Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉന്നത സ്വാധീനമുണ്ടെങ്കിൽ കോപ്പി അടിച്ചു പിടിക്കപ്പെട്ടാലും എഞ്ചിനീയറാകാം; തുണ്ടു വച്ചു പകർത്തിയ ഉത്തരങ്ങൾ ഒഴിവാക്കി മാർക്കിടാൻ ഉത്തരവ്; മൂന്നു വർഷത്തെ ഡീബാറിങ് ഒഴിവാക്കി പോളി വിദ്യാർത്ഥികളെ രക്ഷിക്കാൻ കള്ളക്കളി

ഉന്നത സ്വാധീനമുണ്ടെങ്കിൽ കോപ്പി അടിച്ചു പിടിക്കപ്പെട്ടാലും എഞ്ചിനീയറാകാം; തുണ്ടു വച്ചു പകർത്തിയ ഉത്തരങ്ങൾ ഒഴിവാക്കി മാർക്കിടാൻ ഉത്തരവ്; മൂന്നു വർഷത്തെ ഡീബാറിങ് ഒഴിവാക്കി പോളി വിദ്യാർത്ഥികളെ രക്ഷിക്കാൻ കള്ളക്കളി

തിരുവനന്തപുരം: കോപ്പി അടിച്ചു പിടിക്കപ്പെട്ടതിനെ തുടർന്നു ഭാവി തുലഞ്ഞവരൊക്കെ സ്വയം പഴിക്കട്ടെ. അവർ ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കി രക്ഷപ്പെടുത്തുമായിരുന്നു. അല്ലെങ്കിൽ മുട്ടം പോളീടെക്നിക് വിദ്യാർത്ഥികളുടെ കാര്യം മാത്രം അറിയുക.

പോളീടെക്‌നിക് പരീക്ഷയിൽ കോപ്പിയടിച്ച് പിടിച്ചവർ കുറ്റക്കാരാണെന്ന് കണ്ടിട്ടും ഇവരെ രക്ഷിക്കാൻ സർക്കാർ തലത്തിൽ നടത്തിയ പുതിയ തട്ടിപ്പിന്റെ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. തുണ്ട് ഉപയോഗിച്ച് എഴുതിയ ഉത്തരങ്ങൾ ഒഴിവാക്കി വാല്യൂവേഷൻ നടത്തി മാർക്ക് ഇടാനും മറ്റു നടപടികൾ ഒഴിവാക്കാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇടുക്കി ജില്ലയിലെ മുട്ടം സർക്കാർ പോളിടെക്‌നിക്കിലെ വിദ്യാർത്ഥികൾക്കു വേണ്ടിയാണ് സർക്കാർ തലത്തിൽ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

2014 ഏപ്രിൽ മാസത്തിൽ നടന്ന ആറാം സെമസ്റ്റർ സിവിൽ എഞ്ചിനീയറിങ് പരീക്ഷയ്ക്കിടയിലാണ് ഇടുക്കി മുട്ടം പോളിയിലെ വിദ്യാർത്ഥികളിൽ ചിലർ തുണ്ട് വച്ച് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് അനുവദിക്കുന്ന റെഫറൻസ് ബുക്കിൽ തുണ്ട് തിരുകിക്കയറ്റി പരീക്ഷ എഴുതുകയായിരുന്നു. ഏകദേശം നാല്പതിലധികം കുട്ടികളെ പ്രത്യേക സ്ക്വാഡ് ഇത്തരത്തിൽ പിടികൂടി. ഇതിൽ മുപ്പതിലധികം വിദ്യാർത്ഥികൾ വലിയ തെറ്റുകൾ കാട്ടിയിട്ടില്ലെന്നു പരിശോധനാ സംഘത്തിന് ബോധ്യപ്പെടുകയും ഇവരെ മാനുഷികപരിഗണനയിൽ നടപടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവർ കോപ്പിയടിച്ചിട്ടില്ല എന്നു ബോധ്യമായതിനെ തുടർന്നാണ് നടപടി ഒഴിവാക്കിയത്. എന്നാൽ 10 വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് സ്ക്വാഡ് സ്ഥിരീകരിച്ചു.

ഇതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്റ്റർക്ക് പരാതി നൽകി. ടെക്നിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം കോളജിലെത്തി പരിശോധന നടത്താതെയാണ് തങ്ങൾക്കെതിരെ റിപ്പോർട്ട് നൽകിയതെന്നും അതിനാൽ മറ്റൊരു അന്വേഷണം നടത്തണമെന്നും കാട്ടിയാണ് വിദ്യാർത്ഥികൾ പരാതി സമർപ്പിച്ചത്. അതിനൊപ്പം, ഒരു പ്രത്യേക സമുദായത്തെ തെരഞ്ഞുപിടിച്ചു കോപ്പിയടിയിൽ കുടുക്കാൻ ശ്രമം നടന്നു എന്ന പ്രചാരണവുമുണ്ടായി. അതേ സമയം പിടിക്കപ്പെട്ടവരിൽ എല്ലാ സമുദായത്തിലും പെട്ട കുട്ടികളുണ്ടായിരുന്നു എന്നതാണ് വാസ്തവം. ഏതായാലും ഭരണതലത്തിൽ ഈ വിദ്യാർത്ഥികൾക്കുള്ള സ്വാധീനത്തെ തുടർന്ന് ജൂൺ ആറിന് ടെക്‌നിക്കൽ എഡ്യൂക്കേഷൻ സീനിയർ ജോയിന്റ് ഡയറക്റ്ററുടെ നേതൃത്വത്തിൽ പുനരന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. സമിതിയുടെ വിചിത്രമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോപ്പി അടിച്ച് പിടിച്ചവരെ സഹായിക്കാനായി സർക്കാർ ഉത്തരവിറക്കിയത്.



പോളിയിൽ പരിക്ഷയിൽ കോപ്പി അടി നടന്നെന്നും വിദ്യാർത്ഥികൾ ചെറിയ രീതിയിലുളള തെറ്റുകൾ മാത്രമേ നടത്തയിട്ടുള്ളുവെന്നും അവർ തെറ്റ് ഉൾക്കൊള്ളാൻ തയ്യാറായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് മുമ്പുളള സെമസ്റ്ററുകളിൽ ഇവർ നല്ല മാർക്ക് വാങ്ങിയവരാണ്; പോളി ടെക്നിക് കഴിഞ്ഞ് ലാറ്ററൽ എൻട്രി വഴി എഞ്ചിനീറിങ് പ്രവേശനത്തിനായി ശ്രമിക്കുന്നവരാണ് ഇവരിൽ മിക്കവരും; അതിനാൽ പരീക്ഷയിൽ കോപ്പി അടിച്ചതിന്റെ പേരിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കരുതെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ പോളിയിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പരീക്ഷാ നടത്തിപ്പിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും പറഞ്ഞ് കുറ്റം മുഴുവൻ സ്റ്റാഫിന്റെ തലയിൽ കെട്ടിവച്ചുള്ള റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിൽ ഈ വിദ്യാർത്ഥികൾക്കുള്ള സ്വാധീനം കൂടിയായപ്പോൾ സർക്കാർ അവർക്കനുകൂലമായി ഉത്തരവിറക്കുകയായിരുന്നു. ഉത്തരവിൽ പറഞ്ഞിരിക്കുന്നത് ഇവർ തുണ്ട് ഉപയോഗിച്ച് എഴുതിയ ഭാഗങ്ങൾ ഒഴിവാക്കി ബാക്കി ഉത്തരങ്ങൾക്ക് മാത്രം മാർക്ക് നൽകാനാണ്. ഇത് കൂടാതെ പോളിടെക്‌നിക് പരീക്ഷയിൽ പരിശോധന കർശനമാക്കാൻ ജില്ലാ തലത്തിൽ പ്രത്യേക സ്‌ക്വാഡിനെ നിയമിക്കാനും സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന കക്ഷിയുടെ വിദ്യാർത്ഥി സംഘടനയിൽ പെട്ട ചിലരെയും കോപ്പിയടിച്ചു പിടിച്ചിരുന്നതായും ഇവരുടെ സ്വാധീനം നിമിത്തമാണ് വിചിത്രമായ തീരുമാനം ഉണ്ടായതെന്നുമാണ് മറ്റ് വിദ്യാർത്ഥികൾ പറയുന്നത്. സാധാരണഗതിയിൽ തെളിവുസഹിതം കോപ്പിയടിച്ചു പിടിച്ചാൽ മൂന്നു വർഷത്തേക്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഡീബാർ ചെയ്യും. ഒട്ടേറെപ്പേർ ഇതേപോലെ ഡീബാറിനു വിധേയമായിട്ടുണ്ട്. എന്നാൽ ഇവർക്കു മാത്രം എന്താണ് ഒരു പ്രത്യേകത എന്നാണ് മറ്റുവിദ്യാർത്ഥികളുടെ ചോദ്യം. അല്ലാത്ത പക്ഷം എല്ലാവരെയും കോപ്പിയടിക്കാൻ അനുവദിക്കണമെന്നും പിടിക്കപ്പെട്ടാൽ ഇതേപോലെ കോപ്പിയടിച്ചതെന്നു തെളിയുന്ന ഉത്തരങ്ങൾ ഒഴിവാക്കി മൂല്യനിർണ്ണയം നടത്തണമെന്നുമാണ് അവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP