Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരന്തര ഖനനങ്ങൾ കാരണം ആദ്യം നശിച്ചത് ക്വാറിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ; ടിപ്പറുകൾ വഴി ദിവസവും നീക്കം ചെയ്യുന്നത് ആയിരം ലോഡ് പാറകളും; പാറമടകളിൽ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഗ്യാലൻ ലിറ്റർ വെള്ളം; പാറയും വെള്ളവും ഒരുമിച്ച് താഴെയെത്തിയാൽ ചരമക്കുറിപ്പ് എഴുതേണ്ടി വരുക ഈറ്റിമൂട്, ഈന്തിക്കാട്, ഒഴുകുപാറ, പറമ്പ് വിളാകം ഗ്രാമങ്ങൾക്ക്; വെമ്പായത്തെ തമ്പുരാൻ പാറ പുത്തുമലയും കവളപ്പാറയുമായ മാറാൻ അധികകാലം വേണ്ട; ഭീതിയോടെ വെമ്പായത്തുകാർ

നിരന്തര ഖനനങ്ങൾ കാരണം ആദ്യം നശിച്ചത് ക്വാറിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ; ടിപ്പറുകൾ വഴി ദിവസവും നീക്കം ചെയ്യുന്നത് ആയിരം ലോഡ് പാറകളും; പാറമടകളിൽ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഗ്യാലൻ ലിറ്റർ വെള്ളം; പാറയും വെള്ളവും ഒരുമിച്ച് താഴെയെത്തിയാൽ ചരമക്കുറിപ്പ് എഴുതേണ്ടി വരുക ഈറ്റിമൂട്, ഈന്തിക്കാട്, ഒഴുകുപാറ, പറമ്പ് വിളാകം ഗ്രാമങ്ങൾക്ക്; വെമ്പായത്തെ തമ്പുരാൻ പാറ പുത്തുമലയും കവളപ്പാറയുമായ മാറാൻ അധികകാലം വേണ്ട; ഭീതിയോടെ വെമ്പായത്തുകാർ

എം മനോജ് കുമാർ

തിരുവനന്തപുരം: വയനാട് പുത്തുമലയും നിലമ്പൂർ കവളപ്പാറയും കേരളത്തിന്റെ ഹൃദയവേദനയായി മാറിയിരിക്കുകയാണ്. ഉരുൾപൊട്ടലിൽ തിരിച്ചുവരാനാകാതെ എത്രയോ ജീവനുകൾ ഇപ്പോഴും പൂത്തുമലയുടെയും കവളപ്പാറയുടെയും താഴ്‌വാരങ്ങളിൽ അടക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. അത്രയധികം മണ്ണും മരങ്ങളുമാണ് ഇവരുടെ ജീവനുമേൽ അമർന്നിരിക്കുന്നത്. ഈ ശരീരങ്ങൾ ഇനി പുറത്തെടുക്കാൻ കഴിയുമോ എന്ന് പോലും രക്ഷാപ്രവർത്തകർ സംശയിക്കുകയാണ്. അമിതമായ പ്രകൃതിചൂഷണവും മണ്ണിന്റെ മേൽ മനുഷ്യൻ നടത്തിയ കടന്നുകയറ്റങ്ങളുമാണ് ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നത്.

ഈ ദുരന്തങ്ങളുടെ മുന്നിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ അത്തരം ഒരു ദുരന്തം തങ്ങളുടെ വിളിപ്പാടകലെയും ദൃശ്യമാകുന്നതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം വെമ്പായം നിവാസികൾ. പാറപൊട്ടിക്കലും ഖനനവും കാരണം അനിവാര്യമായ ദുരന്തം ഇവർ മുന്നിൽ കാണുകയാണ്. നാല് വർഷമായി വെമ്പായത്തെ തമ്പുരാൻ പാറയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിരന്തര ഖനനം നടക്കുകയാണ്. വെമ്പായത്തെ തമ്പുരാൻ പാറയ്ക്ക് ചുറ്റുമുള്ള ഈറ്റിമൂട്, ഈന്തിക്കാട്, ഒഴുകുപാറ, പറമ്പ് വിളാകം എന്നിങ്ങനെ നാല് ഗ്രാമങ്ങളാണ് ഭീതിയിൽ തുടരുന്നത്. നിരന്തര ഖനനംകാരണം തമ്പുരാൻ പാറയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ മുഴുവൻ നശിച്ചു. പാറമടകളിൽ ലക്ഷക്കണക്കിന് ഗ്യാലൻ ലിറ്റർ വെള്ളവും കെട്ടിക്കിടക്കുന്നു. പാറയും വെള്ളവും ഒരുമിച്ച് താഴെയെത്തിയാൽ പിന്നെ ഗ്രാമങ്ങൾക്ക് ചരമക്കുറിപ്പ് എഴുതുകയായിരിക്കും ഉചിതം. ഇത് മനസിലാക്കിയാണ് നാട്ടുകാർ ഇവിടുത്തെ ഖനനം അടിയന്തിരമായി നിർത്തണം എന്നാവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുന്നത്.

പാരിസ്ഥിതികമായ ദുർബല പ്രദേശമായതിനാൽ ഖനനം പാടില്ലെന്ന് പഠനങ്ങൾ വഴി തെളിയിക്കപ്പെട്ട ഇടത്താണ് നിയമങ്ങൾ കാറ്റിൽപ്പറത്തി നിർബാധം ഖനനങ്ങൾ നടക്കുന്നത്. മൂന്നാല് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉരുൾപൊട്ടൽ വന്നപ്പോൾ ഖനനം പാടില്ലെന്ന് നിർദ്ദേശിക്കപ്പെട്ട സ്ഥലത്താണ് ഈ ഖനനം എന്നതും ശ്രദ്ധിക്കപ്പെടെണ്ട കാര്യമാണ്. ആദ്യം ചെറിയ രീതിയിൽ വന്ന ഖനനമാണ് ഇപ്പോൾ പ്രദേശമാകെ വിഴുങ്ങി മലനിരകൾ കവർന്നെടുത്തു കൊണ്ട് മുന്നോട്ടു പോകുന്നത്. ഒരു ദിവസം ഏകദേശം ആയിരം ലോഡ് പാറയാണ് ഇവിടുന്ന് ഖനനം വഴി മാറ്റുന്നത്. ഈ പ്രക്രിയ തന്നെ വർഷങ്ങളായി തുടരുന്നതിനാൽ പരിസ്ഥിതി നാശത്തിന്റെ ഏകദേശ ചിത്രം കൂടി ലഭിക്കും.

വൻ ടിപ്പർ ലോറികളാണ് ഇവിടുത്തെ ചെറിയ റോഡിലൂടെയും വഴിയിലൂടെയും കുതിച്ചു പായുന്നത്. ഇത് കാരണമുള്ള പ്രശ്‌നങ്ങൾ വേറെയും ജനങ്ങളെ വേട്ടയാടുന്നു. പാറമടയിൽ നിന്നുള്ള പൊടിശല്യം കാരണം നാട്ടുകാരും കുട്ടികളും ഇവിടെ രോഗികളായി മാറുകയുമാണ്. ഒട്ടനവധി പേരാണ് വിവിധ ആശുപത്രികളിൽ ശ്വാസകോശ രോഗം കാരണം ചികിത്സ തേടുന്നത്. തിരുവനന്തപുരം നെടുമങ്ങാടെ മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ തമ്പുരാൻ പാറയ്ക്ക് ചുറ്റുമായി മൂന്നു കിലോമീറ്റർ ചുറ്റളവിൽ നാല് ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഈ ക്വാറി മാഫിയ ഇപ്പോൾ തമ്പുരാൻ പാറയെയും ലക്ഷ്യം വയ്ക്കുകയാണ്.

ഖനനം നടക്കുന്നത് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് പണം അനുവദിച്ച തമ്പുരാൻ പാറയിൽ

തമ്പുരാൻ പാറയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ മുഴുവൻ ഖനനം ചെയ്‌തെടുത്ത് ക്വാറി മാഫിയ നശിപ്പിച്ചു കഴിഞ്ഞു. ഇവരുടെ നീരാളിക്കൈകൾ ഇപ്പോൾ തമ്പുരാൻ പാറയിലേക്കും നീളുകയാണ്. ഖനനം മൂലം രൂപപ്പെട്ട പാറമടകളിൽ ലക്ഷക്കണക്കിന് ഗ്യാലൻ ലിറ്റർ വെള്ളമാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഖനനം കാരണം തമ്പുരാൻ പാറ ആകെ ദുർബലപ്പെട്ട അവസ്ഥയിലാണ്. പാറമടകളിലെ വെള്ളവും തമ്പുരാൻ പാറയും ഒഴുകി താഴേക്ക് വന്നാൽ നാല് ഗ്രാമങ്ങൾ നാമാവശേഷമാകും. വെമ്പായത്തെ ഈറ്റിമൂട്, ഈന്തിക്കാട്, ഒഴുകുപാറ, പറമ്പ് വിളാകം എന്നീ ഗ്രാമങ്ങളാണ് ഇല്ലാതാകുക. നിരന്തരമായ ഖനനം കാരണം തമ്പുരാൻ പാറയുടെ ചുറ്റുമുള്ള പ്രദേശങ്ങൾ പാരിസ്ഥിതികമായ അതീവ ദുർബലമായ അവസ്ഥയിലാണ്. മൂന്നു ക്വാറികളാണ് തമ്പുരാൻ പാറയ്ക്ക് ചുറ്റം സമാന്തരമായി പ്രവർത്തിക്കുന്നത്.

നിരന്തരമായ പാറ പൊട്ടിക്കൽ കാരണം തമ്പുരാൻ പാറയുടെ നിലനിൽപ്പ് അപകടത്തിലാണ്. പാറ മുൻപ് ടൂറിസം വകുപ്പ് ഏറ്റെടുത്തിരുന്നു. 44 ലക്ഷം രൂപ സംരക്ഷണത്തിനു ടൂറിസം വകുപ്പ് അനുവദിക്കുകയും ചെയ്തു. ഒരു സംരക്ഷണ വേലിയൊക്കെ അവിടെ ഈ പണം കൊണ്ട് കെട്ടിയിരുന്നു. ഒരു വഴിയും വന്നു. പക്ഷെ അതെല്ലാം സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. ഇപ്പോൾ സംരക്ഷണത്തിനു പകരം ക്വാറി മാഫിയയുടെ നീരാളിക്കയ്യിലാണ്. ചുറ്റും നടന്ന ക്വാറി ഖനനം ഇപ്പോൾ തമ്പുരാൻ പാറയിലേക്ക് വ്യാപിക്കുകയാണ്. പാറയുടെ വശങ്ങളിൽ ക്വാറി മാഫിയ തുരന്നു കഴിഞ്ഞു. ഇതേ രീതിയിൽ പാറയുടെ പിറക് വശവും തുരന്നു കഴിഞ്ഞു. മഴ പെയ്താൽ, പാറമടകളിലെ ലക്ഷക്കണക്കിന് ഗ്യാലൻ വെള്ളം കൂടി തമ്പുരാൻ പാറയ്ക്ക് ഒപ്പം താഴെ വന്നാൽ നാല് ഗ്രാമങ്ങൾ ഇല്ലാതെയാകും. ഇതാണ് ജനങ്ങളുടെ ആശങ്കകൾ അധികരിപ്പിക്കുന്നത്.

നിലം പതിക്കാൻ എന്നവണ്ണം മലയും മണ്ണും; പാറമടകളിൽ നിൽക്കുന്നത് ലക്ഷക്കണക്കിന് ഗ്യാലൻ വെള്ളവും

ഈ കഴിഞ്ഞ മഴയത്ത് ദുരന്തമായിമാറിയ പുത്തുമലയും കവളപ്പാറയും വെമ്പായത്തും ആവർത്തിക്കുമോ എന്ന ഭയപ്പാടിലാണ് ഇപ്പോൾ വെമ്പായത്തുള്ളവർ. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ മനുഷ്യരെ ശ്വാസകോശ രോഗികളാക്കി മാറ്റിയിട്ടുണ്ട്. കരിങ്കൽ ചീളുകൾ ദിവസേന നൂറ് കണക്കിന് ടിപ്പറുകളിൽ മലയിറങ്ങിയപ്പോൾ ഈ പ്രദേശങ്ങളിൽ രൂപപെടുന്നത് ആഴമേറിയ കുഴികളാണ്. ഈ കുഴികളിലെല്ലാം ലക്ഷക്കണക്കിന് ഗാലൻ ലിറ്റർ വെള്ളം നിറഞ്ഞു കിടക്കുകയാണ്. പാറ ഖനനത്തിന് സൗകര്യാർത്ഥം കാടുകൾ വെട്ടി വെളുപ്പിച്ചത് മൂലവും പാറകൾക്ക് ആവരണമായിരുന്ന മണ്ണുകൾ ഇടിച്ച് നീക്കിയതും ഉരുൾപ്പൊട്ടലിന് കാരണമായിരിക്കുന്നു.

പാറയും പാറമടകളിലെ വെള്ളവും താഴെയെത്തിയാൽ പിന്നെ നാല് ഗ്രാമങ്ങളാണ് അപ്രത്യക്ഷമാവുക. വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ പെയ്ത മഴ തിരുവനന്തപുരത്തും പെയ്താൽ വലിയ ഉരുൾപ്പൊട്ടലിന് സാധ്യതകൾ ഏറെയാണ്. ഈ ഒരു മലയുടെ താഴ്‌വരയിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഉരുൾപൊട്ടൽ വന്നാൽ ഇവർ ഒറ്റയടിക്ക്, ഒരു നിമിഷം കൊണ്ട് ഇല്ലാതെയാകും. കേരളമാകെ പ്രളയഭീതിയിലായപ്പോൾ ഖനന പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ട് പോലും തമ്പുരാൻ പാറ ഖനനത്തിനു വിലക്ക് വന്നില്ല.

ഇല്ലാതാകുന്നത് കയറി നിന്നാൽ തിരുവനന്തപുരം വരെ കാണുന്ന തമ്പുരാൻ മല

ഇതുവരെ വെമ്പായത്തിന്റെ മുഖ്യ ആകർഷണം തമ്പുരാൻ പാറയായിരുന്നു. ഇതിനു മുകളിൽ കയറി നിന്നാൽ തിരുവനന്തപുരം വരെ കാണാം. ഇങ്ങിനെ തിരുവനന്തപുരം കാണുന്നത് വെമ്പായത്തുകാരുടെ ഹോബികൂടിയായിരുന്നു. 18 എക്കറിലായി വ്യാപിച്ചു കിടക്കുന്ന തമ്പുരാൻ പാറ വെമ്പായത്തെ ഏറ്റവും ആകർഷണീയമാക്കുന്ന മദപുരത്തെ ഈ പാറ ഏതു നിമിഷവും പ്രവാഹം പോലെ ഒലിച്ച് താഴേക്കു പോകും എന്ന ഭീതിയിലാണ് ഇപ്പോൾ ഇവിടുത്തുകാർ. തമ്പുരാൻ പാറയെ ചുറ്റിപ്പറ്റി മൂന്നു ക്വാറികളാണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 18 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന തമ്പുരാൻ പാറ നിരന്തരമായ ഖനനം കാരണം നാശത്തിന്റെ വക്കിലാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് നിരന്തരമായ ഖനനം മൂലം പാറക്കുളങ്ങളിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

നിരന്തര ഖനനം കാരണം കുന്നാകെ ദുർബലപ്പെടുകയും ചെയ്യുന്നു. ഇങ്ങിനെ പരിസ്ഥിതി ചൂഷണം കാരണം മലനിരകൾ ദുർബലപ്പെട്ടപ്പോഴാണ് പൂത്തുമലയും കവളപ്പാറയും ഗ്രാമത്തെ നശിപ്പിച്ച് ജീവനുകളെ ഇല്ലാതാക്കി താഴേക്ക് ഒഴുകിയെത്തിയത്. ഇങ്ങിനെ ക്വാറി ചൂഷണം വഴി തമ്പുരാൻ പാറയിൽ ഒരുൾപൊട്ടൽ വന്നാൽ വെമ്പായവും കവളപ്പാറയോ പൂത്തുമലയോ പോലെയോ ആയിത്തീരും. അതിനാൽ ഇനിയും ഒരു ദുരന്തം ഒഴിവാക്കാൻ ഇവിടുത്തെ മൂന്നു ക്വാറികളും അടിയന്തിരമായി പ്രവർത്തനം നിർത്തണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്വാറിയിൽ അപകടവും നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ആ ഘട്ടത്തിൽ റവന്യൂ മന്ത്രി. പാറ പൊട്ടിക്കാൻ വെടിമരുന്നു നിറച്ചു പൊട്ടിച്ചപ്പോൾ വന്നത് ഉരുൾപൊട്ടൽ ആയിരുന്നു. ഖനനത്തിനു വന്ന ജോലിക്കാരിൽ മൂന്നു പേരാണ് അന്ന് മരിച്ചത്. ഒരാൾ നാട്ടുകാരനും മറ്റു രണ്ടുപേർ തെന്മലയിൽ ഉള്ളവരുമായിരുന്നു.

മൂന്നു ദിവസം കഴിഞ്ഞാണ് ഇവരുടെ ശരീരം തന്നെ പുറത്തെടുത്തത്. അത്രയധികം പാറകളും മണ്ണും ഇവരുടെ മേൽ അടിഞ്ഞുകൂടിയിരുന്നു. മുൻപ് തമ്പുരാൻ പാറ ഖനനത്തിനെതിരായി നാട്ടുകാർ ഒറ്റക്കെട്ടായി സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്തിരുന്നു. മദപുരം ജനകീയ സമിതി എന്ന പേരിലാണ് നാട്ടുകാർ ക്വാറിക്കെതിരേ സമരം ചെയ്തത്. അങ്ങിനെ സമരം ചെയ്തപ്പോൾ ക്വാറി മാഫിയ സംഘടിക്കുകയും നാട്ടുകാരെ വിവിധ കേസുകളിൽ കുരുക്കിയിടുകയും ചെയ്തു. ഇങ്ങിനെയുള്ള കേസുകൾ കാരണം നാട്ടുകാരിൽ പലരും ചുറ്റിപ്പോയിരിക്കുകയാണ്. കാശ് മാത്രമല്ല സമയവും പോകും. കയറില്ലാതെ കെട്ടിയിടപ്പെട്ട അവസ്ഥ. കേസുകളും പ്രശ്‌നങ്ങളും കൂടി വന്നതോടെ നാട്ടുകാർ പ്രത്യക്ഷ സമരത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഇപ്പോൾ നിയമപോരാട്ടമാണ് നാട്ടുകാർ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP