Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദാനിയുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തിയത് രാഹുലിന്റെ അനുമതിയോടെ; സോണിയയുടെ കാതിൽ ആരോ മന്ത്രമോതിയപ്പോൾ നിലപാട് മാറി; പുറത്തു വരുന്നത് വിഴിഞ്ഞം നടക്കില്ലെന്ന സൂചന തന്നെ; അങ്ങുമിങ്ങും തൊടാത്ത പ്രസ്താവനയുമായി ഹൈക്കമാൻഡും

അദാനിയുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തിയത് രാഹുലിന്റെ അനുമതിയോടെ; സോണിയയുടെ കാതിൽ ആരോ മന്ത്രമോതിയപ്പോൾ നിലപാട് മാറി; പുറത്തു വരുന്നത് വിഴിഞ്ഞം നടക്കില്ലെന്ന സൂചന തന്നെ; അങ്ങുമിങ്ങും തൊടാത്ത പ്രസ്താവനയുമായി ഹൈക്കമാൻഡും

ബി രഘുരാജ്

തിരുവനനന്തപുരം: വിഴിഞ്ഞം തുമുഖ പദ്ധതിയുടെ നടത്തിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനിക്ക് നൽകാനുള്ള തീരുമാനവുമായി മുന്നോട്ടു പോയ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മിൽ കടുത്ത ഭിന്നത രൂപപ്പെട്ടതായി സൂചന. അതിസുപ്രധാനമായ കാര്യമായിരുന്നിട്ടു കൂടി തന്നോട് ആലോചിക്കാതെ അദാനിയെ പങ്കെടുപ്പിച്ചു കൊണ്ട് മുന്നോട്ടു പോയതിലാണ് ഉമ്മൻ ചാണ്ടിയോട് സോണിയക്ക് അതൃപ്തി ശക്തമാകാൻ കാരണമെന്നാണ് വ്യക്തമാകുന്നത്. സോണിയാ ഗാന്ധിയുടെ എതിർപ്പ് ശക്തമായതോടെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധിക്കാത്ത വിധത്തിൽ പ്രതിസന്ധിയിലായിരിക്കയാണ് ഉമ്മൻ ചാണ്ടി സർക്കാർ. എന്നാൽ, അരുവിക്കര തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമായതിനാൽ തന്നെ പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ അവസരം മുതലെടുക്കാൻ കാത്തിരിക്കയാണ് ബിജെപി. വിഴിഞ്ഞത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉറപ്പുണ്ടായിരുന്നതായി ഒ രാജഗോപാൽ പറഞ്ഞതും ഇതിന്റെ സൂചനയാണ്. ഇതോടെ കുരുക്കഴിക്കാൻ വേണ്ടി കോൺഗ്രസിൽ ഇന്നലെ തിരക്കിച്ച ചർച്ചകൾ നടന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. രാത്രി പത്തു മണിയോടെ കെപിസിസി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കാര്യങ്ങളായിരുന്നു നേതാക്കളുടെ ചർച്ചാവിഷയം. ഹൈക്കമാൻഡ് ഉടക്കുവച്ചതോടെ ഇനി എങ്ങനെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നതായിരുന്നു പ്രധാന വിഷയം. വിഴിഞ്ഞം അദാനിക്ക് നൽകുന്നതിൽ തുടക്കം മുതൽ തന്നെ വി എം സുധീരന് എതിർപ്പുണ്ടായിരുന്നു. എന്നാൽ ഈ എതിർപ്പ് വകവെക്കാതെയാണ് ഉമ്മൻ ചാണ്ടി മുന്നോട്ടു പോയത്. എന്നാൽ, ഹൈക്കമാൻഡിന് മുന്നിലും ഈ വിഷയം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അവതരിപ്പിച്ചതോടെയാണ് പദ്ധതിക്ക് സോണിയ ഗാന്ധി ഉടക്കുവച്ചത്. ഈ സാഹചര്യത്തിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്‌ച്ച. ചർച്ചയിൽ ചെന്നിത്തല നിഷ്പക്ഷ നിലപാടാണ് കൈക്കൊണ്ടത്.

മോദിയുടെ അടുപ്പക്കാരന് പദ്ധതി നൽകിയാൽ ഭാവിയിൽ അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന രാഷ്ട്രീയ ഉപദേശമാണ് സോണിയാ ഗാന്ധിയുടെ കാതിൽ ആരോ മന്ത്രിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ രാഷ്ട്രീയം അറിയാതെ നീങ്ങിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പ്രശ്‌നം ഗുരുതരമാക്കിയത്. ഹൈക്കമാൻഡ് അനുമതി വാങ്ങിയെന്ന് ഉമ്മൻ ചാണ്ടി ഉദ്ദേശിച്ചിരുന്നത് രാഹുൽ ഗാന്ധിയിൽ നിന്നും അനുമതി ലഭിച്ചു എന്നതായിരുന്നു. വികസന പദ്ധതിയെന്ന നിലയിൽ രാഹുൽ വിഴിഞ്ഞവുമായി മുന്നോട്ടു പോകാൻ അനുമതി നൽകുകയും ചെയ്തു. എന്നാൽ, ഇതിലെ കെണി അദ്ദേഹം മനസിലാക്കിയതുമില്ല. ഇക്കാര്യം വൈകിയാണ് സോണിയയുടെ ശ്രദ്ധയിൽപെട്ടത്. എന്നാൽ, അദാനിയെ മോദി വഴിവിട്ട് സഹായിച്ച വിഷയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കൊണ്ടു വരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ അദാനിയുമായി കൈകോർക്കുന്നത് തിരിച്ചടിയാകുമെന്ന സോണിയക്ക് ബോധ്യപ്പെട്ടപ്പോഴേക്കും കാര്യങ്ങൾ വൈകിയിരുന്നു. എന്ത് വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ഉമ്മൻ ചാണ്ടി ഇതിനിടെ നടത്തി.

പദ്ധതിക്ക് കോൺഗ്രസ് ഹൈക്കമാൻഡ് തടസം നിൽക്കുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ രാഹുൽ അങ്ങനെയല്ല പറഞ്ഞതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ, സോണിയയുടെ നിലപാടിനെ കുറിച്ച് നേതാക്കൾക്കെല്ലാം മൗനമാണ്. വിഴിഞ്ഞം പദ്ധതിക്കു താൻ എതിരാണെന്ന പ്രചാരണം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നിഷേധിച്ചെന്ന് ബിന്ദു കൃഷ്ണയാണ് ഇന്നലെ വ്യക്തമാക്കിയത്. ഇന്നലെ രാവിലെമുതൽ രാഹുൽ ഗാന്ധിയാണു കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതെന്നും അതിനു കാരണമെന്തെന്നും ബിന്ദു കൃഷ്ണ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. മഹിളാ കോൺഗ്രസിന്റെ ദേശീയ സമിതി യോഗവുമായി ബന്ധപ്പെട്ടാണു ബിന്ദു രാഹുലിനെ സന്ദർശിച്ചത്. പദ്ധതിക്കെതിരെ മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടേയില്ലെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ അറിയിച്ചതായി ബിന്ദു വെളിപ്പെടുത്തി.

വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകുന്നതിൽ ഹൈക്കമാന്റ് എതിർപ്പ് പ്രകടിപ്പിച്ചിട്ടും തീരുമാനവുമായി ഉമ്മൻ ചാണ്ടി മുന്നോട്ടുപോകുകയാണ്. രാഷ്ട്രീയപ്രശ്‌നങ്ങളുടെ പേരിൽ വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാനാവില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. എന്നാൽ കെപിസിസിയും ഐഗ്രൂപ്പും ഹൈക്കമാന്റിന്റെ നിലപാടിനൊപ്പം ചുവടുമാറ്റി സമ്മർദ്ദതന്ത്രവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് അധ്യക്ഷ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാതിരുന്നതാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന് വ്യക്തമാക്കിയത്. ഉപാധ്യക്ഷൻ രാഹുൽഗാന്ധിയേയും എ.കെ. ആന്റണിയേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനെയും കണ്ട് ഉമ്മൻ ചാണ്ടി മടങ്ങുകയായിരുന്നു.

അതിനിടെ പദ്ധയിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇമെയിൽ അയച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പദ്ധതി വൈകിയാൽ കേരളത്തിന് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാവുമെന്നും യു.ഡി.എഫിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന തുറമുഖ പദ്ധതി രാഷ്ട്രീയക്കളികളിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ. അദാനിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടി കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ പദ്ധതിവരുന്നത് മുടക്കാനും തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് കൊണ്ടുപോകാനും ഈ അവസരം ഉപയോഗിച്ച് ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.

കുളച്ചിലിന് വേണ്ടി കളിക്കുന്നവരുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് മുൻ ധനമന്ത്രി പി ചിദംബരമാണ്. 2012ൽ അദാനി ഗ്രൂപ്പ് വിഴിഞ്ഞത്തിനായി ടെൻഡർ നൽകിയപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചിരുന്നു. അന്ന് ചിദംബരമായിരുന്നു ആഭ്യന്തരമന്ത്രി. അതോടെയാണ് അന്നത്തെ ടെൻഡർ നടപടികൾ അവസാനിപ്പിക്കേണ്ടിവന്നത്. എന്നാൽ ഇതിനുപിന്നാലെ തമിഴ്‌നാട്ടിലെ ചെന്നൈ, എണ്ണൂർ തുറമുഖ പദ്ധതികളിൽ ടെൻഡർ നൽകാൻ ഇവർക്ക് സുരക്ഷാ അനുമതി കിട്ടുകയും ചെയ്തു. തുറമുഖം കുളച്ചലിലേക്ക് കൊണ്ടുപോകാൻ കാത്തിരിക്കുന്നവർ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

അതിനിടെ പദ്ധതിക്ക് വേണ്ടി ശശി തരൂർ എംപിയെ ഉപയോഗിച്ചാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. സോണിയാഗാന്ധിയുമായി ചർച്ച നടത്താൻ ഡൽഹിയിലേക്ക് പോകുന്നതിനെപ്പറ്റി തരൂർ ഉമ്മൻ ചാണ്ടിയോട് സംസാരിച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ ഇതിന് സമയം കണ്ടെത്തണമെന്നാണ് ശശിതരൂർ താത്പര്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. നേരത്തെ പദ്ധതിക്ക് വേണ്ടി മധ്യസ്ഥം വഹിച്ചത് കെ വി തോമസ് എംപിയായിരുന്നു. ഈ തീരുമാനവുമായാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും വീണ്ടും എതിർപ്പുയർന്നത് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയിരിക്കാണ്.

അതേസമയം സോണിയ ഗാന്ധിയുടെ മുഖ്യ ഉപദേഷ്ടാവ് കൂടിയായ ഗുജറാത്തിൽ നിന്നുള്ള അഹമ്മദ് പട്ടേൽ അദാനിക്കെതിരായ നിലപാട് കൈക്കൊണ്ടാതാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായതെന്നും സൂചനയുണ്ട്. സോണിയാ ഗാന്ധിയെ കൂടുതൽ വിവരം ധരിപ്പിച്ചത് ഇദ്ദേഹമാണെന്നാണ് സൂചന. 7525 കോടി രൂപ ചെലവിലുള്ള തുറമുഖത്തിന്റെ നിർമ്മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നൽകാൻ ജൂൺ പത്തിനാണ് മന്ത്രിസഭ തീരുമാനിച്ചത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ സർക്കാരിന്റെ വലിയ നേട്ടമായി ഇത് പ്രചരിപ്പിച്ചിരുന്നു. തുടർനടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടും ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കഴിഞ്ഞിട്ടും അതിനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. സാങ്കേതിക നടപടിക്രമങ്ങൾ കാരണമാണ് വൈകുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

എന്നാൽ ഇത് യുക്തിസഹമല്ല. കാരണം, ഉത്തരവ് തയ്യാറാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒപ്പിട്ടിട്ടില്ല. ഉത്തരവായിക്കഴിഞ്ഞാൽ അദാനി ഗ്രൂപ്പ് അധികൃതർ നേരിട്ടെത്തി സമ്മതപത്രം വാങ്ങാനും തയ്യാറായിരുന്നു. ടെൻഡർ തുറന്നാൽ 120 ദിവസത്തിനകം തീരുമാനം കമ്പനിയെ അറിയിക്കണമെന്നാണ് വ്യവസ്ഥ. മെയ് 24നാണ് ടെൻഡർ പൊട്ടിച്ചത്. അദാനിക്ക് നൽകാൻ തീരുമാനിച്ചെങ്കിലും അവരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇനിയും വളരെ വൈകിയാൽ ടെൻഡർ അസാധുവാകുന്ന സ്ഥിതിയുണ്ട്.

വിഴിഞ്ഞം പദ്ധതിയിൽ ഇടപെട്ടിട്ടില്ലെന്നു ഹൈക്കമാൻഡിന്റെ വിശദീകരണം

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നതിനിടെ ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം വിശദീകരിച്ച് കോൺഗ്രസ് ഹൈക്കമാൻഡും രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണനിർവഹണത്തിൽ ഇടപെടാറില്ലെന്നാണ് ഹൈക്കമാൻഡ് പറയുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനെ ഏൽപിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് വക്താവ് ആർ പി എൻ സിങ് പറഞ്ഞു.

പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണകാര്യങ്ങളിൽ കോൺഗ്രസ് ഒരിക്കലും കൈകടത്താറില്ല. ഏത് പദ്ധതി വേണം വേണ്ട എന്ന കാര്യത്തിൽ തീരുമാനം എടുക്കാറുള്ളത് അതാത് മുഖ്യമന്ത്രിമാരാണ്. അതിനുള്ള കഴിവ് പാർട്ടിയുടെ മുഖ്യമന്ത്രിമാർക്കുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഒരിക്കലും കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടിട്ടില്ല. നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് കേരളത്തിലെ സർക്കാർ പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയത്. ടെണ്ടർ നൽകിയതിൽ എന്തെങ്കിലും അപാകതയോ വീഴ്ചയോ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP