Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വഖഫ് ഭൂമി അനധികൃതമായി കയ്യേറിയ വളവന്നൂർ ബാഫഖി യതീംഖാനക്കെതിരെ വഖഫ് ട്രിബ്യൂണലിന്റെ വിധി; വ്യാജരേഖ ചമച്ച് 60 സെന്റ് സ്ഥലം കൈവശപ്പെടുത്തിയ യത്തീംഖാനയുടെ നടപടി തെറ്റെന്ന് ട്രിബ്യൂണൽ; കോടികളുടെ വഖഫ് സ്വത്ത് കൈയടക്കിയത് ലീഗ് നേതാക്കളുടെയും ഇ കെ സമസ്തയുടെയും ഉന്നത സ്വാധീനത്താലെന്ന് ആക്ഷേപം

വഖഫ് ഭൂമി അനധികൃതമായി കയ്യേറിയ വളവന്നൂർ ബാഫഖി യതീംഖാനക്കെതിരെ വഖഫ് ട്രിബ്യൂണലിന്റെ വിധി; വ്യാജരേഖ ചമച്ച് 60 സെന്റ് സ്ഥലം കൈവശപ്പെടുത്തിയ യത്തീംഖാനയുടെ നടപടി തെറ്റെന്ന് ട്രിബ്യൂണൽ; കോടികളുടെ വഖഫ് സ്വത്ത് കൈയടക്കിയത് ലീഗ് നേതാക്കളുടെയും ഇ കെ സമസ്തയുടെയും ഉന്നത സ്വാധീനത്താലെന്ന് ആക്ഷേപം

എം പി റാഫി

കോഴിക്കോട്: വഖഫ് ഭൂമി അനധികൃതമായി കയ്യേറിയ വളവന്നൂർ ബാഫഖി യതീംഖാനക്കെതിരെ വഖഫ് ട്രിബ്യൂണലിന്റെ വിധി. വഖഫ് ബോർഡിലെ സ്വധീനം ഉപയോഗിച്ചും രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയും വ്യാജ രേഖകൾ ചമച്ച് ഖബർസ്ഥാൻ അടങ്ങുന്ന അറുപത് സെന്റ് ഭൂമി ബാഫഖി യതീംഖാന തട്ടിയെടുത്തതിനെതിരെ കാനാഞ്ചേരി മാമ്പ്ര ഇമ്പിച്ചിക്കോയ എന്ന കോയാസ് തങ്ങൾ സമർപ്പിച്ച പരാതിയിലാണ് വഖഫ് ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്. ഒന്നര പതിറ്റാണ്ടോളമായുള്ള ഇമ്പിച്ചി കോയ തങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു കോഴിക്കോട് വഖഫ് ട്രിബ്യൂണൽ അനുകൂല വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഡിസംബർ ഒമ്പതിനായിരുന്നു കേസിലെ അന്തിമ വിധി.

മുമ്പ് വിചാരണയും മറ്റു പരിശോധനകളും പൂർത്തിയാക്കിയിരുന്നു. തുടർന്ന് കേസിൽ ഹരജിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. വിധിയുടെ പൂർണ വിശദാംശം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കോടികളുടെ വഖഫ് സ്വത്തുക്കൾ സ്വകാര്യ സ്ഥാപനങ്ങളും മതസംഘടനകളും കൈവശം വെയ്ക്കുന്നുവെന്ന ആരോപണം നേരത്തെ വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത്തരത്തിൽ തട്ടിയെടുത്ത ഏക്കറുകണക്കിന് വഖഫ് ഭൂമികൾ തിരിച്ചു പിടിക്കാതിരിക്കുന്നതിന് മുൻ വഖഫ് സിഇഒ ലക്ഷങ്ങൾ കമ്മീഷൻ കൈപറ്റിയതായും നേരത്തെ കേരള വഖഫ് സംരക്ഷണ വേദി കേന്ദ്ര വിജിലൻസിന് പരാതി നൽകിയിരുന്നു.

നിയമ പോരാട്ടത്തിനൊടുവിൽ ഇമ്പിച്ചിക്കോയ തങ്ങൾക്ക് അനുകൂലമായുണ്ടായ വിധി വ്യക്തമാക്കുന്നതും ഇത്തരത്തിൽ അനേകം വഖഫ് സ്വത്തുക്കൾ ഇന്നും സ്വകാര്യ, മത സ്ഥാപനങ്ങളും വ്യക്തികളും കൈവശപ്പെടുത്തി വച്ചിരിക്കുന്നുവെന്നാണ്. വഖഫ് ബോർഡിലെ സ്വാധീനവും രാഷ്ടീയ പിടിപാടും ഉപയോഗപ്പെടുത്തിയാണ് ഇത്തരം തിരിമറികൾ നടക്കുന്നതെല്ലാം. മാറി വരുന്ന കേരള ഭരണത്തിൽ അതാത് കാലത്ത് വഖഫ് ബോർഡ് ചുമതലയുള്ള മന്ത്രിയുണ്ടാകുമെങ്കിലും മുസ്ലിംലീഗിനും ഇ.കെ സുന്നികൾക്കും വ്യക്തമായ ആധിപത്യം വഖഫ് ബോർഡിൽ ഉണ്ടാകുമായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് മുസ്ലിംലീഗ് മന്ത്രിക്കായിരിക്കും വഖഫ് ബോർഡിന്റെ ചുമതല. ചെയർമാൻ പദവിയും മറ്റു അംഗങ്ങളും പാണക്കാട്ട് നിന്നോ ഇകെ സമസ്തയിൽ നിന്നോ ഉള്ളവർക്കാണ് കാലങ്ങളായി നൽകിയിരുന്നത്. ഇതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് മറ്റു മത സംഘടനകൾക്കുള്ള അമർഷം പലപ്പോഴും പരസ്യമാക്കാറുമുണ്ട്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം) ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർ വൈസ് പ്രസിഡന്റുമായുള്ള മത ബൗദ്ധിക വിദ്യാഭ്യാസ സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ കടുങ്ങാത്തുകുണ്ടിനടുത്ത വളവന്നൂർ ബാഫഖി യതീംഖാന. കേസുമായി ബന്ധപ്പെട്ട ഭൂമി സ്ഥിതി ചെയ്യുന്നതും ഈ സ്ഥാപനത്തോടു ചേർന്നാണ്. പരാതിക്കാരൻ മാമ്പ്ര ഇമ്പിച്ചികോയ തങ്ങളുടെ പൂർവികർ വഖഫ് ചെയ്ത ഭൂമിയായിരുന്നു ഇത്. എന്നാൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുമില്ല. ഇതിനാൽ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തിന്മേലുള്ള ആദ്യത്തെ കേസ് കൂടിയായിരുന്നു ഇത്.

ബാഫഖി യതീംഖാനയുടേതാണ് ഭൂമിയെന്ന് കാണിക്കുന്നതിനായി പല രേഖകൾ വിചാരണാ കാലയളവിൽ മാറ്റി മാറ്റി ഹാജരാക്കുകയുണ്ടായി. എന്നാൽ വഖഫ് സ്വത്ത് നിലനിർത്തുന്നതിനായി രേഖകളുടെ വൻ തിരിമാറിയായിരുന്നു ഇതിന്റെ പിന്നിൽ നടന്നിട്ടുള്ളതെന്നും പരാതിക്കാരൻ വ്യക്തമാക്കി. രേഖകളുടെ തിരുത്തും തിരിമറിയും വിചാരണക്കിടയിൽ ട്രിബ്യൂണൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും വഖഫ് ബോർഡിന്റെ രാഷ്ട്രീയ സ്വാധീനം കാരണം വിഷയം ഒതുങ്ങുകയായിരുന്നുന്നുവെന്ന് ഇമ്പിച്ചിക്കോയ തങ്ങൾ പറയുന്നു. രേഖകളിലെ തിരുമറി സംബന്ധിച്ച് വിജിലൻസിനും ഇമ്പിച്ചികോയ തങ്ങൾ പരാതി നൽകിയിട്ടുണ്ട്.

സയ്യിദ് മുഹമ്മദ് മൗലാനാ കാട്ടില തങ്ങൾ എന്ന സൂഫി വര്യന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന ജാറം ഉൾപ്പടെ അഞ്ഞൂറോളം ഖബറുകൾ സ്ഥിതി ചെയ്യുന്നതായിരുന്നു തർക്ക ഭൂമി. സയ്യിദ് മുഹമ്മദ് മൗലാനാ തങ്ങൾ 1834 ൽ ആണ് അന്തരിച്ചത്. പരാതിക്കാരനായ ഇമ്പിച്ചിക്കോയ തങ്ങളുടെ അഞ്ച് തലമുറയിൽപ്പെട്ടവരുടെ ഖബറുകളും ഈ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. ഇവരുടെ തന്നെ കുടുംബത്തിൽപ്പെട്ട പൂർവികർ നൂറ്റാണ്ടുകൾക്കു മുമ്പ് വഖഫ് ചെയ്തതായിരുന്നു പ്ര്‌സ്തുത ഭൂമി. 1900 മുതലായിരുന്നു ഖബർസ്ഥാൻ (സ്മശാനം)ആയി രേഖപ്പെടുത്തിയിട്ടുള്ളത്.

1990കൾക്കു ശേഷമാണ് മാമ്പ്ര ചെറിയ കുഞ്ഞിക്കോയ തങ്ങളുടെ മകൻ ഇമ്പിച്ചിക്കോയ എന്ന കോയാസ് തങ്ങളുടെ പരിപാലനത്തിൽ ഈ ഭൂമിയും ജാറവും എത്തുന്നത്. തുടർന്ന് 1995ൽ പരാതിക്കാരൻ ജാറം പുതുക്കി പണിയുകയും ചെയ്തു. ഇതോടെ മാമ്പ്ര ജാറം കൂടുതൽ പ്രസിദ്ധമാകാൻ തുടങ്ങി. ഇതിനു പിന്നാലെയായിരുന്നു 2002ൽ ബാഫഖി യതീംഖാനയുടെ പ്രസിഡന്റായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മറ്റു കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭൂമി രജിസ്റ്റർ ചെയ്തത്. മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലായാൽ ആരും കേസുമായി വരാൻ തയ്യാറാകില്ലെന്നു കരുതിയായിരുന്നു രജിസ്‌ടേഷൻ നടത്തിയത്. എന്നാൽ എതിർപ്പുമായി ഇമ്പിച്ചി കോയ തങ്ങളുടെ കുടുംബം രംഗത്തു വന്നതോടെ സ്ഥിതി സംഘർഷ സമാനമായി. പിന്നീടായിരുന്നു നിയമ പോരാട്ടം തുടങ്ങുന്നത്.

2002 ഒക്ടോബർ ഒമ്പതിനായിരുന്നു ഭൂമി ബാഫഖി യതീംഖാനയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യുന്നത്. കൽപകഞ്ചേരി രജിസ്ട്രാർ ഓഫീസിനു പരിതിയിലുള്ള പ്രസ്തുത ഭൂമി രജിസ്റ്റർ ചെയ്തത് മലപ്പുറം രജിസ്ട്രാർ ഓഫീസിൽ നിന്നുമായിരുന്നു. രജിസ്‌ട്രേഷൻ നടന്നതാകട്ടെ സർവ്വെ നമ്പർ തിരുത്തിയും കൃത്രിമം കാട്ടിയുമാണെന്ന് പരാതിക്കാരൻ രേഖകൾ സഹിതം ബോധിപ്പിക്കുകയുണ്ടായി. 2003ൽ വഖഫ് സ്വത്ത് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഇമ്പിച്ചി കോയ തങ്ങൾ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ പ്രകാരം അപേക്ഷാ നമ്പർ 3098 വഖഫ് ബോർഡ് രേഖപ്പെടുത്തി നൽകി. എന്നാൽ 2004 ൽ ബാഫഖി യതീംഖാനയുടെ പേരിലുള്ള ഭൂമിയാണെന്ന് അപേക്ഷയും ഇതേ നമ്പറിൽ വഖഫ് ബോർഡ് നൽകി. വിഷയം സംബന്ധമായ രേഖകൾ കൈവശപ്പെടുത്തിയ ശേഷം 2003ലായിരുന്നു ഇമ്പിച്ചിക്കോയ തങ്ങൾ വഖഫ് ട്രിബ്യൂണലിൽ പരാതി സമർപ്പിച്ചത്. ബാഫഖി യതീംഖാന കൈവശം വച്ചിരിക്കുന്ന പ്രസ്തുത അറുപത് സെന്റ് ഭൂമിയുടെ ആധാരം റദ്ദ് ചെയ്യണമെന്നായിരുന്നു പരാതിക്കാരന്റെ പ്രധാന ആവശ്യം.

കേസ് സിറ്റിംങിൽ 2001ൽ രജിസ്‌ട്രേഷൻ ചെയ്തതായി കാണിച്ച് യതീംഖാന മറ്റൊരു രേഖയുണ്ടാക്കി. ഇത് വഖഫ് ബോർഡിലെ സ്വാധീനം ഉപയോഗിച്ചു ചെയ്തതാണെന്ന് കോടതിയിൽ ഹരജിക്കാരൻ വാദിച്ചു. ബാഫഖി യാതീംഖാന പല രേഖകൾ മാറ്റി കൊണ്ടു വന്നതിനാൽ അന്തിമ വിധി പരാതിക്കാരന് അനുകൂലമായി. 2005ൽ ഇടക്കാലത്ത് പരാതിക്കാരന് അനുകൂലമായ വിധിയുണ്ടായെങ്കിലും ഹോകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. പിന്നീട് പത്തു വർഷത്തിനു ശേഷമായിരുന്നു ലിസ്റ്റ് വരുന്നതും കേസ് പരിഗണിച്ചതും. ആറു മാസത്തിനകം കേസ് തീർപ്പു കൽപ്പിക്കണമെന്നായിരുന്നു 2016 മെയ് 24ലെ ഹൈക്കോടയി ഉത്തരവ്. ഇതിനു ശേഷം കേസിൽ ഇരുപതോളം സിറ്റിങ്ങുകളാണ് ഇതുവരെ നടന്നത്. ഈ മാസം 7ന് വിധി പറയാനായി വച്ചകേസ് വിധി പറയുന്നതിനായി ഒമ്പതാം തിയ്യതിയിലേക്കു മാറ്റുകയായിരുന്നു.

വഖഫ് ബോർഡിലെ തിരിമറികൾ ചൂണ്ടിക്കാട്ടി വഖഫ് മന്ത്രി കെ.ടി ജലീലിനും പരാതി നൽകിയിരുന്നു. കേരള വഖഫ് ബോർഡിന്റെ അധികാര ദുർവിനിയോഗം ചൂണ്ടിക്കാട്ടിയും 1990 മുതലുള്ള വഖഫ് സ്വത്ത് രജിസ്‌ട്രേഷനുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇമ്പിച്ചിക്കോയ തങ്ങൾ കേന്ദ്ര വഖഫ് ബോർഡിനെ സമീപിക്കാനൊരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP