Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജിലൻസിനെ മെരുക്കാൻ ഫയലുകൾ ക്വറി എഴുതി തിരിച്ചയക്കുന്നു; ഐഎഎസുകാരുടെ നിസ്സഹകരണത്തിൽ പ്രതിസന്ധിയിലായത് പത്തിലേറെ പദ്ധതികൾ; ടോം ജോസിനും കെ എം എബ്രഹാമിനും പിന്തുണയുമായി ഉദ്യോഗസ്ഥ വൃന്ദം; ജേക്കബ് തോമസിനെ മുഖ്യമന്ത്രി പുകഴ്‌ത്തിയതിൽ പ്രതികാരം തീർക്കാൻ ഐഎഎസുകാർ

വിജിലൻസിനെ മെരുക്കാൻ ഫയലുകൾ ക്വറി എഴുതി തിരിച്ചയക്കുന്നു; ഐഎഎസുകാരുടെ നിസ്സഹകരണത്തിൽ പ്രതിസന്ധിയിലായത് പത്തിലേറെ പദ്ധതികൾ; ടോം ജോസിനും കെ എം എബ്രഹാമിനും പിന്തുണയുമായി ഉദ്യോഗസ്ഥ വൃന്ദം; ജേക്കബ് തോമസിനെ മുഖ്യമന്ത്രി പുകഴ്‌ത്തിയതിൽ പ്രതികാരം തീർക്കാൻ ഐഎഎസുകാർ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥർ നിസ്സഹകരണത്തിൽ. നിർണ്ണായക തീരുമാനമെടുക്കേണ്ട ഫയലുകൾ ഇവർ തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. പ്രത്യേകിച്ച് സാമ്പത്തിക ഉത്തരവാദിത്വം ഉണ്ടാകുന്ന ഫയലുകൾ. ഇതോടെ സംസ്ഥാനത്തെ പല പദ്ധതികളും പ്രതിസന്ധിയിലായി.

കേരളപ്പിറവിയുടെ 60-ാം വാർഷികത്തിൽ പ്രഖ്യാപിക്കാനിരുന്ന പത്തോളം പദ്ധതികൾ തീരുമാനമെടുക്കാനാവാതെ കുരുക്കിലായതായാണ് സൂചന. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ കെ എം എബ്രഹാമിന്റെയും ടോം ജോസിന്റെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടന്നതോടെയാണ് ഐ എ എസ് ഉദ്യോഗസ്ഥർ നിലപാട് കടുപ്പിച്ചത്. വിജിലൻസിന്റെ ഇടപെടലുകൾ കൂടിപ്പോകുന്നു എന്ന പരാതിയാണ് ഐ എ എസ് ഉദ്യോഗസ്ഥർക്കുള്ളത്. ഐ പി എസ് ഉദ്യോഗസ്ഥരുടേത് പോലുള്ള ജോലിയല്ല തങ്ങൾ ചെയ്യുന്നത് എന്ന് അവർ വ്യക്തമാക്കുന്നു. പല ഫയലുകളിലും സാമ്പത്തിക ഉത്തരവാദിത്വം വഹിക്കേണ്ടിവരുന്നുണ്ട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഇത്തരം പദ്ധതികളിൽ തങ്ങളെ പ്രതിയാക്കുന്ന സാഹചര്യം ഇനി അനുവദിക്കാനാവില്ലെന്ന കർശന നിലപാടിലാണ് അവർ.

ട്രാൻസ്മിഷൻ ലൈനുകൾ വലിക്കാനുള്ള ഒരു പദ്ധതി കെ എസ് ഇ ബിയിൽ നടപ്പാക്കാൻ വൈകുന്നത് ഇതിനു ഒരുദാഹരണമാണ്. ബന്ധപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥൻ ഫയലിൽ ഒപ്പിടാതിരിക്കുന്നതാണ് കാരണം. കെ എസ് ടി പി പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ മുതൽ ചെങ്ങന്നൂർ വരെ 60 കിലോമീറ്റർ പണി മുടങ്ങിയത് മറ്റൊരു ഉദാഹരണം. സിമന്റിന്റെ എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച് കരാറുകാരനുമായി സർക്കാർ ധാരണയിലെത്താത്തതാണ് പണി മുടങ്ങാൻ കാരണം. ഇതിലും ഐ എ എസ് തല തീരുമാനമാണ് ഉണ്ടാകേണ്ടത്. എന്നാൽ തീരുമാനമെടുക്കാൻ ഐ എ എസ് ഉദ്യോഗസ്ഥൻ തയ്യാറല്ല.

ഇത്തരത്തിൽ ഐ എ എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം തുടരുമ്പോൾ സർക്കാരിന്റെ പല പ്രധാന പദ്ധതികളുമാണ് വൈകുന്നത്. ശബരിമല സീസൺ തുടങ്ങാൻ പോകുകയാണ്. ഒരുക്കങ്ങൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. വകുപ്പുകളുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങൾ ഒന്നുപോലും ഇതുവരെ പ്രഖ്യാപിക്കാനായിട്ടില്ല. മദ്യനയം, ടൂറിസം നയം, കാർഷികനയം, വ്യവസായ നയം ഒക്കെ പെട്ടിയിലാണ്. ഇതൊക്കെ സമയ ബന്ധിതമായി പ്രഖ്യാപിച്ച് പൂർത്തീകരിക്കണമെങ്കിൽ സർക്കാരിന് ഐ എ എസ ഉദ്യോഗസ്ഥരുടെ കലവറയില്ലാത്ത പിന്തുണ ആവശ്യമാണ് താനും.

ഭരണപരമായ കാര്യങ്ങളിൽ നയപരമായ തീരുമാനം സർക്കാർ എടുത്താലും നടപ്പാക്കേണ്ടത് ഐഎഎസുകാരാണ്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിലപാട് കടുപ്പിച്ചതോടെ ഐഎഎസുകാർ പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്ത് എത്തി. മുതിർന്ന ഉദ്യോഗസ്തൻ ടോം ജോസായിരുന്നു ഇതിന് പിന്നിൽ. പെട്ടെന്ന് കെ എം എബ്രഹാം എന്ന ധനകാര്യ സെക്രട്ടറിയും ജേക്കബ് തോമസിന് എതിരായി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പരാതികളോട് മൗനം കാട്ടി. ഇതിനിടെ കെ എം എബ്രഹാമിന്റെയും ടോം ജോസിന്റെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടന്നത് സ്ഥിതി വഷളാക്കി. ഇതോടെയാണ് ഐഎസുകാർ നിസ്സഹകരണം തുടങ്ങിയത് . ഫയലുകൾ അനങ്ങാതായി.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സത്യസന്ധതയിലും സുതാര്യതയിലുമൊന്നും ആർക്കും സംശയമില്ല. എന്നാൽ ഏറ്റുമുട്ടലിന്റെ പാതയിൽ പോയാൽ സർക്കാരിന് പ്രതിസന്ധി കൂടും. ഇത് പരിഹരിക്കപ്പെട്ടേ മതിയാകൂവെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ആരും ഭീതിയുടെ നിഴലിലാകരുത്. എല്ലാവർക്കും പ്രവർത്തിക്കാൻ അവസരം വേണം. ഇതിന് വിജിലൻസ് തടസ്സമാകരുതെന്നാണ് പിണറായിയുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് വിജിലൻസ് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ഐഎഎസുകാരെ പിണക്കി മുന്നോട്ട് പോകാൻ സർക്കാർ അഗ്രഹിക്കുന്നില്ലെന്നതാണ് ഈ സന്ദേശം. അഴിമതിക്കാരെ വിജിലൻസിന് പിടിക്കാം. എന്നാൽ അതിന്റെ പേരിൽ ആരും ഭീതിയുടെ നിഴലിലായി ഫയലുകളിൽ ഒപ്പിടാതിരിക്കരുത്. നിലവിൽ ഐഎഎസുകാരൊന്നും ജേക്കബ് തോമസ് ഫാക്ടർ പറഞ്ഞ് ഒരു ഫയലിലും തീരുമാനം എടുക്കുന്നില്ല. എല്ലാം മന്ത്രിമാരുടെ ബാധ്യതയാക്കുന്നു. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.

അതോടൊപ്പമാണ് ജേക്കബ് തോമസിന്റെ സർവ്വ മേഖലയിലേയും ഇടപെടൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ. എല്ലാ സർക്കാർ ഓഫീസിലും റെയ്ഡുകൾ കാര്യക്ഷമമായി. നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്നു. എന്നാൽ ഇതെല്ലാം അന്വേഷിച്ച് സത്യം കണ്ടെത്താനുള്ള സംവിധാനം നിലവിൽ വിജിലൻസിന് ഇല്ല. വളരെ ചെറിയ അന്വേഷണ സംവിധാനമാണ് വിജിലൻസ്. ഈ പരിമതി മനസ്സിലാക്കിയുള്ള ഇടപെടൽ നടത്തണം. ഇതിനൊപ്പം റെയ്ഡുകൾ അമിത മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയുള്ളതാണെന്ന പരാതിയും സജീവമാണ്. അതിനാൽ കൃത്യമായ ഇടപെടലുകളിലേക്ക് മാത്രമായി വിജിലൻസ് ഒതുങ്ങണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

അതിനപ്പുറത്തേക്ക് മന്ത്രിമാർക്കും മുന്മന്ത്രിമാർക്കുമൊക്കെ എതിരെ നടത്തുന്ന അന്വേഷണങ്ങളോടോ മറ്റ് കാര്യങ്ങളോടോ ജേക്കബ് തോമസിനോട് ഒരു പരിഭവവും മുഖ്യമന്ത്രിക്കില്ല. ജയരാജനെതിരായ നടപടി പോലും ശരിയാണെന്ന അഭിപ്രായമാണ് പിണറായിക്കുള്ളത്. ഐഎഎസുകാരുടെ പരാതി ഗൗരവത്തോടെ എടുക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് എന്നാണു ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP