Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ധാരണയിൽ? മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലെ തർക്കം തീർക്കാൻ ഹസ്സൻ മധ്യസ്ഥനായി; വിഴിഞ്ഞത്തിൽ ഇനി എയ്ക്കും ഐയ്ക്കും ഒരു നിലപാട്; സുധീരനെ വരുതിയിലാക്കാൻ തിരക്കിട്ട ശ്രമം; ഹൈക്കമാന്റ് നിലപാട് മാത്രമേ അംഗീകരിക്കൂ എന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ്

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ധാരണയിൽ? മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലെ തർക്കം തീർക്കാൻ ഹസ്സൻ മധ്യസ്ഥനായി; വിഴിഞ്ഞത്തിൽ ഇനി എയ്ക്കും ഐയ്ക്കും ഒരു നിലപാട്; സുധീരനെ വരുതിയിലാക്കാൻ തിരക്കിട്ട ശ്രമം; ഹൈക്കമാന്റ് നിലപാട് മാത്രമേ അംഗീകരിക്കൂ എന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ്

ബി രഘുരാജ്‌

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നൽകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ഇതിനിടെ പദ്ധതിക്ക് ഇടങ്കോലിടരുതെന്ന ആഭ്യർത്ഥനയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രഹസ്യ ചർച്ച നടത്തി. ഇന്നലെ രാത്രി കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ. രാത്രി എട്ട് മണിക്കു തുടങ്ങിയ സംഭാഷണം ഒന്നര മണിക്കൂറോളം നീണ്ടു. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, പദ്ധതിക്ക് ശക്തമായ എതിർപ്പുമായി രംഗത്തുള്ള സാഹചര്യത്തിലാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അദാനിക്ക് വിഴിഞ്ഞം നൽകുന്നത് കോൺഗ്രസിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് സുധീരന്റെ നിലപാട്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇത്. തുറമുഖത്തിൽ അദാനിയെത്തിയാൽ അത് ബിജെപിയുടെ നേട്ടമായി ചിത്രീകരിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് സുധീരന്റെ പക്ഷം.

വിഴിഞ്ഞം പ്രശ്‌നത്തിൽ കേരളത്തിൽ രണ്ടഭിപ്രായമുണ്ടെന്ന സൂചന കോൺഗ്രസ് ഹൈക്കമാന്റും നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ഭരണതുടർച്ചയിലേക്കാണ് സർക്കാർ നീങ്ങുന്നത്. വിഴിഞ്ഞം ഉയർത്തിയാണ് അരുവിക്കരയിൽ ശബരിനാഥന്റെ പ്രചരണം നടത്തിയത്. അതുകൊണ്ട് തന്നെ ഇനി പദ്ധതി നടന്നില്ലെങ്കിൽ ജനങ്ങളുടെ രോഷം വലുതാകും. വിഴിഞ്ഞത്തിൽ ജനങ്ങളെ പറഞ്ഞു പറ്റിച്ചെന്ന പ്രതീതിയുണ്ടാകും. ഈ സാഹചര്യത്തിൽ അദാനിക്ക് തുറമുഖം നൽകിയില്ലെങ്കിൽ വലിയ തിരിച്ചടി കോൺഗ്രസിനുണ്ടാകുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. ഈ സാഹചര്യത്തിൽ വിഴഞ്ഞത്തിൽ തന്റെ നിലപാടിനെ പിന്തുണയ്ക്കണമെന്നാണ് ചെന്നിത്തലയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ വ്യക്തമായ മറുപടി നൽകാതെ വികസന കാര്യങ്ങളിൽ എല്ലാ പിന്തുണയും മുഖ്യമന്ത്രിക്ക് നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. മന്ത്രിസഭയിലെ കോൺഗ്രസുകാരിൽ രണ്ടാമനെന്ന നിലയിൽ കൂടുതൽ അംഗീകാരം വേണമെന്ന് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ അഭിപ്രായൈക്യമുണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖം അദാനിക്ക് നൽകുന്നതിനെ എതിർക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയെ സുധീരൻ എതിർക്കുമെന്ന വ്യക്തമായ ധാരണയോടെയാണ് ഹൈക്കമാന്റിന്റെ ഈ അഭിപ്രായ പ്രകടനമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും ഒപ്പം നിർത്താനുള്ള നീക്കം. തിരുവനന്തപുരത്ത് കോൺഗ്രസിൽ ഐ വിഭാഗത്തിനാണ് ശക്തി. കെ മുരളീധരൻ, മന്ത്രി വി എസ് ശിവകുമാർ അടക്കമുള്ള ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കൾ തിരുവനന്തപുരത്ത് നിന്നുള്ള എംഎൽഎമാരാണ്. അവരെല്ലാം വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ ചെന്നിത്തലയ്ക്കും മറിച്ചൊരു നിലപാട് എടുക്കാനാവില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് ചെന്നിത്തലയുമായി മുഖ്യമന്ത്രി വിശദമായി സംസാരിച്ചത്. ഭരണതുടർച്ചയിലേയ്ക്ക് കാര്യങ്ങളെത്തണമെങ്കിൽ വിഴിഞ്ഞം അനിവാര്യമാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം. ഇതെല്ലാം തത്വത്തിൽ അംഗീകരിച്ചാണ് ചെന്നിത്തലയും ചർച്ചയ്ക്ക് ശേഷം മടങ്ങിയത്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റണമെന്ന ആഗ്രഹവും ഉമ്മൻ ചാണ്ടിക്കുണ്ട്. എന്നാൽ ഹൈക്കമാന്റിൽ സുധീരനുള്ള അംഗീകാരം ഉമ്മൻ ചാണ്ടിക്ക് അറിയാം. ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒന്നിച്ചാൽ മാത്രമേ ഇത് നടക്കൂ. ഡെപ്യൂട്ടീ സ്പീക്കറിൽ തർക്കത്തിന് വരരുതെന്നും ഐ ഗ്രൂപ്പിനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നു. ഇതും ചെന്നിത്തലയോട് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ വെട്ടിലാക്കിയ ബാർ കോഴ വിവാദമുയർത്തിയ ബിജു രമേശിനെതിരെ എടുക്കുന്ന നടപടികളോട് ആഭ്യന്തര വകുപ്പ് പൂർണ്ണമായും പിന്തുണയ്ക്കണമെന്നാണ് മറ്റൊരു ആവശ്യം. റവന്യൂ മന്ത്രി അടൂർ പ്രകാശിനെ പറഞ്ഞ് നിലയ്ക്ക് നിർത്തണമെന്നാണ് ആവശ്യം. ഐ ഗ്രൂപ്പിലെ നേതാക്കളുമായി ചർച്ച ചെയ്ത് ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ താനിടപെടില്ലെന്ന ഉറപ്പും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി നൽകി. സുധീരനെ ഒതുക്കുകയെന്നത് തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട്. അതുകൊണ്ട് കൂടിയാണ് കെപിസിസിയിൽ സുധീരനെതിരെ സ്ഥിരമായി നിലപാട് എടുക്കുന്ന ഹസ്സൻ മധ്യസ്ഥനായി എത്തിയതും.

വിഴിഞ്ഞം തുറമുഖക്കരാർ വൈകിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ദേശീയനേതൃത്വം ഇതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാനനേതൃത്വം ഏൽക്കണമെന്ന നിലപാടിലാണ് ഇപ്പോൾ. പദ്ധതിയിൽ ഇടപെടില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതോടെ നടത്തിപ്പ് അദാനി പോർട്‌സിനെ എൽപ്പിച്ചു മുന്നോട്ടുപോകുന്നതിന് സംസ്ഥാനസർക്കാറിന് ഇനി രാഷ്ട്രീയതടസ്സങ്ങളില്ല. കഴിഞ്ഞദിവസങ്ങളിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിലെ ചില നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. രാഹുൽഗാന്ധി പാർട്ടിയിൽ പ്രധാന ശക്തികേന്ദ്രമായതോടെ നേതൃനിരയിൽ പഴയ പ്രതാപം നഷ്ടമായ, കോൺഗ്രസ് അധ്യക്ഷയുടെ വിശ്വസ്തനായറിയപ്പെടുന്ന ഒരു നേതാവാണ് വീണ്ടും ഈ പ്രശ്‌നം ഉയർത്തിയതെന്നാണു സൂചന. ഗുജാറത്തിൽ നിന്നുള്ള അഹമ്മദ് പട്ടേലിന്റെ നിർദ്ദേശത്തിനൊപ്പമാണ് സോണിയയയുടെ മനസ്സ്. ഇത് മനസ്സിലാക്കിയാണ് സുധീരൻ വിഴഞ്ഞത്തിന് എതിരായ നിലപാടിലെത്തിയത്.

ഇതിനുപുറമെ പി. ചിദംബരമുൾപ്പെടെയുള്ള നേതാക്കൾക്ക് പദ്ധതിയോടുള്ള താത്പര്യക്കുറവും വിഴിഞ്ഞം പദ്ധതി പാളിയാൽ തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകാൻ കഴിയുമെന്ന ചിന്തയും ഇതിനുപിന്നിലുണ്ട്. കോർപ്പറേറ്റ് ശക്തികളുമായി മോദിയുടെ അവിശുദ്ധകൂട്ടുകെട്ട് ചൂണ്ടിക്കാട്ടി കോൺഗ്രസ് നടത്തുന്ന 'ബൂട്ട് സൂട്ട് സർക്കാർ' പ്രചാരണത്തെ അദാനിയുടെ കേരളത്തിലേക്കുള്ള വരവ് തളർത്തുമെന്ന് ദേശീയനേതൃത്വത്തിൽ ഒരുവിഭാഗം ആശങ്കപ്പെടുന്നു. ഇതിനൊപ്പമാണ് ബിജെപി.യോട് അനുഭാവമുള്ള വലിയ സാമ്പത്തികശക്തി കേരളത്തിലെത്തുന്നത് അവർക്ക് രാഷ്ട്രീയമായി ഗുണംചെയ്യുമെന്ന വാദം സുധീരൻ ഉയർത്തിയത്. എ കെ ആന്റണി വിഷയത്തിൽ നിശബ്ദത തുടർന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലായി. രാഹുൽ ഗാന്ധിയെ പദ്ധതിക്ക് അനുകൂലമാക്കാൻ ഇതിനിടെയിൽ മുഖ്യമന്ത്രിക്കായി. തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഇടപെടലായിരുന്നു ഇതിന് വഴിയൊരുക്കിയത്. എന്നാൽ സോണിയാ ഗാന്ധി ഇപ്പോഴും ഇടഞ്ഞു തന്നെയാണ്.

മോദിയും അദാനിയും തമ്മിലെ ബന്ധം എല്ലാവർക്കും അറിയാം. എന്നിട്ടും ഇത്ര വലിയ വികസന പദ്ധതി തന്നോട് അലോചിക്കാതെ അദാനിക്ക് നൽകിയതാണ് സോണിയയെ ചൊടുപ്പിച്ചത്. കഴിഞ്ഞ തവണ ഡൽഹിയിലെത്തിയപ്പോൾ മുഖ്യമന്ത്രിയെ കാണാൻ പോലും കൂട്ടാക്കിയില്ല. പദ്ധതി നഷ്ടപ്പെട്ടാൽ അത് കേരളത്തിലെ കോൺഗ്രസിന് തിരിച്ചടിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനുരജ്ഞനത്തിനായി മുഖ്യമന്ത്രി വീണ്ടും ഡൽഹിക്ക് പോകും. സോണിയയെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് നീക്കം. വ്യാഴാഴ്ച ചേരുന്ന കെപിസിസി. നിർവാഹകസമിതിയോഗവും ഇക്കാര്യം ചർച്ചചെയ്യും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശനിയാഴ്ച ഡൽഹിയിലെത്തി സോണിയാ ഗാന്ധിയെ കാണുമെന്ന് സൂചനയുണ്ട്. വിഴിഞ്ഞം പദ്ധതി അദാനിക്കു നൽകാൻ ജൂൺ പത്തിന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇനിയും ഉത്തരവിറങ്ങാത്തതും സമ്മതപത്രം നൽകാത്തതും ദേശീയ, സംസ്ഥാന നേതൃത്വങ്ങളിലെ ഈ ഭിന്നതകൊണ്ടാണെന്ന് എല്ലാ കോൺഗ്രസുകാരും രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP