Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മത്സ്യ തൊഴിലാളികളെ സഹായിക്കാൻ എത്തി നിർമ്മിച്ചത് അനധികൃത ഹാർബർ; ഹൈക്കോടതിയിലെ സ്‌റ്റേ നീക്കാൻ പറഞ്ഞത് പണി തീർന്നെന്ന കള്ള വാദം; മരടിലെ സുപ്രീംകോടതി വിധിയെത്തിയപ്പോൾ അനധികൃത നിർമ്മാണത്തിൽ വിശദീകരണം തേടി ഹൈക്കോടതിയുടെ പുതിയ ഇടപെടൽ; ഡ്രഡ്ജിംഗിനെത്തി അദാനി പോർട്ട് ചെയ്തത് നിയമവിരുദ്ധ കൈയേറ്റം; കരിങ്കൽ ക്ഷാമത്തിന്റെ പേരിലും ശ്രമിക്കുന്നത് ഖജനാവിന് നഷ്ടമുണ്ടാക്കാൻ; മോദിയുടെ കൂട്ടൂകാരൻ അദാനിയെ പിടിച്ചു കെട്ടാൻ പിണറായി മടിക്കുമ്പോൾ

മത്സ്യ തൊഴിലാളികളെ സഹായിക്കാൻ എത്തി നിർമ്മിച്ചത് അനധികൃത ഹാർബർ; ഹൈക്കോടതിയിലെ സ്‌റ്റേ നീക്കാൻ പറഞ്ഞത് പണി തീർന്നെന്ന കള്ള വാദം; മരടിലെ സുപ്രീംകോടതി വിധിയെത്തിയപ്പോൾ അനധികൃത നിർമ്മാണത്തിൽ വിശദീകരണം തേടി ഹൈക്കോടതിയുടെ പുതിയ ഇടപെടൽ; ഡ്രഡ്ജിംഗിനെത്തി അദാനി പോർട്ട് ചെയ്തത് നിയമവിരുദ്ധ കൈയേറ്റം; കരിങ്കൽ ക്ഷാമത്തിന്റെ പേരിലും ശ്രമിക്കുന്നത് ഖജനാവിന് നഷ്ടമുണ്ടാക്കാൻ; മോദിയുടെ കൂട്ടൂകാരൻ അദാനിയെ പിടിച്ചു കെട്ടാൻ പിണറായി മടിക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിർമ്മിച്ച പെരുമാതുറ മുതലപ്പൊഴിയിലെ അനധികൃത ഫിഷിങ് ഹാർബർ പൊളിച്ചു കളയേണ്ടി വരുമെന്ന് സൂചന. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടു അദാനി മുൻകയ്യെടുത്ത് നിർമ്മിച്ച ഈ അനധികൃത പോർട്ട് പൊളിച്ച് കളയണം എന്ന ഹർജിയിൽ സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്കി. പൊതുപ്രവർത്തകനായ ചാല എസ്. ദിലീപ് നൽകിയ ഹർജിയിലാണ് ഇന്നലെ ഹൈക്കോടതി നിർദ്ദേശം നൽകിയത്. വിഴിഞ്ഞം പോർട്ട് എന്ന കുരുക്കിൽ നിന്ന് കരകയറാൻ കഴിയാതെ നിൽക്കുന്ന അദാനി ഗ്രൂപ്പിന് വൻ തിരിച്ചടിയാണ് ഇന്നലെ ഹൈക്കോടതിയുടെതായി വന്ന നിർദ്ദേശം.

മുൻപ് ദിലീപ് നൽകിയ ഹർജിയിൽ പെരുമാതുറ അനധികൃത ഫിഷിങ് ഹാർബർ നിർമ്മാണത്തിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. പക്ഷെ നിർമ്മാണം കഴിഞ്ഞുവെന്ന് ഹൈക്കോടതിയിൽ ബോധിപ്പിക്കപ്പെട്ടതോടെയാണ് സ്റ്റേ നീക്കിയത്. പക്ഷെ മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടു തീരദേശ സംരക്ഷണ നിയമം കേരളം ഫലപ്രദമായി നടപ്പിലാക്കിയേ തീരൂ എന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹർജി നൽകിയപ്പോഴാണ് അനധികൃത പോർട്ട് പൊളിച്ചുകളയാതിരിക്കാൻ കാരണം തേടി സർക്കാരിനോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. കോസ്റ്റൽ സോൺ റെഗുലേറ്ററി അഥോറിറ്റിയും ഹൈക്കോടതിയിൽ വിശദീകരണം നൽകേണ്ടി വരും. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയോ തദ്ദേശഭരണസ്ഥാപനത്തിന്റെയോ അനുമതിയും ഈ പോർട്ടിനു ലഭിച്ചിട്ടില്ല.

തീരദേശ സംരക്ഷണ അഥോറിറ്റിയുടെ അനുമതിയില്ലാതെ എല്ലാ നിയമങ്ങളും ലംഘിച്ചാണ് സ്വകാര്യ പോർട്ട് അദാനി സ്ഥാപിച്ചത് എന്നാണ് ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയത്. മത്സ്യത്തൊഴിലാളികൾക്കായി ഡ്രഡ്ജിങ് നടത്തുന്നുവെന്ന വ്യാജേനയാണ് ഇവിടെ സ്വകാര്യ പോർട്ട് ഉണ്ടാക്കുന്നത് എന്നതാണ് ദിലീപ് ചൂണ്ടിക്കാട്ടിയത്. കടലിൽ ഡെൽറ്റ രൂപപ്പെടുന്നത് മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ടായതിനാൽ, വലിയ പാറക്കല്ലിട്ടു തടയാൻ കരാർ നൽകിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. തുടർന്ന് പാറക്കല്ലുകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതിന് സഹായം നൽകാനാണ് അദാനി കമ്പനി രംഗത്തെത്തിയത്. ഇവർ ഇവിടെ ഒരു പുതിയ ബോട്ട് ജെട്ടി ഉണ്ടാക്കുകയും 15 ഏക്കർ സ്ഥലം അനധികൃതമായി കൈവശംവച്ച് വേലികെട്ടുകയും ചെയ്തിരുന്നു. തീരദേശ നിയമങ്ങൾ ലംഘിച്ച് ഇവിടെ റോഡും പണിതിട്ടുണ്ട്. കടൽത്തീരത്ത് നിന്ന് മണ്ണെടുത്താണ് റോഡ് പണിഞ്ഞത് അനുവാദവും വാങ്ങിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഹർജിയിൽ ആദ്യം സ്റ്റേ നൽകിയ ഹൈക്കോടതി പിന്നെ സ്റ്റേ ഒഴിവാക്കിയിരുന്നു. നിർമ്മാണം പൂർത്തിയായതിനാൽ സ്റ്റേയ്ക്ക് സാധുതയില്ലാ എന്നു പറഞ്ഞാണു ഹൈക്കോടതി സ്റ്റേ ഒഴിവാക്കിയത്. മരട് ഫ്‌ളാറ്റ് പൊളിക്കൽ കാര്യത്തിൽ സുപ്രീംകോടതിയുടെ നിർദ്ദേശം ലംഘിക്കലാവും പോർട്ട് വന്നാൽ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എന്നാൽ പോർട്ട് പൊളിച്ചുകളയണം എന്നാവശ്യപ്പെട്ടു ഹർജി നൽകാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഈ ഹർജിയിലാണ് പോർട്ട് പൊളിച്ചു കളയാതിരിക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്നലെയാണ് ഹർജി ഹൈക്കോടതി പരിഗണിച്ചത്. വിഴിഞ്ഞം പോർട്ടിനു കരിങ്കൽ ഇറക്കാൻ എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പോർട്ട് അദാനി നിർമ്മിച്ചത്. പക്ഷെ തീരദേശ അഥോറിറ്റിയുടെ അനുമതിയില്ലാതെയാണ് നിർമ്മിച്ചത്. ഇതാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

വിഴിഞ്ഞത്ത് നിന്നും നാല്പത് കിലോമീറ്റർ അകലെയുള്ള പെരുമാതുറ മുതലപ്പൊഴിയിൽ സ്വകാര്യ പോർട്ട് വന്നത് സംശയാസ്പദമാണെന്ന് ഹർജി നൽകിയ ദിലീപ് മറുനാടൻ മലയാളിയോട് പറഞ്ഞു. നാല്പത് കിലോമീറ്റർ അകലെ ഇങ്ങിനെയൊരു പോർട്ട് വന്നത് എന്തിനു വേണ്ടി എന്നാണ് ചോദ്യം ഉയരുന്നത്. അവിടെ കരിങ്കൽ ഇറക്കിയാലും അത് റോഡ് മാർഗം തിരുവനന്തപുരത്ത് എത്തിക്കേണ്ടി വരും. സ്വകാര്യ പോർട്ട്, വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവളം എന്നിവ ഒരുമിച്ച് അദാനിയുടെ കയ്യിൽ വന്നാൽ ഒട്ടനവധി പ്രശ്‌നങ്ങൾ ആണ് സൃഷ്ടിക്കപ്പെടുക. കള്ളക്കടത്ത് വരെ ഈ പോർട്ടിൽ നടന്നേക്കും. പോർട്ട് ആണെങ്കിൽ ഒരു വിധത്തിലുള്ള അനുമതിയില്ലാതെയാണ് പണി കഴിപ്പിച്ചതും. കരിങ്കല്ല് ഇറക്കാൻ ഇത്തരം ഒരു പോർട്ട് ഇത്രയധികം അകലത്തിൽ ആവശ്യവുമില്ല. അതുകൊണ്ട് തന്നെയാണ് പോർട്ട് പ്രശ്‌നത്തിൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്-ദിലീപ് ചൂണ്ടിക്കാട്ടുന്നു.

കരിങ്കല്ലിനു ഉള്ളത് കൃത്രിമ ക്ഷാമമോ?

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് ഉയർത്തുന്ന കരിങ്കൽ പ്രശ്‌നത്തിലും ഒട്ടേറെ ദുരൂഹതകൾ നിലനിൽക്കുന്നു. കരിങ്കല്ലിൽ കൃത്രിമ ക്ഷാമം കാണിച്ച് പോർട്ട് നിർമ്മാണം നീട്ടിക്കൊണ്ടു പോകാനാണ് അദാനിയുടെ ശ്രമം. കരിങ്കൽ പ്രശ്‌നം തന്നെയാണോ വിഴിഞ്ഞം പോർട്ട് വൈകാൻ കാരണം എന്ന സംശയവും ഇപ്പോൾ ഉയർന്ന് നിൽക്കുന്നു. ഒന്ന് ഈ പോർട്ടിൽ കരിങ്കൽ ഇറക്കേണ്ട ആവശ്യം വരുന്നില്ല. ഇറക്കിയാൽ തന്നെ നാല്പത് കിലോമീറ്ററോളം റോഡ് മാർഗം കരിങ്കൽ എത്തിക്കേണ്ടി വരും. രണ്ടാമത് വിഴിഞ്ഞത്ത് തന്നെ കരിങ്കൽ എത്തിക്കാൻ കേരളത്തിലെ സ്വകാര്യ ക്വാറി ഉടമകൾ ഒരുക്കവുമാണ്.

പക്ഷെ ക്വാറി ഉടമകളിൽ നിന്ന് കരിങ്കല്ലുകൾ സ്വീകരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറുമല്ല. ടണ്ണിനു വലിയ വില നൽകി കരിങ്കൽ എടുക്കേണ്ടതിന് പകരം സർക്കാരിൽ നിന്നും ചെറിയ തുകയ്ക്ക് കരിങ്കൽ ലഭ്യമാക്കാനുള്ള നീക്കങ്ങളിലാണ് അദാനി ഗ്രൂപ്പ് എന്നാണ് അറിയുന്നത്. ഒരു ടണ്ണിനു 800 മുതൽ 900 രൂപ വരെ സ്വകാര്യ കോറി ഉടമകൾക്ക് നൽകേണ്ടി വരും. എന്നാൽ എങ്ങിനെയെങ്കിലും സർക്കാരിൽ നിന്നും കരിങ്കൽ ലഭ്യമാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ഒരു ടണ്ണിനു 29.40 പൈസയ്ക്ക് എങ്ങിനെയെങ്കിലും സർക്കാരിൽ നിന്നും കരിങ്കൽ ഇറക്കുമതിക്കാണ് ഇവർ ശ്രമിക്കുന്നത്.

അദാനിയുടേത് സർക്കാർ ഭൂമിയിൽ നിന്ന് പാറകൾ ലഭ്യമാക്കാനുള്ള നീക്കം

വിഴിഞ്ഞം ഉടമ്പടി പ്രകാരം സർക്കാരിൽ നിന്നും നേരിട്ട് കരിങ്കൽ ഇറക്കുമതി ചെയ്യാൻ അദാനി ഗ്രൂപ്പിന് അനുമതിയില്ല. മുന്നാം കക്ഷിയിൽ നിന്ന് വേണം അദാനി ഗ്രൂപ്പ് കരിങ്കല്ലുകൾ സ്വീകരിക്കാൻ. സംസ്ഥാനത്തിനകത്ത് നിന്നോ പുറത്ത് നിന്നോ അദാനിക്ക് കരിങ്കൽ ലഭ്യമാക്കാം. അപ്പോൾ വൻ തുക ടണ്ണിനു നല്‌കേണ്ടി വരും. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് കരിങ്കൽ ലഭിക്കുകയാണെങ്കിൽ കോടികൾ അദാനിക്ക് ലാഭിക്കാം.

പക്ഷെ സംസ്ഥാനത്തിന്റെ സമ്പത്ത് ധൂർത്തടിക്കുന്നതിന് തുല്യമാകും. 1500 കോടി രൂപയോളമാണ് അദാനിക്ക് ഇപ്രകാരം ലാഭിക്കാൻ കഴിയുക. ഈ രീതിയിൽ തുക ലാഭിക്കാൻ കഴിയുമ്പോൾ ഏതാനും കോടികൾ ഇടനിലക്കാർക്ക് കൈമാറാൻ ഇവർ തയ്യാറാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ കരിങ്കൽ ചുളുവിലയ്ക്ക് ലഭ്യമാക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അതേസമയം നേരിട്ട് ക്വാറികളിൽ നിന്ന് കരിങ്കൽ സ്വീകരിക്കാൻ സർക്കാർ അദാനി ഗ്രൂപ്പിന് അനുമതി നൽകിയിട്ടുണ്ട്. ഇതിനു ദിലീപ് നൽകിയ കേസും ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്.

അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതീക്ഷിക്കുന്നതിലും വൈകിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ഡിസംബർ നാലിന് ആദ്യ ഘട്ടം പൂർത്തിയാകേണ്ട പദ്ധതിയുടെ പ്രധാന നിർമ്മാണമായ ബ്രേക്ക് വാട്ടർ ഇരുപത് ശതമാനം പോലും പൂർത്തിയായിട്ടില്ല. കരാറനുസരിച്ച് പൂർത്തിയാകാത്ത പദ്ധതിയിൽ നഷ്ടപരിഹാര നടപടികൾക്കും ഒരു രൂപവുമായിട്ടില്ല പാറ ലഭിക്കാത്തതും സർക്കാർ നിരീക്ഷണം കുറഞ്ഞതുമാണ് നിർമ്മാണം വൈകുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. 2015 ഡിസംബർ 5 നാണ് വിഴിഞ്ഞ തുറമുഖപദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. 4 വർഷമായിരുന്നു കരാർ കാലാവധി.

അതായത് ഈ വർഷം ഡിസംബർ 4ന് നിർമ്മാണം പൂർത്തിയാവണം. കരാർ കാലാവധിക്കും മുമ്പെ ആയിരം ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. ആയിരം ദിനം 2018 സെപ്റ്റംബറിൽ കടന്നുപോയി. കരാർ കാലാവിധ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP