Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി സി ജോർജിന് പാരയായത് കാഞ്ഞിരപ്പള്ളി മെത്രാന്റെ മകനാണ് ഫാരീസ് അബൂബേക്കർ എന്ന ആരോപണം; നടക്കാതെ പോയത് കോടിയേരിയുടെ മകൻ ജോർജിന്റെ മകനുമായി ഉണ്ടാക്കിയ ധാരണ; പൂഞ്ഞാറിലെ സ്ഥാനാർത്ഥി മാർ മാത്യു അറയ്ക്കൽ നിർദ്ദേശിക്കുന്ന ആൾ തന്നെ

പി സി ജോർജിന് പാരയായത് കാഞ്ഞിരപ്പള്ളി മെത്രാന്റെ മകനാണ് ഫാരീസ് അബൂബേക്കർ എന്ന ആരോപണം; നടക്കാതെ പോയത് കോടിയേരിയുടെ മകൻ ജോർജിന്റെ മകനുമായി ഉണ്ടാക്കിയ ധാരണ; പൂഞ്ഞാറിലെ സ്ഥാനാർത്ഥി മാർ മാത്യു അറയ്ക്കൽ നിർദ്ദേശിക്കുന്ന ആൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അവസാന നിമിഷം വരെ പിസി ജോർജും കാത്തിരിക്കുയാണ്. ആദ്യമൊക്കെ ഉറപ്പായും പൂഞ്ഞാർ സീറ്റ് തനിക്ക് എന്ന് തന്നെയാണ് ജോർജ് വിശ്വസിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഇടപെടൽ മൂലം ഒരു പക്ഷേ തനിക്കും മകനും സീറ്റ് കിട്ടുമെന്ന് കരുതി. ആ ഒരു ഉറപ്പ് പാർട്ടി സെക്രട്ടറിയുടെ മകനും നൽകി. അതുകൊണ്ടാണ് സീറ്റ് സംബന്ധിച്ച തീരുമാനം അവസാനം വരെ നീണ്ടിട്ടും ജോർജ് പ്രതീക്ഷയോടെ കാത്തിരുന്നത്. ജോർജിന്റെ ഇഷ്ടക്കാരായ കോട്ടയത്തെ പ്രവർത്തകർ ജോർജിനെ ഇടതിന്റെ സ്വഭാവിക സ്ഥാനാർത്ഥിയാക്കി അവതരിപ്പിച്ചു. ഇന്നലെ കൂടി ഇടത് മുന്നണി ഘടകകക്ഷിയായാണ് മനോരമ അവതരിപ്പിച്ചത്. എന്നിട്ടും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അസന്നിഗ്ദ്ധമായി ജോർജിന് സീറ്റ് ഇല്ല എന്ന് അറിയിച്ചു. ഏതാനും ദിവസങ്ങളായി ജോർജിന് ഇത് സംബന്ധിച്ച സൂചന ലഭിച്ചിരുന്നു. അവസാന ശ്രമം എന്ന നിലയിൽ ജോർജ് തിരുവനന്തപുരത്ത് എത്തി മടങ്ങിയ ശേഷം വലിയ പ്രതീക്ഷ ഇല്ലാതെയായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത്. എങ്കിലും അന്തിമ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

പാർട്ടി സെക്രട്ടറി ആഗ്രഹിച്ചിട്ടും ജോർജിന് സീറ്റ് ലഭിക്കാതെ പോയത് ജോർജിന്റെ നാക്ക് കൊണ്ട് തന്നെയാണ്. പിണറായിയെയും വിഎസിനെയും ഒക്കെ ജോർജ് പറഞ്ഞ ചീത്ത വാക്കുകൾ അവരും മറന്നിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതൊന്നും ഒരു പ്രശ്‌നം ആവില്ല എന്ന് ജോർജ് പ്രതീക്ഷിച്ചിരുന്നു. ഒരു പരിധി വരെ അത് ശരിയാണ് താനും. ജോർജിന്റെ തെറ്റുകൾ ക്ഷമിക്കാൻ സിപിഐ(എം) നേതാക്കൾ ഒരുക്കമായിരുന്നു. എന്നാൽ ജോർജിന് പാരയായത് കാഞ്ഞിരപ്പള്ളി മെത്രാന്റെ ഉറച്ച നിലപാട് തന്നെ ആയിരുന്നു. ജോർജ് ജെ മാത്യു എന്ന സ്വന്തം സ്ഥാനാർത്ഥിയെ മെത്രാൻ ഇറക്കിയത് തന്നെ ജോർജിനെ ഉന്നം വച്ചായിരുന്നു. കർഷക വേദി എന്ന പേരിൽ മെത്രാൻ രൂപീകരിച്ച സംവിധാനത്തിന്റെ ഭാഗമായി 23 മണ്ഡലങ്ങളിൽ സിപിഎമ്മിന് പിന്തുണ കിട്ടും എന്ന ചിന്തയായപ്പോൾ പൂഞ്ഞാർ മെത്രാൻ നിർദ്ദേശിക്കുന്നവർക്ക് എന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്.

ജോർജിനോടുള്ള മെത്രാന്റെ പിണക്കത്തിന് ഒരു പതിറ്റാണ്ടോളം പ്രായമുണ്ട്. ദീപിക ദിനപത്രം ഫാരീസ് അബൂബക്കർ എന്ന വിവാദ വ്യവസായിയുടെ കൈയിൽ അകപ്പെട്ട സമയത്ത് മെത്രാനെതിരെ ജോർജ് നടത്തിയ ഒരു പ്രസംഗമാണ് അവർ തമ്മിലുള്ള ബന്ധം തീരെ വഷളാക്കിയത്. മാത്യു അറയ്ക്കലിന് ഉണ്ടായ മകനാണോ ഫാരീസ് അബൂബക്കർ എന്ന് സംശയിക്കുന്നതായി ജോർജ് പ്രസംഗിച്ചു എന്ന ആരോപണമാണ് മെത്രാന്റെ ഹിറ്റ് ലിസ്റ്റിൽ ജോർജ് ഇടം നേടാൻ കാരണമായത്. മെത്രാനുമായി അനുനയനത്തിന് ജോർജ് പലർ വഴി ശ്രമിച്ചെങ്കിലും നടക്കാതെ പോയത് ഈ ആരോപണം മൂലം ആയിരുന്നു. മെത്രാന്റെ സ്ഥാനാർത്ഥിക്ക് സീറ്റ് നൽകണം എന്ന നിർദ്ദേശം വന്നപ്പോൾ സ്വഭാവികമായും ജോർജ് പിന്തള്ളപ്പെടുകയായിരുന്നു. ഏതാണ്ട് ഒരു വർഷം മുമ്പ് തന്നെ മെത്രാനുമായി സിപിഐ(എം) ധാരണയിൽ എത്തിയിരുന്നു.

മറുനാടൻ മലയാളി മെത്രാന്റെ സ്ഥാനാർത്ഥിക്കെതിരെ എടുത്ത ശക്തമായ നിലപാട് പാർട്ടി അണികളെ വല്ലാതെ സ്വാധിക്കുകയും പാർട്ടിയിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടാവുകയും ചെയ്തതോടെ മെത്രാനെ പിണക്കാതെ ജോർജ് ജെ മാത്യുവിനെയും ഒഴിവാക്കാൻ ആണ് ഇപ്പോൾ പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പി സി ജോർജ് ആയിരിക്കില്ല സ്ഥാനാർത്ഥി എന്ന് അസന്നിഗ്ദ്ധമായി അറിയിച്ചത്. പാർട്ടി പ്രാദേശിക നേതൃത്വം ജോർജ് ജെ മാത്യുവിനെ ഒഴിവാക്കി തരണം എന്ന് മെത്രാനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ജോർജ് ജെ മാത്യു വിജയിക്കാൻ സാധ്യതയില്ല എന്ന അഭിപ്രായം ശക്തമായതോടെ കഴിഞ്ഞ ദിവസം പിണറായി വിജയൻ തന്നെ നേരിട്ട് വിളിച്ച് മെത്രാനുമായി പുനർവിചിന്തനത്തിന് ചർച്ച നടത്തി എന്നാണ് റിപ്പോർട്ട്. കടുത്ത എതിർപ്പിനെ തുടർന്ന് ജോർജ് ജെ മാത്യുവിന്റൈ വിജയസാധ്യതയെ കുറിച്ച് ഇപ്പോൾ മെത്രാൻ തന്നെ ഒരു പഠനം നടത്തുകയാണ്. ജോർജ് ജ് മാത്യു തോൽക്കാനും പിസി ജോർജ് ജയിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട് എന്ന് മെത്രാന് ബോധ്യമായതോടെ സ്ഥാനാർത്ഥി കാര്യത്തിൽ വിട്ടുവീഴ്ചയാകാം എന്ന നിലപാടിലേയ്ക്ക് മെത്രാൻ മാറി എന്നാണ് സൂചന.

ഇതേ തുടർന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളെ ഇന്നലെ മെത്രാൻ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഫ്രാൻസിസ് ജോർജും പിസി ജോസഫും ഇന്നലെ മെത്രാനെ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതോടെ പിസി ജോസഫ് പൂഞ്ഞാറിലെ സ്ഥാനാർത്ഥിയാകും എന്ന പ്രചരണം ശക്തമായി. എന്നാൽ പിസി ജോസഫ് മെത്രാൻ പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാൾ മാത്രമാണ്. പി സി ജോസഫ്, വിസി സെബാസ്റ്റ്യൻ എന്ന അൽമായ കമ്മീഷൻ നേതാവും ഇപ്പോൾ പരിഗണനയിൽ ഉണ്ട്. കാഞ്ഞിരപ്പള്ളി രൂപതയുമായി അടുത്ത് നിൽക്കുന്ന ജനകീയനായ ഒരാളുടെ പേരും ഉയർന്ന വരുന്നുണ്ട്. ഇവരിൽ ആരെയാണ് മത്സരിപ്പിക്കേണ്ടത് എന്ന് അന്തിമമായി തീരുമാനിക്കുന്നത് മെത്രാൻ ആയിരിക്കും. മെത്രാൻ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് മാത്രമെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിത്വം ലഭിക്കു. ഇവരിൽ ആരാണ് സ്ഥാനാർത്ഥിയാവുക എന്ന വ്യക്തമാക്കാൻ രണ്ടോ മൂന്നോ ദിവസം കൂടി വേണ്ടിവരും.

പൂഞ്ഞാറിലെ സ്ഥാനാർത്ഥി നിർണയം സിപിഎമ്മിന് കനത്ത വെല്ലുവിളി ഉയർത്തിയിരിക്കവേയാണ് ഈ മാറ്റങ്ങൾ. അണികൾ ഒന്നടങ്കം മെത്രാന്റെ സ്ഥാനാർത്ഥിക്കെതിരെ നിലപാട് എടുത്തതാണ് പ്രതിസന്ധിക്ക് കാരണം ആയത്. ജോർജ് ജെ മാത്യുവും പിസി ജോർജും വേണ്ട എന്ന നിലപാടിലാണ് ഇവിടുത്തെ സിപിഎമ്മുകാർ. സെക്രട്ടറിയേറ്റ് അംഗമായ കെ ജെ തോമസ്, പി ഷാനവാസ്, രാജേഷ്  എന്നിവരെയാണ് സിപിഐ(എം) പ്രവർത്തകർ നിർദ്ദേശിക്കുന്നത്. എന്നാൽ പിസി ജോർജിനും ജോർജ് ജെ മാത്യുവിനും പകരം ആരെ കൊണ്ട് വന്നാലും അംഗീകാരിക്കാം എന്ന അവസ്ഥയിലാണ് മണ്ഡലത്തിലെ പ്രവർത്തകർ ഇപ്പോൾ. എന്നാൽ ആ ആനുകൂല്യം മുതലെടുത്ത് മെത്രാൻ വിസി സെബാസ്റ്റ്യൻ എന്ന മെത്രാന്റെ ശിങ്കിടിയെ സ്ഥാനാർത്ഥിയാക്കുമോ എന്ന ഭയം ഇല്ലാതെയുമില്ല. അങ്ങനെ എങ്കിൽ ഇടി വെട്ടിയവനെ പാമ്പ കടിച്ച അവസ്ഥയിലാകും സിപിഎമ്മുകാർ.

എന്തായാലും പിസി ജോർജ് പൂഞ്ഞാറിൽ മത്സരിക്കും. ബിജെപിയുടെ ദുർബ്ബല സ്ഥാനാർത്ഥിയെ നിർത്തിക്കാനാണ് നീക്കം. ഇതിനൊപ്പം മുസ്ലിം വോട്ടുകൾ മുഴുവൻ അനുകൂലമാക്കും. ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാമെന്ന നിർദ്ദേശവും ജോർജിന് മുന്നിലുണ്ട്. എന്നാൽ മുസ്ലിം വോട്ടുകൾ ലഭിക്കില്ലെന്നതിനാൽ ഇതിന് ജോർജ്ജ് തയ്യാറല്ല. ബിജെപിയുടെ രഹസ്യ പിന്തുണയ്ക്കാണ് ശ്രമം. ദുർബ്ബല സ്ഥാനാർത്ഥിയെ നിറുത്തിച്ച് ബിജെപി വോട്ടുകൾ നേടാനാണ് നീക്കം. ഇതോടൊപ്പം എസിഡിപിഐ പോലുള്ള സംഘടനകളുടെ സഹായത്താൽ മുസ്ലിം വോട്ടും നേടും. മണ്ഡലത്തിലെ മുസ്ലിം മതന്യൂനപക്ഷവുമായി ജോർജിന് അടുത്ത ബന്ധമാണുള്ളത്.

അതിനിടെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉറച്ച നിലപാടുമായി പി.സി.ജോർജ് വീണ്ടും രംഗത്ത് എത്തി. തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മാറ്റിയെന്ന് ആരും അറിയിച്ചിട്ടില്ലെന്ന് ജോർജ് പറഞ്ഞു. ഇടതുപക്ഷത്തിന് ആരെയെങ്കിലും ചതിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദജ്രനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉറപ്പ് തന്നിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പൂഞ്ഞാറിൽ മത്സരിക്കുന്ന കാര്യത്തിൽ സംശമൊന്നുമില്ലെന്നും ജോർജ് പറഞ്ഞു. തനിക്കെതിരായ നീക്കങ്ങളിൽ ചില മാദ്ധ്യമ പ്രവർത്തകരാണെന്നും പിസി ജോർജ് പറഞ്ഞു

പിസി ജോർജ് പൂഞ്ഞാറിൽ ഇടത് സ്ഥാനാർത്ഥിയാകും എന്ന് എല്ലാ മാദ്ധ്യമങ്ങളും പറഞ്ഞ് കൊണ്ടിരുന്നപ്പോൾ ആവില്ല എന്ന് പറഞ്ഞത് മറുനാടൻ മാത്രമായിരുന്നു. അതാണ് ഇപ്പോൾ ശരിയായിരിക്കുന്നത്. ആറന്മുളയിൽ സിപിഐ(എം) സ്ഥാനാർത്ഥിയാക്കുന്നത് വീണ ജോർജ് ആണ് എന്ന് ആദ്യം പ്രസിദ്ധീകരിച്ചതും മറുനാടൻ ആയിരുന്നു. വീണയുടെ സ്ഥാനാർത്ഥിത്വവും ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും അംഗീകരിച്ച വീണയുടെ പേര് ഇന്ന് മണ്ഡലം കമ്മിറ്റികൾ കൂടി ചർച്ച ചെയ്തതോടെ നാളെ മുതൽ വീണയ്ക്ക് പ്രചരണം ആരംഭിക്കാം. അഴീക്കോട് നികേഷ് കുമാർ തന്നെയാവും സ്ഥാനാർത്ഥിയെങ്കിലും ഇപ്പോൾ പ്രഖ്യാപിക്കാത്തത് സിഎംപിയുടെ അക്കൗണ്ടിൽ നൽകാൻ വേണ്ടിയാണെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP