Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല സ്ത്രീപ്രവേശനത്തിൽ കെ സുരേന്ദ്രൻ പറഞ്ഞത് ആർഎസ്എസ് നിർദ്ദേശ പ്രകാരം; ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് ഔദ്യോഗികമായി യോജിക്കാൻ തയ്യാറെടുത്ത് ആർഎസ്എസ്; ലക്ഷ്യം ഏകീകൃത സിവിൽകോഡിലേക്കുള്ള വഴിതുറക്കൽ തന്നെ

ശബരിമല സ്ത്രീപ്രവേശനത്തിൽ കെ സുരേന്ദ്രൻ പറഞ്ഞത് ആർഎസ്എസ് നിർദ്ദേശ പ്രകാരം; ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് ഔദ്യോഗികമായി യോജിക്കാൻ തയ്യാറെടുത്ത് ആർഎസ്എസ്; ലക്ഷ്യം ഏകീകൃത സിവിൽകോഡിലേക്കുള്ള വഴിതുറക്കൽ തന്നെ

ബി രഘുരാജ്‌

കൊച്ചി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് ശാസ്താവ് എതിരാണോ? ഈ ചർച്ചകൾ ഹൈന്ദവ സമൂഹത്തിന് തന്നെ അപമാനകരമാണെന്ന വാദവും സജീവമാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ കരുതലോടെയുള്ള തീരുമാനം എടുക്കാനാണ് ആർഎസ്എസ് തീരുമാനം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ് കുമ്മനം രാജശേഖരൻ. ശബരിമല സമര നായകനെന്ന പരിവേഷവും കുമ്മനത്തിനുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയിലെ വിശ്വാസങ്ങളിൽ വെള്ളം ചേർക്കാൻ കുമ്മനം തയ്യാറുമില്ല. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ സ്ത്രീകൾക്ക് എതിരാണ് ബിജെപിയെന്ന സൂചനകളാണ് പുറത്തുവന്നത്. ഇതിനിടെയാണ് സ്ത്രീ പ്രവേശന വിഷയത്തിൽ കെ സുരേന്ദ്രൻ നിലപാട് വിശദീകരണവുമായെത്തുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശംപ്രായത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിക്കേണ്ടതില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറയുന്നു. ആർത്തവത്തിന്റെ പേരിലാണ് സ്ത്രീകളെ ശബലിമല പ്രവേശത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്. ദർശനത്തിന് നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതമാവശ്യമുണ്ടെന്നും അതിനിടയിൽ സ്ത്രീകൾക്ക് ആർത്തവം വരുന്നതിനാൽ അത് പൂർത്തിയാക്കാവില്ലെന്നുമാണ് പറയുന്നത്. എന്നാൽ ഭൂരിപക്ഷം പുരുഷഭക്തന്മാരും വ്രതം അനുഷ്ഠിക്കുന്നില്ലെന്നും അതിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തേണ്ടതിലെന്നുമുള്ള നിലപാടാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്. ഇതിന് പിന്നിൽ ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തൽ. മുൻ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ അടുത്ത അനുയായിയാണ് സുരേന്ദ്രൻ. ആർഎസ്എസ് ദേശീയ നേതൃത്വത്തിലെ പ്രധാനികളുമായും മുരളീധരൻ അടുപ്പമുണ്ട്. ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ ബിജെപി ചർച്ചകൾ ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാക്കാനാണ് നീക്കം. രണ്ട് വശവും ചർച്ച ചെയ്ത ശേഷം സ്ത്രീ പ്രവേശനത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നീക്കം.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് കേന്ദ്ര നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. ആർഎസ്എസ് ദേശീയ നേതാവ് ഭയ്യാജി ജോഷിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കാമെങ്കിൽ ശബരിമലയുടെ കാര്യത്തിൽ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്നാണ് ആർഎസ്എസിന്റെ നിലപാടെന്ന് ഭയ്യാജി ജോഷി പറഞ്ഞിരുന്നു. പുരുഷന് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീക്കും പ്രവേശനം അനുവദിക്കണം. ഒരു ആചാരം തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കണം. രാജ്യത്ത് ചില ക്ഷേത്രങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇത് ശരിയല്ലെന്നാണ് ആർഎസ്എസ് നിലപാട് ഭയ്യാജി ജോഷി വ്യക്തമാക്കി. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ളവർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചതിന്റെ കാരണം പരിശോധിക്കണമെന്നും ആവശ്യമെങ്കിൽ മാത്രം ഇത് ചർച്ച ചെയ്താൽ മതിയെന്നും ഭയ്യാജി ജോഷി പറഞ്ഞു. എന്നാൽ കുമ്മനവും കൂട്ടരും ഈ പ്രസ്താവനയെ കണ്ടില്ലെന്ന് നടിച്ചായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി മുന്നേറിയത്. ഇതോടെയാണ് മുരളീധര വിഭാഗത്തെ ഒപ്പം കൂട്ടി ചർച്ചകൾ അട്ടിമറിക്കാനുള്ള നീക്കം.

ഇതിന് വ്യക്തമായ കാരണം ആർഎസ്എസിനുമുന്നിലുണ്ട്. നരേന്ദ്ര മോദി സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ലക്ഷ്യം. അതിന് ശബരിമലയിലെ സ്ത്രീ പ്രവേശനം തടസ്സമാകുമെന്ന ആർഎസ്എസ് ദേശീയ നേതൃത്വം വിലയിരുത്തുന്നു. ആചാര്യന്മാരും തന്ത്രമാരുമൊക്കെയായി ചർച്ച ചെയ്ത് ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം കൊണ്ടു വരണം. ആർത്തവ കാലത്തെ ക്ഷേത്ര ദർശന വിലക്ക് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് അപ്പുറമുള്ള സ്ത്രീകളെ മാറ്റി നിർത്തൽ അംഗീകരകികാനാവില്ല. കാനനക്ഷേത്രമായതുകൊണ്ട് പണ്ടുകാലത്ത് സ്ത്രീകൾക്ക് അവിടെയെത്തുക ബുദ്ധിമുട്ടായിരുന്നിരിക്കും. അതിന്റെ ഫലമായി വായ്‌മൊഴിയായ പ്രചരിച്ച വിശ്വാസമാത്രമായിരിക്കും ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്ക്. അല്ലാതെ ദൈവങ്ങൾ സ്ത്രീകൾക്ക് എതിരല്ലെന്നാണ് ആർഎസ്എസിലെ ഒരു പക്ഷത്തിന്റെ നിലപാട്. ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങളെത്തണമെങ്കിൽ ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി മാറണമെന്ന് തന്നെയാണ് അവരുടെ പക്ഷം.

ആർത്തവം ഒരു പ്രകൃതി നിയമമാണ്. പ്രകൃതിയിൽ മാനവജാതി നിലനിർത്തുന്ന ആർത്തവമെന്ന പ്രക്രിയയെ വിശുദ്ധമായി കാണണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടതും ആർഎസ്എസിന്റെ മനസ്സറിഞ്ഞാണ്. യുക്തിസഹമായ എന്തിനേയും അംഗീകരിച്ചിട്ടുള്ള ഹിന്ദു സമൂഹം ഇത് അംഗീകരിക്കണമെന്നും മാറ്റങ്ങളെ സ്വാഗതം ചെയ്യണമെന്നും സുരേന്ദ്രൻ പറയുന്നത് ആർഎസ്എസിന്റെ മനസ്സറിഞ്ഞ് തന്നെയാണ്. ഇതിന് പിന്നിൽ വി മുരളീധരനാണെന്ന് കുമ്മനം രാജശേഖരൻ പക്ഷം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ പരസ്യമായി തള്ളി പറഞ്ഞ് ശോഭാ സുരേന്ദ്രൻ എത്തുന്നത്. ശബരിമലയുടെ കാര്യത്തിൽ തന്റെ പാർട്ടിയിലെ എന്നല്ല ഒരു പാർട്ടിയിലെയും രാഷ്ട്രീയനേതാക്കൾ അഭിപ്രായം പറയേണ്ടെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി കെ.സുരേന്ദ്രനും വ്യക്തമാക്കി. സ്ത്രീപ്രവേശനത്തിൽ കുമ്മനം വ്യക്തമായ നിലപാട് സ്വീകരിക്കാതിരിക്കുമ്പോഴാണ് സുരേന്ദ്രൻ പരസ്യ നിലപാടെടുത്തത്. ഒപ്പം വർഷത്തിൽ എല്ലാ ദിവസവും ദർശന സൗകര്യം ഒരുക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് സമാനമായ വാദം സുരേന്ദ്രൻ ഉന്നയിച്ചതും കുമ്മനത്തെ പ്രതിരോധത്തിലാക്കി. ഈ ചർച്ചയിൽ ആർഎസ്എസ് പക്ഷത്തേക്ക് എല്ലാ ബിജെപി നേതാക്കളേയും കൊണ്ടു വരാനാണ് വി മുരളീധരന്റെ നീക്കം.

രാജ്യത്ത് ഏകീകൃത സിവിൽനിയമം നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിയമ കമീഷനോട് ആവശ്യപ്പെട്ടിരിക്കുന്നു. ആർഎസ്എസ് നീക്കമാണ് ഇതിന് കാരണം. രാജ്യമൊട്ടാകെ ഒരു സിവിൽ നിയമം നടപ്പാക്കണമെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. ഏകീകൃത സിവിൽ നിയമം നടപ്പാക്കിക്കൂടേയെന്ന് സുപ്രീം കോടതിയും കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ഏകീകൃത സിവിൽ നിയമം വരുന്നതോടെ മതമേതായാലും ഒരൊറ്റ നിയമം എന്നാകും. ഇപ്പോൾ രാജ്യത്തെ മുസഌം സമുദായം മുസഌം വ്യക്തിനിയമം അഥവാ ശരിയത്ത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവാഹം, വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിൽ മതനേതാക്കളാണ് തീരുമാനമെടുക്കുന്നത്. പല മതങ്ങളുടെ കാര്യത്തിലും ഈ അവസ്ഥയുണ്ട്. ഏക സിവിൽ നിയമം വരുന്നതോടെ ശരീയത്ത് അടക്കമുള്ള വ്യക്തിനിയമങ്ങൾ ബാധകമല്ലാതാകും. വിവാഹ മോചനത്തിനുള്ള മുത്തലാഖ് അടക്കം അസാധുവാകും. ഇതെല്ലാം ആർഎസ്എസ് ആഗ്രഹപ്രകാരമാണെന്ന വാദം സജീവമാണ്. ഇതിനിടെയാണ് ശബരിമല സ്ത്രീ പ്രവേശനം ചർച്ചയായത്. ഇതിനെ ഉയർത്തി ഏകീകൃത സിവിൽ കോഡിനെ തടസ്സെപ്പെടുത്താൻ ഒരു കൂട്ടർ എത്തുമെന്ന വാദം സജീവമാണ്. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിലും സ്ത്രീ പ്രവേശനത്തിനെതിരെ ആർഎസ്എസ് നിലപാട് എഠുക്കില്ല.

ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്ന കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം ലോ കമ്മീഷനോട് നിർദ്ദേശിച്ചത് മാസങ്ങൾക്ക് മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളുടെയും ചർച്ചകളുടേയും വിശദാംശങ്ങളും റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് ബൽബീർ സിങ് ചൗഹാൻ തലവനായ ലോ കമ്മീഷന് നൽകിയിട്ടുണ്ട്. മുസഌം സമുദായത്തിലെ പുരോഗമനവാദികളും സ്ത്രീകളും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുമ്പോൾ ഒരു വിഭാഗം മതനേതാക്കളും മത സംഘടനകളും രാഷ്ട്രീയ നേതാക്കളും ഇതിനെ എതിർക്കുകയാണ്. ഒരു മതത്തിലെ പ്രബലവിഭാഗം തങ്ങൾക്ക് എതിരാകുമെന്ന് ഭയന്ന് കോൺഗ്രസും ഏകീകൃത സിവിൽകോഡിന് എതിരാണ്. 1985ലെ ഷബാനോ കേസുമായി ബന്ധപ്പെട്ടാണ് ഏകീകൃത സിവിൽ കോഡ് രാജ്യമൊട്ടാകെ വലിയ ചർച്ചയാകുന്നതെന്നാണ് ആർഎസ്എസ് പക്ഷം. വിവാഹമോചനം നേടിയ ഷബാനോവിന് ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ അന്നത്തെ രാജീവ് ഗാന്ധി സർക്കാർ പുതിയ നിയമം കൊണ്ടുവന്ന് കോടതി വിധിയെ മറികടക്കുകയായിരുന്നു. അതോടെ മുസഌം സമൂഹത്തിൽ ശരീയത്ത് നിയമം കൂടുതൽ ശക്തമായി. രാജ്യത്ത് സമഭാവന വളരാനും ദേശീയോദ്‌ഗ്രഥനത്തിനും ഏകീകൃത സിവിൽ കോഡ് അത്യാവശ്യമാണെന്നാണ് ബിജെപിയുടേയും ആർഎസ്എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടേയും നിലപാട്. ഈ സാഹചര്യത്തിൽ ശബരിമലയിലെ സ്ത്രീ ചർച്ചയും ഏകീകൃത സിവിൽ കോഡെന്ന ആവശ്യത്തിന് അനുകൂലമാക്കാനാണ് കെ സുരേന്ദ്രേന്റേയും ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP