Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധം; ബാർ കോഴയിൽ സർക്കാരിനെ കുടുക്കിയ ബിജു രമേശ് ഉറ്റ സുഹൃത്തും; ഭൂമി ദാനത്തിൽ ഇമേജ് കളയിച്ച വില്ലൻ; റവന്യൂമന്ത്രിക്കെതിരെ ഹൈക്കമാണ്ടിന് കത്തെഴുതി സുധീരൻ; അടൂർ പ്രകാശിനെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കാതെ പ്രതികാരം തീർക്കാൻ കരുനീക്കം

വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധം; ബാർ കോഴയിൽ സർക്കാരിനെ കുടുക്കിയ ബിജു രമേശ് ഉറ്റ സുഹൃത്തും; ഭൂമി ദാനത്തിൽ ഇമേജ് കളയിച്ച വില്ലൻ; റവന്യൂമന്ത്രിക്കെതിരെ ഹൈക്കമാണ്ടിന് കത്തെഴുതി സുധീരൻ; അടൂർ പ്രകാശിനെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കാതെ പ്രതികാരം തീർക്കാൻ കരുനീക്കം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യു.ഡി.എഫ് സർക്കാരിന്റെ അന്തിമനാളുകളിൽ നടത്തിയ ഭൂമിദാനം ഉയർത്തി റവന്യൂമന്ത്രി അടൂർ പ്രകാശിന് പണികൊടുക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏതെങ്കിലും തരത്തിൽ പാളിച്ച പറ്റിയാൽ അതിനു കാരണക്കാരൻ റവന്യൂ മന്ത്രി അടൂർ പ്രകാശായിരിക്കുമെന്നു ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിനു കെപിസിസി. അധ്യക്ഷൻ വി എം. സുധീരന്റെ കത്ത് അയച്ചു. അടൂർ പ്രകാശിന് മത്സരിക്കാൻ സീറ്റ് നൽകരുതെന്നാണ് സുധീരന്റെ ആവശ്യം. ഇതോടെ കോന്നിയിൽനിന്ന് അടൂർ പ്രകാശിനെ ഒഴിവാക്കാനുള്ള നീക്കത്തിനും ബലമേറി. എന്നാൽ അടൂർ പ്രകാശ് മത്സരിച്ചാൽ ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലം കൈവിടുന്നതിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുകൂലിക്കുന്നില്ല.

അടൂർ പ്രകാശിനെ ഒഴിവാക്കി കോന്നിയിൽ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജിനെ മത്സരിപ്പിക്കാനാണ് സുധീരന്റെ ശ്രമം. അങ്ങനെ വന്നാൽ ശരിക്കും ലോട്ടറിയടിക്കുന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. സനൽകുമാറിന് ആയിരിക്കും. അടൂർ പ്രകാശ് മത്സരിച്ചാൽ കച്ചിയടിക്കില്ലെന്ന വിശ്വാസത്തിൽ മത്സരത്തിനിറങ്ങുന്ന എൽ.ഡി.എഫിന് സ്ഥാനാർത്ഥി മാറുന്നതോടെ വിജയപ്രതീക്ഷയുമായി. ഒടുവിലത്തെ നാലു മന്ത്രിസഭായോഗങ്ങളിൽ ഇരുനൂറിലേറെ തീരുമാനങ്ങളാണു റവന്യൂ വകുപ്പ് കൈക്കൊണ്ടത്. അതിൽ പകുതിയോളം അജൻഡയ്ക്കു പുറത്തുള്ളതായിരുന്നു. ആശ്രിതനിയമനം, കുടിവെള്ളപ്രശ്‌നം തുടങ്ങി അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളാണു സാധാരണ അജൻഡയ്ക്കു പുറത്തുനിന്നു മന്ത്രിസഭായോഗം പരിഗണിക്കാറുള്ളത്. എന്നാൽ, സർക്കാരിന്റെ അവസാനകാലത്ത് ഭൂമിസംബന്ധമായ ഗൗരവമുള്ള വിഷയത്തിലാണു തീരുമാനമെടുത്തത്.

ഭൂമി ദാന പ്രശ്‌നത്തിൽ അടൂർ പ്രകാശിനെ പരസ്യമായി വിമർശിച്ച് സുധീരൻ രംഗത്ത് വന്നിരുന്നു. പറഞ്ഞാൽ കേൾക്കാത്ത മന്ത്രിയെ പാഠം പഠിപ്പിക്കുമെന്ന് കെപിസിസി യോഗത്തിലും സുധീരൻ വ്യക്തമാക്കി. എ-ഐ ഗ്രൂപ്പുകൾ അടൂർ പ്രകാശിന് വേണ്ടി ഒന്നിച്ചെങ്കിലും സൂധീരപക്ഷം വിമർശനം തുടർന്നു. ഈ വിഷയത്തിൽ ഫെയ്‌സ് ബുക്കിലൂടെ അടൂർ പ്രകാശും സുധീരന്റെ വിശ്വസ്തനുമായ ടിഎൻ പ്രതാപൻ കൊമ്പു കോർത്തു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിനെതിരെ സുധീരന്റെ കത്തയപ്പ്. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ എല്ലാ വിഷയവും അടൂർ പ്രകാശിന്റെ സൃഷ്ടിയെന്നാണ് വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോട് ഹൈക്കമാണ്ട് വിശദീകരണം ചോദിച്ചാലും അടൂർ പ്രകാശിനെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നാണ് സുധീരന്റെ വിലയിരുത്തൽ.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മന്ത്രി അടൂർ പ്രകാശുമായുള്ള ഉറ്റബന്ധവും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബാർ കോഴക്കേസിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നിൽ അടൂർ പ്രകാശിനു പങ്കുണ്ടെന്നു സുധീരൻ ആരോപിക്കുന്നു. ഇവർ തമ്മിലുള്ള കുടുംബബന്ധത്തെപ്പറ്റിയും കത്തിൽ പരാമർശമുണ്ടെന്നാണു സൂചന. നാലുതവണ മത്സരിച്ചു ജയിച്ചവർ ഈ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും അവസരം ലഭിക്കാത്ത മുതിർന്ന പ്രവർത്തകർക്കും സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന നിലപാടിന് ലഭിച്ച അംഗീകാരവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രൂക്ഷവിമർശനമടങ്ങിയ റിപ്പോർട്ട് ഹൈക്കമാൻഡ് മുഖവിലയ്‌ക്കെടുത്താൽ അടൂർ പ്രകാശ് തെറിക്കും. നാലുതവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന സുധീരന്റെ പ്രസ്താവനയും ഇതൊക്കെ മുന്നിൽ കണ്ടാണ്.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോന്നിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജായിരിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. അടൂർ പ്രകാശിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിന്റെ പേരും ഉയർന്നു വന്നു. ഇതോടെ മന്ത്രിയും റോബിനുമായി അകൽച്ചയിലാണെന്ന് കോന്നിയിൽ നിന്നുള്ള കോൺഗ്രസുകാർ പറയുന്നു. മുൻപ് രണ്ടു തവണ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലും ഒരു തവണ നിയമസഭാ മണ്ഡലത്തിലും സീറ്റ് ഉറപ്പിച്ചയാളാണ് മോഹൻ രാജ്. നിയമസഭയിലേക്ക് കെ.കെ. നായർക്കും ലോക്‌സഭയിലേക്ക് ആന്റോ ആന്റണിക്ക് വേണ്ടിയും ബലിയാടാകേണ്ടി വന്നു. ഇത്തവണ തനിക്ക് ആറന്മുള കിട്ടണമെന്ന പിടിവാശിയിലായിരുന്നു മോഹൻരാജ്.

എന്നാൽ, ശിവദാസൻ നായരെ ഒഴിവാക്കാൻ കഴിയില്ലെന്ന് കെപിസിസി അറിയിച്ചതോടെയാണ് കോന്നിയിലേക്ക് മോഹൻരാജിനെ സുധീരൻ പരിഗണിച്ചത്. അടൂർ പ്രകാശ് മാറുന്നതോടെ എൽ.ഡി.എഫ് വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ തന്നെ അടൂർ പ്രകാശിന്റെ അപ്രമാദിത്വം ആടിത്തുടങ്ങിയിരുന്നു. സിപിഎമ്മിന്റെ യുവനേതാവ് എം.എസ്. രാജേന്ദ്രനോട് വിറച്ചാണ് അടൂർ പ്രകാശ് ജയിച്ചത്. ഇത്തവണ രാജേന്ദ്രൻ മത്സരിച്ചിരുന്നെങ്കിൽ സീറ്റ് എൽ.ഡി.എഫിന് കിട്ടാൻ പകുതിയിലേറെ സാധ്യതയുണ്ടായിരുന്നു. എന്നാൽ, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാറിനെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിന് എതിരേ മണ്ഡലത്തിൽ പോസ്റ്ററും ഫ്‌ളക്‌സും ഉയർന്നു കഴിഞ്ഞു. രാജേന്ദ്രൻ ഭവനപര്യടനവും നടത്തിവരുന്നുണ്ട്. സനൽകുമാറിന്റെ സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷയിലാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP