Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികളുടെ കള്ളപ്പണം മറിഞ്ഞ കടകംപള്ളി ഭൂമി ഇടപാടിൽ സലിംരാജിന്റെ ഗോഡ്ഫാദർ ആര്? ആളുകളെ ഭീഷണിപ്പെടുത്തിയെന്ന നിസ്സാരകുറ്റം മാത്രം ചുമത്തിയ സിബിഐ നടപടിയിൽ തെളിയുന്നത് സംരക്ഷണത്തിന്റെ ഇരുമ്പുമറ; സലിംരാജ് ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്‌തെന്ന് ആദ്യ സിബിഐ റിപ്പോർട്ട് മാറിമറിഞ്ഞത് എങ്ങനെ? റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മറുനാടൻ പുറത്തുവിടുന്നു

കോടികളുടെ കള്ളപ്പണം മറിഞ്ഞ കടകംപള്ളി ഭൂമി ഇടപാടിൽ സലിംരാജിന്റെ ഗോഡ്ഫാദർ ആര്? ആളുകളെ ഭീഷണിപ്പെടുത്തിയെന്ന നിസ്സാരകുറ്റം മാത്രം ചുമത്തിയ സിബിഐ നടപടിയിൽ തെളിയുന്നത് സംരക്ഷണത്തിന്റെ ഇരുമ്പുമറ; സലിംരാജ് ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്‌തെന്ന് ആദ്യ സിബിഐ റിപ്പോർട്ട് മാറിമറിഞ്ഞത് എങ്ങനെ? റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മറുനാടൻ പുറത്തുവിടുന്നു

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ആ ഗോഡ് ഫാദർ ആര്? കോടികളുടെ കള്ളപ്പണം ഉപയോഗിച്ച് നടത്തിയ കടകംപള്ളി ഭൂമി ഇടപാടിൽ കള്ളപ്പണം വന്നത് എവിടെ നിന്ന്? 80 ഓളം ആധാരങ്ങൾ വ്യാജമായി തയ്യാറാക്കാൻ സലിം രാജ് അടക്കമുള്ള പ്രതികൾക്ക് സഹായം നൽകിയ വമ്പൻ സ്രാവുകൾ ആരൊക്കെ? സിബിഐ എങ്കിലും ഈ വിവരങ്ങൾ കണ്ടുപിടിക്കും എന്നായിരുന്നു പ്രതീക്ഷ. കോടികളുടെ ഭൂമി കുംഭകോണം നടന്ന കടകം പള്ളി ഭൂമി തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചപ്പോൾ അത്തരം വിവരങ്ങൾ ഒന്നുമില്ല. തട്ടിപ്പിന്റെ ആണിക്കല്ലായ സലിം രാജിനെതിരെ ചുമത്തപ്പെട്ടത് നിസ്സാര വകുപ്പ് മാത്രം. ഒറ്റനോട്ടത്തിൽ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിനെക്കുറിച്ചുള്ള സിബിഐ അന്വേഷണം ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാകും.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജാണ് ഭൂമി ഇടപാടിന് ചുക്കാൻ പിടിച്ചതെന്നായിരുന്നു ആരോപണം. കടകംപള്ളി, പോത്തൻകോട്, വർക്കല സബ് രജിസ്ട്രാർ ഓഫീസുകളുടെ പരിധിയിൽ വരുന്ന 44 ഏക്കർ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണ് കടകംപള്ളി ഭൂമി തട്ടിപ്പ്. 60 കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ടാണ് തട്ടിപ്പ് നടന്നത്. തട്ടിയെടുത്ത ഭൂമി മറിച്ച് വിൽക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെടെ സംശയത്തിന്റെ നിഴലിലായിരുന്നു. തട്ടിപ്പിനിരയായവർ ഹൈക്കോടതിയിലെത്തിയാണ് സിബിഐ അന്വേഷണം നേടിയെടുത്തത്. എന്നാൽ നേരറിയാൻ സിബിഐ യെ ആശ്രയിച്ചിട്ടും കാര്യമില്ലെന്ന അവസ്ഥയാണ് ഇപ്പോൾ.

തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ച സലിം രാജിനെതിരെ നിസ്സാര വകുപ്പ് മാത്രം ചുമത്തിയാണ് സിബിഐ ഇപ്പോൾ കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തൽ എന്ന വകുപ്പ് മാത്രമാണ് സലിം രാജിനെതിരെ. ഇത് സലിം രാജിനെതിരെ നിലനിൽക്കുന്ന വകുപ്പല്ലെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. എന്നാൽ സലിം രാജ് ഗുരുതരമായ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് നേരത്തെ സിബിഐ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ  വിശദാംശങ്ങൾ  മറുനാടൻ മലയാളിക്ക് ലഭിച്ചു. ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾക്ക് വിരുദ്ധമായാണ് സലിംരാജ് നിസ്സാരകുറ്റം മാത്രമേ ചെയ്തുള്ളൂവെന്ന നിലപാട് ഇപ്പോൾ സിബിഐ സ്വീകരിച്ചിരിക്കുന്നത്.

ഈ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും സിബിഐ നേരത്തെ അയച്ചുകൊടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 7 വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമം അനുസരിച്ചും ഉള്ള കുറ്റകൃത്യങ്ങൾ സലിംരാജ് ചെയ്തിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയത്. ഗൂഢാലോചന, വഞ്ചന, ലാഭം ഉണ്ടാകാൻ വേണ്ടി വഞ്ചിക്കുക, വ്യാജരേഖ ഉണ്ടാക്കുക, ആ രേഖ യഥാർഥ രേഖയാക്കി തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുക, ഇതുപയോഗിച്ച് നേട്ടം ഉണ്ടാക്കുക, ആളുകളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ സലിംരാജ് ചെയ്തിട്ടുണ്ടെന്നാണ് സിബിഐ ഈ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ സിബിഐ സലിംരാജിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത് നിസ്സാരമായ 506 എന്ന വകുപ്പ് മാത്രം.

എങ്ങനെയാണ് കുറ്റപത്രത്തിൽ സലിംരാജിനെതിരെ നിസ്സാരവകുപ്പ് മാത്രം ചുമത്തപ്പെട്ടത് എന്നതിനെക്കുറിച്ച് ദുരൂഹത നിലനിൽക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ വരെ ഉൾപ്പെട്ട കേസാണ് കടകംപള്ളി. ഇത്തരം രാഷ്ട്രീയ നേതാക്കൾക്ക് തട്ടിപ്പുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ തയ്യാറായിട്ടില്ല. ഏതോ സമ്മർദ്ദത്തിന് സിബിഐ വഴങ്ങുന്നു എന്ന തോന്നലാണ് അന്വേഷണം ഉടനീളം വിലയിരുത്തുമ്പോൾ ഉണ്ടാകുന്നത്. കോടികളുടെ കള്ളപ്പണം ഭൂമിതട്ടിപ്പിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്ന ആരോപണം ഉയർന്നിരുന്നു. ആരുവഴിയാണ് ഈ കള്ളപ്പണം എത്തിയത് എന്നത് സംബന്ധിച്ച് സിബിഐ യ്ക്ക് വിവരം ലഭിച്ചിട്ടില്ല. സലിംരാജിന്റെ പിന്നിൽ അധികാരകേന്ദ്രങ്ങൾ വഴി തട്ടിപ്പിന് സഹായം നൽകിയവരും ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്ത് തന്നെ. ആ വഴിക്ക് അന്വേഷണം നടത്താനും സിബിഐ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ സലിംരാജ് ആ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതോടെ ആ വഴിക്കും സിബിഐ അന്വേഷണം നടത്തിയില്ല.

ആദ്യം വിജിലൻസാണ് കേസന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നുവർഷം നീണ്ടുനിന്ന വിവാദങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായത്. കഴിഞ്ഞവർഷം ജൂണിൽ സലീംരാജ് ഉൾപ്പെടെ 10 പേരെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

മുൻ എം എൽ എ വർക്കല കഹാറിന്റെ ബന്ധു ഭൂമി തട്ടിപ്പിന് ഇരയായവരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ വരെ സിബിഐയ്ക്ക് ലഭിച്ചതാണ്. ഇതുകൂടാതെ ഉന്നതരുമായി ബന്ധപ്പെട്ട നിരവധി തെളിവുകളും പരാതിക്കാരിൽ പലരും കൈമാറി. എന്നാൽ ആ വഴിക്കൊക്കെ അന്വേഷണം നടത്താനോ ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാനോ സിബിഐ തയ്യാറായില്ല. കേസ് ഏതാനും ചില ചെറുമീനുകളിൽ മാത്രം ഒതുക്കി അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന. സിബിഐയുടെ വലക്കണ്ണികളിൽ കുടുങ്ങാതെ വമ്പൻസ്രാവുകൾ ഇപ്പോഴും സുരക്ഷിതർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP