Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് നഗരത്തിലെ റിയൽ എസ്റ്റേറ്റുകാർക്കും വൻകിട മുതലാളിമാർക്കും ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമെന്ന് വിജിലൻസ് സ്‌ക്വാഡ്; ബേബി മെമോറിയൽ ഹോസ്പിറ്റലിന് കുറഞ്ഞ നികുതി രേഖപ്പെടുത്തുക വഴി സർക്കാറിനുണ്ടായ നഷ്ടം 97,500 രൂപ; ബി രവീന്ദ്രൻ പിള്ള, നിത്യാനന്ദ കമ്മത്ത്, അഷ്റഫ്, എൻ എം മുജീബ് റഹ്മാൻ, ജമാൽ മുഹമ്മദ് തുടങ്ങിയവർക്കൊക്കെ രണ്ടു തരം നികുതി നിരക്ക്; സർക്കാറിനുണ്ടായ മൊത്തം നഷ്ടം 38 ലക്ഷം രൂപ; എ ഡി എം 5.25 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് വിജിലൻസ് സ്‌ക്വാഡ് ശുപാർശ

കോഴിക്കോട് നഗരത്തിലെ റിയൽ എസ്റ്റേറ്റുകാർക്കും വൻകിട മുതലാളിമാർക്കും ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമെന്ന് വിജിലൻസ് സ്‌ക്വാഡ്; ബേബി മെമോറിയൽ ഹോസ്പിറ്റലിന് കുറഞ്ഞ നികുതി രേഖപ്പെടുത്തുക വഴി സർക്കാറിനുണ്ടായ നഷ്ടം 97,500 രൂപ; ബി രവീന്ദ്രൻ പിള്ള, നിത്യാനന്ദ കമ്മത്ത്, അഷ്റഫ്, എൻ എം മുജീബ് റഹ്മാൻ, ജമാൽ മുഹമ്മദ് തുടങ്ങിയവർക്കൊക്കെ രണ്ടു തരം നികുതി നിരക്ക്; സർക്കാറിനുണ്ടായ മൊത്തം നഷ്ടം 38 ലക്ഷം രൂപ; എ ഡി എം 5.25 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് വിജിലൻസ് സ്‌ക്വാഡ് ശുപാർശ

കെ വി നിരഞ്ജൻ

കോഴിക്കോട്: നഗരത്തിലെ റിയൽ എസ്റ്റേറ്റുകാർക്കും വൻകിട മുതലാളിമാർക്കും വഴിവിട്ട് റവന്യൂ ഉദ്യോഗസ്ഥർ ആനുകൂല്യങ്ങൾ നൽകിയതായി വിജിലസ് സ്‌ക്വാഡ് കണ്ടെത്തൽ. കോഴിക്കോട് എ ഡി എം റോഷ്‌നി നാരായണൻ അടക്കമുള്ള ഉദ്യോഗസ്ഥർ നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കെട്ടിട ഉടമകൾക്ക് നിയമവിരുദ്ധമായി അനുവദിച്ച ഇളവുകളിലൂടെ സർക്കാർ ഖജനാവിനുണ്ടായ നഷ്ടം 38 ലക്ഷം രൂപയാണെതിന്റെ വിവരാവകാശ രേഖ പുറത്തുവന്നു. എ ഡി എം 5.25 ലക്ഷം രൂപ സർക്കാറിലേക്ക് തിരിച്ചടയ്ക്കണമെന്ന് വിജിലൻസ് സ്‌ക്വാഡ് ശുപാർശ ചെയ്തതായി വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.

നഗരത്തിലെ റിയൽ എസ്റ്റേറ്റുകാർക്കും വൻകിട മുതലാളിമാർക്കുമാണ് വഴിവിട്ട് ആനുകൂല്യങ്ങൾ നൽകിയത്. കെട്ടിടങ്ങൾക്ക് കുറഞ്ഞ നിരക്കിലും വ്യത്യസ്തമായും നികുതി ഈടാക്കുക വഴി 35 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം ഉണ്ടായി. ബേബി മെമോറിയൽ ഹോസ്പിറ്റലിന് കുറഞ്ഞ നികുതി രേഖപ്പെടുത്തി നൽകുക വഴി സർക്കാറിനുണ്ടാക്കിയ നഷ്ടം 97,500 രൂപയാണ്. കെട്ടിട ഉടമകളെ അവിഹിതമായി സഹായിക്കാനായി 92,250 രൂപയുടെ നികുതി ഒഴിവാക്കി നൽകുകയും ചെയ്തിട്ടുണ്ട്.

2017 ജൂലൈയിൽ കോഴിക്കോട് താലൂക്ക് റവന്യു കെട്ടിട നികുതി വിഭാഗത്തിൽ സ്‌കാഡ് ആകസ്മിക പരിശോധന നടത്തിയപ്പോഴാണ് കാര്യങ്ങൾ വെളിപ്പെട്ടത്. വിവിധ രജിസ്റ്ററുകൾ, ഫയലുകൾ, അനുബന്ധ രേഖകൾ എന്നിവ പരിശോധിച്ചപ്പോൾ സർക്കാറിന് ലഭിക്കേണ്ട നികുതി ചില ഉദ്യോഗസ്ഥരുടെ ബോധപൂർവ്വമായ കൃത്യവിലോപവും അനാസ്ഥയും കാരണം നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു കെട്ടിടത്തിന് വ്യത്യസ്ത നിരക്കിൽ നികുതി ഈടാക്കുക വഴി റവന്യു നഷ്ടം വരുത്തുമെന്ന് റിപ്പോർട്ടിലുണ്ട്. ഇത് പ്രകാരം 2014 നും 17 നും ഇടയിൽ നികുതി ചുമത്തപ്പെട്ട വളരെയധികം കെട്ടിടങ്ങൾക്ക് രണ്ടു തരം നികുതി നിരക്ക് ഈടാക്കി സർക്കാറിന് റവന്യു നഷ്ടം വരുത്തിയതായി സ്‌ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. ബി രവീന്ദ്രൻ പിള്ള, നിത്യാനന്ദ കമ്മത്ത്, അഷ്‌റഫ്, എൻ എം മുജീബ് റഹ്മാൻ, ജമാൽ മുഹമ്മദ് തുടങ്ങിയവർക്കൊക്കെ ഇത്തരത്തിൽ നികുതി ഈടാക്കി വലിയ ഇളവ് ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇക്കാര്യത്തിൽ വിശദീകരണം ആരാഞ്ഞതിൽ അന്നത്തെ ക്ലാർക്കും ജൂനിയർ സൂപ്രണ്ടും തഹസിൽദാരുടെ നിർദ്ദേശപ്രകാരമാണ് രണ്ട് നിരക്കുകളിൽ ഒരു കെട്ടിടത്തിന് നികുതി ചുമത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ആയതിൻ പ്രകാരം ഇത്തരം കേസുകളിൽ കുറഞ്ഞ നിരക്ക് ഈടാക്കിയത് സംബന്ധിച്ച് ഒരു വിശദീകരണം ലഭ്യമാക്കുന്നതിന് അന്നത്തെ തഹസിൽദാരായ റോഷ്‌നി നാരായണനോട് റവന്യു വകുപ്പ് മുഖേന മെമോ നൽകി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇതേ കാലയളവിൽ ചില കെട്ടിടങ്ങൾക്ക് ശരിയായ രീതിയിൽ നികുതി ചുമത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നും രോഷ്‌നി നാരായണൻ ചില ഫയലുകളിൽ സ്വീകരിച്ച നടപടി കക്ഷികളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണോ എന്ന് സ്‌ക്വാഡ് സംശയിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സർക്കാറിന് തിരിച്ചു പിടിക്കാനാവാത്ത വിധം തുക നഷ്ടപ്പെടുത്തിയതിന് കാരണക്കാരിയായ രോഷ്‌നി നാരായണനിൽ നിന്നും ആറ് ശതമാനം പലിശയുൾപ്പെടെ റിക്കവർ ചെയ്യേണ്ടതും വകുപ്പു തല അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഫിനാൻസ് ഇൻസ്‌പെക്ഷൻ വിഭാഗം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതേ സമയം നിരവധി ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും തഹസിൽദാർ മാത്രമായല്ല കെട്ടിടം പരിശോധിക്കുന്നതെന്നും എ ഡി എം റോഷ്‌നി നാരായണൻ വ്യക്തമാക്കി. ഒരോ വർഷവും അയ്യായിരത്തിൽ അധികം കെട്ടിടങ്ങൾക്ക് അനുമതി നൽകാറുണ്ട്. അതെല്ലാം തഹസിൽദാർ പോയി പരിശോധിക്കുക എന്നത് സാധ്യമല്ല. വെവ്വേറെയുള്ള കെട്ടിടങ്ങൾക്ക് ഒരു യൂണിറ്റായി കണക്കാക്കി നികുതി നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് പി ഡബ്യു ഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തന്റെ കാര്യത്തിൽ സാധാരണമായ നടപടിക്രമങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാറിന് സമർപ്പിക്കുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP