്തിയ വിവരം സംബന്ധിച്ച് നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. പത്രപ്പരസ്യത്തിലൂടെ ആളെ കൂട്ടി തട്ടിപ്പു നടത്തുന്ന പതിവുശൈലിയുമായണ് ഉതുപ്പ് വീണ്ടും രംഗത്തെത്തിയത്. റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്ക് പിന്നിൽ ഉതുപ്പ് വർഗ്ഗീസാണെന്ന മറുനാടൻ വാർത്ത വിദേശ കാര്യമന്ത്രാലയവും അനൗന്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് മന്ത്രാലയത്തിൽ അന്വേഷിച്ച നേഴ്‌സുമാർക്ക് തട്ടിപ്പിന് ഇരയായാൽ യാതൊരു നിയമപരിരക്ഷയും കിട്ടില്ലെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു.

ഇന്നും ഒക്ടോബർ മൂന്നിനുമായി ദുബായ് അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി അഭിമുഖം നടക്കുന്നതായി പ്രമുഖ മലയാളപത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഉതുപ്പ് വർഗ്ഗീസ് തന്നെയാണ് ഇതിന് പിന്നിലെന്നായിരുന്നു മറുനാടൻ റിപ്പോർട്ട് ചെയ്തത്. മറുനാടൻ റിപ്പോർട്ടിനെ ശരിവെക്കുന്നതാണ് ഈ ചിത്രം. റിക്രൂട്ട്‌മെന്റിനെ കുറിച്ച് വിശദമായി നിരീക്ഷിക്കാൻ യുഎഇയിലെ സ്ഥാനപതിക്ക് നിർദ്ദേശം നൽകിയിരുന്നു.

20 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽനിന്ന് ഈടാക്കുന്നതായാണ് വിവരം. സ്വകാര്യ ഏജൻസികൾവഴിയുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രസർക്കാർ നിരോധിച്ചതിനുശേഷം ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള ഏജൻസികൾവഴിയാണ് റിക്രൂട്ട്‌മെന്റുകൾ ഏറെയും. കേരളത്തിൽ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് അന്വേഷണം നേരിടുന്ന ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏജൻസികൾ തന്നെയാണ് മറ്റുരാജ്യങ്ങളിലെ ഏജൻസികളുടെ സഹായത്തോടെ വീണ്ടും റിക്രൂട്ട്‌മെന്റ് തട്ടിപ്പിനൊരുങ്ങുന്നത്.

കേരളത്തിൽനിന്ന് ആയിരക്കണക്കിന് നേഴ്‌സുമാർ സന്ദർശകവിസയിൽ അഭിമുഖത്തിനായി ദുബായിൽ എത്തിയിരുന്നു എന്നാണ് വിവരം. സന്ദർശകവിസ എടുത്തുനൽകാൻ കേരളത്തിലെ ഏതാനും ട്രാവൽ ഏജൻസികളെയും നിയോഗിച്ചിട്ടുണ്ട്. മൂന്നുമാസത്തെ സന്ദർശകവിസയ്ക്ക് ഒരുലക്ഷം രൂപവരെ ഫീസ് ഈടാക്കുന്നതായും വിവരമുണ്ട്. കഴിഞ്ഞവർഷം കേരളത്തിലെ വിവിധ ഏജൻസികൾവഴി വ്യാപകമായി റിക്രൂട്ട്‌മെന്റ് നടത്തിയ കുവൈത്ത് ഓയിൽ കമ്പനിയുടെ അഹമദി ആശുപത്രിയിലേക്ക് പരിചയസമ്പന്നരായ നേഴ്‌സുമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ഫിലിപ്പീൻസ് ആസ്ഥാനമായ യൂണിവേഴ്‌സൽ സ്റ്റാഫിങ് സർവീസസ് ഇൻകോർപറേറ്റഡ് ആണ്. ഇവർ കേരളത്തിലെ ഏജൻസികൾവഴി നടത്തിയിരുന്ന റിക്രൂട്ട്‌മെന്റിന് ഇക്കുറി നേരിട്ട് അപേക്ഷ അയക്കാനാണ് നിർദ്ദേശം.

ഒക്ടോബർ 15നകമാണ് അപേക്ഷ അയക്കേണ്ടത്. ഒക്ടോബർ അവസാനം അഭിമുഖമുണ്ടാകുമെങ്കിലും എവിടെവച്ചാകും എന്ന് അറിയിപ്പിൽ വ്യക്തമല്ല. മൂന്നുമാസത്തെ സന്ദർശകവിസയിൽ ദുബായിലെത്തുന്നവർക്ക് അതിനുള്ളിൽ ജോലി നേടാൻ കഴിഞ്ഞില്ലെങ്കിൽ മൂന്നുമാസത്തേക്കുകൂടി വിസ കാലാവധി നീട്ടാൻ കഴിയും. കേരളത്തിൽനിന്ന് റിക്രൂട്ട്‌മെന്റുകൾ നിലച്ചതോടെ യോഗ്യതനേടിയ നേഴ്‌സുമാർ ഏതുവിധേനയും ജോലി നേടുകയെന്ന ലക്ഷ്യവുമായി സന്ദർശകവിസയിൽ ദുബായിലെത്താനുള്ള ശ്രമത്തിലാണ്. ഇതിനായി റിക്രൂട്ടിങ് ഏജൻസികളെ ബന്ധപ്പെടുന്നവർക്ക് കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ചില ട്രാവൽ ഏജൻസികളെ സമീപിക്കാനാണ് മറുപടി ലഭിക്കുന്നത്. ഈ ട്രാവൽ ഏജൻസികളാണ് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോപേരിൽ സന്ദർശകവിസ തരപ്പെടുത്തി നൽകുന്നത്.

നഴ്‌സിങ് റിക്രൂട്ടമെന്റ് നടത്തുന്ന ഏജൻസികൾക്ക് കർശന നിയന്ത്രണങ്ങളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണം കൂടിയായപ്പോൾ വിദേശ രാജ്യങ്ങളിലെ നഴ്‌സിങ് ഒഴിവുകളുടെ ഇന്റർവ്യൂ ദുബായിലേക്ക് മാറ്റിയാണ് ഉതുപ്പ് വർഗീസും ടീമും വീണ്ടും നഴ്‌സിങ് ഉദ്യോഗാർഥികളുടെ ചോരയൂറ്റാൻ രംഗത്തെത്തിയത്. ഇന്റർവ്യൂ നടത്തുന്ന ഏജൻസിയുടെ വിവരങ്ങൾ പോലും പരസ്യങ്ങളിൽ നൽകിയിട്ടില്ല എന്നുള്ളത് തന്നെ നടക്കാൻ പോകുന്നത് തട്ടിപ്പ് ഇന്റർവ്യൂ ആണെന്നതിന്റെ വ്യക്തമായ തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാർക്ക് എമിഗ്രേഷൻ നിയമം കർശനമാക്കിയത് നഴ്‌സുമാർക്ക് വൻ തിരിച്ചടി ആയിരിക്കുന്ന സാഹചര്യമാണ് ഉള്ളത്.

നേരത്തെ യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷായും ഉതുപ്പിന്റെ തട്ടിപ്പിൽ വീഴരുതെന്ന നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. ഇന്ത്യൻ സർക്കാറിന്റെ നിയമങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന ഇത്തരം ഏജൻസികൾക്കെതിരെയും അതിന്റെ ഉടമകൾക്കെതിരെയും ശക്തമായ നിലപാട് എടുക്കണം എന്നാണ് യുഎൻഎയുടെ നിലപാടെന്ന് ജാ്‌സമിൻ ഷാ മറുനാടോട് വ്യക്തമാക്കി. റിക്രൂട്ട്‌മെന്റിൽ പങ്കെടുത്ത് ഏതെങ്കിലും നഴ്‌സിനുണ്ടാകുന്ന സാബത്തികമോ, നിയമ പരമോ ആയ കഷ്ട നഷ്ടങ്ങൾക്ക് സംഘടനയുടെ പിന്തുണ ഉണ്ടാകുന്നതല്ലെന്നും ജാസ്മിൻ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് ലഭിച്ച മുഴുവൻ നെഴ്‌സുമാർക്കും വിദേശത്തേക്ക് പോകാൻ ഉള്ള നിയമരാഷ്ട്രീയ പോരാട്ടങ്ങൾ യുഎൻഎ നടത്തുമ്പോൾ ഏജൻസികളുടെ ഇത്തരം നടപടികൾ മറ്റ് നേഴ്‌സുമാർക്ക് ദോഷകമാരുമെന്നാണ് ജാസ്മിൻ ഷായുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP