Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ നിയമത്തിനെതിരെ നടക്കുന്നത് വ്യാപകമായ നുണ പ്രചാരണം; മൂന്നു ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂന പക്ഷങ്ങൾക്കു പൗരത്വം നൽകുന്ന കാര്യം പറയുമ്പോൾ ആ രാജ്യങ്ങളിലെ മുഴുവൻ അവകാശവും ലഭിക്കുന്ന ഒരു സമുദായത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നവരുടെ ഉദ്ദേശം വേറെ; ഇത് ജാതീയമായ വേർതിരിവിലൂടെ വോട്ടു ബാങ്ക് സൃഷ്ടിക്കൽ; കേരളത്തിൽ ന്യുനപക്ഷങ്ങൾക്ക് ബിജെപിയോട് അയിത്തമൊന്നുമില്ല; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മറുനാടനോട് രാഷ്ട്രീയം പറയുമ്പോൾ

പൗരത്വ നിയമത്തിനെതിരെ നടക്കുന്നത് വ്യാപകമായ നുണ പ്രചാരണം; മൂന്നു ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂന പക്ഷങ്ങൾക്കു പൗരത്വം നൽകുന്ന കാര്യം പറയുമ്പോൾ ആ രാജ്യങ്ങളിലെ മുഴുവൻ അവകാശവും ലഭിക്കുന്ന ഒരു സമുദായത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നവരുടെ ഉദ്ദേശം വേറെ; ഇത് ജാതീയമായ വേർതിരിവിലൂടെ വോട്ടു ബാങ്ക് സൃഷ്ടിക്കൽ; കേരളത്തിൽ ന്യുനപക്ഷങ്ങൾക്ക് ബിജെപിയോട് അയിത്തമൊന്നുമില്ല; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മറുനാടനോട് രാഷ്ട്രീയം പറയുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കാണാൻ കേരളത്തിൽ നിന്നെത്തിയ ബിജെപി പ്രവർത്തകർക്ക് വേണ്ടി കൂടുതൽ പാസ് വാങ്ങാൻ ന്യുഡൽഹി ദീൻ ദയാൽ ഉപാധ്യയ് മാർഗിലെ പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫിസിൽ എത്തിയതാണ് വി മുരളീധരൻ എംപി. പാസ് വാങ്ങുന്നതിനിടയിലാണ് ഫോണിൽ പാർട്ടി പ്രസിഡന്റ് അമിത് ഷായുടെ വിളി എത്തുന്നത്. രണ്ടാം മോദി മന്ത്രിസഭയിൽ വി മുരളീധരനും സത്യപ്രതിജ്ഞ ചെയ്യുന്നു, ഇതായിരുന്നു വിളിയുടെ ഉള്ളടക്കം. അത്രയ്ക്കും അപ്രതീക്ഷിതം ആയിരുന്നു അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള യാത്ര. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനം. യോഗ്യതയുള്ള വേറെ പലരും ഉണ്ടെങ്കിലും പാർട്ടിയിലെ സൗമ്യ സാന്നിധ്യം എന്നറിയപ്പെടുന്ന വി മുരളീധരന് പൊതുസമൂഹം നൽകുന്ന ആദരവും മന്ത്രിസ്ഥാനത്തേക്കുള്ള യോഗ്യത ആയി മാറിയിട്ടുണ്ടാകാം. എന്നാൽ മന്ത്രി ആകുന്നതിനേക്കാൾ സർപ്രൈസ് ആയി അദ്ദേഹത്തെ കാത്തിരുന്നത് വകുപ്പാണ്.

ഏതു വകുപ്പ് കിട്ടിയാലും പരാതി ഇല്ലാത്ത ആൾ എന്ന ഭാവത്തിൽ കഴിയുമ്പോൾ ഡൽഹിയിലെ മലയാളി പത്രപ്രവർത്തകരാണ് ഏറ്റവും സുപ്രധാന വകുപ്പുകളായ വിദേശകാര്യവും പാർലിമെന്ററി കാര്യവുമാണ് മുരളീധരനെ കാത്തിരിക്കുന്നത് എന്നറിയിച്ചത്. അവിടെയും അതിയായ ആഹ്ലാദം ഒന്നും ഇല്ലാതെയാണ് മുരളീധരൻ പത്രപ്രവർത്തകർ നൽകിയ സന്തോഷ വാർത്ത സ്വീകരിച്ചത്. രണ്ടു വകുപ്പിലും പ്രഗത്ഭരായ കാബിനറ്റ് മന്ത്രിമാരായ ജയ്ശങ്കറിന്റെയും പ്രഹ്ലാദ് ജോഷിയുടെയും കീഴിൽ മുരളീധരൻ പ്രവർത്തിക്കുമ്പോൾ ഇന്ത്യ അടുത്തകാലത്തൊന്നും കാണാത്ത വിധമുള്ള ഇടപെടലാണ് രണ്ടു വകുപ്പുകളിലും നടക്കുന്നത്. വിദേശകാര്യ വകുപ്പിൽ നിന്നും ലോകമൊട്ടാകെയുള്ള രാജ്യങ്ങളുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിച്ചെടുക്കുമ്പോൾ തന്നെ പാർലിമെന്ററി കാര്യാ വകുപ്പിൽ സ്വാതന്ത്ര ഇന്ത്യ കാത്തിരുന്നതെന്നു വിശേഷിപ്പിക്കാവുന്നതും ഇന്ത്യ ഒട്ടാകെ പ്രക്ഷോഭം വളരുന്ന തരത്തിലുള്ളതുമായ ബില്ലുകളാണ് പിറവി എടുത്തുരിക്കുന്നത്.

ആറുമാസത്തിനിടയിൽ സംഭവിച്ച കാര്യങ്ങളാണ് ഇതൊക്കെ എന്ന് വിശ്വസിക്കാൻ പാർട്ടി പ്രവർത്തകർ പോലും പ്രയാസപ്പെടുന്നു എന്നതാണ് സത്യം. കാശ്മീർ വിഷയവും പൗരത്വ ബില്ലും ഒക്കെ പാർലിമെന്റ് പാസാക്കുമ്പോൾ അതിൽ മുരളീധരൻ എന്ന പുതുമുഖ മന്ത്രിയുടെ കയ്യൊപ്പു കാണാതിരിക്കാനാകില്ല. ഇപ്പോൾ ലോകമെങ്ങും ഉള്ള വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്‌പെയിനിലെ മാഡ്രിഡ്എത്തിയ മന്ത്രി മുരളിധരൻ ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ രണ്ടു ദിവസം ലണ്ടനിൽ തങ്ങി നെഹ്‌റു സെന്ററിൽ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ചയും ഇന്ത്യൻ എംബസിയിൽ ജീവനക്കാരുടെയും പ്രവാസികളുടെയും കാര്യങ്ങൾ നേരിട്ട് മനസിലാക്കാൻ ഉള്ള കൂടിക്കാഴ്ചയും ബ്രിട്ടീഷ് വിദേശ കാര്യാ വകുപ്പിൽ കോമൺവെൽത്ത്, സൗത്ത് ഏഷ്യ ചുമതല വഹിക്കുന്ന സെക്രട്ടറി താരിഖ് അഹമ്മദ്മായുള്ള ചർച്ചയും അടക്കം തിരക്കിട്ട പരിപാടികളാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനിടയിൽ അദ്ദേഹം തങ്ങിയ വെസ്റ്റമിനിസ്റ്റർ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ വച്ച് മറുനാടൻ മലയാളിക്ക് വേണ്ടി മാധ്യമ പ്രവർത്തകൻ കെ ആർ ഷൈജുമോനുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി വി മുരളീധരൻ പങ്കിടുന്ന വിശേഷങ്ങൾ:

എന്തൊക്കെയാണ് മന്ത്രിയെന്ന നിലയിൽ വകുപ്പിനെ പറ്റി പറയാൻ ഉള്ളത്?

ഇപ്പോൾ ഞാൻ ഇവിടെ എത്തിയിരിക്കുന്നത് അസം എന്നറിയപ്പെടുന്ന് ഏഷ്യ - യൂറോപ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ നിന്നുമാണ്. 51 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇത്. സ്‌പെയിനിലെ മാഡ്രിഡിലായിരുന്നു സമ്മേളനം പതിവ് പോലെ ഇന്ത്യയുടെ ശബ്ദത്തിനു മറ്റു രാജ്യങ്ങൾ കാതോർക്കുന്ന അനുഭവമാണ് പങ്കുവയ്ക്കാൻ ഉള്ളത്. റിന്യുവബിൾ എനർജി, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തെ പറ്റിയുള്ള ഇന്ത്യയുടെ സങ്കൽപ്പങ്ങൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്വച്ഛഭാരത് അഭിയാൻ, എന്നിവയാണ് ഇന്ത്യ പ്രധാനമായും മുന്നോട്ടു വച്ചത്. ഇവ നയ രൂപരേഖയിൽ തന്നെ ഉൾപ്പെടുത്തിയാണ് ലോക രാജ്യങ്ങൾ സ്വാഗതം ചെയ്തിരിക്കുന്നത്. ഇന്ത്യ പറയുന്ന കാര്യങ്ങളോട് ലോകത്തിന്റെ മാറുന്ന മനോഭാവം കൂടിയാണ് ഇത് വക്തമാക്കുന്നത്.

മന്ത്രിയെന്ന നിലയിൽ കൂടുതൽ സന്തോഷം തോന്നുന്ന കാര്യങ്ങൾ?

വിദേശകാര്യ വകുപ്പുമായി ബന്ധപെട്ടു പ്രത്യേകിച്ച് പറയുക ആണെങ്കിൽ കഴിഞ്ഞ അഞ്ചര വർഷമായി ബിജെപി സർക്കാരിന്റെ നയം തന്നെ ഏതെങ്കിലും മന്ത്രി വിദേശത്തു പോയാൽ അവിടെയുള്ള പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തണം എന്നതാണ്. അതോടെ അവർക്കു പറയാൻ ഉള്ളത് മനസിലാക്കാൻ സർക്കാരിന് കഴിയും. ഔദ്യോഗിക പരിപാടികളുടെ സമയത്തിനൊപ്പം സാധാരണക്കാരുടെ വിഷമങ്ങൾ കൂടിഅറിയാൻ ആണ് സർക്കാർ ഈ നയം സ്വീകരിച്ചിരിക്കുന്നത്. ഇയ്യിടെ കാനറി ഐലൻഡിൽ ചെന്നപോഴാണ് അവിടെ എണ്ണായിരം ഇന്ത്യക്കാർ ഉള്ളതായി മനസിലാക്കുന്നത്. ഇന്നേവരെ അവിടെ ഒരു ഇന്ത്യൻ മന്ത്രി ചെന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അവരുടെ വിഷമങ്ങളും സന്തോഷവും ഒക്കെ അടുത്തറിയാൻ സാധിച്ചു. ഇന്ത്യൻ വംശജർ ചെറുകിട ബിസിനസ് രംഗത്ത് പോലും സജീവ സാന്നിധ്യമാണ് അവിടെ. പല സ്ഥലത്തും ചെല്ലുമ്പോൾ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യാൻ സാധിക്കുന്നതും ഗാന്ധി സ്മാരകം സന്ദശിക്കാൻ സാധിക്കുന്നതും എല്ലാം ഒരു വിദേശ രാജ്യത്തു വച്ചാകുമ്പോൾ വേറിട്ട അനുഭവം തന്നെയാണ്.

അയഞ്ഞും മുറുകിയും നീങ്ങുന്ന ബന്ധമാണ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ. തികഞ്ഞ ഇന്ത്യ പക്ഷക്കാരൻ എന്നറിയപ്പെടുന്ന ബോറിസ് ജോൺസന്റെ കീഴിൽ പുതിയ സർക്കാർ കഴിഞ്ഞ ആഴ്ച അധികാരത്തിൽ എത്തിയിരിക്കുന്നു. എന്തൊക്കെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള സഹകരണത്തിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾ.?

രണ്ടു രാജ്യത്തും പുതിയ സർക്കാർ ആണെന്നതാണ് പ്രധാന കാര്യം. ബ്രിട്ടനിലെ സർക്കാർ കാര്യങ്ങളുമായി ഇണങ്ങി ചേരാൻ സമയം എടുത്തേക്കും എന്നാണ് കരുതുന്നത്. എങ്കിലും ബന്ധങ്ങളിൽ ശക്തമായ സഹകരണം ഉണ്ടാകുന്നതിനു ഉള്ള സകല സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്. ഇന്ത്യയോട് മമത ഉള്ള സർക്കാർ ആണെന്നത് തന്നെ വ്യാപാര, സഹകരണ ചർച്ചകളിൽ നേട്ടമായി മാറും. ഇത്തരം കാര്യങ്ങളുടെ തുടർ ചർച്ചകൾക്കായി മടങ്ങും മുൻപ് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിൽ ഏഷ്യ കോമൺവെൽത്ത് ചുമതലയുള്ള താരിഖ് അഹമ്മദുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ വിസ ഇളവുകൾ ലഭിക്കുന്ന കാര്യവും പോസ്റ്റ് സ്റ്റഡി കാലാവധി നേടിയെടുക്കാൻ സാധിക്കുന്ന കാര്യവും ഒക്കെ ചർച്ച ചെയ്യും. പഠന ശേഷം ഇവിടെ തന്നെ കുറച്ചു കാലം എങ്കിലും ജോലി ചെയ്യാൻ ഉള്ള സാഹചര്യം കൂടി സർക്കാർ ഒരുക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കും.

ഇതിലുപരി ക്രിയാത്മകമായ എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കുമോ?

തീർച്ചയായും. മുൻ പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിൽ എത്തിയപ്പോൾ നടത്തിയ ചർച്ചകളുടെ തുടർച്ചയായി ആയുഷ് പദ്ധതിയിൽ ഉൾപ്പെടുത്തി ലണ്ടനിൽ ആയുർവേദത്തിനായി സെന്റർ ഓഫ് എക്‌സലൻസി സംവിധാനം ഉടൻ ആരംഭിക്കും. ഇതിന്റെ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം നമ്മുടേത് മാത്രമായ ആയോധന കലകൾ, കരകൗശല വസ്തുക്കൾ , കൈത്തറി, ടെക്സ്റ്റൈൽ എന്നിവയ്ക്കൊക്കെ വിപണി കണ്ടെത്താൻ ഉള്ള ശ്രമമാണ് നടത്തുന്നത്. ഇതിലൂടെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കു നേട്ടം സാധിക്കും. ഈ രംഗങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സഹകരണവും ആവശ്യമാണ്. മൂന്നു വർഷം മുൻപ് കോഴിക്കോട് നടത്തിയ മൂന്നാം ആയുർവേദ കോൺഗ്രസിന്റെ തുടർച്ചയായി അടുത്ത സമ്മേളനം അങ്കമാലിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. നിരവധി വിദേശികൾ കൂടി പങ്കെടുക്കുന്ന ബൃഹദ് സംരംഭമാണിത്.

ഒസിഐ കാർഡിന്റെ പേരിൽ ഏറെ ആശങ്ക നേരിടുകയാണ് പ്രവാസികൾ. താൽക്കാലികമായി കേന്ദ്ര സർക്കാർ ആശ്വാസം നൽകിയിട്ടുണ്ട്. എങ്കിലും ബയോമെട്രിക് കാർഡ് പോലെ ഒരു സ്ഥിരം സംവിധാനവും നടപടികളിലെ നൂലാമാലകൾ ലഘൂകരിക്കാനും എന്ത് നടപടികൾ ചെയ്യാൻ സാധിക്കും?

ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ റോൾ പരിമിതമാണ്. കാരണം കാർഡ് നൽകുന്നത് ആഭ്യന്തര മന്ത്രാലയമാണ്. ഡൽഹിയിൽ എത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രമിക്കും. എങ്കിലും ഒരു നിയമം ഉണ്ടാകുമ്പോൾ അതനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന കാര്യം വിസ്മരിക്കരുത്. ഇപ്പോൾ നൽകിയിരിക്കുന്ന ഇളവ് അടുത്ത വര്ഷം ജൂൺ വരെയാണ്. കാര്യങ്ങൾ ലളിതമായി ചെയ്യാൻ ഉള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും ആവശ്യപ്പെടാനും ശ്രമം നടത്തുന്നതാണ്.

ബിജെപിയിലെ സൗമ്യ സാന്നിധ്യം എന്നാണ് പൊതുസമൂഹത്തിൽ താങ്കൾ അറിയപ്പെടുന്നത്. ബിജെപിയെ കയ്യകലം നിർത്തിയിരുന്ന കാലത്തും ഇതെങ്ങനെ സാധിച്ചു?

പൊതുസമൂഹത്തിൽ നമ്മൾ ഒന്നും ആഗ്രഹിച്ചല്ല പ്രവർത്തിക്കുന്നത്, അങ്ങനെ ആകാനും പാടില്ല. സമൂഹത്തിനു നമുക്കു നൽകാൻ സാധിക്കുന്നത് ഒരു പുഞ്ചിരിയാണ്, അതിന്റെ വിലയും വലുതാണ്. അഹങ്കാരവും ധിക്കാരവും ഒന്നും പൊതുപ്രവർത്തകരുടെ മുഖമുദ്രയാകേണ്ടതില്ല. ഞാൻ എംപി ആകുന്നത് പോലും ആഗ്രഹിച്ചിരുന്നതല്ല. പക്ഷെ എല്ലാം സംഭവിച്ചു പോകുന്നതാണ്. മാന്തിസ്ഥാനം ഒക്കെ വളരെ അപ്രതീക്ഷിതമായി എത്തിയതാണ്.

വലിയ പ്രതീക്ഷകളിൽ നിന്നും വേഗം താഴേക്ക്. ഇതല്ലേ ഇപ്പോൾ കേരളത്തിൽ പാർട്ടിയുടെ സ്ഥിതി. സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്ന താങ്കൾ ഈ സ്ഥിതിയെ എങ്ങനെ കാണുന്നു, പ്രത്യേകിച്ച് വട്ടിയൂർക്കാവിലെ സ്ഥിതി മനസ്സിൽ ഓർക്കുമ്പോൾ?

ഒരു ഉപതിരഞ്ഞെടുപ്പിൽ ഭരിക്കുന്ന പാർട്ടിക്ക് മേൽകൈ കിട്ടുക എന്നത് വലിയ കാര്യമല്ല. കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ആറു സീറ്റാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നത്. ഫലം വന്നപ്പോൾ 12 ആയില്ലേ. ജനം അങ്ങനെയാണ്. ഭരിക്കുന്നവരോട് ഒരു അടുപ്പം നിലനിർത്തും. ഒരു പ്രതിപക്ഷ എംഎൽഎ വേണ്ടെന്നു അവർ തീരുമാനിച്ചാൽ തെറ്റെന്നു പറയാൻ പറ്റില്ലാലോ. പാർട്ടിക്ക് കേരളത്തിൽ ക്ഷീണം ഒന്നും സംഭവിച്ചിട്ടില്ല. 2021 ൽ വലിയ അത്ഭുതങ്ങൾ സംഭവിക്കാൻ ഉള്ള കരുത്തു പാർട്ടി നേടിയിട്ടുണ്ട്. എന്നാൽ അതിനു വേണ്ടി പണിയെടുക്കണം. കയ്യും കെട്ടി ഇരുന്നാൽ വിജയം വരില്ല. സാഹചര്യങ്ങൾ കുറേകൂടി അനുകൂലമാണ്. നിശ്ചയമായും നല്ലകാലത്തിലേക്കു തന്നെയാണ് നമ്മൾ കാത്തിരിക്കുന്നത്. കേരളത്തിൽ ഇരു മുന്നണികളുടെയും കൊടുക്കൽ വാങ്ങൽ രാഷ്ട്രീയം ഒക്കെ ജനം മനസിലാക്കിയതാണ്.

ന്യൂനപക്ഷ വോട്ടു കിട്ടാതെ എങ്ങനെയാണു ഈ സമവാക്യങ്ങൾ അട്ടിമറിക്കപ്പെടുക?

കേരളത്തിലെ ന്യുനപക്ഷത്തിനു ബിജെപിയോട് ഒരു അകൽച്ചയുമില്ല. വളരെ ചെറിയൊരു വിഭാഗമാണ് അത്തരം ഒരു അകലം ഇപ്പോൾ കാണിക്കുന്നത്. ഞാൻ ഇയ്യിടെ വത്തിക്കാനിൽ മറിയം ത്രേസ്യയുടെ വിശുദ്ധയാക്കൽ ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഞങ്ങളോടൊപ്പം 40 ബിഷപ്പുമാർ ആണ് ഉണ്ടായിരുന്നത്. ഞങ്ങൾ ഉള്ളു തുറന്നു പല കാര്യങ്ങളും സംസാരിച്ചു. അവർക്കാർക്കും ബിജെപി ശത്രുതയൊന്നും മനസ്സിൽ ഇല്ല. പക്ഷെ ഇവരൊക്കെ ഒരു സംവിധാനത്തിന്റെ ഭാഗമാണ്. വർഷങ്ങളായി പല പ്രസ്ഥാനങ്ങൾ നടത്തുന്നവരാണ്. അതിന്റെതായ നിയമ, സാമ്പത്തിക കാര്യങ്ങൾ ഉണ്ട്. നൂറുകണക്കിന് ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അവർ നടത്തുന്നുണ്ട്. അപ്പോൾ ഒറ്റയടിക്ക് ബിജെപിക്ക് തുറന്ന പിന്തുണ നൽകാൻ അവർക്കു പ്രയാസം ഉണ്ട്. ഭരണം മറ്റൊരു പാർട്ടി കയ്യാളുമ്പോൾ. പക്ഷെ അതിനൊക്കെ മാറ്റം ഉണ്ടാകും. ബിജെപി അതിന്റെ ശക്തി കാണിക്കാൻ തയ്യാറായാൽ ഈ വിഭാഗം ഒക്കെ തുറന്ന പിന്തുണ നൽകാൻ തയ്യാറാണ് എന്നതാണ് സത്യം.

ഉറപ്പുള്ള ഒരു നേതാവിന്റെ അഭാവം ഇപ്പോൾ കേരളത്തിൽ ഉണ്ടോ? ആരാണ് അടുത്ത പ്രസിഡന്റ് എന്ന് ഒരു ക്ലൂ എങ്കിലും തരാൻ സാധിക്കുമോ?

നിങ്ങൾക്ക് തലക്കെട്ട് എന്റെ കയ്യിൽ നിന്നും കിട്ടില്ല. തലകെട്ടുകൾക്കു വേണ്ടി പറയേണ്ട കാര്യം ഇല്ല. പ്രവർത്തിയാണ് മുഖ്യം. മൈക്കിന് മുന്നിൽ പറഞ്ഞിട്ടു കാര്യം ഇല്ലല്ലോ. ഞാൻ ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ പലതും പറഞ്ഞിട്ട് അത് നടക്കാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ കൂടുതൽ പറയാതെ അത് നടത്തി എടുക്കുന്നത്. ബിജെപിക്ക് നയിക്കാൻ കഴിവും ശേഷിയും ഉള്ള നേതാകകൾ ഉണ്ട്. അവർ ആവശ്യമായ സമയത്തു പദവിയിൽ എത്തും.

ഒടുവിലായി ഒരു കാര്യം കൂടി. രാജ്യമെങ്ങും പൗരത്വ നിയമത്തിന്റെ പേരിൽ എരിയുകയാണ്. കേരളത്തിലും വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നു. ജനം തെറ്റിദ്ധരിപ്പിക്കപ്പെടുകയാണോ അതോ സർക്കാരിന് തെറ്റുപറ്റിയോ?

നിയമത്തിനെതിരെ വ്യാപകമായ നുണ പ്രചാരണം നടക്കുകയാണ്. ഇത് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഇന്ത്യൻ പൗരനെ ദോഷകരമായി ബാധിക്കുന്നതാണ് ബിൽ എന്ന് ആരെങ്കിലും പറയുന്നുണ്ടോ? മൂന്നു ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂന പക്ഷങ്ങൾക്കു പൗരത്വം നൽകുന്ന കാര്യം പറയുമ്പോൾ എന്തിനാണ് ആ രാജ്യങ്ങളിലെ മുഴുവൻ അവകാശവും ലഭിക്കുന്ന ഒരു സമുദായത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നു. അപ്പോൾ ഉദ്ദേശം വേറെയാണ് എന്ന് വ്യക്തം. ജാതീയമായ വേർതിരിവിലൂടെ വോട്ടു ബാങ്ക് സൃഷ്ടിക്കലാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ബിൽ ലളിതമായി വിവിധ ഭാഷകളിൽ പ്രചരിപ്പിക്കാൻ ടെക്നിക്കൽ ടീം ജോലി തുടങ്ങിക്കഴിഞ്ഞു. സർക്കാർ ഭാഷ്യമായി നിങ്ങളുടെ ഫോണുകളിൽ ഇത്തരം വിശകലനങ്ങൾ ഉടൻ എത്തി തുടങ്ങും.

മാധ്യമങ്ങൾ ഇക്കാര്യത്തിൽ എങ്ങനെ കൂടുതൽ വിൽക്കാൻ കഴിയും എന്ന സെല്ലിങ് പോയിന്റിൽ ആണ് ലക്ഷ്യം ഇട്ടിരിക്കുന്നത്. നാളെ തിരിച്ചു പറയാനും അവർ മടികാട്ടില്ല. ജനത്തെ ബോധവൽക്കരിക്കുന്നതിലും എളുപ്പം തെറ്റിദ്ധരിപ്പിക്കുന്നതിലാണ്. കേരളത്തിൽ ഉള്ളവർ ഇതിനു വഴിപ്പെട്ടതിൽ ഒരു അത്ഭുതവും ഇല്ല. ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കൽ വഴി അബദ്ധത്തിൽ ചാടിയിരിക്കുന്നത് വിദ്യ സമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികൾ അല്ലെ. നോട്ടിരട്ടിപ്പിക്കലും വ്യാജവിസ കേസുകളും തൊഴിൽ തട്ടിപ്പുകളും ഒക്കെ നാം കൂടുതൽ കേട്ടിരിക്കുന്നത് കേരളത്തിൽ നിന്നല്ലേ. എന്തെങ്കിലും കേട്ടാൽ ചാടിപുറപ്പെടുന്നത് മലയാളി ശീലമാണ്. അറ്റവും മുറിയും വായിച്ചു അതിന്റെ പിന്നാലെ പായുന്നവരാണ് ഭൂരിപക്ഷവും. ഇതൊക്കെ കൈകാര്യം ചെയ്യാൻ കരുത്തുള്ള സർക്കാർ തന്നെയാണ് അധികാരത്തിൽ ഇരിക്കുന്നത് എന്ന് നുണപ്രചാരകർ മനസിലാക്കിയാൽ അത്രയും ജനത്തിന്റെ പ്രയാസം മാറിക്കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP