Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജേക്കബ് തോമസിനെ ഒടുവിൽ പിണറായി കൈവിട്ടത് ഹരീഷ് സാൽവെയുടെ ഉപദേശം സ്വീകരിച്ച്; തീരുമാനം ഉണ്ടായത് നളിനി നെറ്റോയും ബെഹ്‌റയും സാൽവെയുമായി കൂടിക്കാഴ്ച നടത്തി വന്നയുടൻ; ജേക്കബ് തോമസിനെ മാറ്റുന്നില്ലേയെന്ന് ചോദിച്ചത് ജസ്റ്റീസ് ഉബൈദ് ലാവ്‌ലിൻ കേസിൽ വിധി പറയാനിരിക്കവേ തീരുമാനം ഉടനെടുക്കാൻ ഉപദേശിച്ചത് പിണറായിയുടെ അഭിഭാഷകൻ

ജേക്കബ് തോമസിനെ ഒടുവിൽ പിണറായി കൈവിട്ടത് ഹരീഷ് സാൽവെയുടെ ഉപദേശം സ്വീകരിച്ച്; തീരുമാനം ഉണ്ടായത് നളിനി നെറ്റോയും ബെഹ്‌റയും സാൽവെയുമായി കൂടിക്കാഴ്ച നടത്തി വന്നയുടൻ; ജേക്കബ് തോമസിനെ മാറ്റുന്നില്ലേയെന്ന് ചോദിച്ചത് ജസ്റ്റീസ് ഉബൈദ് ലാവ്‌ലിൻ കേസിൽ വിധി പറയാനിരിക്കവേ തീരുമാനം ഉടനെടുക്കാൻ ഉപദേശിച്ചത് പിണറായിയുടെ അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഊരാക്കുടുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ സിബിഐ നൽകിയ ഹർജി അന്തിമ വാദത്തിലാണ്. വാദം കേൾക്കുന്നത് ജസ്റ്റീസ് ഉബൈദും. ലാവ്‌ലിനിൽ വിചാരണ പോലും നടത്താതെയാണ് പിണറായിയെ കുറ്റവിമുക്തനാക്കിയത്. ഈ സാഹചര്യത്തിലാണ് കേസ് ഹൈക്കോടതിയിലേക്ക് എത്തുന്നത്. കീഴ്് കോടതിയിൽ എടുക്കാത്ത വാദമുഖങ്ങൾ ഹൈക്കോടതിയിൽ ഉയർത്തുകയും ചെയ്യുന്നു. ഇതോടെ ലാവ്‌ലിൻ അഴിമതിക്കേസിൽ വിചാരണ നടക്കട്ടേയെന്ന വിധി ഹൈക്കോടതിയിൽ നിന്നുണ്ടാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമെത്തി. അതു സംഭവിച്ചാൽ പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം പോലും രാജിവയ്‌ക്കേണ്ടി വരും. ഇത് മുന്നിൽ കണ്ട് വിവിഐപി അഭിഭാഷകനായ ഹരീഷ് സാൽവെയെ ഡൽഹിയിൽ നിന്ന് കൊണ്ടു വരികയും ചെയ്തു. സാൽവെയുടെ ഉപദേശമനുസരിച്ചാണ് ഇപ്പോൾ പിണറായിയുടെ നീക്കങ്ങൾ.

പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയും ഹരീഷ് സാൽവെയും അടുത്ത സുഹൃത്തുക്കളാണ്. സിബിഐയിൽ ജോലി നോക്കവെയാണ് സാൽവയുമായി ബെഹ്‌റ അടുത്തത്. പിണറായിയുടെ കേസ് വാദിക്കാൻ സാൽവെയെ കൊണ്ടു വന്നതും ബെഹ്‌റയായിരുന്നു. കേസുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിന് ബെഹ്‌റയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഇപ്പോൾ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയും കഴിഞ്ഞ ദിവസം ഡൽഹിയിലായിരുന്നു. ലാവ്‌ലിൻ കേസിൽ സാൽവെയുമായി കൂടിക്കാഴ്ചയും വിശദ ചർച്ചയുമായിരുന്നു ലക്ഷ്യം. ഈ ചർച്ചയിലാണ് ജസ്റ്റീസ് ഉബൈദിന്റെ ജേക്കബ് തോമസിനെതിരായ പരാമർശങ്ങൾ തള്ളരുതെന്ന് സാൽവെ നിലപാട് എടുത്തത്. ഇത് നളിനി നെറ്റോ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതോടെയാണ് ജേക്കബ് തോമസിനോട് അവധിയെടുക്കാൻ പിണറായി വിജയൻ നിർദ്ദേശിച്ചത്. ഈ സാഹചര്യത്തെ കുറിച്ച് ജേക്കബ് തോമസിനും അറിയാം. അതുകൊണ്ട് കൂടിയാണ് കടുത്ത വിമർശനം ഉയർത്താതെ അദ്ദേഹം അവധിയെടുത്ത് മാറി നിന്നതും. വിവാദങ്ങളിൽ എല്ലാം തനിക്കൊപ്പം നിന്ന മുഖ്യമന്ത്രിയെ വേദനിപ്പിക്കാതെ സ്ഥാനം വിട്ടതും അതുകൊണ്ടാണ്.

ഹൈക്കോടതിയിൽ കേസ് വാദം കേൾക്കുന്നത് ജസ്റ്റീസ് ഉബൈദാണ്. അതുകൊണ്ട് തന്നെ ഉബൈദിന് അലോസരമുണ്ടാകുന്നതൊന്നും സർക്കാർ ചെയ്യരുതെന്നാണ് ഹരീഷ് സാൽവെ നൽകിയിരിക്കുന്ന ഉപദേശം. കീഴ്‌കോടതിയിൽ വിചാരണ കഴിഞ്ഞ് ശിക്ഷ നൽകാത്ത കേസിനെ സാധാരണ ഹൈക്കോടതി അത്ര ഗൗരവത്തോടെ എടുക്കാറില്ല. ലാവ് ലിനിൽ വിഷയം മറ്റൊന്നാണ്. വിചാരണ നടന്നിട്ടില്ല. അതിനെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. വിചാരണ സമയത്ത് സാധാരണ ഹാജരാക്കേണ്ട തെളിവുകളൊന്നും കീഴ് കോടതി പരിഗണിക്കാതെ പിണറായിയെ വിടുതൽ ഹർജിയിലൂടെ കുറ്റവിമുക്തനാക്കി. ഇത് അഴിമതിക്കേസ് തന്നെയാണ്. അതുകൊണ്ട് വിചാരണ നടക്കണം. വിചാരണയ്ക്ക് ശേഷം കേസിൽ കോടതി തീരുമാനം എടുക്കട്ടേ എന്നതാണ് സിബിഐയുടെ ആവശ്യം. ഇതിൽ ന്യായമുണ്ട്. അതുകൊണ്ട് തന്നെ കോടതി ഈ തരത്തിൽ ചിന്തിക്കാം. അതിനാൽ ഹൈക്കോടതിയെ പ്രകോപിപ്പിക്കുന്നതൊന്നും ചെയ്യരുതെന്ന് പിണറായിക്ക് സാൽവെ നിർദ്ദേശം നൽകിയിരുന്നു.

ഇതിനിടെയാണ് വിവിധ വിജിലൻസ് കേസുകളിൽ ജേക്കബ് തോമസിനെതിരെ ജസ്റ്റീസ് ഉബൈദ് കടുത്ത നിലപാടുകൾ എടുത്തത്. ജേക്കബ് തോമസിനെതിരെ അതിരൂക്ഷമായ വിമർശനം നടത്തി. അപ്പോഴെല്ലാം മുഖ്യമന്ത്രി ചെയ്തത് ജേക്കബ് തോമസിനെ പിന്തുണയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ മാറ്റാത്തത് എന്താണെന്ന ചോദ്യം ജസ്റ്റീസ് ഉബൈദ് ചോദിച്ചത്. വാക്കലുള്ള ഈ നിർദ്ദേശം അവഗണിക്കരുതെന്നായിരുന്നു ഹരീഷ് സാൽവെ മുഖ്യമന്ത്രിക്ക് നൽകിയ ഉപദേശം. ഹൈക്കോടതിയെ അവഗണിക്കുന്ന കക്ഷിക്കാരനെ കുറിച്ച് അവമതിപ്പ് ഏതൊരു ജഡ്ജിക്കും ഉണ്ടാകാം. ഇത് വിധിയെ സ്വാധീനിക്കും. ലാവ്‌ലിൻ കേസിലെ വാദമുഖങ്ങളാകട്ടെ സിബിഐയ്ക്ക് മുൻതൂക്കവും ഉണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെ മാറ്റണമെന്ന ഉബൈദിന്റെ ആവശ്യം പരിഗണിച്ചേ മതിയാകൂവെന്ന നിയമോപദേശം മുഖ്യമന്ത്രിക്ക് കിട്ടി. ഇതോടെയാണ് ജേക്കബ് തോമസിൽ നിന്ന് അവധി ചോദിച്ചു വാങ്ങിയത്.

ജേക്കബ് തോമസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്നതിന് മുഖ്യമന്ത്രി അപ്പോഴും തയ്യാറായിട്ടില്ല. ഇപ്പോൾ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. ഒരു മാസം കൊണ്ട് ലാവ്‌ലിനിൽ ഹൈക്കോടതിയുടെ വിധി വരുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം ജേക്കബ് തോമസിന്റെ നിയമനത്തിൽ തീരുമാനം എടുക്കും. ഉചിതമായ പദവി നൽകാമെന്ന് മുഖ്യമന്ത്രി ജേക്കബ് തോമസിന് ഉറപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റീസിനെ പിണക്കി കേസുമായി മുന്നോട്ട് പോകുന്നത് തിരിച്ചടിയാണെന്ന് ജേക്കബ് തോമസിനെ നളിനി നെറ്റോയും അറിയിച്ചിട്ടുണ്ട്. ജേക്കബ് തോമസുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് നളിനി നെറ്റോയും. ഇതുവരെയുള്ള എല്ലാ വിവാദത്തിലും ജേക്കബ് തോമസിന് ഉറച്ച പിന്തുണയാണ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ ആഭ്യന്തര സെക്രട്ടറിയായ നളിനി നെറ്റോ നൽകി പോന്നത്. അതുകൊണ്ട് തന്നെ നളിനി നെറ്റോയുടെ ഉപദേശവും ജേക്കബ് തോമസ് സ്വീകരിക്കുകയായിരുന്നു.

നിലവിൽ വിജിലൻസിന്റെ ചുമതല ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് നൽകിയിരിക്കുന്നത്. ലാവ്‌ലിൻ കേസിലെ വിധിക്ക് ശേഷം പൊലീസിൽ സമഗ്ര അഴിച്ചു പണി വരും. ഈ സമയം ജേക്കബ് തോമസിന് ഉചിതമായ പദവി ലഭിക്കും. ലാവ്‌ലിൻ കേസിൽ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി ശരിവച്ചാൽ പിണറായി കൂടുതൽ കരുത്തനാകും. അതുകൊണ്ട് തന്നെ പൊലീസിൽ തന്നെ തനിക്ക് മികച്ച പദവി ലഭിക്കാനുള്ള സാധ്യതയും ജേക്കബ് തോമസ് കാണുന്നു. അതിനാൽ ഒരു മാസം വരെ ജേക്കബ് തോമസ് കാത്തിരിക്കും. അതിന് മുമ്പ് ലാവ്‌ലിനിൽ ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ അവസാനിക്കുമെന്ന് ജേക്കബ് തോമസിനും അറിയാം. അതുകൊണ്ട് തന്നെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയൊന്നും ജേക്കബ് തോമസ് എടുക്കില്ല.

ആരോപണങ്ങൾക്കിടയിലും പത്തുമാസത്തോളം ജേക്കബ് തോമസിനെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണ് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയത്. ജേക്കബ് തോമസിനെ എന്തുകൊണ്ട് മാറ്റുന്നില്ലെന്ന് വ്യാഴാഴ്ച ഹൈക്കോടതി ആരാഞ്ഞിരുന്നു. വിജിലൻസ് ഇത്തരത്തിൽ മുന്നോട്ടുപോയാൽ ഡയറക്ടറെ കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടിവരുമെന്നുവരെ കോടതി അഭിപ്രായപ്പെട്ടു. കോടതി പരാമർശം ഗൗരവമായി കാണേണ്ട സാഹചര്യം മുഖ്യമന്ത്രിയുടെ ഓഫീസ് ജേക്കബ് തോമസിനെ വെള്ളിയാഴ്ച ഉച്ചയോടെ ധരിപ്പിച്ചു. അവധിയിൽ പ്രവേശിക്കാൻ വാക്കാൽ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം അവധിയിൽ പ്രവേശിച്ചു. ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയ ബോർഡ് വിജിലൻസ് ആസ്ഥാനത്തുനിന്ന് നീക്കി. അപ്പോൾത്തന്നെ ലോക്നാഥ് ബെഹ്റയുടെ പേരെഴുതിയ ബോർഡും സ്ഥാപിച്ചു.

എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലേറിയശേഷം നടത്തിയ പൊലീസിന്റെ ഉന്നതതലനിയമനത്തിൽ ആദ്യത്തേതായിരുന്നു ജേക്കബ് തോമസിന്റെത്. എന്നാൽ, പലപ്പോഴും കോടതിയിൽനിന്നും മറ്റും വലിയ വിമർശം അദ്ദേഹത്തിനെതിരേ ഉണ്ടായി. ഈ സമയത്തെല്ലാം ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. ഇടതുമുന്നണിയിൽനിന്നും ജേക്കബ് തോമസിനെതിരേ വിമർശമുയർന്നിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ അനാവശ്യമായി പ്രതിക്കൂട്ടിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഘട്ടത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥർ ഒന്നടങ്കം രംഗത്തുവന്നു. ഇതോടെ ഡയറക്ടർസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് ജേക്കബ് തോമസ് കത്തുനൽകി. എന്നാൽ, മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തെ സ്ഥാനത്ത് തുടരാൻ നിർബന്ധിക്കുകയായിരുന്നു..

അവിഹിത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ജേക്കബ് തോമസിനെതിരേ ആരോപണമുയർന്നപ്പോൾ 'ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നായിരുന്നു' മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും വിജിലൻസ് ഡയറക്ടർക്കെതിരേ വലിയ വിമർശനമുയർന്നു. അപ്പോഴും ജേക്കബ് തോമസിനൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ മനസ്സ്. എന്നാൽ ഹരീഷ് സാൽവെയുടെ ഉപദേശം കേൾക്കേണ്ട ബാധ്യത പിണറായിക്കുണ്ട്. ഒരു സിറ്റിങ്ങിന് 30 ലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെ കേരളാ ഹൈക്കോടതിയിൽ എത്തിച്ചത് ലാവ്‌ലിനിൽ വിജയം മാത്രം പ്രതീക്ഷിച്ചാണ്. അധികാരത്തിൽ കൂടുതൽ കരുത്തനാകാൻ ലാവ്‌ലിൻ കേസ് മുഖ്യമന്ത്രിക്ക് അത്രത്തോളം പ്രധാനപ്പെട്ടതുമാണ്. ഈ സഹാചര്യത്തിലാണ് ജസ്റ്റീസ് ഉബൈദിന്റെ വിമർശനങ്ങളുടെ പേരിൽ ജേക്കബ് തോമസിനെ കൈവിടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP