Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപ്പണി തെറിച്ചതിന്റെ പിന്നിൽ ക്രിസ്ത്യൻ പെന്തക്കോസ്ത് സംഘടനകളെ വഴിവിട്ടു സഹായിക്കാൻ ശ്രമിച്ചതോ? വിദേശ വിനിമയ ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചതിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ ചർച്ച് ഓഫ് ഗോഡ് അടക്കമുള്ള സംഘടനകൾക്ക് വിദേശപണം കൈപ്പറ്റാൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് മന്ത്രി എഴുതിയ കത്തുകൾ പുറത്ത്; ക്രൈസ്തവരെ അടുപ്പിക്കാൻ നിയമിച്ച മന്ത്രി ബിജെപിയുടെ പ്രതീക്ഷ തകർത്തപ്പോൾ മന്ത്രിപദവിയും തെറിച്ചു

അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപ്പണി തെറിച്ചതിന്റെ പിന്നിൽ ക്രിസ്ത്യൻ പെന്തക്കോസ്ത് സംഘടനകളെ വഴിവിട്ടു സഹായിക്കാൻ ശ്രമിച്ചതോ? വിദേശ വിനിമയ ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചതിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ ചർച്ച് ഓഫ് ഗോഡ് അടക്കമുള്ള സംഘടനകൾക്ക് വിദേശപണം കൈപ്പറ്റാൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് മന്ത്രി എഴുതിയ കത്തുകൾ പുറത്ത്; ക്രൈസ്തവരെ അടുപ്പിക്കാൻ നിയമിച്ച മന്ത്രി ബിജെപിയുടെ പ്രതീക്ഷ തകർത്തപ്പോൾ മന്ത്രിപദവിയും തെറിച്ചു

ആർ കനകൻ

ന്യൂഡെൽഹി: അൽഫോൻസ് കണ്ണന്താനത്തെ ഒന്നാം മോദി മന്ത്രിസഭയിൽ അംഗമാക്കിയത് ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. രണ്ട് വർഷം മന്ത്രിയായിരുന്നിട്ടും ഇക്കാര്യത്തിൽ കണ്ണന്താനത്തിന് കാര്യമായൊന്നു ചെയ്യാൻ സാധിച്ചില്ല. എന്നു മാത്രമല്ല, ബിജെപി പ്രവർത്തകരുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുന്ന വിധത്തിൽ അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു. വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ എത്തിയപ്പോഴും കണ്ണന്താനത്തെ വീണ്ടും കേന്ദ്രമന്ത്രി സഭയിൽ എടുക്കാതിരുന്നത് മുൻകാല പ്രവൃത്തികളുടെയും പ്രസ്താവനയുടെയും പശ്ചാത്തലത്തിലായിരുന്നു.

കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാനും അവരെ ബിജെപിയിലേക്ക് അടുപ്പിക്കാനും ഇടതു-വലത് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്‌ത്താനുമൊക്കെയാണ് അൽഫോൻസ് കണ്ണന്താനത്തെ എംപിയും പിന്നീട് കേന്ദ്രമന്ത്രിയും ആക്കാൻ ബിജെപി തുനിഞ്ഞത്. എന്നാൽ, ഈ പറഞ്ഞ ലക്ഷ്യങ്ങൾ നേടാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, വിദേശഫണ്ട് സ്വീകരിക്കുന്ന വിവിധ ക്രൈസ്തവ സംഘടനകൾ കാട്ടിയ ക്രമക്കേടിനെ വെള്ളപൂശാൻ കണ്ണന്താനം ശ്രമിച്ചതുമാണ് ഇക്കുറി മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് കാരണം.

കേന്ദ്രടൂറിസം സഹമന്ത്രിയായിരുന്ന കണ്ണന്താനം സംസ്ഥാനത്തിനോ പത്തനംതിട്ട, കോട്ടയം പാർലമെന്റ് മണ്ഡലങ്ങൾക്കോ വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല സ്വദേശി ദർശൻ പ്രകാരമുള്ള ധനസഹായം ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്തു. കൃത്യസമയത്ത് കണക്കുകൾ നൽകാതെയിരിക്കുകയും സ്വീകരിക്കുന്നിൽ സുതാര്യത ഇല്ലാതെയിരിക്കുകയും ചെയ്യുന്ന വിവിധ മതസംഘടനകളുടെ വിദേശഫണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. കൂടുതലും ക്രൈസ്തവ സ്ഥാപനങ്ങളുടെ ഫണ്ട് ആണ് മരവിപ്പിച്ചിരുന്നത്. ഇത് വിട്ടു കിട്ടാൻ വേണ്ടി അൽഫോൻസ് കണ്ണന്താനം വിവിധ മതസംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി നൽകിയ ശിപാർശ കത്ത് പുറത്തു വന്നത് മറുനാടന് ലഭിച്ചു.

കുമ്പനാട് ആസ്ഥാനമായുള്ള ഏഷ്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തൽ സഭയായ ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച്, മുളക്കുഴ ആസ്ഥാനമായ ചർച്ച ്ഓഫ് ഗോഡ്, റെഹബോത്ത് ഗേൾസ് ഓർഫനേജ് ട്രസ്റ്റ്, തൃശൂർ തുടങ്ങി വിവിധ ക്രിസ്ത്യൻ സഭകൾക്കും പള്ളികൾക്കും വേണ്ടിയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രാലയത്തിലെ വിദേശഫണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി അനിൽ മാലിക് എന്നിവർക്കാണ് അൽഫോൻസ് കണ്ണന്താനം കത്തയച്ചിരിക്കുന്നത്. റിട്ടേൺസ് ഫയൽ ചെയ്യാതെ എഫ്സിആർഎ രജിസ്ട്രേഷൻ ക്യാൻസൽ ആയിപ്പോയ പള്ളിക്ക് പിഴ ഈടാക്കി അത് പുനഃസ്ഥാപിച്ച് നൽകണമെന്ന് കഴിഞ്ഞ വർഷം മെയ് 11 ന് അനിൽ മാലികിന് അയച്ച കത്തിൽ പറയുന്നു. എന്റെ എത്രയും പ്രിയപ്പെട്ട അനിൽ മാലികിന് എന്നാണ് കത്തിൽ സംബോധന ചെയ്തിരിക്കുന്നത്.

പ്രധാന നടത്തിപ്പുകാരന്റെ പേരിൽ മാറ്റം വന്നതിനാലാണ് മുളക്കുഴ ആസ്ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദായതെന്നും പിജെ ജോസഫ് എന്ന മുഖ്യകാര്യക്കാരന്റെ പേരിന്റെ സ്ഥാനത്ത് സിസി തോമസ് എന്ന് ചേർക്കണമെന്നും കഴിഞ്ഞ വർഷം മെയ്‌ 17 ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്തിൽ പറയുന്നു. ഐപിസിയെ കേരളത്തിൽ ഏറ്റവുമധികം മാനവസേവനം ചെയ്യുന്ന സംഘടനയായിട്ടാണ് മെയ്‌ നാലിന് രാജ്നാഥ് സിങിന് അയച്ച കത്തിൽ വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ അംഗങ്ങൾ എല്ലാം വിദേശത്താണ്. അവിടെ നിന്ന് ചർച്ച് ഫണ്ടിലേക്ക് സംഭാവന അയയ്ക്കേണ്ടതുണ്ട്. എഫ്സിആർഎ ഡിവിഷൻ ചർച്ച് ആസ്ഥാനത്ത് പരിശോധന നടത്തിപ്പോയി. പിന്നെ വിവരമൊന്നുമില്ല. ആ ഫയൽ നമ്പർ സഹിതം എഴുതി ലൈസൻസ് പുതുക്കി നൽകണമെന്നാണ് കത്തിൽ പറയുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് രാജ്നാഥ് സിങിന് അയച്ച കത്തിൽ തൃശൂരിലെ റഹ്ബോത്ത് അനാഥാലയത്തിന്റെ എഫ്സിആർഎ ലൈസൻസ് പുതുക്കി നൽകണമെന്ന് അപേക്ഷിക്കുന്നുണ്ട്. വരവ് ചെലവ് കണക്ക് നൽകാത്തതു കൊണ്ടാണ് ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. അതുടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ അനാഥാലയ നടത്തിപ്പ് അവതാളത്തിലാകുമെന്നും കത്തിൽ പറയുന്നു. സക്കീർ നായിക് ഭീകര പ്രവർത്തനത്തിനായി വൻ തോതിൽ ഇന്ത്യയിലേക്ക് പണം ഒഴുക്കി എന്ന് കണ്ടെത്തിയതോടെയാണ് വിദേശഫണ്ട് സ്വീകരിക്കുന്ന സകല സ്ഥാപനങ്ങളെയും ആഭ്യന്തരമന്ത്രാലയം കൈയോടെ പിടികൂടിയത്.

എഫ്സിആർഎയിലെ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയാൽ എന്തും നടക്കും എന്നതായിരുന്നു സ്ഥിതി. ഇവിടെ പിടിവീണതോടെ രാജ്യത്തെ 95 ശതമാനത്തോളം സന്നദ്ധ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും വിദേശഫണ്ട് സ്വീകരണം കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. അതിപ്പോഴും പുനഃസ്ഥാപിച്ചിട്ടുമില്ല. മതിയായ കാരണത്തോടെ തടഞ്ഞു വച്ച വിദേശഫണ്ടുകൾക്ക് വേണ്ടിയാണ് അൽഫോൻസ് കത്തെഴുതിയത്. ഇതാണ് അദ്ദേഹത്തിന് വിനയായത്. ഇതൊക്കെ ഒരു നെഗറ്റീവ് മാർക്കായി മന്ത്രിക്ക് വന്നെങ്കിലും അൽഫോൻസിന്റെ മന്ത്രിസ്ഥാനം കേരളത്തിലെ ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതിയത്. അതുണ്ടായില്ലെന്ന് മാത്രമല്ല, അൽഫോൻസിന്റെ സ്വന്തം മണ്ഡലമായ പത്തനംതിട്ടയിൽ ന്യൂനപക്ഷ വോട്ടുകൾ മുൻപെങ്ങുമില്ലാത്ത വിധം ഏകീകരിക്കുകയും ചെയ്തു.

ശബരിമല വരുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഈ കാഞ്ഞിരപ്പള്ളിക്കാരന്റെ മന്ത്രിസഭയിലെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് കേന്ദ്രനേതൃത്വം കരുതിയത്. ടൂറിസം വകുപ്പ് നടപ്പാക്കിയ സ്വദേശി ദർശൻ പദ്ധതി പ്രകാരം കോടികളാണ് അൽഫോൻസ് കേരളത്തിലെ ആരാധനാലയങ്ങൾക്ക് കൊണ്ടു വന്നത്. ക്ഷേത്രങ്ങളെക്കാളുപരി മോസ്‌കുകൾക്കും ക്രിസ്ത്യൻ പള്ളികൾക്കുമാണ് പണം വാരിക്കോരി നൽകിയത്. പെന്തക്കോസ്ത് സഭകൾക്ക് വരെ കോടികൾ നൽകി. കുമ്പനാട് ആസ്ഥാനമായ ഐപിസിക്ക് 1.63 കോടിയാണ് സ്വദേശി ദർശൻ പദ്ധതി പ്രകാരം നൽകിയത്. പത്തനംതിട്ട മണ്ഡലത്തിൽ നിർണായകമായ വോട്ടുള്ള ഐപിസിക്കാർ കേന്ദ്രത്തിന്റെ കാരുണ്യം നേരിട്ടറിഞ്ഞ് അന്തം വിട്ടു നിന്നു.

മോദി ഇത്രയ്ക്ക് വിശാല ഹൃദയനാണല്ലോ എന്നൊരു അഭിപ്രായവും സഭയ്ക്കുള്ളിൽ രൂപം കൊണ്ടു. ഇതോടെ സഭാ നേതൃത്വം അപകടം മണത്തു. അവർ വിശ്വാസികളുടെ യോഗം വിളിച്ചു ചേർത്തു. ഒന്നും കാണാതെ കേന്ദ്രസർക്കാർ തങ്ങൾക്ക് ഇത്രയും പണം തരാൻ സാധ്യതയില്ലെന്നും കുമ്പനാട് ഐപിസിയുടെ വിശാലമായ മൈതാനം ശബരിമല ഇടത്താവളമാക്കുകയാണ് ലക്ഷ്യമെന്നും ഒരു പ്രചാരണം ഇവർ തുടങ്ങി വച്ചു. ഇതോടെ മോദിയോട് തോന്നിയ സഹാനുഭൂതി ഉദിച്ചപ്പോഴേ അസ്തമിച്ചു. പത്തനംതിട്ട ജില്ലയിൽ മാത്രം സ്വദേശ് ദർശൻ പദ്ധതി പ്രകാരം 10. 72 കോടിയാണ് അനുവദിച്ചത്. ഇതിൽ ഏറെയും ക്രൈസ്തവ-മുസ്ലിം ആരാധനാലയങ്ങൾക്കാണ്.

തീർത്ഥാടന പ്രാധാന്യമുള്ള ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് കേന്ദ്രഫണ്ട് ഫണ്ട് അനുവദിച്ചിട്ടുള്ളത്. പത്തനംതിട്ടയിൽ അൽഫോൻസ് അനുവദിച്ചത് ക്രൈസ്തവ മുസ്ലിം ആരാധനലായലങ്ങൾക്കായിരുന്നു. അന്ന് അദ്ദേഹം ആറാധനായങ്ങൾക്ക് അനുവദിച്ച തുക ഇങ്ങനെയായിരുന്നു: സെന്റ് ജോൺസ് കത്തീഡ്രൽ, തിരുവല്ല 64,13, 586 രൂപ, സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളി നിരണം 86,56,451രൂപ. സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, ചന്ദനപ്പള്ളി 22,24,732 രൂപ. സെന്റ് തോമസ് ക്നാനായ പള്ളി റാന്നി 21,95,456രൂപ. ഐപിസി, ഹെബ്രോൻ കുമ്പനാട് 1,63,49,110രൂപ. ജുമാമസ്ജിദ് ചിറ്റാർ 30,73,145രൂപ. അടൂർ മുസ്ലിം ജമാ അത്ത് ട്രസ്റ്റ് 57,21,058രൂപ. ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്ത് 75,12,894രൂപ. കവിയൂർ മഹാദേവ ക്ഷേത്രം 36,19, 126രൂപ. കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് 27,60, 371രൂപ., നൂർ മൊഹമ്മദിയ ജുമാ മസ്ജിദ് തൃക്കോമല, റാന്നി 30,29, 125രൂപ., പ്രത്യക്ഷ രക്ഷാദൈവസഭ, ഇരവിപേരൂർ 87,62265രൂപ. ശബരി ശരണ ആശ്രമം 1,53,99,503രൂപ. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വൈകുണ്ഠപുരം 18,74,484രൂപ. ശ്രീപാർഥസാരഥി ക്ഷേത്രം അടൂർ 83,36,820രൂപ., ശ്രീ അയ്യപ്പട്രസ്റ്റ്, പടുതോട് 5,40,698രൂപ.

സംസ്ഥാനത്തെ 133 ആരാധനാലയങ്ങളെ ബന്ധിപ്പിച്ചായിരുന്നു സ്പിരിച്വൽ സർക്യൂട്ടിന് കേന്ദ്ര ടൂറിസം വകുപ്പ് അംഗീകാരം നൽകിയത്. ന്യൂനപക്ഷ വോട്ടുകിട്ടുന്നതിനായിൽ അൽഫോൻസ് കണ്ണന്താനം സമുദായ പ്രീണനം നടത്തിയെന്ന വികാരം ഇതിലൂടെ ബിജെപിക്കാർക്കിടയിലും ശക്തമായിരുന്നു. ഇതെല്ലാം പരാതിയുടെ രൂപത്തിൽ മോദിയുടെ മുന്നിൽ എത്തിയതാണ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം തെറിക്കാൻ ഇടയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP