Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു രണ്ടു ശതമാനം നികുതി ഏർപ്പെടുത്താൻ ഒമാൻ സർക്കാർ; നെഞ്ചു തകർക്കുന്ന തീരുമാനം മറ്റു രാജ്യങ്ങൾ മാതൃകയാക്കുമോ എന്നു ഭയന്ന് പ്രവാസികൾ

വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു രണ്ടു ശതമാനം നികുതി ഏർപ്പെടുത്താൻ ഒമാൻ സർക്കാർ; നെഞ്ചു തകർക്കുന്ന തീരുമാനം മറ്റു രാജ്യങ്ങൾ മാതൃകയാക്കുമോ എന്നു ഭയന്ന് പ്രവാസികൾ

മസ്‌കറ്റ്: പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ഈടാക്കാനുള്ള നിർദ്ദേശം ഒമാൻ അധോസഭയായ മജ്‌ലിസ് അൽ ശൂറ അംഗീകരിച്ചു. എണ്ണ വിലയിടിവ് മൂലമുണ്ടായ ബജറ്റ് കമ്മി പരിഹരിക്കാനാണ് ഈ തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബജറ്റ് കമ്മി പരിഹരിക്കാനായി ശൂറാ കൗൺസിലിന്റെ ധനകാര്യ സമിതി മുന്നോട്ടു വച്ച പല നിർദ്ദേശങ്ങളിൽ ഒന്നാണിതെന്ന് ശൂറാ അംഗമായ തൗഫീഖ് അൽ ലവാതി പറഞ്ഞു. രാജ്യത്തെ 19 ലക്ഷത്തോളം വരുന്ന പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഈ നികുതിയോട് സമ്മിശ്ര പ്രതികരമാണ് ഉണ്ടായിരിക്കുന്നത്. അനധികൃത പണമിടപാടുകൾ വർധിക്കാൻ ഇതു ഇടവരുത്തുമെന്ന് പലരും ആശങ്കപ്പെടുന്നുമുണ്ട്. പുതിയ ബജറ്റിന്റെ കരട് തയ്യാറാക്കുന്നതിനിടെയാണ് ഈ നിർദ്ദേശം ചർച്ചയായിരിക്കുന്നത്.

പ്രതിവർഷം ആറു കോടി ഒമാൻ റിയാൽ ഈ നികുതി വഴി സ്വരൂപിക്കാനാകുമെന്നാണ് സമിതി മുന്നോട്ടു വച്ച നിർദ്ദേശം. ഒമാനിലെ പ്രവാസി സമൂഹം 2013-ൽ നാട്ടിലേക്കയച്ചത് 3.5 ശതകോടി ഒമാൻ റിയാലാണ്. 2012-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വർധനയാണ് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിലുണ്ടായിരിക്കുന്നത്. സ്വകാര്യ മേഖലയിൽ പ്രവാസികളായ ജോലിക്കാരുടെ എണ്ണം കൂടിയതാണ് നാട്ടിലേക്കയക്കുന്ന പണത്തിൽ വലിയ വർധനയുണ്ടായിക്കിയതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ തയാറാക്കിയ ഒരു റിപ്പോർട്ട് പറയുന്നു. പ്രവാസി ജോലിക്കാരിൽ വലിയൊരു വിഭാഗം കുറഞ്ഞ വരുമാനക്കാരാണെന്നതിനാൽ ഇത്തരമൊരു നികുതി ഇവർക്ക് കനത്ത തിരിച്ചടിയാകും. ഓരോ രാജ്യത്തിനും അവരുടെ വികസനത്തിനാവശ്യമായ പണം കണ്ടെത്തേണ്ടതുണ്ട്. ഈ പദ്ധതികളെ ആർക്കും എതിർക്കാനാവില്ല. എങ്കിലും താഴ്ന്ന വരുമാനക്കാരായ പ്രവാസികളെ ഇതിൽ നിന്നൊഴിവാക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ മസ്‌കറ്റ് ചാപ്റ്റർ ചെയർമാൻ ഉമേഷ് കുമാർ പറയുന്നു.

അതേസമയം ഇത്തരമൊരു നികുതി ഏർപ്പെടുത്താൻ സാധ്യത കുറവാണെന്ന് ഒമാന്റെ ധനകാര്യ ചുമതലയുള്ള മന്ത്രി ദർവിശ് ബിൻ ഇസ്മാഈൽ അൽ ബലുശി പറഞ്ഞു. 'ഈ നികുതി പ്രവാസികളെ പ്രതികൂലമായി ബാധിക്കും. പ്രവാസികൾ രാജ്യം വിട്ടു പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് ആകർഷകമായ നിക്ഷേപാന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതു കൊണ്ട് തന്നെ അനുകൂലവും പ്രതികൂലവുമായ വശങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ ഉണ്ടാക്കേണ്ടതുണ്ട്,' അദ്ദേഹം വ്യക്തമാക്കി. 'മേഖലയിലെ മറ്റു രാജ്യങ്ങളിൽ ഇത്തരമൊരു നികുതി ഇല്ലെന്നതിനാൽ ഇതു സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു. ഈ നികുതി മൂലധനത്തിന്റെ സ്വതന്ത്ര നീക്കങ്ങളെ ബാധിക്കും. ഇങ്ങനെ വന്നാൽ കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങളേയും ഇതു പ്രതികൂലമായി ബാധിക്കുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു. പ്രവാസികളുടെ നൈപുണ്യം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി രാജ്യത്തെ ഉൽപ്പാദന മേഖലയെ ശ്ക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ ബജറ്റ് അഞ്ച് ശതമാനം വെട്ടിച്ചുരുക്കുക, ചില സർക്കാർ പദ്ധതികളിലെ ചെലവ് ചുരുക്കുക, ഉൽപ്പാദനത്തിനനുസരിച്ച് എണ്ണ ചെലവ് ക്രമീകരിക്കുക, ധാതുക്കളുടെ വ്യാപാരത്തിന് ഏർപ്പെടുത്തിയ റോയൽറ്റി ഫീസ് പരിഷ്‌കരിക്കുക തുടങ്ങിയവയാണ് ബജറ്റ് കമ്മി പരിഹരിക്കാൻ ശൂറ സമിതി നിർദ്ദേശിച്ച മറ്റു നിർദ്ദേശങ്ങൾ. എണ്ണ സബ്‌സിഡി എടുത്തു കളയാനുള്ള നിർദ്ദേശം ശൂറ യോഗത്തിൽ ചർച്ച ചെയ്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP